ADVERTISEMENT

ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപു വരെ ബോളിവുഡിന് പ്രിയാമണി എന്നാൽ ഷാരൂഖിനൊപ്പം ചെന്നെ എക്സ്പ്രസിൽ ഐറ്റം നമ്പറിനു ചുവടു വച്ച ഗ്ലാമർ താരം എന്ന പരിവേഷമായിരുന്നു. എന്നാൽ ഫാമിലി മാൻ എന്ന വെബ്സീരീസ് ആ മേൽവിലാസത്തെ മാറ്റി മറിച്ചു. മുൻവിധികളോടെ സൗത്ത് ഇന്ത്യൻ താരങ്ങളെ കണ്ടുകൊണ്ടിരുന്ന സാധാരണ ബോളിവുഡ് പ്രേക്ഷകർ പോലും പ്രിയാമണിയുടെ അഭിനയപാടവത്തെ പ്രശംസിച്ച് കമന്റുകളിട്ടു. അവർക്ക്, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയാമണിയുടെ പ്രതിഭ തെളിയിച്ച ചിത്രങ്ങളുടെ പട്ടിക തന്നെ ദക്ഷിണേന്ത്യയിലെ സിനിമാപ്രേമികൾ നൽകി. 

 

രാജ്യത്താകമാനമുള്ള സിനിമാപ്രേമികൾ സംസാരിക്കുന്നത് 'നമ്മുടെ പ്രിയാമണി'യെക്കുറിച്ചല്ലേ എന്ന സന്തോഷമായിരുന്നു മലയാളികളടക്കമുള്ള താരത്തിന്റെ ദക്ഷിണേന്ത്യൻ ആരാധകർക്ക്. സുചിത്ര അയ്യർ അഥവാ സുചി എന്ന ഫാമിലി മാൻ സീരിസിലെ കഥാപാത്രം അതുകൊണ്ടു തന്നെ പ്രിയാമണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാഷാന്തരങ്ങൾക്കപ്പുറത്ത് സ്വീകാര്യത നേടിയ ഫാമിലി മാൻ സീരിസിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പ്രിയാമണി മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസു തുറന്നപ്പോൾ. 

 

manoj-priyamani

ഫാമിലി മാൻ സീസൺ 2ൽ സുചി എന്ന കഥാപാത്രത്തിന് ആദ്യ സീസണിൽ കണ്ടതിനേക്കാൾ വളർച്ച സംഭവിച്ചിട്ടുണ്ട്. എങ്ങനെയാണ് ആ കഥാപാത്രത്തെ സമീപിച്ചത്?

 

priyamani-familyman

സീസൺ ഒന്നിനേക്കാൾ മികച്ച അഭിപ്രായമാണ് രണ്ടിനു ലഭിക്കുന്നത്. അതിൽ സുചി എന്ന കഥാപാത്രം അൽപം കൂടെ കോപ്ലക്സ് ഇമോഷൻസിലൂടെയാണ് കടന്നു പോകുന്നത്. ഞാനൊരു സ്വാഭാവിക അഭിനേതാവാണ്. ഷോട്ടിന്റെ സമയത്ത് തോന്നുന്നതാണ് അഭിനയത്തിൽ വരിക. ആ കഥാപാത്രം റിയൽ ആയി തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടെന്നാണ് പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. കണ്ടവരെല്ലാം പോസിറ്റീവ് പ്രതികരണങ്ങൾ നൽകുന്നു. ഞാൻ ഹാപ്പിയാണ്. ഇതിനുവേണ്ടി എടുത്ത പരിശ്രമങ്ങൾ ഫലം കണ്ടു. കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛാബ്‍ര വഴിയാണ് എനിക്ക് ഇതിൽ അവസരം ലഭിക്കുന്നത്. അദ്ദേഹം വിളിച്ചു. പിന്നീട് സംവിധായകരായ രാജ് സാറിനെയും ഡി.കെ സാറിനെയും നേരിൽ കണ്ടു. അങ്ങനെയാണ് ഈ പ്രൊജക്ടിലേക്ക് ഞാനെത്തുന്നത്. 

 

priyamani-dk

സുചിയും അരവിന്ദും തമ്മിൽ ശരിക്കും പ്രണയമുണ്ടോ? 'ലൊണാവാല'യിൽ സംഭവിച്ചത് എന്താകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് നൽകാനുള്ള ഉത്തരമെന്താണ്?

 

സീസൺ 3. ചിലപ്പോൾ അതിൽ പറയാൻ സാധ്യതയുണ്ട്. അത് എനിക്കറിയില്ല. മേക്കേഴ്സിനാകും അതിനെക്കുറിച്ച് പറയാൻ കഴിയുക. അവർ പറയുന്നു... ഞാൻ ചെയ്യുന്നു... അത്രയേ ഉള്ളൂ. 

 

jk-priyamani

ഫാമിലി മാൻ പ്രിയാമണി എന്ന അഭിനേതാവിന്റെ കരിയറിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി?

 

നല്ലൊരു മാറ്റമാണ് ഫാമിലിമാൻ വെബ് സീരീസ് എന്റെ കരിയറിലുണ്ടാക്കിയത്. മാറ്റത്തിനേക്കാൾ ഇതൊരു 'പ്ലസ് പോയിന്റ്' ആയി എന്നു പറയുന്നതാകും ശരി. ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ഞാൻ പരിചിതയായിരുന്നില്ല. ഷാരൂഖ് ഖാനിനൊപ്പം 1,2,3,4 എന്ന ചെന്നൈ എക്സ്പ്രസിലെ ഡാൻസ് നമ്പറിൽ എന്നെ അവർ കണ്ടിട്ടുണ്ട്. മറ്റൊന്നും അവർക്ക് അറിയില്ല. ഇവിടത്തെ പല സിനിമകളും ഹിന്ദിയിൽ മൊഴിമാറ്റം നടത്തി ചാനലുകളിൽ വരാറുണ്ട്. അതിലൂടെ ചിലർ കണ്ടിട്ടുണ്ടാകാം. എന്നാൽ ഫാമിലിമാൻ ബോളിവുഡിൽ എനിക്കൊരുപാട് ആരാധകരെ നേടിത്തന്നു. എന്റെ ഒടിടി കരിയർ ഇത്തരമൊരു പ്രൊജക്ടിലൂടെ തുടങ്ങാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഫാമിലിമാൻ ടീമിനോട് വലിയ കടപ്പാടുണ്ട്. 

 

ഗ്ലാമറിന്റെ പിൻബലമില്ലാതെ ബോളിവുഡിൽ സാന്നിധ്യമറിയിക്കാൻ ഫാമിലി മാൻ സഹായിച്ചതായി തോന്നുന്നുണ്ടോ?

 

തീർച്ചയായും. ആ ടീം അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. ബോളിവുഡിലെ അഭിനേതാക്കൾ മാത്രമല്ല ഈ വെബ് സീരീസിലുള്ളത്. ഓരോ സംസ്ഥാനത്തെയും സംഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അതു ചെയ്യാൻ അതാത് ഇടങ്ങളിലെ അഭിനേതാക്കളെയാണ് അവർ തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ അഭിനേതാക്കളുടെ പ്രതിഭ ബോളിവുഡിന് പരിചയപ്പെടുത്തുന്നതിന് കൂടി ഈ വെബ് സീരീസ് കാരണമായെന്നു പറയാം. ദക്ഷിണേന്ത്യയേക്കാൾ പാൻ ഇന്ത്യൻ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് ഈ സീരീസ് ചെയ്തത്. 

 

മനോജ് ബാജ്പേയി എന്ന നടനൊപ്പമുള്ള അഭിനയം നൽകിയ അറിവുകൾ എന്തെല്ലാമാണ്?

 

മനോജ് ബാജ്പേയി എന്ന അഭിനേതാവ് തന്നെ ഒരു പ്രചോദനമാണ്. നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം. എല്ലാവരോടും നന്നായി സംസാരിക്കും. ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. അദ്ദേഹം 'ഓൺ ദ് സ്പോട്ട്' ആക്ടർ ആണ്. ഒരുപാടു ഹോംവർക്ക് ചെയ്യുന്നത് കണ്ടിട്ടില്ല. മനോജ് സാറിന് മലയാളം സിനിമ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന് മലയാളം അറിയില്ല, പക്ഷേ, നമ്മുടെ സിനിമകൾ കാണാറുണ്ട്. കഴിഞ്ഞ സീസണിൽ നീരജ് മാധവും ഉണ്ടായിരുന്നല്ലോ. സെറ്റിലിരുന്ന് സംസാരിക്കുമ്പോൾ മലയാളം സിനിമകളും ചർച്ചയാകും. നീരജുമായി നല്ല കമ്പനിയായിരുന്നു അദ്ദേഹം. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് അങ്ങനെ എല്ലാവരെയും അറിയാം... ഇഷ്ടമാണ്. മലയാളത്തിൽ ചാൻസ് കിട്ടിയാൽ തീർച്ചയായും അഭിനയിക്കും എന്നു പറയും. 

 

മലയാളത്തിൽ എന്നാണ് ഇനിയൊരു പ്രിയാമണി ചിത്രം സംഭവിക്കുക?

 

മലയാളത്തിലേക്ക് ഇനിയെന്ന് എന്നു ചോദിച്ചാൽ ഉത്തരം അറിയില്ല എന്നതാണ്. നല്ല പ്രൊജക്ട് വന്നാൽ തീർച്ചയായും ചെയ്യും. മലയാളം സിനിമയിലെ ഒരുപാടു സുഹൃത്തുക്കൾ ഫാമിലിമാൻ കണ്ട് ഇഷ്ടമായെന്നു പറഞ്ഞ് മെസേജ് അയച്ചിരുന്നു. ഈയടുത്ത് അനൂപ് മേനോനും മെസേജ് അയച്ചു. പുതിയ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ ദിനം പ്രതി നടക്കുന്നുണ്ട്. ഞാൻ പക്ഷേ, തിരക്കു പിടിക്കുന്നില്ല. അങ്ങനെ തിരക്കിട്ട് ചെയ്യാൻ താൽപര്യമില്ല. കോവിഡ് ആയതുകൊണ്ട് പലയിടങ്ങളിലും ഷൂട്ട് നടക്കുന്നില്ല. നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. കാരണം, മലയാളം എനിക്കങ്ങനെ വിടാൻ പറ്റില്ലല്ലോ!  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com