ജഗമേ ഐശ്വര്യം!

Aishwarya-Lekshmi
SHARE

ജൂൺ 18 മുതൽ ലോകത്തു പലയിടത്തുള്ളവരും ചോദിച്ചു ആരാണീ സുന്ദരി എന്ന്. ഐശ്വര്യ ലക്ഷ്മിയുടെ പ്രൊഫൈലിൽ കയറി പലരും പരതി നോക്കി. മലയാളത്തിൽനിന്നു വന്ന കുട്ടിയാണെന്നറിഞ്ഞിട്ടും അവരിൽ പലരും പോസ്റ്റിട്ടു ശരിക്കും തമിഴത്തി കുട്ടിതന്നെ. അവർക്ക് കുട്ടിയെ അത്രയേറെ പിടിച്ചിരിക്കുന്നു.

തമിഴ് സൂപ്പർതാരം ധനുഷിന്റെ ചിത്രമായ ജഗമേ തന്തിരത്തിലെ നായിക ഐശ്വര്യ ലക്ഷ്മിക്കു ഈ സിനിമ നൽകിയ മൈലേജ് ചെറുതല്ല. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ജഗമേ തന്തിരം ആദ്യ ദിവസം മുതലേ ഹിറ്റായിരുന്നു. തമിഴ് അഭയാർഥികളുടെ ജീവിതത്തിലേക്കു യാത്ര ചെയ്യുന്ന സിനിമ ആ കാരണംകൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു. വളരെ സ്വാഭാവികമായ അഭിനയം എന്നാണു പ്രമുഖരെല്ലാം ഐശ്വര്യയേക്കുറിച്ചു പറഞ്ഞത്. മലയാളികൾക്ക് ഇതു പുതുമയല്ലെങ്കിലും തമിഴിനെ സംബന്ധിച്ചിടത്തോളം ഐശ്വര്യ പുതിയ അനുഭവമാണ്. മണിരത്നത്തിന്റെ പൊന്നിയൻ ശെൽവൽവനിലെ നായികമാരിൽ ഒരാളാണ് ഐശ്വര്യ.

aiswarya-lekshmi-3

∙ ഓഡിഷനു ശേഷമാണു ഐശ്വര്യയെ ഈ സിനിമയിലേക്കു ക്ഷണിച്ചത്. ഇത്രയും അറിയപ്പെടുന്ന നടിയായിട്ടും ഓഡിഷനു പോയത് എന്തുകൊണ്ടാണ്.

2018ന്റെ പകുതിയിലാണ് ഈ സിനിമയേക്കുറിച്ചു എന്നോടു പറയുന്നത്.കാർത്തിക് സുബ്ബരാജിനെപ്പോലുള്ള ഒരാളുടെ സിനിമയായതിനാൽ അതിൽ അഭിനയിക്കുക എന്നത് എന്റെ ആവശ്യമാണ്. മാത്രമല്ല അവർ വിചാരിക്കുന്ന കഥാപാത്രത്തിനു എന്നെ പറ്റുമോ എന്നുറപ്പാക്കേണ്ടത് അവരുടേയും എന്റേയും ആവശ്യമാണ്. അതുകൊണ്ടാണ് ഓഡിഷനു പോയത്. ഇനിയും ഏതു സിനിമയ്ക്കു വേണ്ടിയും ഓഡിഷനു പോകാൻ എനിക്കു മടിയില്ല. ഇതൊരു ജോലികൂടിയാണല്ലോ.

∙ധനുഷാണ് നായകനെന്ന് അറിയാമായിരുന്നോ.

ഇല്ല. രജനി സാറിന്റെ പേട്ട എന്ന സിനിമ ചെയ്യാൻ പോകുന്നതിനാൽ ഈ സിനിമ കാർത്തിക് മാറ്റിവച്ചിരുന്നു. ഓഡിയേഷൻ കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ഇതു തുടങ്ങിയത്. വിളിക്കാം എന്നു പറഞ്ഞ് അവർ വിട്ടപ്പോൾ ‍ഞാൻ കരുതിയത് എന്നെ സ്നേഹപൂർവം ഒഴിവാക്കി എന്നാണ്.ഇതിനിടെ എന്റെ പഴയ ഫോൺ നമ്പർ മാറിയിരുന്നു. തുടർച്ചയായി പരിചയമില്ലാത്ത ആരോ എന്നെ പഴയ നമ്പറിൽ വിളിച്ചുകൊണ്ടിരുന്നു. അവസാനം ഒരു ദിവസം ഞാൻ കോളെടുത്തു. അതു അദ്ദേഹത്തിന്റെ മാനേജരായിരുന്നു. പല തവണ വിളിച്ചിട്ടും എന്നെ കിട്ടാത്തതിനാൽ പുതിയ ഒരാളെ നോക്കാമെന്നവർ തീരുമാനിച്ചു. ഒരു തവണകൂടി വിളിക്കാമെന്നു പറഞ്ഞപ്പോഴാണു ഞാൻ എടുത്തത്. അതൊരു ഭാഗ്യമായി. പിന്നീടാണു ധനുഷ് ആണ് നായകനെന്നറിഞ്ഞത്.

∙ ധനുഷുമായുള്ള അഭിനയം …

അദ്ദേഹം സെറ്റിൽ സംസാരിക്കുന്നതുപോലും വളരെ കുറവാണ്. പൂർണമായും സിനിമയിൽ ആണ്ടിറങ്ങി നിൽക്കുന്ന ഒരാൾ. സംസാരിക്കുന്നതും സിനിമയേക്കുറിച്ചു മാത്രമായിരുന്നു. അടുത്തു പരിചയമുള്ളവരുമായി നന്നായി ഇടപഴകാറുണ്ട്.

aiswarya-lekshmi-1

∙ ശ്രീലങ്കൻ അഭയാർഥകളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയിൽ അതേക്കുറിച്ചു വായിച്ചിരുന്നോ.

കഥ കേട്ട ശേഷം ഇതേക്കുറിച്ചു പലയിടത്തും വായിച്ചു. അയൽ രാജ്യത്തു നടക്കുന്നൊരു പ്രശ്നം എന്ന നിലയിൽ മാത്രമാണ് അത്രയും കാലം കണ്ടിരുന്നത്. അത് എന്നെ ബാധിക്കില്ലെന്നും കരുതിരുന്നു. എന്നാൽ അഭയാർഥികളായി വരുന്ന ഓരോരുത്തർക്കും കഥകളുണ്ടെന്നതു എന്നെ വേദനിപ്പിച്ചു. ഞാൻ സംസാരിക്കുന്നതു ശ്രീലങ്കൻ തമിഴാണ്.അതു പഠിപ്പിക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നു. അവരിൽ പലരും പറഞ്ഞ ജീവിതാനുഭവം വല്ലാതെ വേദനിപ്പിക്കുന്നതാണ്. പലരും ലണ്ടനിലും മറ്റുമാണെങ്കിലും അവരുടെ മനസ്സിപ്പോഴും ശ്രീലങ്കയിലാണ്. ശ്രീലങ്കൻ അഭയാർഥികളെ നിയമപരമായി ഇന്ത്യ അംഗീകരിച്ചില്ലെന്ന് അറിഞ്ഞതുപോലും ഈ സിനിമയ്ക്ക് ഇടയിലാണ്. ഇതു വീടും മണ്ണും നഷ്ടപ്പെട്ടവന്റെ വേദനകൂടിയാണ്.

∙ ശ്രീലങ്കൻ തമിഴിൽ ഡബ്ബു ചെയ്യുക പ്രയാസമായിരുന്നോ.

ഞാൻ നന്നായി തമിഴ് സംസാരിക്കാൻ പഠിച്ചിരുന്നില്ല. അത്യാവശ്യം അറിയാമെന്നു മാത്രം. എന്നാൽ ശ്രീലങ്കൻ തമിഴ് മലയാളവുമായി ചേർന്നു നിൽക്കുന്നതാണ്. നാം മലയാളം സംസാരിക്കുന്നതുപോലെയാണ് അവർ സംസാരിക്കുക. ഇംഗ്ളീഷ് സംസാരിക്കുന്നതുപോലും മലയാളി ഇംഗ്ളീഷ് സംസാരിക്കുന്നതുപോലയാണ്. ഒരു സംഗീതമുള്ള സംസാര രീതിയാണിത്. വളരെ പതിഞ്ഞുള്ള സംസാരവും. നന്നായി ശ്രദ്ധിച്ചാണതു ചെയ്തത്.

∙ ഇത്തരമൊരു മാസ് സിനിമ തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ സങ്കടമുണ്ടോ.

ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതു തമിഴിലെ പ്രധാന നാഴിക കല്ലാണ്. അതു വലിയ സ്ക്രീനിൽ ജനം കാണാൻ ഞാൻ മോഹിച്ചു. ലണ്ടനിലേയും മറ്റും സീൻ അതീവ മനോഹരമായാണ് ചിത്രീകരിച്ചിരുന്നത്. വളരെ കഷ്ടപ്പെട്ടാണു ക്യാമറമാനും ക്രൂവും അതെല്ലാം ചെയ്തത്. അതു ഒരു മൊബൈൽ സ്ക്രീനിൽ കാണേണ്ടിവരുമെന്നു വന്നപ്പോൾ സങ്കടം തോന്നി.

aiswarya-lekshmi-4

∙ എന്നാൽ പ്രതികരണം അപ്രതീക്ഷിതമായിരുന്നില്ലെ.

കുറച്ചു ദിവസങ്ങൾക്കു ശേഷം ലോകത്തിന്റെ പല ഭാഗത്തുനിന്നും പലരും വിളിച്ചു. ഇതൊരു വല്ലാത്ത കാലമാണ്. നാം വീട്ടിനകത്തായിപോയ കാലം. അതുകൊണ്ടുതന്നെ നാം വീടിനെ കൂടുതൽ അറിയുന്ന കാലം. നമ്മുടെ വീട്ടുകാരെപ്പോലും നാം അടുത്തറിഞ്ഞത് ഈ കാലത്താണെന്നു തോന്നിയിട്ടുണ്ട്. പലസ്തീൻ– ഇസ്രയേൽ യുദ്ധം നടക്കുന്ന കാലമായതിനാൽ നാം സ്വന്തം മണ്ണിനേക്കുറിച്ചും വീടില്ലാത്ത അവസ്ഥയേക്കുറിച്ചും നമ്മുടെ മണ്ണിൽ നിന്നു പുറത്തു പോകേണ്ടി വരുന്നതിനേക്കുറിച്ചുമെല്ലാം നാം കൂടുതൽ വായിക്കുകയും കാണുകയും ചെയ്ത കാലമാണിത്. ലോകത്തെ പല അഭയാർഥികളുടെ കാര്യവും ഇക്കാലത്തു ലോകം കൂടുതലായി കാണുകയും വായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ജഗമേ തന്ത്രം കാണേണ്ട കാലം കൂടിയാണിത്. ഈ സിനിമ പറയുന്നതു ഇല്ലാതായിപ്പോകുന്ന മണ്ണിന്റേയും വീടിന്റേയും കഥയാണ്. അതിലെ രാഷ്ട്രീയം വേറെക്കാര്യമാണ്.

∙ വായനയുടെ കാലമായിരുന്നോ ഇത്.

അല്ല. വായന കുറഞ്ഞു.കുറച്ചുകാലം കോവിഡായി വിശ്രമിച്ചു. കാര്യമായ പ്രശ്നം ഉണ്ടായില്ല. വായന കാര്യമായി നടന്നില്ല എന്നതാണു സത്യം. കോവിഡ് വന്നതോടെ യോഗ തുടങ്ങി.മൃഗങ്ങളുടെ ചലനം അനുകരിക്കുന്ന എനിമൽ ഫ്ളോ പഠിക്കാൻ ശ്രമിച്ചു. പുതിയത് എന്തെങ്കിലും ചെയ്യുമ്പോൾ സന്തോഷമാണ്. എല്ലാ ദിവസവും ഒരു തമിഴ് സിനിമ കാണുമെന്നുറപ്പിച്ചു സിനിമ കണ്ടു. മറ്റു ഭാഷകളിലെ സിനിമ കാണുന്നതു വളരെ കുറവായിരുന്നു, മലയാളം സിനിമയുടെ ലോകമായിരുന്നു എന്റെ ലോകം.

∙ മണിരത്നത്തിന്റെ പൊന്നിയൻ ശെൽവൻ എന്ന സിനിമയുടെ ഷൂട്ട് എന്തായി. മണിരത്നത്തിന്റെ കൂടെ ജോലി ചെയ്യുന്ന അനുഭവം എന്താണ്.

ലോക്ഡൗൺ കഴിഞ്ഞാൽ അതു തുടരും. ഒരു പാസിങ് ഷോട്ടായാൽപോലും ഞാൻ മണിസാറു വിളിച്ചാൽ പോകും. അത്രയേറെ സ്വപ്നം കണ്ട കാര്യമാണത്. മണിസാറിന്റെ സിനിമയിലെ എല്ലാ കഥാപാത്രത്തിനും ഒരു ക്ളാസി ലുക്കുണ്ട്. ലുക്കിൽ മാത്രമല്ല അവരുടെ ജീവിതത്തിലും കാണാം. മണിസാറും അത്തരമൊരു മനുഷ്യനാണ്. വളരെ ക്ളാസിയായ ഒരാൾ. ഒരിക്കലും ദേഷ്യംവരാത്ത ചിരിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ സ്വഭാവംതന്നെയാണു ഓരോ കഥാപാത്രത്തിനു കൈമാറിയതെന്നു കൂടെ ജോലി ചെയ്തപ്പോൾ തോന്നി.

aiswarya-lekshmi-2

∙ മലയാളത്തിൽ ഇനി …

അർച്ചന 31 നോട്ടൗണ്ട് എന്ന സിനിമ സ്ത്രീ പക്ഷ സിനിമയാണ്. എന്നാൽ സ്ത്രീയുടെ കഷ്ടപ്പാടും അവസാനം വിജയവും കാണിക്കുന്ന സിനിമയല്ല. സത്യത്തിൽ ഞാൻ മോഹിച്ചിരുന്നത് ഇത്തരമൊരു സിനിമയാണ്. എനിക്കു പ്രതീക്ഷയുള്ള സിനിമയാണത്. കുമാരിയാണ് മലയാളത്തിലെ മറ്റൊരു സിനിമ.ഇതു രണ്ടും എനിക്കു വ്യത്യസ്ഥമായി തോന്നിയ സിനിമകളാണ്.

∙ ലോക്ഡൗൺ ജീവിതത്തിൽ വലിയ നഷ്ടമുണ്ടാക്കിയെന്നു വേദന തോന്നാറുണ്ടോ.

വ്യക്തിപരമായി എന്റെ വേദനയേക്കുറിച്ച് ആലോചിച്ചിട്ടില്ല. കൂടെ ജോലി ചെയ്ത പലരുടേയും പ്രയാസം സിനിമയിലെ ഓരോരുത്തരേയും വേദനിപ്പിച്ചിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിൽ എന്റെ പരിമിതികളും കുറവുകളും എന്തെല്ലാമാണെന്നു ഞാനീ സമയത്ത് ആലോചിച്ചു. അതു മറികടക്കാൻ മനസിനെ പഠിപ്പിക്കാൻ നോക്കി. സത്യത്തിൽ ഇതൊരു തിരുത്തൽകാലം കൂടിയായിരുന്നു.

aiswarya-lekshmi-5

ഐശ്വര്യ ലക്ഷ്മി അഭിനയിച്ചതെല്ലാം വളരെ വ്യത്യസ്ഥ കഥാപാത്രങ്ങളാണ്. ഐശ്വര്യയെ സ്ക്രീനിൽ കാണുമ്പോൾ നമുക്കുമൊരു പ്രസന്നത  തോന്നും. പെരുമാറ്റത്തിലും സിനിമയിലമെല്ലാമുള്ള വളരെ ലളിതമായ രീതിതന്നെയാണ് ഐശ്വര്യയെ മറ്റു ഭാഷകളിലേക്കു കൊണ്ടുപോകുന്നത്. അല്ലാതെ ഗ്ളാമറല്ല. തെലുങ്കിലും ഐശ്വര്യ എത്തിക്കഴിഞ്ഞു. തമിഴിൽ പുതിയൊരു സിനിമ വരാനിരിക്കുന്നു. നാട്ടിൽ മനസ്സൂന്നിനിന്നു നാടുവിടുന്നൊരു കുട്ടിയായി ഐശ്വര്യയെ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA