ഒടിടി കൂടിയില്ലായിരുന്നെങ്കിൽ സിനിമയുടെ അതിജീവനം എന്താകുമായിരുന്നു ? പൃഥ്വി ചോദിക്കുന്നു

prithviraj-main
SHARE

തിയറ്ററിലായാലും ഒടിടിയിലായാലും പൃഥ്വിരാജ് ചിത്രങ്ങളുടെ റിലീസ് ‘ഹോട്ട് കേസ്’ തന്നെ. ഈയാഴ്ച ആമസോണിൽ റിലീസ് ചെയ്ത ‘കോൾ‍ഡ് കേസ്’ പൃഥ്വിയുടെ കരിയറിലെ ആദ്യ ഒടിടി റിലീസ് ആണ്. പാരാനോർമൽ ഹൊറർ–ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ അധികം ചിത്രങ്ങൾ മലയാളത്തിലില്ലെന്നതിനാൽ ‘കോൾഡ് കേസ്’ നന്നായി സ്വീകരിക്കപ്പെടുന്നുവെന്നാണു സമൂഹമാധ്യമ റിവ്യൂകളും കമന്റുകളും വ്യക്തമാക്കുന്നത്. തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചതിനു പിന്നിലും തീമിലെ പുതുമ തന്നെയെന്നു പൃഥ്വി പറയുന്നു. ‘ കഥ കേട്ടപ്പോൾ താൽപര്യം തോന്നി. കാരണം, അന്നോളം ഞാനൊരു ഹൊറർ–ഇൻവെസ്റ്റിഗേഷൻ ഹൈബ്രിഡ് സ്വഭാവമുള്ള ചിത്രത്തിന്റെ ഭാഗമായിട്ടില്ല. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകളുൾപ്പെടെ നടക്കുമ്പോൾ തിയറ്റർ റീലീസ് തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പൂർത്തിയായപ്പോഴാകട്ടെ ഒടിടിക്കും യോജ്യമായൊരു സിനിമയായി. ആദ്യ കോവിഡ് തരംഗത്തിൽ സിനിമാമേഖലയാകെ തളർന്നു നിൽക്കുമ്പോൾ, ലോക്ഡൗണിൽ ഇളവു ലഭിച്ച ഏതാനും മാസങ്ങൾ കൊണ്ടാണു ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടുതന്നെ ചെയ്യാനാവുന്ന സിനിമകളെ ആ സാഹചര്യത്തിൽ ചെയ്യാനാവുമായിരുന്നുള്ളൂ. മാസ്കും സാനിറ്റൈസറും പിപിഇ കിറ്റുമൊക്കെ ധരിച്ചുള്ള ഷൂട്ടിങ് അനുഭവം ആദ്യമായിരുന്നു. എങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാം നന്നായി പോയി. 

∙ കോവിഡ് കാലം പഠിപ്പിച്ചത്? 

കോവിഡ് എല്ലാവരെയും ഒരുപാടു പാഠങ്ങൾ പഠിപ്പിച്ചു. മറ്റെല്ലാ മേഖലകൾക്കുമെന്ന പോലെ സിനിമാ മേഖലയ്ക്കും കനത്ത നഷ്ടം തന്നെയാണു മഹാമാരി സൃഷ്ടിച്ചത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന ആയിരങ്ങളുടെ ജീവനോപാധിയാണു നഷ്ടമായത്. സിനിമാമേഖലയിൽ ദിവസക്കൂലിക്കു ജോലി ചെയ്യുന്നവരാണു ഭൂരിഭാഗവും. അവരുടെ നിലവിലെ ദുരിതം സമാനതകളില്ലാത്തതാണ്. പണിയില്ലാതെ വന്നാലും അൽപകാലത്തേക്കെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നതു മുൻനിര താരങ്ങൾക്കു മാത്രമാണ്. അവരുടെ പോലും പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രശ്നങ്ങളാണു കോവിഡ് സൃഷ്ടിച്ചത്. 

prithviraj

∙ കരിയറിലെ ആദ്യ ഒടിടി റീലീസ്, ഭാവിപ്രതീക്ഷയാണോ ഒടിടി? 

ഒടിടി പുതിയൊരു സംഗതിയല്ല. വിദേശരാജ്യങ്ങളിലെ സിനിമാ ആസ്വാദകരിൽ  വളരെക്കാലം മുൻപേ തന്നെ ഒടിടി വലിയ സ്വാധീനം ചെലുത്തിയിരുന്നു. വൈകാതെ നമ്മുടെ രാജ്യത്തും ഒടിടി റീലീസുകളുടെ കാലം വരുമെന്നു ഞാൻ മുൻപു തന്നെ പല ഇന്റർവ്യൂകളിലും സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ സംഭവിച്ചതു കോവിഡ് കാലം, ഒടിടിയെ പെട്ടെന്നു ജനപ്രിയമാക്കുകയും ആ സങ്കേതത്തിന്റെ വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്തു എന്നതാണ്. വീടുകൾക്കുള്ളിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ പൊടുന്നനെ മറ്റു വിനോദാപാധികൾ ഇല്ലാതായതോടെ ജനം ഒടിടിയിലേക്കു കൂടുതലായി തിരിഞ്ഞു. ഒടിടികൾക്കായും തിയറ്ററുകൾക്കായും ഇനി ചിത്രങ്ങൾ നിർമിക്കപ്പെടുമെന്നതാണ് ഇതിന്റെ മെച്ചം. പ്രതിഭാധനരായ ഒട്ടേറെപ്പേർ സിനിമയിലേക്കു കടന്നു വരാനും ഒടിടി വഴിവയ്ക്കും. ഒടിടി കൂടിയില്ലായിരുന്നെങ്കിൽ സിനിമാമേഖലയുടെ അതിജീവനം വലിയ ചോദ്യചിഹ്നമായേനെ.  

ഒടിടി വന്നതോടെ തിയറ്റർ വ്യവസായം നശിക്കുമെന്ന അഭിപ്രായമില്ല. കോവിഡിനെ അതിജീവിച്ചു ജീവിതം സാധാരണഗതിയിലാകുന്നതോടെ ആസ്വാദകർ തിയറ്ററുകളിലേക്കു മടങ്ങിയെത്തുക തന്നെ ചെയ്യും.

    

∙ നടക്കേണ്ടിയിരുന്ന ചില വമ്പൻ സിനിമകളെപ്പറ്റി?

സിനിമാമേഖലയൊന്നാകെ വലിയ പ്രോജക്ടുകളിൽനിന്നു വിട്ടുനിൽക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വലിയ സിനിമകൾ യാഥാർഥ്യമാകുന്നത് ഒട്ടേറെ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചാണ്. കോവിഡ് ആ സാമ്പത്തിക ഉറവിടങ്ങൾ മിക്കതും അടച്ചു. പ്രതിസന്ധിയകന്ന് ഈ സ്രോതസ്സുകൾ വീണ്ടും ഉണർന്നാലേ വൻകിട ചിത്രങ്ങളിലേക്കുള്ള മടക്കം ഉണ്ടാകൂ. കുറച്ചുകാലത്തേക്കെങ്കിലും പുതിയ സിനിമകളെല്ലാം ചെറിയ സിനിമകളാകും. നിർമാതാക്കളും താരങ്ങളും സംവിധായകരും എഴുത്തുകാരുമുൾപ്പെടെ ഈ ദിശയിൽ മാറി ചിന്തിക്കുകയും സിനിമകളുണ്ടാക്കുകയും ചെയ്യുകയാണിപ്പോൾ. കാരണം നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു കൊണ്ടു സിനിമ യാഥാർഥ്യമാകണമെങ്കിൽ അതേ ഒരു മാർഗമുള്ളൂ. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾ ഇപ്പോൾ ചിന്തിക്കാൻ പോലുമാവില്ല.  

prithviraj-bro-daddy

∙ പുതിയ പ്രോജക്ടുകൾ? 

    

ഞാൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ആണ് ഉടൻ ആരംഭിക്കാനിരിക്കുന്ന ചിത്രം. എന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ലൂസിഫറിനു ശേഷം അതിലും മോഹൻലാൽ തന്നെ നായകനാകുന്നു എന്ന പ്രത്യേകതയുണ്ട്. കുടുംബ പ്രേക്ഷകർക്കു ചിരിച്ചാസ്വദിക്കാൻ വകനൽകുന്നൊരു ചിത്രമാകും ‘ബ്രോ ഡാ‍ഡി’. നിലവിലെ സാഹചര്യങ്ങൾക്കുള്ളിൽ നിന്നു ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ചിത്രമാണ്. ഷൂട്ടിങ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിക്കുന്നതോടെ ‘ജനഗണമന’, ‘കടുവ’ എന്നീ ചിത്രങ്ങളുടെ ജോലികളും പുനരാരംഭിക്കേണ്ടതുണ്ട്.

prithviraj-cold-case

∙ കോൾഡ് കേസിൽ അനിൽ നെടുമങ്ങാടുമൊത്തുള്ള അഭിനയത്തെപ്പറ്റി?

അദ്ദേഹത്തിന്റെ അകാല വേർപാട് വലിയ വിഷമമുണ്ടാക്കി. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോൾത്തന്നെ മലയാള സിനിമയ്ക്കു നന്നായി ഉപയോഗിക്കാനാവുന്ന നടനാണെന്നു തോന്നിയിരുന്നു. ഞങ്ങൾ ഒരുമിച്ച ‘അയ്യപ്പനും കോശിയും’ അനിൽചേട്ടന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി. ഏറെ അഭിനന്ദനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഞങ്ങൾ ഒരുമിച്ചുള്ള ഒരുപിടി ചിത്രങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം മടങ്ങിയത്.

 

∙ കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം കിട്ടി?

കോവിഡ് കൊണ്ടുള്ള ഒരേയൊരു ഗുണം അതുമാത്രമാണ്. നടനായതിനു ശേഷം ഇത്രയേറെ ദിവസങ്ങൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെലവഴിക്കാനായത് ആദ്യമായാണ്. എനിക്കും അവർക്കും അതു വലിയ സന്തോഷവും സമാധാനവും തന്നെയായിരുന്നു. 

English Summary: Prithviraj Sukumaran opens up about his new movie Cold Case and his other upcoming projects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA