അന്ന് 'പുട്ടുറുമ്മീസ്' എന്നു വിളിച്ച നാട്ടുകാർ അഭിനന്ദനങ്ങളായെത്തുമ്പോൾ; കളയിലെ മണിയാശാന് പറയാനുള്ളത്

pramod-veliyanadu
SHARE

നാടകം കളിച്ചും നാടകവണ്ടികളിൽ ഉറങ്ങിയും നാടു നീളെ യാത്ര ചെയ്തും 24 വർഷം രാത്രികളെ പകലുകളാക്കിയ കലാകാരനാണ് പ്രമോദ് വെളിയനാട്. നാടകത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടിയപ്പോഴൊന്നും ആരും അഭിനന്ദനങ്ങളുമായി പ്രമോദിനെ തേടി വന്നിട്ടില്ല. എന്നാൽ, ഈ ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങിയ കള, ആർക്കറിയാം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതോടെ പ്രമോദിന്റെ ഫോണിലേക്ക് നിലയ്ക്കാത്ത കോളുകളാണ്. അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയും അഭിമുഖങ്ങൾ നൽകിയും വെളിയനാട്ടെ കൊച്ചുവീട്ടിലിരുന്ന് പ്രമോദ് സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിക്കുകയാണ്. 

പ്രമോദ്കുമാർ കെ.പി എന്ന കുട്ടനാട്ടുകാരൻ പ്രമോദ് വെളിയനാട് എന്ന നടനായതിനു പിന്നിൽ ഉറക്കമില്ലാത്ത ഒരുപാടു രാത്രികളുടെ കഥയുണ്ട്. കാൽനൂറ്റാണ്ടു കാലം തട്ടേൽ കയറി നാടകം കളിച്ചതിന്റെ പ്രതിഫലം ഒരൽപം വൈകിയാണെങ്കിലും തന്നെ തേടി വരുന്നതുകാണുമ്പോൾ ഉള്ളിലൊരു സന്തോഷം. 'ഞങ്ങൾ നാടകക്കാർക്ക് കയ്യടി കേൾക്കുമ്പോൾ ആകെയൊരു ഊർജ്ജം വരും. അതങ്ങനാ..' പ്രമോദ് പറഞ്ഞു തുടങ്ങി. പിന്നിട്ട വഴികളെക്കുറിച്ചും സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട് മനോരമ ഓൺലൈനിൽ. 

നടനാകാൻ കൊതിച്ച 'പുട്ടുറുമ്മീസ്'

അച്ഛൻ ഒരു ഭജനപ്പാട്ടുകാരനായിരുന്നു. ചിക്കുപായിലിരുന്ന് രാവ് വെളുക്കുവോളം പാടുന്ന ആ ഭജനസംഘത്തിനൊപ്പമാണ് ഞാനും വളർന്നത്. അന്ന് കുട്ടനാട്ടിലെ എല്ലാ വീടുകളിലും ചിക്കുപായ കാണും. അതിലിരുന്നാണ് പുലരുവോളം വരെ ഭജന പാടുക. ചിക്കുപാ പരിപാടി എന്നാണ് ഈ പരിപാടിയെ നാട്ടിൽ വിളിക്കുക. അങ്ങനെയാണ് എന്റെയുള്ളിലും കലാവാസനയുണ്ടാകുന്നത്. അന്നും ഇന്നും നാടകം എന്നു പറഞ്ഞാൽ എന്റെ ജീവനാണ്. നാടകത്തിന്റെ നോട്ടീസിൽ പേരു വരിക, ഫോട്ടോ വരിക എന്നൊക്കെ പറയുന്നത് വലിയ സ്വപ്നമായി നെഞ്ചിൽ കൊണ്ടു നടന്നിരുന്ന കാലമുണ്ടായിരുന്നു. ഉത്സപ്പറമ്പുകളിൽ നിന്ന് നാടകത്തിന്റെ നോട്ടീസ് ശേഖരിച്ച് അതു മുറിയിൽ ഒട്ടിച്ചു വയ്ക്കും. അതിലെ നടന്മാരുടെ സ്ഥാനത്ത് ഞാനെന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ചു നോക്കും. അത്രയും ഭ്രാന്തായിരുന്നു. 

എങ്ങനെയെങ്കിലും നടനാകണം എന്നതായിരുന്നു ലക്‌ഷ്യം. അതിനുവേണ്ടി കുറെ അലഞ്ഞു. ഞാൻ അന്നു കണ്ടിരുന്ന നാടകങ്ങളിലെ നായകന്മാരൊക്കെ വലിയ സുന്ദരന്മായിരുന്നു. ആപ്പിൾ പോലെ ചുവന്നു തുടുത്ത ആളുകൾ! ഞാൻ നന്നായി കറുത്തിട്ടാണ്. അവർ സ്റ്റേജിൽ കത്തിക്കയറുമ്പോൾ ഞാൻ എന്നെത്തന്നെ നോക്കും. എനിക്ക് ഈ ജന്മം ഇതൊന്നും പറ്റില്ലേ എന്ന് ആലോചിച്ച് സങ്കടപ്പെടും. അന്ന് എന്നെ നാട്ടുകാർ വിളിച്ചുകൊണ്ടിരുന്നത് പുട്ടുറുമ്മീസ് എന്നായിരുന്നു. എന്റെ സൗന്ദര്യത്തിന്റെ കൂടുതൽ കൊണ്ടാകാം അവർ അങ്ങനെ വിളിച്ചിരുന്നത്. 

നടക്കാതെ പോയ അഭിനയ പഠനം

അമച്വർ നാടകങ്ങൾ സ്വന്തമായിട്ടെഴുതും. അതിൽ ഞാൻ തന്നെയാകും ഹീറോ! വേറെ ആരെങ്കിലും എഴുതിയാൽ എനിക്ക് ഹീറോ ആകാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്ക! എന്റെ ശാരീരിക അവസ്ഥകളൊന്നും ഞാൻ ഉൾക്കൊള്ളില്ലായിരുന്നു. പിന്നെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചാലോ എന്നായി ചിന്ത. പക്ഷേ, 5000 രൂപ കെട്ടിവയ്ക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അഭിനയം പഠിക്കുക എന്നതിനേക്കാൾ മനസിൽ വേറെ ചില കണക്കുക്കൂട്ടലുകൾ ആയിരുന്നു. ശ്രീനിവാസന്റെ അഭിമുഖങ്ങളിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് സുഹൃത്തുക്കളാണെന്ന് വായിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയാൽ കുറെ പേരെ പരിചയപ്പെടാം. അതിലൂടെ സിനിമയിലെത്താം എന്നു ഞാൻ കണക്കുക്കൂട്ടി. പക്ഷേ, അതു നടന്നില്ല. ഒരിക്കൽ, ആലപ്പി തീയറ്റേഴ്സിന്റെ അഭയഘോഷ് എന്നെ അഭയൻ കലവൂർ എന്ന നാടകപ്രവർത്തകനെ പരിചയപ്പെടുത്തി. ഒരു പെരുവഴിയിൽ വച്ചാണ് ഞങ്ങൾ കണ്ടത്. നാടകത്തെക്കുറിച്ചുള്ള താൽപര്യം അറിഞ്ഞപ്പോൾ അടുത്ത സീസണിൽ എനിക്കൊരു വേഷം തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഈ സീസണിൽ നാടകത്തിൽ സെറ്റ് വർക്ക് ചെയ്യാൻ കൂടാമോ എന്നു ചോദിച്ചു. എനിക്കു നൂറു സമ്മതം. 

arkariyam

അഭിനയിച്ചുകൊണ്ടിരിക്കേ അവർ ഇറങ്ങിപ്പോയി

കുറച്ചു നാളുകൾക്കു ശേഷം കൊച്ചിൻ നയനയുടെ ഓഫിസിലേക്ക് ചെല്ലാമോ എന്നു ചോദിച്ചുകൊണ്ട് എനിക്കൊരു കത്തു കിട്ടി. അലോഷ്യസ് നയന എന്നയാളാണ് ഇതിന്റെ മുതലാളി. ഒരു കട്ടിലും മേശയും കസേരയും മാത്രമുള്ള ചെറിയൊരു മുറിയിലാണ് അദ്ദേഹം ഇരിക്കുന്നത്. ആലപ്പുഴ പാതിരാപ്പിള്ളിയിലെ ഒരു ടൂറിസ്റ്റ് ഹോമാണ് ലൊക്കേഷൻ. രാജേഷ് രാജൻ തമ്പി എന്ന കന്നൂസ് എന്നതാണ് കഥാപാത്രം. കേന്ദ്ര കഥാപാത്രം ചെയ്യുന്ന അഭയൻ കലവൂരിന് ഒപ്പമോ അതിനു മുകളിലോ റേഞ്ചുള്ള കഥാപാത്രമാണ്. ഇത് എന്നെക്കൊണ്ട് ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ എന്ന് അവർക്ക്  സംശയം. എന്റെ തലയിൽ വെള്ളിടി വെട്ടി. ഒന്നു രണ്ടു സംഭവങ്ങൾ അഭിനയിക്കാമോ എന്ന് അവർ ചോദിച്ചു. ഞാൻ അവർക്കു മുൻപിൽ ഒരു മോണോ ആക്ട് ചെയ്തു കാണിച്ചു. അവർ ഒരു ഭാവവ്യത്യാസവും കൂടാതെ ഇരുന്നു കാണുകയാണ്. 

മോണോ ആക്ടിന്റെ ഭാഗമായി ഞാനൊന്നു തിരിഞ്ഞു നിന്ന് ഒരു ഡയലോഗ് പറഞ്ഞു നേരെ നോക്കുമ്പോൾ മുൻപിൽ ആരുമില്ല. ഞാൻ തകർന്നു പോയി. ഭൂമി പിളർന്നു അങ്ങ് പോയാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോയി. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ മുറിയിലേക്ക് തിരിച്ചു വന്നു. 101 രൂപ എന്റെ കയ്യിൽ വച്ചു തന്നിട്ട് പറഞ്ഞു, ഇതു ടോക്കൺ അഡ്വാൻസ് ആണ്. നിന്നെ ഈ നാടകത്തിൽ എടുത്തിരിക്കുന്നു എന്ന്. ജീവിതത്തിൽ ആ നിമിഷത്തേക്കാൾ സന്തോഷിച്ച വേറൊരു നിമിഷം എനിക്ക് മകൻ പിറന്നതാണ്. അങ്ങനെയാണ് ഞാൻ നാടകക്കാരനായത്. അതിനുശേഷം ഒരു നാടകസമിതിയേയും അവസരത്തിനായി എനിക്ക് അങ്ങോട്ട് സമീപിക്കേണ്ടി വന്നിട്ടില്ല. നാടകരംഗത്ത് ഇത്രയേറെ ശ്രദ്ധിക്കുന്ന തലത്തിലേക്ക് വളർത്തിയത് ഫ്രാൻസിസ് ടി. മാവേലിക്കരയുടെ രചനകളാണ്.  നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന സുന്ദരന്മാർക്കൊപ്പവും അവരേക്കാൾ ഉയർന്ന വേഷത്തിലും എനിക്ക് അഭിനയിക്കാൻ പറ്റി. മികച്ച നാടക നടനുള്ള സംസ്ഥാനപുരസ്കാരം വരെ നേടാനായി. 

സിനിമയിലേക്ക്

പാച്ചുവും കോവാലനും എന്ന സിനിമയിലാണ് ആദ്യമായി അിനയിക്കുന്നത്. അതൊരു ചെറിയ വേഷമായിരുന്നു. സ്വർണ്ണക്കടുവയിലാണ് അൽപമെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തത്. ആദ്യമായി ലൊക്കേഷനിൽ താമസിച്ചതും ആ സിനിമയ്ക്കു വേണ്ടിയാണ്. ആ സിനിമ തീയറ്ററിൽ കാണാൻ പോയത് എന്റെയൊരു അടുത്ത സുഹൃത്തിനൊപ്പമാണ്. വലിയ സ്ക്രീനിൽ എന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടപ്പോൾ സലിംകുമാർ ഉദയനാണ് താരം എന്ന സിനിമയിൽ തിയറ്ററിൽ ഇരുന്നതു പോലെയായിരുന്നു അദ്ദേഹം. കുട്ടനാട് പോലൊരു ചെറിയ ഗ്രാമത്തിൽ നിന്ന് എന്നെപ്പോലൊരു കലാകാരൻ സിനിമയുടെ ബിഗ് സ്ക്രീനിലേക്കെത്തുക എന്നത് എന്റെ കൂട്ടുകാർക്ക് അഭിമാനമാണ്. മലയാളത്തിലെ പത്തു നല്ല നടന്മാരിൽ ഒരാളാവുക എന്നതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടിയുള്ള കഠിനമായ ശ്രമം ഞാൻ നടത്തുന്നുണ്ട്. കരിക്കും ഒതളങ്ങയും ഒക്കെ വരുന്നതിനു മുൻപിറങ്ങിയ വെബ് സീരീസാണ് നാട്ടുകാർ ഡോട്ട് കോം. അതു വലിയ ഹിറ്റായിരുന്നു. ഇപ്പോഴും ഒരു വെബ്സീരീസിൽ അഭിനയിക്കുന്നുണ്ട്. നാട്ടുകൂട്ടം വെബ് സീരീസ്. അതിലൊരു ഭാഗം വൈറലായി. അതു കണ്ട അനു അഗസ്റ്റിനാണ് ആർക്കറിയാം ടീമിനോട് എന്റെ കാര്യം പറയുന്നത്. 

pramod-veliyanadu-2

ഷറഫുദ്ദീനൊപ്പമുള്ള കള്ളുകുടി

ആർക്കറിയാം എന്ന ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ഷറഫുദ്ദീനൊപ്പമുള്ള കള്ളുകുടിയായിരുന്നു. രാവിലെ ആയിരുന്നു അതിന്റെ ഷൂട്ടിങ്. ആ രംഗത്തിനു വേണ്ടി കുറെ വെള്ളം കുടിക്കേണ്ടി വരുമല്ലോ എന്നോർത്ത് രാവിലെ ഞാനൊന്നും കഴിച്ചിരുന്നില്ല. ആ രംഗത്തിന്റെ ഷൂട്ട് ഒരുപാടു നേരം നീണ്ടുപോയി. രാവിലെ എട്ടു മണിക്ക് തുടങ്ങിയ ഷൂട്ട് ഉച്ചഭക്ഷണത്തിനുള്ള സമയം ആകും വരെ തുടർന്നു. പല ആംഗിളിൽ ആ രംഗം ഷൂട്ട് ചെയ്തു. അതിനായി പലയാവർത്തി വെള്ളം കുടിച്ച് വയറൊക്കെ ഒരു മാതിരി ആയി. വിശന്നിട്ട് ഒരു രക്ഷയും ഇല്ല. പുതിയ ആളല്ല... വിശക്കുന്നുവെന്ന് ആരോടെങ്കിലും പറയാൻ ഒക്കുമോ? പറയുന്നത് മോശമല്ലേ എന്നു കരുതി ഞാൻ ആരോടും ഇക്കാര്യം പറഞ്ഞില്ല. അങ്ങനെ അവരാരും അറിയാതെ ഒരു ഉപവാസത്തിൽ ചെയ്ത സീനായിരുന്നു അത്. ഞാൻ വല്ലാതെ തളർന്നു പോയി. പക്ഷേ, ആ രംഗം ശ്രദ്ധിക്കപ്പെട്ടു. 

ആ രംഗത്തിന്റെ ഫസ്റ്റ് ടേക്ക് കഴിഞ്ഞപ്പോൾ സെറ്റിലുള്ളവർ എല്ലാവരും കയ്യടിച്ചു. സംവിധായകൻ ഉൾപ്പടെയുള്ളവരാണ് കയ്യടിച്ചത്. സഹോദരി മരിച്ച കാര്യമൊക്കെ പറയുമ്പോൾ എന്നെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു കണ്ട് എല്ലാവരും ഇമോഷണലായി. സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു. എന്റെ കയ്യിൽ സംഭവങ്ങളുണ്ടെന്ന് സംവിധായകന് മനസിലായി. അതു ചെത്തിമിനുക്കിയാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രംഗമെടുത്തത്. 

കളയിലെ മണിയാശാൻ

ഫാ.ലൈജു കണിച്ചേരിൽ സിനിമാപഠനത്തിന്റെ ഭാഗമായി 'വെളിയനാട് പ്രമോദിന്റെ വിശേഷങ്ങൾ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. അത് ഫെയ്സ്ബുക്കിൽ ഒരുപാടു പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഈ വിഡിയോ ആർട് ഡയറക്ടർ ജ്യോതിഷ് ശങ്കറിന് എന്റെയൊരു സുഹൃത്ത് ജീവൻ അയച്ചു കൊടുത്തിരുന്നു. ആ ഡോക്യുമെന്ററിയിൽ ഞാൻ മുൻപ് അഭിനയിച്ച 'ഇഷ' എന്ന സിനിമയുടെ പോസ്റ്ററുകൾ ഉൾപ്പെടുത്തിയിരുന്നു. ആ പോസ്റ്റർ കണ്ട കളയുടെ തിരക്കഥാകൃത്ത് യദു പറഞ്ഞു, ഇതാണ് എന്റെ മണിയാശാൻ എന്ന്. അങ്ങനെയാണ് ഞാൻ കളയിലെ മണിയാശാനായത്. 

വയറൊന്നു കുറയ്ക്കാമോ?

കളയുടെ സംവിധായകനെ കാണാൻ കൊച്ചിയിലേക്ക് എന്നെ വിളിപ്പിച്ചു. കോവിഡ് ആയതുകൊണ്ട് വണ്ടിയൊന്നും ഇല്ല. എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ കാറിലാണ് എന്നെ കൊച്ചിയിലെത്തിച്ചത്. ഹോട്ടൽ മുറിയിൽ ഞാൻ കേറിച്ചെന്നപ്പോഴെ അവർ എന്നോട് ഇരിക്കാൻ പറഞ്ഞു... നേരെ കഥ പറയാൻ തുടങ്ങി. ഞാൻ ഞെട്ടി. കാരണം, സിനിമയിൽ അഭിനയിക്കാൻ പോയിട്ട് ആദ്യമായിട്ടാണ് എന്നോട് ഒരാൾ കഥ പറയുന്നത്. അവരുടെ സംഭാഷണങ്ങളിൽ നിന്ന് മണിയാശാൻ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കേണ്ടതെന്ന് മനസിലായി. പക്ഷേ, എന്റെ വയറാണ് അവരുടെ പ്രശ്നം. ലോക്ഡൗൺ മൂലം നാടകമൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ വീട്ടിലിരിപ്പായിരുന്നല്ലോ! അതുകൊണ്ട് അത്യാവശ്യം തടിച്ചിരുന്നു. പത്തിരുപതു ദിവസം കൂടിയേ ഉള്ളൂ ഷൂട്ട് തുടങ്ങാൻ. അതിനു മുൻപ് വയറൊന്നു കുറയ്ക്കാമോ എന്നായി അവരുടെ ചോദ്യം. ഇത്രയും കോടിക്കണക്കിനു രൂപ മുടക്കിയുണ്ടാക്കുന്ന സിനിമയ്ക്ക് എന്റെ വയർ ഒരു പ്രശ്നമാകില്ലെന്നും ഞാനും ഉറപ്പിച്ചു. 

ഇത്രയും കഷ്ടപ്പെട്ടിട്ട് വല്ല കാര്യവുമണ്ടോ മക്കളെ?

വയറു കുറയ്ക്കാൻ ഞാൻ ശരിക്കും അധ്വാനിച്ചു. വെളുപ്പിനെ എണീറ്റ് ഓടുന്നു... ചാടുന്നു. ഇതൊന്നും വീട്ടിൽ പതിവുള്ളതല്ല. വെളുപ്പിന് നാലു മണിയൊന്നും ഞാൻ കുറെയേറെ വർഷങ്ങളായി കണ്ടിട്ടില്ല. രാത്രി മുഴുവൻ നാടകം കളിച്ച് വെളുപ്പിനാണ് വന്നു കിടന്ന് ഉറങ്ങുന്നത്. പക്ഷേ, സിനിമ എന്റെ ദിനചര്യ മാറ്റി മറിച്ചു. രാവിലെയും വൈകീട്ടും ഞാൻ നടത്തുന്ന കസറത്ത് കണ്ടിട്ട് അമ്മ ചോദിച്ചു, ഇത്രയും കഷ്ടപ്പെട്ടിട്ട് വല്ല ഉപകാരവും ഉണ്ടാവുമോ മക്കളെ? അമ്മയുടെ വേവലാതിക്ക് കാരണമുണ്ട്. കാരണം, അതിനു മുൻപും ഞാൻ പല സിനിമകളിലും ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 'ഇഷ' എന്ന സിനിമയിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് ചെയ്തത്. അത്യാവശ്യം ഫൈറ്റ് സീക്വൻസ് ഒക്കെ ഉണ്ടായിരുന്നു. ചോര നീരാക്കി ചെയ്യുക എന്നു പറയില്ലേ... അതുപോലെ ചെയ്ത സിനിമയായിരുന്നു അത്. ഫോറൻസിക്, ട്രാൻസ് എന്നീ സിനിമകൾക്കൊപ്പമായിരുന്നു ഇതിന്റെ റിലീസ്. സിനിമ പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. 

സിനിമ കാണാൻ മിനിമം ആളുകൾ പോലുമില്ലായിരുന്നു. അമ്മയെ ആ സിനിമ തിയറ്ററിൽ കാണിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ തന്നെ എന്റെ സുഹൃത്തുക്കളെ വിളിച്ചു ടിക്കറ്റെടുത്തു നൽകിയാണ് അമ്മയെ സിനിമ കാണിച്ചത്. ആ സിനിമ ഇറങ്ങി ആറാംപക്കമാണ് ആദ്യത്തെ ലോക്ഡൗൺ വരുന്നത്. സിനിമയിൽ ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷിച്ച ആ കഥാപാത്രവും സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ആ അനുഭവം മനസിലുള്ളതുകൊണ്ടായിരുന്നു അമ്മയുടെ ആകുലത. പക്ഷേ, ആ സിനിമ തന്നെയാണ് എന്നെ കളയിലെത്തിച്ചത്. അതാണ് സിനിമ! ഒന്നും നമ്മുടെ കയ്യിലല്ല! 

ഈ അഭിനന്ദനങ്ങൾ കണ്ണു നിറയ്ക്കുന്നു

കളയും ആർക്കറിയാം എന്ന സിനിമയും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിനു ശേഷം എന്റെ ഫോണിനു വിശ്രമമില്ല. സുഹൃത്തുക്കളും പരിചയക്കാരും നാടകക്കാരും അങ്ങനെ നിരവധി പേരുടെ വിളികൾ... അഭിനന്ദനങ്ങൾ! അതിനിടയിൽ എന്നെത്തേടി ജയസൂര്യയുടെ വിളിയുമെത്തി. ആദ്യമായിട്ടാണ് അത്രയും വലിയൊരു വ്യക്തി എന്നെ ഫോണിൽ വിളിക്കുന്നത്. അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും അഭിനന്ദിച്ചു സംസാരിച്ചു. സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞുപോയി. വീട്ടുകാർക്കും അതൊരു വലിയ അനുഭവമായിരുന്നു. ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിലാണ് അഭിനയിക്കുന്നത്. എനിക്ക് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിത്തന്ന നാടകമാണ് ഇത്. ഇതിൽ 101 വയസുള്ള കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. മൂന്നു കാലഘട്ടത്തെ ഈ നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ലോക്ഡൗൺ മൂലം ഇപ്പോൾ നാടകാവതരണങ്ങൾ ഒന്നും നടക്കുന്നില്ല.

'നാടകവും സിനിമയും എന്നൊക്കെ പറഞ്ഞു നടക്കാൻ നാണമില്ലേ അവന്' എന്നായിരുന്നു ഒരു സിനിമയിൽ തന്റെ മുഖം കണ്ട സന്തോഷം പങ്കുവച്ച സുഹൃത്തിനോട് നാട്ടുകാരിൽ ഒരാൾ പറഞ്ഞത്! ഏതൊരു കലാകാരന്റേയും ചങ്കു പൊട്ടുന്ന വാക്കുകളായിരുന്നു അത്. അവിടെ നിന്ന് പ്രമോദ് വെളിയനാട് എന്റെ സുഹൃത്താണെന്ന്, നാട്ടുകാരനാണ് എന്നു പറയുന്നത് അഭിമാനമായി തോന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചത് രണ്ടു സിനിമകളാണ്. ആർക്കറിയാം, കള! അന്നും ഇന്നും എന്നും എനിക്കൊന്നേ പറയാനുള്ളൂ. മലയാള സിനിമയിലെ മികച്ച 10 നടന്മാരിൽ ഒരാളായി ഞാൻ മാറും. അത് എനിക്കുറപ്പാണ്. അതിനുവേണ്ടി കഠിനമായി ശ്രമം ഞാൻ നടത്തും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA