ADVERTISEMENT

അഭിനയിക്കുമ്പോൾ സ്ക്രീനിന്റെ വലുപ്പമൊന്നും നീനകുറുപ്പ് നോക്കാറില്ല. സിനിമയായാലും ഷോർട്ട്ഫിലിമായാലും കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാൽ നീന അതു ചെയ്തിരിക്കും. 35 വർഷമായിട്ടും നീനകുറുപ്പ് സ്ക്രീനിൽ സജീവമായി നിൽക്കുന്നതിന്റെ രഹസ്യവും ഈ ചുറുചുറുക്കാണ്. പ്രായമേശാത്ത നടിയെന്ന് മലയാളം വിശേഷിപ്പിക്കുന്ന നീനകുറുപ്പ് സംസാരിക്കുന്നു. അമ്മയും മകളും ഒരേ വസ്ത്രം ധരിക്കുന്നതിന്റെ ബജറ്റ് പ്ലാനിങ് മുതൽ പുതിയ ഷോർട്ട് ഫിലിം വരെ.

 

∙1987 ഫെബ്രുവരി 12-നാണ് ആദ്യചിത്രമായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് പുറത്തിറങ്ങുന്നത്. അഭിനയത്തിന്റെ മുപ്പത്തിയഞ്ചാം വർഷത്തിൽ എത്തിയിരിക്കുന്നു. ഈ മൂന്നര പതിറ്റാണ്ടിൽ ഏറ്റവും സന്തോഷം തോന്നിയ കാര്യങ്ങൾ  ?

 

സിനിമ തന്നെയാണ് വലിയ സന്തോഷം. ആരാണെന്നു പോലും അറിയാത്ത മനുഷ്യർ എവിടെയൊക്കെയോ ഇരുന്ന് നമ്മളെ കാണുന്നു, ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു. നമ്മളൊന്ന് വീണാൽ കൈ പിടിക്കാൻ ഒരു നൂറ് കൈകൾ ഉയർന്നുവരും. നമുക്കറിയാത്തവരുടെ മതിലുകൾ പോലും നമ്മുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളുമായി മഴയിലും വെയിലത്തും നിൽക്കും. ഇതിലൊക്കെ വലിയ എന്തു ഭാഗ്യമാണ് മനുഷ്യർക്ക് വേണ്ടത്! ഞാനെപ്പോഴും പറയുന്ന കാര്യമാണ് ബ്ലെസ്‌ഡ് ആയ ആളുകൾക്കു മാത്രമേ ഇങ്ങനെയൊരു ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിയുകയുള്ളുവെന്ന്. ഏറ്റവും ചെറിയ വേഷങ്ങൾ ചെയ്യുന്നവർ പോലും ദൈവം തൊട്ടനുഗ്രഹിച്ച് വിട്ട ആൾക്കാരാണ്.

 

 

∙ പ്രിയപ്പെട്ട  കഥാപാത്രങ്ങൾ ?

 

ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ആദ്യസിനിമയായ 'ശ്രീധരന്റെ ഒന്നാം തിരുമുറിവി'ലെ അശ്വതിയെ. അഭിനയം എനിക്ക് വഴങ്ങുന്നതാണെന്ന് ബോധ്യപ്പെടുത്തി തന്നത് അശ്വതിയാണ്. ആ സ്നേഹം എല്ലാ കാലത്തും ആ കഥാപാത്രത്തോടുണ്ട്. എങ്കിലും, എന്നെ മലയാളികൾ അംഗീകരിച്ചത് 'പഞ്ചാബി ഹൗസി'ലെ കരിഷ്മയായപ്പോഴാണെന്നു തോന്നുന്നു. അതിനു മുൻപും ശേഷവും ഒരുപാട് സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഏറ്റവുമധികം ആളുകൾ - ഇന്നും - ഓർക്കുന്നതും തിരിച്ചറിയുന്നതും ആ വേഷം കാരണമാണ്. എന്റെ അഭിനയത്തിന്റെ മികവിനേക്കാൾ അതിനു സഹായിച്ചത് ഒരുപക്ഷേ, ആ സിനിമയോട് എല്ലാവർക്കുമുള്ള ഇഷ്ടമായിരിക്കാം. പിന്നെയൊന്ന്, 'ഹേയ് ജൂഡി'ലെ മരിയയാണ്. എന്റെ അംശങ്ങളൊന്നുമില്ലാത്ത, എന്നേക്കാൾ പ്രായമുള്ള കഥാപാത്രമായിരുന്നതുകൊണ്ട് വളരെ ചലഞ്ചിങ് ആയിരുന്നു മരിയ.

 

∙വേഷം ചെറുതോ വലുതോ എന്നു നോക്കാതെ അഭിനയിക്കുന്നയാളാണ് നീന. തേടിവരുന്ന ഒരു കഥാപാത്രത്തേയും നിരാശപ്പെടുത്തില്ല എന്നതാണോ നയം?

 

അടുത്തിടെ അങ്ങനെ വലിയ ഹിറ്റായ ഷോർട്ട് ഫിലിമാണ് ടോം.ജെ.മങ്ങാട്ട് സംവിധാനം ചെയ്ത ‘വിമൻസ് ഡേ ’.അതിലെ സുമിത്ര എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. യുട്യൂബിൽ കണ്ടവർ 10 ലക്ഷത്തിലേറെ. പഴക്കമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അഭിനയത്തിന്റെ കാര്യം. ഏത് ആക്ടർ ആയാലും കരിയറിൽ മുന്നോട്ടു പോകുന്തോറും മെച്ചെപ്പെട്ടുകൊണ്ടിരിക്കും. സുമിത്രയെ പത്തു വർഷം മുൻപ് കിട്ടിയിരുന്നെങ്കിൽ എനിക്ക് ഇത്ര നന്നായി ചെയ്യാൻ പറ്റുമായിരുന്നില്ല. ഇരുത്തം വരിക എന്നു പറയാറില്ലേ, അതാണ് സുമിത്ര മികച്ചതായതിന്റെ ഒന്നാമത്തെ കാരണം. പല റേഞ്ചിലുള്ള പ്രകടനം സുമിത്ര ആവശ്യപ്പെടുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് സംവിധായകനാണ്.

ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാൻ. അടുപ്പമുള്ളവരുടെ സിനിമയിലേക്ക് വിളിച്ചാൽ രണ്ടു സീനുള്ള കഥാപാത്രമാണെങ്കിലും ചെയ്യാറുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യാൻ പലരേയും കിട്ടും. എന്നിട്ടും അവരെന്നെ ഓർത്തല്ലോ എന്നതാണെന്റെ സന്തോഷം. എനിക്ക് പറ്റാത്തതാണെന്നു തോന്നിയാൽ ചോദിക്കും, 'ഞാൻ ചെയ്യേണ്ട ആവശ്യമുണ്ടോ?' എന്ന്. ഉണ്ടെന്ന് അവർ പറഞ്ഞാൽ എന്റെ തോന്നൽ മാറ്റിവച്ച് പോയി അഭിനയിക്കും. പ്രതിഫലം പോലും കാര്യമാക്കാറില്ല. ഫീച്ചർ ഫിലിമിലും ഷോർട്ട് ഫിലിമിലുമൊക്കെ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. സിനിമ പാഷനായ ഒരു കൂട്ടം കുട്ടികൾ കൈയിലുള്ളതൊക്കെ നുള്ളിപ്പെറുക്കി ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ അഭിനയിക്കുക മാത്രമല്ല ഞാനവർക്ക് ഭക്ഷണവും കൊണ്ട് പോയിട്ടുപോലുമുണ്ട്. ആരൊക്കെയോ കൈപിടിച്ചിട്ടാണ് ഈ ലോകത്തിൽ എല്ലാവരും ഉയർന്നുവന്നിട്ടുള്ളത്. ഞാനും അങ്ങനെതന്നെ. അപ്പോൾ മറ്റുള്ളവർക്കു നേരെ കൈ നീട്ടാനുള്ള ചുമതല എനിക്കുമുണ്ട്.

 

∙ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് സിനിമയിൽ എത്തിയ ആളാണ് നീന. അതിലേക്ക് വരുന്നതിനു മുൻപ് എനിക്ക് ഈ ഉപദേശങ്ങൾ ആരെങ്കിലും തന്നിരുന്നെങ്കിൽ എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?

 

മൂന്നു കാര്യങ്ങളുണ്ട്. അഭിനയം അന്നു ഞാനെടുത്തത് വളരെ ലൈറ്റായിട്ടാണ്. ഒരു രസത്തിനാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ ചെയ്തത്. ഗൗരവമുള്ള ഒരു പ്രൊഫഷനായിട്ട് അഭിനയത്തെ കാണണമെന്ന് ആരുമെനിക്ക് പറഞ്ഞുതന്നില്ല. എനിക്കൊട്ട് തോന്നിയതുമില്ല. നാളെ എന്റെ മകൾ അഭിനയിക്കുകയാണെങ്കിൽ ഞാനവൾക്ക് തുടക്കത്തിലേ പറഞ്ഞുകൊടുക്കും ഇത് വളരെയധികം കമിറ്റ്‌മെന്റ് ആവശ്യമുള്ള ജോലിയാണെന്നും അതിനെ പാഷനേറ്റ് ആയി കാണണമെന്നും. അഭിനയത്തിൽ നിന്ന് ഒരിക്കലും ബ്രേയ്ക്ക് എടുക്കരുതെന്നതാണ് രണ്ടാമത്തെ കാര്യം. അതെനിക്ക് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്ടപ്പെടില്ലായിരുന്നു. ഒരുപാട് ആഗ്രഹിച്ചിട്ടും പ്രയത്നിച്ചിട്ടും, അഭിനയിക്കാനറിയുന്ന ലക്ഷക്കണക്കിനാളുകൾ ക്യാമറയ്ക്കു മുന്നിൽ ഒരിക്കൽപ്പോലും വരാനുള്ള ഭാഗ്യമില്ലാതെ കടന്നുപോയിട്ടുണ്ട്. കിട്ടിയ ഭാഗ്യത്തേക്കുറിച്ചുള്ള ആ ബോധം നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാവണമെന്നതാണ് മൂന്നാമത്തെ കാര്യം.

 

∙സിനിമയല്ലാതെ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?

 

ആദ്യം ചെയ്ത ജോലി അഭിനയം തന്നെയായിരുന്നു. അതുകഴിഞ്ഞുള്ള ആദ്യത്തെ ബ്രേയ്ക്കിൽ രണ്ട് കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ഫ്രണ്ട് ഡസ്കിലായിരുന്നു രണ്ടും. രണ്ടും വേണ്ടെന്നുവച്ച് പോന്നു.

 

∙ അഭിനയം കഴിഞ്ഞാൽ  എന്താണ് ഏറ്റവും വലിയ സ്വപ്നം?

 

എനിക്ക് യാത്ര ചെയ്യണം, ഒരു ബാഗിൽ കൊള്ളുന്ന സാധനങ്ങളുമെടുത്ത്, ഒട്ടും പ്ലാൻ ചെയ്യാതെ, ഹോട്ടൽ‌മുറി പോലും ബുക്ക് ചെയ്യാതെ, ഒറ്റയ്ക്കുള്ള യാത്ര. പറ്റുമെങ്കിൽ, മിണ്ടിയും പറഞ്ഞുമിരിക്കാൻ എന്റെ നായ്‌ക്കുട്ടിയെ മാത്രം ഒപ്പം കൂട്ടും. അതിനേക്കാൾ നല്ല ബെസ്റ്റ് ഫ്രണ്ട്സിനെ ഒരാൾക്കും കിട്ടില്ല. അതിനെന്നോട് അസൂയ കാണില്ല, അമിതപ്രതീക്ഷകളുണ്ടാവില്ല, എന്നേപ്പറ്റി ഗോസിപ്പ് പറയില്ല, പൊസസീവ് ആവില്ല, പിന്നിൽ നിന്ന് പാര വയ്ക്കില്ല, ഓരോ കുറ്റം കണ്ടുപിടിച്ച് പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയുമില്ല. പവിത്ര പഠിച്ചുകൊണ്ടിരിക്കുകയാണ്. അവൾ അവളുടെ ജീവിതം സ്വയം തുടങ്ങിക്കഴിഞ്ഞാൽ ഞാൻ ആദ്യം ചെയ്യാൻ പോകുന്നത് ഈ യാത്രയായിരിക്കും.

 

∙പല തരത്തിലും സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന കരിയറാണ് സിനിമ എന്നൊരു വിചാരം പൊതുവേയുണ്ട്. ‘മീ റ്റൂ ’മൂവ്‌മെന്റ് വന്നപ്പോൾ ആ വിചാരം ഒന്നുകൂടി ഉറയ്ക്കുകയും ചെയ്തു. സത്യത്തിൽ സിനിമ ഒരു കുഴപ്പം പിടിച്ച സ്ഥലമാണോ?

 

സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. സമൂഹത്തിൽ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി ഒരു ബസിൽ കയറുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാൽ മതി. ബസിൽ എവിടെ നിൽക്കണം, എങ്ങനെ നിൽക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവൾക്കൊരു ധാരണയുണ്ടാവുമല്ലോ. നമ്മുടെ സിനിമയിൽ വരുന്ന ഭൂരിപക്ഷം പെൺകുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണു താനും. പ്രതിഫലത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരുപോലെയല്ല എന്നൊരു കാര്യം വേണമെങ്കിൽ പറയാം. അതുപക്ഷേ, ജെൻഡറിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നു പറയാൻ പറ്റില്ല. സിനിമ വിൽക്കാൻ ആരാണോ കാരണമാകുന്നത് അവർക്ക് കൂടുതൽ പ്രതിഫലം കിട്ടും; അത്ര മാത്രം.

 

∙സിനിമയിൽ  വിഷമം തോന്നിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

 

സത്യം പറഞ്ഞാൽ ഉണ്ട്. 'മിഖായേലിന്റെ സന്തതികൾ' എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി 'പുത്രൻ' എന്ന സിനിമ വന്നത്. സീരിയലിൽ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വർഷം മുൻപു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ്. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ട്. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്നം. എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി.

 

∙നീനയെ കാണുമ്പോൾ എല്ലാവർക്കും മനസിൽ വരുന്ന ഒരു ചോദ്യമാണത്; എങ്ങനെയാണ് ഇത്ര ചെറുപ്പമായിട്ടിരിക്കുന്നത്?

 

കണ്ണാടിയിൽ നോക്കുമ്പോൾ എനിക്കങ്ങനെ തോന്നാറില്ല . എന്റെ കണ്ണാടി എന്നോടു പറയുന്നത് 'നീയത്ര ചെറുപ്പമൊന്നുമല്ല, ആൾക്കാരൊക്കെ നിന്നെ വെറുതെ സുഖിപ്പിക്കാൻ പറയുന്നതാണ്, അതിന്റെ പേരിൽ അഹങ്കരിക്കണ്ട' എന്നൊക്കെയാണ്. എന്റെ ജീവിതത്തോടുള്ള ആറ്റിറ്റ്യൂഡിന് ചെറുപ്പമുണ്ടെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം. വേഷത്തിലും ചെറുപ്പമാണെന്നു പറയാം. അതിനൊരു കാരണവുമുണ്ട്. ഞാനും എന്റെ മോളും ഒരേ ഡ്രസാണ് ഉപയോഗിക്കാറുള്ളത്. (അതിനൊരു സീക്രട്ട് കാരണമുണ്ടെന്ന് വേണമെങ്കിൽ പറയാം; ഞങ്ങളുടെ ബജറ്റ് നിയന്ത്രണത്തിൽ നിൽക്കും!) ഒരേ ചെരുപ്പുകൾ പോലും ഞങ്ങൾ രണ്ടു പേരും ഉപയോഗിക്കുന്നുണ്ട്. മെലിയാൻ പാടില്ല എന്ന് അവൾക്ക് ഞാൻ ഓഡർ കൊടുത്തിട്ടുണ്ട്, വണ്ണം വയ്ക്കാൻ പാടില്ല എന്ന് അവൾ എനിക്കും. സൈസ് മാറിയാൽ എല്ലാം താറുമാറാകും! പക്ഷേ, അതിനായിട്ട് ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നതാണ് സത്യം. ഭക്ഷണം കഴിക്കാൻ പല ദിവസവും മറന്നുപോകുമെന്നുള്ളത് വേണമെങ്കിൽ ഒരു കാരണമായി പറയാം. രാത്രിയാകുമ്പോഴായിരിക്കും പെട്ടെന്നോർക്കുന്നത് രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിച്ചിട്ടില്ലല്ലോയെന്ന്. ഇതിപ്പോൾ തുടങ്ങിയ കാര്യമൊന്നുമല്ല, കോളജിൽ പഠിക്കുന്ന കാലത്തേ ഇതുതന്നെയാണ് പരിപാടി. എന്റെ കൂടെ കൂടി മോളും അങ്ങനെയായിട്ടുണ്ട്. (എന്റെ വീട്ടിൽ മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കുന്ന ഒരേയൊരാളേയുള്ളു- അതെന്റെ നായ്ക്കുട്ടി റൗഡിയാണ്!) ഷൂട്ടിനു പോകുമ്പോൾ ബ്രേയ്ക്ക് ടൈം ഉള്ളതുകൊണ്ട് മൂന്നു നേരം ഭക്ഷണം കഴിക്കാറുണ്ട്. എല്ലാവരും കഴിക്കുമ്പോൾ നമ്മളും കഴിക്കുമല്ലോ.

എക്സർസൈസിന്റെ കാര്യത്തിലും ഞാൻ വളരെ കഷ്ടമാണ്; നടക്കാറില്ല, ഓടാറില്ല, വർക്ക്ഔട്ട് ചെയ്യാറില്ല. ഒരിക്കൽ 18 ദിവസം ഒരു ജിമ്മിൽ പോയിട്ടുണ്ട്. അതാണ് ജീവിതത്തിൽ ആകെ ചെയ്തിരിക്കുന്ന വർക്ക്ഔട്ട്. ഒരു സ്ഥലത്ത് ഇരുന്നാൽ വേരു മുളച്ച് ഇറങ്ങിയാലും അവിടെത്തന്നെ ഇരിക്കും. ആ വേരൊക്കെ വലിച്ചുപറിച്ച് ആരെങ്കിലും കൊണ്ടുപോയാലേ അവിടുന്ന് അനങ്ങൂ. പിന്നെപ്പോഴാ എക്സർസൈസൊക്കെ ചെയ്യുന്നത്! നല്ല കായികാദ്ധ്വാനമുള്ളപ്പോൾ മാത്രം മൂന്നു നേരം ഭക്ഷണം കഴിച്ചാൽ മതിയെന്നു തീരുമാനിച്ചാൽ ഒരുവിധം എല്ലാവരുടെയും വണ്ണം കുറയുകയും ആരോഗ്യം കൂടുകയും ചെയ്യുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എല്ലു മുറിയെ പണിയെടുത്തിരുന്ന പണ്ടുള്ളവരേപ്പോലെ മൂന്നു നേരം കഴിക്കാൻ സത്യത്തിൽ നമുക്ക് യോഗ്യതയില്ല. അതുപോലെ, കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായിരിക്കാനും ശ്രദ്ധിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com