സാറയുടെ അപ്പൻ; വീട്ടിലും ഞങ്ങൾ ഇങ്ങനെ തന്നെ: ബെന്നി പി. നായരമ്പലം അഭിമുഖം

benny-anna
SHARE

ബെന്നി പി. നായരമ്പലം എന്ന തിരക്കഥാകൃത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.  എന്നാൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസിലെ നായികയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ എന്ന നിലയിൽ ഇദ്ദേഹം മലയാളികൾക്ക് പുതുമുഖമാണ്.  പി.ജി. വിശ്വംഭരന്റെ ഫസ്റ്റ് ബെല്ലിലൂടെ കടന്നുവന്ന് 30 വർഷക്കാലമായി തിരക്കഥയുടെ നട്ടെല്ലായി സിനിമാലോകത്ത് നിറഞ്ഞു നിൽക്കുന്ന ബെന്നി "സാറാസ്" എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഹരിശ്രീ കുറിച്ചുകഴിഞ്ഞു.  കരുത്തുറ്റ തിരക്കഥകൾ പോലെ തന്നെ അഭിനയരംഗത്തും താനൊരു മുതൽകൂട്ടായിരിക്കും എന്ന് തെളിയിച്ച ബെന്നി മകളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു...

ഇത്രയും നാൾ സിനിമയുടെ പിന്നണിയിൽ നിന്ന്, ആദ്യമായി  ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ  എന്ത് തോന്നുന്നു?

ആദ്യമായി റിലീസ് ചെയ്‌ത എന്റെ ചിത്രം ആഷിക്ക് അബുവിന്റെ ആണുംപെണ്ണും എന്ന ആന്തോളജി ആണ്.  അതിൽ ഉണ്ണി ആർ. തിരക്കഥ എഴുതിയ "റാണി" എന്ന ചിത്രത്തിൽ അവസാന സീനിൽ ഒരു മൊബൈൽ ഷോപ്പ് ഉടമയായി ഞാൻ എത്തുന്നുണ്ട്. അതാണ് ആദ്യം റിലീസ് ചെയ്ത ചിത്രം.  എന്റെ സുഹൃത്തു കൂടിയാണ് ഉണ്ണി, അദ്ദേഹം വിളിച്ചിട്ടാണ് അത് ചെയ്തത്.  

ജൂഡ് ആന്റണി മകളെ നായികയാക്കി ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു വന്നു, കഥ പറഞ്ഞു.  കഥ എല്ലാവർക്കും ഇഷ്ടമായി.  ഒടുവിലാണ് ജൂഡ് പറയുന്നത് സാറയുടെ അപ്പനായി ഈ അപ്പൻ തന്നെ അഭിനയിക്കണം എന്ന്.  കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോ രസമായി തോന്നി.  മകളുടെ അപ്പനായിത്തന്നെ സിനിമയിലും അഭിനയിക്കാൻ കഴിയുക എന്നതൊരു ഭാഗ്യമാണല്ലോ, അതൊരു നിയോഗം പോലെ തോന്നി.  എന്റെ ജീവിതത്തിൽ എല്ലാം സംഭവിച്ചിട്ടുള്ളത് അങ്ങനെയാണ്, നാടകത്തിൽ അഭിനയിച്ചതും സിനിമയ്ക്കായി എഴുതിയതും എല്ലാം അപ്രതീക്ഷിതമായിരുന്നു.   എന്റെ തന്നെ തിരക്കഥകൾ സിനിമകളാക്കുമ്പോൾ ചിലർ പറയാറുണ്ട് ‘ചേട്ടാ ആ കഥാപാത്രം ചേട്ടന് ചെയ്തുകൂടെ’ എന്ന്, പക്ഷേ അന്നൊന്നും ഒരു താല്പര്യം തോന്നിയിട്ടില്ല.  ഇപ്പൊ നമ്മുടെ സുഹൃത്തുക്കളായ സിനിമാപ്രവർത്തകരൊക്കെ അഭിനയിക്കുന്നുണ്ടല്ലോ.  ഒന്ന് ട്രൈ ചെയ്യുന്നതിൽ തെറ്റില്ല എന്ന് തോന്നി.

അരങ്ങേറ്റം തന്നെ ഉടനീളമുള്ള കഥാപാത്രം. ചെയ്യാൻ ആത്മവിശ്വാസം ഉണ്ടായിരുന്നോ? 

രണ്ടുവർഷം സ്റ്റേജിൽ നാടകങ്ങൾ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തിന്റെ മെത്തേഡ് മാറുന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.  വർഷങ്ങളോളം സിനിമയോടൊപ്പം സഞ്ചരിച്ചതല്ലേ സാങ്കേതികവശങ്ങളൊക്കെ അറിയാമല്ലോ.  പിന്നെ സ്റ്റേജിൽ നിന്നും ക്യാമറയ്ക്കു മുന്നിൽ എത്തുമ്പോൾ എന്തെല്ലാം മാറ്റം വേണമെന്നും അറിയാം.  അതുകൊണ്ട് അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.  പിന്നെ വളരെ നല്ല സെറ്റ് ആയിരുന്നു.  സെറ്റിൽ എന്നെ അറിയുന്നവരും എനിക്ക് അറിയാവുന്നവരും ഒക്കെ തന്നെ.  ജൂഡ് എന്റെ തിരക്കഥയിൽ അഭിനയിച്ചിട്ടുണ്ട്, സുഹൃത്താണ്.  പിന്നെ ഒപ്പമുള്ളത് മകളാണ്.  വീട്ടിൽ പെരുമാറുന്നതുപോലെ മതി എന്നാണ് ജൂഡ് പറഞ്ഞത്.  വലിയ ഇമോഷൻ ഒന്നും കാണിക്കുന്ന കഥാപാത്രം അല്ലല്ലോ, ഈസി ആയി ആർക്കും ചെയ്യാവുന്ന കഥാപാത്രമാണ്.

benny-anna-3

മകളോടൊപ്പം അഭിനയിച്ചത്?

വലിയ വ്യത്യാസം ഒന്നും തോന്നിയില്ല.  കാമറക്ക് മുന്നിലും പിന്നിലും അപ്പനും മകളും തന്നെയാണല്ലോ. മകൾ മൂന്നു സിനിമ ചെയ്ത ആർട്ടിസ്റ്റാണ്, കോമ്പിനേഷൻ ചെയ്യുമ്പോ ഞാനൊരു ജൂനിയർ ആർട്ടിസ്റ്റാണ്, അവൾക്ക് അഭിനയിച്ചു നല്ല പരിചയമുണ്ട്.  എന്റെ കഥാപാത്രം കൂടുതൽ ലൗഡ് ആകാൻ പാടില്ല, റിയലിസ്റ്റിക് ആകുകയും വേണം, പക്ഷേ ടെൻഷൻ ഒന്നും ഇല്ലായിരുന്നു.  ഞാനും അവളും ഡയലോഗ് പറഞ്ഞു നോക്കും പിന്നെ ഈസി ആയി ചെയ്യാൻ കഴിഞ്ഞു.  

വീട്ടിലും ഞങ്ങൾ നല്ല കമ്പനി ആണ്.  എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കളുടെ  ഇഷ്ടത്തിന് എതിരായി ഞങ്ങൾ ഒന്നും ചെയ്യാറില്ല.  പ്ലസ് ടു കഴിഞ്ഞപ്പോൾ അന്നയ്ക്ക് ഫാഷൻ ഡിസൈനിങിന് പോകണം എന്ന് പറഞ്ഞു, അതുപോലെ തന്നെ ചെയ്തു.  ഇളയമകൾ സംഗീതം പഠിക്കാൻ ആണ് താല്പര്യം കാണിച്ചത്.  ഒരിക്കലും അവരുടെ സ്വാതന്ത്ര്യത്തിനു ഞങ്ങൾ വിലങ്ങുതടി ആയിട്ടില്ല.  സിനിമയിൽ അവൾക്ക് അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അവളുടെ ആഗ്രഹത്തിന് എതിരു നിന്നില്ല, നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ ആകട്ടെ എന്ന് പറഞ്ഞു.  സിനിമയിലും ഏകദേശം അതുപോലെയുള്ള അച്ഛനും മകളും ആണ്. 

ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ നോക്കുമ്പോൾ അന്ന ബെൻ എന്ന നടിയെ എങ്ങനെ വിലയിരുത്തുന്നു?

മകളുടെ ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരിക്കുമ്പോൾ ഞാൻ പൂജയ്ക്ക് മാത്രമേ പോയിട്ടുള്ളൂ, അവളോടൊപ്പം സെറ്റിൽ പോയത് അവളുടെ അമ്മയായിരുന്നു.  അതുകൊണ്ട് അവൾ എങ്ങനെ  അഭിനയിച്ചു എന്നൊന്നും അറിയില്ല.  ആദ്യ ടേക്ക് കഴിഞ്ഞപ്പോ സെറ്റിൽ നല്ല കയ്യടി കിട്ടി എന്നൊക്കെ ഭാര്യ വന്നു പറഞ്ഞിരുന്നു.  അവൾ എങ്ങനെ ചെയ്തു എന്ന് കാണണമെന്ന് ആഗ്രഹം തോന്നിയിരുന്നു.  അവൾ സ്കൂളിലോ വീട്ടിലോ അഭിനയിക്കുന്നത് കണ്ടിട്ടില്ല.  സിനിമയുടെ പ്രിവ്യൂ ഷോയിൽ ആണ് ആദ്യമായി അഭിനയം കണ്ടത്.  

saras-movie-review-4

കണ്ടപ്പോൾ അവൾ നന്നായി ചെയ്തിട്ടുണ്ടല്ലോ എന്ന് തോന്നി.  അവൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നാണ് തോന്നിയത്.  ഇത്രയും പ്രതീക്ഷിച്ചില്ല ഗംഭീരം ആയിട്ടുണ്ട് എന്ന് ഞാൻ അവളോട് തന്നെ പറഞ്ഞു.  ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിലയിരുത്തിയാൽ അന്നാ ബെൻ ഒരു റിയലിസ്റ്റിക് ആർട്ടിസ്റ്റാണ്.  അച്ഛൻ എന്ന രീതിയിലാണെങ്കിൽ മക്കൾ എന്ത് കാണിച്ചാലും അതിൽ ഒരു കുറവ് കാണില്ലല്ലോ പക്ഷേ എന്റെ മകളായതുകൊണ്ടു പറയുന്നതല്ല അവൾ നല്ല ഒരു നടിയാണ്.

സിനിമ റിലീസ് ആയപ്പോൾ ഉള്ള പ്രതികരണങ്ങൾ?

രാവിലെമുതൽ ഫോൺ വിളികൾ തന്നെ.  സിനിമയിൽ ഉള്ള സുഹൃത്തുക്കൾ , ബന്ധുക്കൾ എല്ലാരും വിളിച്ചു.   മുപ്പതു വർഷമായി ഈ ഫീൽഡിൽ ഉള്ളതല്ലേ, ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് അവർക്ക് സിനിമ കണ്ടപ്പോൾ അദ്ഭുതം ആയിരുന്നു.  ഞാൻ അഭിനയിക്കുന്ന വിവരം അധികം ആരോടും പറഞ്ഞിട്ടില്ല.  കണ്ടിട്ട് ഒരുപാടു സുഹൃത്തുക്കൾ വിളിച്ചു, അപ്പനും മകളും ഒരുമിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി എന്ന് പറഞ്ഞു.  സംവിധായകൻ ലാലേട്ടൻ, ഷാഫി ഒക്കെ വിളിച്ചു.  സിനിമയോടുള്ള പ്രതികരണങ്ങൾ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

അഭിനയം തുടരുമോ?

ഓഫറുകൾ നേരത്തെ തന്നെ ഉണ്ട്. ഞാൻ അഭിനയിക്കുന്നു എന്ന് കേട്ടാൽ എന്റെ സുഹൃത്തുക്കൾ ഒക്കെ വിളിക്കാൻ സാധ്യതയുണ്ട്.  മറ്റൊരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വന്നത്.  സേതു എന്ന പുതിയ സംവിധായകൻ സുരാജിനെ നായകനാക്കി ചെയ്യുന്ന ഒരു ചിത്രമാണത്.  അതിൽ നല്ല ഒരു കഥാപാത്രമാണ് ചെയ്യുന്നത്.  ഗോകുലം മൂവീസ് ആണ് പ്രൊഡക്‌ഷൻ.  പടം പൂർത്തിയായിട്ടില്ല.  എനിക്ക് പറ്റുന്ന കഥാപാത്രങ്ങൾ വന്നാൽ ചെയ്യാം എന്ന് കരുതുന്നു.

saras-movie-review-3

സാറാസ് എന്ന സിനിമയെക്കുറിച്ച്?

എല്ലായിടത്തുനിന്നും നല്ല അഭിപ്രായം വരുന്നുണ്ട്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമുണ്ടല്ലോ.  വിവാഹം കഴിഞ്ഞാൽ അവർക്ക് പല രീതിയിലുള്ള വിലക്കുകൾ ഉണ്ട്.  അതൊക്കെ മാറേണ്ട കാലം കഴിഞ്ഞു.  ഇപ്പോഴത്തെ കുട്ടികൾ ആ കാര്യങ്ങൾ ഒക്കെ സിനിമയിൽ കൊണ്ടുവരുന്നത് ആശാവഹമാണ്.  ഒരു പുതിയ എഴുത്തുകാരൻ ആണ് അക്ഷയ് ഹരീഷ്, അദ്ദേഹം വളരെ കയ്യടക്കത്തോടെ തിരക്കഥ എഴുതി.  ഒന്ന് പാളിപ്പോയാൽ കയ്യിൽ നിന്നും പോകുന്ന കഥ, നൂലുപിടിച്ചപോലെ കൃത്യമായി ചെയ്തെടുത്തു.  

സംവിധായകന്റേയും തിരക്കഥാകൃത്തിന്റെയും ക്രെഡിറ്റ് തന്നെയാണ് ഈ സിനിമയുടെ  വിജയം.  നന്നായി ക്യാമറ ചെയ്തു, നല്ല ആർട്ട് വർക്ക് ആയിരുന്നു.  പുതിയ നടീനടന്മാർ എല്ലാം അവരവരുടെ വേഷം ഭദ്രമായി ചെയ്തു.  കലക്ടർ ബ്രോ പ്രശാന്ത്, ധന്യ വർമ്മ, ഇവരൊക്കെ വന്നപ്പോൾ പടത്തിന് ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു.  എല്ലാവരും അവരവരുടെ ഭാഗം മികച്ചതാക്കി.  തിയറ്ററിൽ കയ്യടി വാങ്ങേണ്ട സിനിമയാണ്, തിയറ്ററിൽ കിട്ടുന്ന ആരവത്തിന്റെ ത്രില്ല് ഒന്നുവേറെ തന്നെയാണ്.  പക്ഷേ ഒടിടി റിലീസ് ആയതുകൊണ്ട് ഒരുപാട് പേരിലേക്ക് ഒരുമിച്ച് എത്തി എന്നത് നല്ല കാര്യം തന്നെയാണ്.  

saras-jude

മലയാള സിനിമയെ മറ്റുള്ള ഭാഷകളിലെ സിനിമാപ്രവർത്തകർ വളരെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്.  നല്ല കാമ്പുള്ള വിഷയങ്ങൾ വരുന്നത് മലയാളത്തിലാണ് എന്ന് അവരൊക്കെ പറയാറുണ്ട്.  നമ്മുടെ കൊച്ചുകേരളത്തിലെ  സിനിമകൾ മറ്റു സംസ്ഥാനത്തുള്ളവർ കണ്ടു വിലയിരുത്തി നല്ല അഭിപ്രായം പറയുന്നു എന്നുള്ളത് വലിയ കാര്യമല്ലേ.  ഒടിടി ആയതുകൊണ്ട് കേരളത്തിന് പുറത്ത് ഒരുപാടുപേര് സിനിമ കണ്ടു.  തമിഴിലെ സുഹൃത്തുക്കൾ ഒക്കെ കാത്തിരുന്നു ഒടിടിയിൽ വരുന്ന മലയാള സിനിമകൾ കാണാറുണ്ട്.  

അന്നയ്ക്ക് പല ഭാഷകളിൽ നിന്ന് ഓഫറുകൾ വരാറുണ്ട്.  ധനുഷിന്റെ ഒരു പടത്തിന്റെ ഓഫർ വന്നിരുന്നു.  പക്ഷേ കൊറോണ പ്രതിസന്ധി, പിന്നെ ഇവിടെ കമ്മിറ്റ് ചെയ്ത പടങ്ങൾ അങ്ങനെ ചില കാരണങ്ങൾ കൊണ്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല.  തിയറ്ററുകൾ ഒക്കെ തുറന്ന് പഴയ രീതിയിൽ സിനിമകൾ റിലീസ് ചെയ്യാൻ കഴിയട്ടെ, സിനിമാ പ്രവർത്തകരുടെ ബുദ്ധിമുട്ടു മാറട്ടെ എന്നൊക്കെ ആഗ്രഹിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA