അവസാനത്തെ ഉമ്മയുടെ ചൂട്

siji-sachy-sacgy
സിജിയും സച്ചിയും
SHARE

‘‘പ്രണയം ഒരു ജനറ്റിക് പ്രോബ്ലം ആയ രണ്ടു പേരാണ് നമ്മൾ...

ലോകത്ത് ഉപേക്ഷിക്കാനാവാത്തത് എനിക്ക് ഒന്നേയുള്ളൂ.. അത് നീയാണ്...’’

ഒരുമിച്ചുണ്ടായിരുന്ന  ഏതേതോ നിമിഷങ്ങളിൽ തന്റെ പ്രാണസഖിയായ സിജിക്ക് സച്ചി ഓട്ടോഗ്രാഫ് ചെയ്തുകൊടുത്തതാണ് ഈ വരികൾ...  കണ്ണീരെത്ര വീണിട്ടും മഷി പടരാതെ ഇന്നും സിജി ആ കടലാസുതുണ്ടുകൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു.. 

പ്രണയംമാത്രം ശ്വസിച്ച്....

അബുദാബി മലയാളിയായ സിജി സിനിമാസംവിധായകനായ സച്ചിയെ പരിചയപ്പെടുന്നത് 2011 ഡിസംബർ 23ന് ആയിരുന്നു.  ഒരേ കാഴ്ചപ്പാടുള്ള രണ്ടു നല്ല സുഹൃത്തുക്കൾ.  സംസാരിക്കാൻ സിനിമയടക്കം ഒട്ടേറെ വിഷയങ്ങൾ.. പെട്ടെന്നാണ് ഇരുവരും അവരുടെ പേരുകൾ പരസ്പരം  പ്രണയത്തോടെ ജീവിതത്തോടു ചേർത്തുവച്ചത്... സന്തോഷിക്കാനുള്ള ഒരവസരവും സച്ചി പാഴാക്കാറില്ല.  അതിൽ ഏറ്റവും വിലപ്പെട്ടതായിരുന്നു സിജിക്കൊപ്പമുള്ള നിമിഷങ്ങൾ...  

തിരക്കുകൾ മാറ്റിവച്ച് ഒരുമിച്ചുജീവിക്കാമെന്ന തീരുമാനത്തോടെയാണ് ഒടുവിൽ 2019 ഒക്ടോബറിൽ സിജി അബുദാബി വിട്ട് കേരളത്തിലെത്തുന്നത്. ഇടയ്ക്കിടെ സച്ചിയെ അലട്ടിക്കൊണ്ടിരുന്ന കാലുവേദന അസഹ്യമായതും ആ സമയത്തായിരുന്നു. അട്ടപ്പാടിയിൽ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ സിജി കൂടെയുണ്ടായിരുന്നു. വേദന ഏറ്റവും അസഹ്യമാകുമ്പോൾ സച്ചി നിരാശയോടെ പറയുമായിരുന്നു, ഒരുപക്ഷേ തനിക്ക് ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞെന്നുവരില്ലെന്ന്. മരണത്തെക്കുറിച്ചുള്ള ഏതോ മേഘസന്ദേശം വായിച്ചിട്ടെന്നപോലെ തോന്നി, അന്നു സച്ചിയുടെ വാക്കുകളെന്ന് സിജി പിന്നീട് ഓർമിച്ചു.

മരണം ഉമ്മവച്ച ആ ദിനം

2020  ജൂൺ 15. സച്ചിയുടെ രണ്ടാമത്തെ സർജറിയുടെ ദിവസം പുലർച്ചെ 3.30. ആരോ എന്റെ നെറ്റിയിൽ ചുംബിക്കുന്ന പോലെ. കൺതുറന്നപ്പോൾ സച്ചി. നേരത്തെയുണർന്നിട്ട് എന്തേ എന്നെ വിളിച്ചില്ലെന്നു ചോദിച്ചു. നീ ഉറങ്ങുന്നതുകണ്ടപ്പോൾ ഉണർത്താൻ തോന്നിയില്ല. പക്ഷേ നിന്നെ ഉമ്മ വയ്ക്കാതെ എനിക്കു വീണ്ടും ഉറങ്ങാനും കഴിയില്ല. സച്ചി എനിക്കു തന്ന അവസാന ചുംബനമായിരുന്നു അതെന്ന് അപ്പോഴെനിക്ക് അറിയില്ലായിരുന്നു.’’ 

സർജറി വിജയകരമായി പൂർത്തിയായി. ഐസിയുവിലേക്കു മാറ്റിയപ്പോൾ ഞാൻ കയറിക്കണ്ടിരുന്നു. ആദ്യം തിരക്കിയത് മകനെക്കുറിച്ചാണ്. അവനെ കാണണം എന്നു പറഞ്ഞു. പിന്നീട് മറ്റു ബന്ധുക്കളെക്കുറിച്ചും തിരക്കി. എനിക്കു സച്ചിയോടു മിണ്ടിക്കൊണ്ടേയിരിക്കണമെന്നു തോന്നി. സച്ചിയെ എങ്ങനെയാണ് ഐസിയുവിലെ തണുപ്പിൽ ഒറ്റയ്ക്കാക്കി ഞാൻ തിരിച്ചിറങ്ങുക.? കുറച്ചു കഴിഞ്ഞപ്പോൾ നഴ്സ് വന്നു വഴക്കു പറഞ്ഞു. മനസില്ലാ മനസ്സോടെ തിരിച്ചിറങ്ങും മുൻപേ ഞാൻ സച്ചിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. 

അന്നു രാത്രി തീരെ അപ്രതീക്ഷിതമായാണ് സച്ചിയുടെ നില വഷളായത്. ഓടിച്ചെന്ന് പിന്നീട് ഞാൻ സച്ചിയെ കാണുമ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കാനായില്ല. ഒടുവിലത്തെ ചുംബനത്തിന്റെ ചൂട് അപ്പോഴും എന്റെ ചുണ്ടുകളിൽനിന്നു മാഞ്ഞിരുന്നില്ല. പറച്ചിൽ മാത്രമേ അവസാനിക്കുന്നുള്ളൂ.. അവർ ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.. ഒപ്പമില്ലാത്തൊരാളുടെ പ്രണയം പോലെ ഉന്മത്തമാക്കുന്ന മറ്റെന്തുണ്ട്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA