‘ഒരു നിർമാതാവും ഈ കഥ അംഗീകരിക്കില്ല, ‘മാടത്തി’ മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരുടെ കഥ’

leena-manimekala
SHARE

ചെന്നൈ∙ ഉറക്കിമില്ലാത്ത രാത്രികളിൽ തലയ്ക്കു തീപിച്ചിരുന്ന് എഴുതിക്കൂട്ടിയ കവിതകളും പൊള്ളുന്ന വെയിലിൽ ഉരുവായ പഴയ ഡോക്യുമെന്ററികളും ഒന്നിച്ചു ചേർത്തൊരു പെട്ടിയിലിട്ട് വിറ്റിട്ടാണു ലീന മണിമേഖല പുതിയ സിനിമയെടുത്തത്. തമിഴ്നാട്ടിൽ മേൽജാതിക്കാരുടെ കണ്ണുകൾ പോലും അയിത്തം പറഞ്ഞു മാറ്റി നിർത്തുന്ന ‘പുതിരെയ് വണ്ണാർ’ എന്ന ദലിത് വിഭാഗത്തിലെ ഒരു പെൺകുട്ടിയുടെ കഥയാണിത്. സിനിമയുടെ പേര്; മാടത്തി. 

മറ്റു ദലിത് വിഭാഗത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെയും ആർത്തവമുള്ള സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ജീവിക്കേണ്ടി വരുന്ന വിഭാഗമാണ്  ‘പുതിരെയ് വണ്ണാർ’.  

പാർശ്വവൽക്കരിക്കപ്പെട്ട ഈ സമുദായത്തിലെ ഒരു പെൺകുട്ടി അവരുടെ കുലദൈവമായ മാടത്തിയായി വാഴിക്കപ്പെടുന്ന കഥയാണു ചിത്രം പറയുന്നത്. പ്രധാന കഥാപാത്രമായ പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് കൊച്ചിയിൽ നിന്നുള്ള അജ്മിന കാസിം. 

കവിയും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ ലീന മണിമേഖല 2 വർഷത്തോളം ഈ സമുദായത്തിലെ അംഗങ്ങൾക്കിടയിൽ പ്രവർത്തിച്ചു തയാറാക്കിയ സിനിമ ഇതിനോടകം നേടിയെടുത്ത രാജ്യാന്തര പുരസ്കാരങ്ങളും ഏറെയാണ്. കഴിഞ്ഞ മാസം അവസാനം നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിനു ലഭിക്കുന്ന പ്രതികരണം അത്രമേൽ ഹൃദ്യമെന്നു ലീന പറയുന്നു. അതേസമയം, സിനിമയുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ വ്യാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ലീന നടത്തിയ പ്രതികരണം ചലച്ചിത്ര മേഖലയിൽ പുതിയ ചർച്ചയ്ക്കു വഴി തുറന്നു. ലീന സംസാരിക്കുന്നു..

സാധൂകരിക്കപ്പെട്ട കുറ്റകൃത്യം

‘മാടത്തിയുടെ വ്യാജ പതിപ്പുകൾ ദയവു ചെയ്തു കാണരുത്. നിങ്ങൾ പണം കൊടുത്തു കണ്ട് അതിൽ നിന്നുള്ള വരുമാനം കിട്ടിയാൽ മാത്രമേ എനിക്ക് ഞാൻ താമസിക്കുന്ന സ്ഥലത്തെ അടുത്ത മാസത്തെ വാടക കൊടുക്കാൻ കഴിയൂ.’ എന്നായിരുന്നു ലീനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. ‘സിനിമയെ, സിനിമാ പ്രവർത്തകരെ കൊന്നൊടുക്കുന്ന വൈറസാണ് പൈറസി. പക്ഷേ, അതിപ്പോൾ വല്ലാതെ സാധൂകരിക്കപ്പെട്ടു പോയി. വ്യാജ പതിപ്പുകൾ കാണുന്നതൊരു തെറ്റല്ലെന്നു എല്ലാവരും വിശ്വസിക്കുന്ന അവസ്ഥ. ചില ഒടിടി പ്ലാറ്റ്ഫോമുകൾ നമ്മുടെ ചിത്രം വാങ്ങുകയല്ല ചെയ്യുന്നത്. വരുമാനം പങ്കുവയ്ക്കാമെന്ന കരാറിൽ ചിത്രം പ്രദർശിപ്പിക്കും.

leena-movie

ശരിക്കും സിനിമാ തിയറ്റർ പോലെ.ടിക്കറ്റ് എടുത്ത് ആളുകൾ കണ്ടാലേ നിർമാതാവിന് പണം കിട്ടൂ. എന്നാലേ നിലനിൽക്കാൻ പറ്റൂ. ഒരാൾ 140 രൂപ കൊടുത്ത് ആ സിനിമ കണ്ടാൽ പകുതി എനിക്കു കിട്ടും. അതാണ് ആകെ വരുമാനം. ഞാനീ പോസ്റ്റ് ഇട്ട ശേഷം കുറേപ്പേർ എന്നെ വിളിച്ചു ക്ഷമ പറഞ്ഞു. പക്ഷേ, ഇപ്പോഴും ദിവസവും കുറഞ്ഞത് 500 പേരെങ്കിലും സിനിമയുടെ വ്യാജപതിപ്പിന്റെ ലിങ്കുകൾ എനിക്ക് അയച്ചു തരുന്നുണ്ട്..’ 

മുഖം തിരിച്ച കഥ 

‘ഞാൻ ഏതു നിർമാതാവിനോട് ഈ കഥ പറഞ്ഞാലും അവർ അത് അംഗീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇത്തരം വിഷയങ്ങൾ ആർക്കാണു സിനിമയാക്കാൻ താൽപര്യം. അതു കൊണ്ട് ആരുടെയും പിന്നാലെ പോയില്ല. ഒരു മുൻനിര അഭിനേതാക്കൾ ഇതിനൊപ്പം സഹകരിക്കില്ലെന്നും അറിയാം. പക്ഷേ, എനിക്കു പറയേണ്ടത് ഇത്തരം കഥകളാണ്. എനിക്കു പറയാനുള്ളതും ഇതൊക്കെ തന്നെ. ക്രൗഡ് ഫണ്ടിങ് വഴിയാണു പണം സ്വരൂപിച്ചത്. ഇതിനായി ഞാൻ മുൻപ് ചെയ്ത 13 ഡോക്യുമെന്ററികളും ഒരു സിനിമയും 9 പുസ്തകങ്ങളും ചേർത്തൊരു പാക്കേജാക്കി. 5000 രൂപയാണ് വിലയിട്ടത്. ഫെയ്സ്ബുക്ക് വഴി വിൽപ്പനയ്ക്കു വച്ചു. ഒട്ടേറെപ്പേർ അതു വാങ്ങി. സിനിമ പെൻഡ്രൈവിലായിരുന്നു. പുസ്തങ്ങൾ കൊറിയറായി അയച്ചു. ചിലർ 5000 രൂപയിൽ കൂടുതൽ നൽകി.

leena-manimekala1

ഏതാണ്ട് 18 ലക്ഷത്തോളം രൂപ ഇങ്ങനെ ലഭിച്ചു.ഇതു വഴിയാണു പ്രൊഡക്‌ഷൻ ചെലവുകൾ കണ്ടെത്തിയത്. പിന്നീട് ഭാവന ഗോപരാജുവും പീയുഷ് സിങ്ങും സഹനിർമാതാക്കളായെത്തി. ഛായാഗ്രാഹകൻമാരിൽ ഒരാളായിരുന്ന അഭിനന്ദൻ രാമാനുജൻ ഒരു രൂപ പോലും വാങ്ങിയില്ല. അതു കൊണ്ട് അഭിനന്ദനെയും സഹനിർമാതാവാക്കി. ഈ സിനിമയിലെ മിക്ക അണിയറ പ്രവർത്തകരും അഞ്ചു പൈസ പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചിവരാണ്.ശരിക്കും ഈ സിനിമ തന്നെ ‘സ്നേഹം ചേർത്ത് ഉണ്ടാക്കിയതാണ്..’

റോ ബ്യൂട്ടി അജ്മിന 

നടിയും സുഹൃത്തുമായ അർച്ചന പദ്മിനി വഴിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രമായ യോസനയായി കൊച്ചിക്കാരി അജ്മിന കാസിമിനെ കണ്ടെത്തിയത്. 2 മാസത്തോളം തീവ്ര പരിശീലനം നൽകി. നീന്താനും വണ്ണാൻ ശൈലിയിൽ തമിഴ് പറയാനും പഠിപ്പിച്ചു. മലമേഖലകളിൽ കഴിയുന്ന ഒരു പെൺകുട്ടിയുടെ സൗന്ദര്യമാണ് അജ്മിനയ്ക്കുള്ളത്. ‘റോ ബ്യൂട്ടി’. എല്ലാറ്റിനോടും കൃത്യമായി പ്രതികരിച്ച് അത്രത്തോളം ആത്മാർഥതയോടെ അജ്മിന അഭിനയിച്ചത്.

leena-madathy

ജീവിതത്തിൽ ഒന്നുമില്ലാത്തവർക്കു ‘സ്വന്തമായി ദൈവം പോലും ഇല്ല അവർക്ക് അവർ തന്നെ ദൈവങ്ങൾ’ എന്നതാണു സിനിമയുടെ ടാ‌ഗ് ലൈൻ. പകൽ വെളിച്ചത്തിൽ മറ്റ് ഉയർന്ന സമുദായക്കാരുടെ മുന്നിൽ പോലും വരാൻ അനുവാദമില്ലാത്ത അടിമകളെപ്പോലെ ഒരു കൂട്ടം മനുഷ്യർ ജീവിച്ചു മരിക്കുന്നതെന്തിനെന്ന ചോദ്യമാണ് ലീന ഈ ചിത്രത്തിലൂടെ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം. താഴ്ന്ന ജാതിയിൽ ജനിച്ചു പോയതു കൊണ്ട് മൃഗങ്ങളെപ്പോലെ കാടിനുള്ളിൽ കഴിയേണ്ടി വരുന്നുണ്ട് ഈ മനുഷ്യർക്ക്. നീസ്ട്രീം വഴി റിലീസ് ചെയ്ത ചിത്രത്തിനു പിന്തുണയുമായി വിവിധ മേഖലകളിൽ നിന്ന് ഒട്ടേറെപ്പേരെത്തിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA