ഉറക്കമില്ലാത്ത ആ സുർജിത്തേട്ടൻ ഇവിടുണ്ട് !: വിഷ്ണു അഗസ്ത്യ അഭിമുഖം

vishnu-agastya
SHARE

ആളൊരുക്കം,  മറഡോണ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു അഗസ്ത്യ ഇന്ന് പ്രേക്ഷർക്കിടയിൽ വൈറലാണ്. ഇൻസോംനിയ നൈറ്റ്സ് എന്ന വെബ് സീരിസിലെ കഥാപാത്രത്തിലൂടെ സിനിമയിൽ നിന്നും ലഭിക്കാത്ത സ്വീകാര്യതയാണ് ഇപ്പോൾ കിട്ടുന്നത്. സീരിസിലെ  ‘സുർജിത്ത്’ എന്ന കഥാപാത്രത്തെ കുമ്പളങ്ങി നൈറ്റ്സിലൂടെ ഷമ്മിയുടെ ചേട്ടനായും സാദൃശ്യപ്പെടുത്തുന്നവരുണ്ട്.

ലോക്ഡൗണിനിടെ ഒരു തമാശക്ക് ചെയ്തു തുടങ്ങിയ വെബ് സീരീസ് വൈറലായതിന്റെ അമ്പരപ്പിലാണ് വിഷ്ണു അഗസ്ത്യയും കൂട്ടരും.  കണ്ടുമടുത്ത കോമഡികൾക്കും കൗണ്ടറുകൾക്കുമപ്പുറം വെബ് സീരീസിന് ഒരു പുതിയ സമവാക്യം രചിച്ച വിഷ്ണു അഗസ്ത്യ മനോരമ ഓൺലൈനിനോട് മനസുതുറക്കുന്നു....

എങ്ങനെ കരിക്കിലെത്തി

കൊറോണ വ്യാപിച്ചതിനെത്തുടർന്ന് ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു ഞാനും സംവിധായകനായ അമൽ തമ്പിയും, സനൂപ് പടവീടനും.  അപ്പോഴാണ് അമലിന്റെ സുഹൃത്ത് ജിബ്‌നു നമുക്ക് വെബ് സീരീസ് വല്ലതും ചെയ്താലോ എന്ന് ചോദിച്ചത്.  അദ്ദേഹം നിർമിക്കാം എന്നായിരുന്നു ധാരണ.  അങ്ങനെയാണ് "ഇൻസോംനിയ നൈറ്റ്സ്" ചെയ്തത്.  അത് കരിക്ക് ഫ്ലിക്കിന് വേണ്ടി ചെയ്തതല്ല.  ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്ത ഒരു വർക്കായിരുന്നു. 

vishnu-insomnia

അഞ്ച് എപ്പിസോഡും ചെയ്‌ത് കഴിഞ്ഞു നിഖിൽ പ്രസാദിനെ കാണിച്ചപ്പോൾ അദ്ദേഹത്തിന് താല്പര്യം തോന്നി.  നമുക്ക് അസ്സോസിയേറ്റ് ചെയ്താലോ എന്ന് അദ്ദേഹം ചോദിച്ചു.  അങ്ങനെയാണ് ഇൻസോംനിയ നൈറ്റ്സ് കരിക്കിൽ  എത്തുന്നത്.  സീരീസ് ചെയ്തപ്പോൾ കരിക്ക് എന്ന പ്ലാറ്റ്ഫോം ഞങ്ങളുടെ മനസിൽ ഇല്ലായിരുന്നു.  അതുകൊണ്ടാണ് കരിക്കിന്റെ സ്ഥിരമായ രുചിയും മണവും ഒന്നും ഇതിൽ ഇല്ലാത്തത്.  മാത്രമല്ല പ്രത്യേകിച്ചൊരു ടാർഗറ്റ് ഓഡിയൻസും ഞങ്ങൾക്ക് ഇല്ലായിരുന്നു.  വളരെ സ്വാതന്ത്ര്യത്തോടെ ചെയ്ത ഒരു വർക്ക് ആണ് ഇൻസോംനിയ നൈറ്റ്.   

ഉറക്കമില്ലാത്ത  സുർജിത്ത് 

ഇൻസോംനിയ നൈറ്റ്‌സിൽ ഉറക്കമില്ലാത്ത ഒരാളുടെ അഞ്ചു രാത്രികൾ ആണ് ഞങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്തത്.  ഓരോ രാത്രിയും വ്യത്യസ്തമാണ്.  യാഥാർഥ്യത്തോട് അടുത്തുനിൽക്കാനായി ഷൂട്ട് തുടങ്ങുന്നതിനു തൊട്ടു മുൻപ് ഞാൻ രണ്ടു ദിവസം ഉറക്കമിളച്ചു നോക്കി.  പക്ഷേ ഒട്ടും സുഖമുള്ള പരിപാടിയല്ല അതെന്ന് എനിക്ക് മനസ്സിലായി.  ശരിക്കും കിളി പോയി.  അതുകൊണ്ട് ഉറക്കം ഒഴിഞ്ഞല്ല ഇത് ചെയ്തത്.  നമ്മുടെ സുഹൃത്ത് വലയങ്ങളിലുള്ള, ശരിക്കും ഉറക്കക്കുറവ് ഒരു പ്രശ്നമായുള്ള പലരെയും നിരീക്ഷിച്ചു. അവരോടൊക്കെ ചോദിച്ച്, അവരുടെ അനുഭവങ്ങൾ മനസ്സിലാക്കി. അങ്ങനെയാണ് ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്.  ഒപ്പമുള്ളത് എല്ലാം സുഹൃത്തുക്കളാണല്ലോ, വളരെ ആസ്വദിച്ചു ചെയ്ത ഒരു വർക്ക് ആയിരുന്നു അത്.

ഉറക്കമില്ലാത്ത രാത്രികൾ ഇനി തുടരുമോ?

ഇപ്പോൾ അങ്ങനെ ആലോചിച്ചിട്ടില്ല.  ഞങ്ങൾ അഞ്ച് എപ്പിസോഡാണ് പ്ലാൻ ചെയ്തിരുന്നത്, അത് ചെയ്തു.  ഇനി എന്ത് എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.  ഈ സീരിസിനു മുൻപ് ആവറേജ് അമ്പിളി എന്നൊരു വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.  സ്ത്രീ മുഖ്യകഥാപാത്രമായി വരുന്ന വർക്കാണ്.  അതിൽ എനിക്ക് നെഗറ്റീവ് കഥാപാത്രമാണ്.  സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ലോക്ഡൗൺ ആയതു കാരണം ഷൂട്ട് മുടങ്ങിപ്പോയിരുന്നു. ഇനിയിപ്പോൾ ഷൂട്ടിങ് പുനരാരംഭിക്കാനാണ് പരിപാടി.

surjith

അപ്രതീക്ഷിതമായി അഭിനയരംഗത്ത് ?

അഞ്ചൽ ആണ് എന്റെ സ്വദേശം.  ചെറുപ്പത്തിൽ സ്കൂളിലോ കോളജിലോ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല.  പഠനം കഴിഞ്ഞ് ഒരു കമ്പനി പ്രോജക്റ്റുമായി തിരുവനന്തപുരത്ത് എത്തിയപ്പോളാണ് യാദൃച്ഛികമായി ടെലിവിഷൻ അവതാരകൻ ആകുന്നത്.  അഞ്ചാറു വർഷം പല ചാനലുകളിൽ ജോലി ചെയ്തു.  ആ സമയത്ത് ഒരുപാട് ആളുകളെ പരിചയപ്പെടാനും സിനിമയെപ്പറ്റി ചർച്ച ചെയ്യാനും മനസ്സിലാക്കാനും കഴിഞ്ഞു.  പതിയെ അഭിനയിച്ചാൽ കൊള്ളാം എന്ന ആഗ്രഹം എനിക്ക് വന്നു.  

sanoop-vishnu
സനൂപ് പടവീടനൊപ്പം വിഷ്ണു

പക്ഷേ അഭിനയിച്ച് ഒരു പരിചയവും ഇല്ല, അതുകൊണ്ട് ചില വർക്ക്ഷോപ്പുകളിലും ട്രെയിനിങ് പ്രോഗ്രാമുകളിലും പങ്കെടുക്കാൻ തുടങ്ങി.  ഒടുവിൽ ആക്ടർ ട്രെയിനർ ആയ സജീവ് നമ്പിയത്തിന്റെ ആക്ട് ലാബിൽ ചേർന്ന് ഒരു കോഴ്സ് ചെയ്തു.  അദ്ദേഹത്തിന്റെ കീഴിൽ കുറച്ച് നാടകങ്ങളൊക്കെ ചെയ്യാൻ കഴിഞ്ഞു.   ആരെങ്കിലും അവസരങ്ങൾ തരും എന്നൊരു വിചാരം ഉണ്ടായിരുന്നു.  ആ ഇടയ്ക്ക് സമാന ചിന്താഗതിയുള്ള ഒരുപാടുപേരെ പരിചയപ്പെടാനും ഞങ്ങൾ ഒരു ടീമായി അഭിനയത്തെക്കുറിച്ച് സീരിയസ് ആയി ചർച്ച ചെയ്യാനും തുടങ്ങി.  

അവസരങ്ങൾ നമ്മെ തേടി വരുന്നതുവരെ കാത്തുനിൽക്കാതെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക എന്ന് ചിന്തിച്ചു തുടങ്ങി.  ഞാനും അമൽ തമ്പിയും ഒക്കെ ചേർന്ന് ഉണ്ടാക്കിയ ഒരു കണ്ടന്റ് വിഡിയോ ഗൗതം മേനോന് അയച്ചു കൊടുത്തു.  അദ്ദേഹത്തിന് അത് ഇഷ്ടമായി അങ്ങനെ അദ്ദേഹത്തിന്റെ ഒന്‍ട്രാഗ എന്റര്‍ടെയ്ൻമെന്റ് ഞങ്ങളോട് സഹകരിക്കാം എന്ന് സമ്മതിച്ചു.  അങ്ങനെയാണ് അമൽ സംവിധാനം ചെയ്‌ത "അനാട്ടമി ഓഫ് എ കാമുകൻ" ചെയ്യുന്നത്.  പലതരം കാമുകന്മാരെയാണ് ഞാൻ അതിൽ അവതരിപ്പിച്ചത്.  അത് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയി.  

insomnia-team

അതിനു ശേഷം ആളൊരുക്കം,  മറഡോണ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകൾ ചെയ്യാൻ കഴിഞ്ഞു.  അപ്പോഴേക്കും കൊറോണ വന്നു, ഒന്നും ചെയ്യാൻ കഴിയാതെയായി.  പക്ഷേ വെറുതെയിരിക്കാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.  മലയാളികളുടെ വെള്ളമടി വിഷയമാക്കി  "ലെ ക്ലീഷെ വെള്ളമടി" എന്നൊരു വർക്ക് ചെയ്തു.  അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.  പിന്നീടാണ് ഇൻസോമാനിയ ചെയ്യാൻ തീരുമാനിക്കുന്നത്. ഇൻസോമാനിയ ഇപ്പോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.  ഒരുപാട് കാലമായി ഞാൻ അഭിനയത്തിന് പിറകെ നടക്കുന്നതാണ്.  ഒരു വർക്ക് ചെയ്തു ആളുകൾ അത് ഏറ്റെടുത്തതിന്റെ ഒരു സന്തോഷമുണ്ട് ഇപ്പോൾ.  

അഭിനയം  തുടരാൻ ആണോ തീരുമാനം?

അഭിനയത്തിന് പിന്നാലെ കൂടിയിട്ട് ഒരുപാടു നാളായി.  ആളുകൾ അറിഞ്ഞു തുടങ്ങിയത് ഇപ്പോഴായിരിക്കാം. പക്ഷേ എന്റെ ഉള്ളിൽ ഞാൻ ഒരു വർക്കിങ് ആക്ടർ തന്നെ ആയിരുന്നു.  നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുക എന്നുള്ളതാണ് എന്റെ പോളിസി.  വെറുതെ ഇരിക്കാൻ എനിക്ക് ഇഷ്ടമല്ല  സ്വയം തൃപ്തിപ്പെടുന്നതുവരെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്  വേണ്ടത്.  സജീവ് സാറിനോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരുപാട് കലാകാരന്മാരെ കണ്ടുമുട്ടി. പ്രതിഭകളാ കലാകാരന്മാർ, അവരോടൊക്കെയുള്ള സഹവാസം എന്നിലെ നടനെ പരുവപ്പെടുത്തി എടുക്കുന്നതിൽ ഒരുപാടു സഹായിച്ചു.  ഇപ്പോൾ ആണ് ഒരു കലാകാരൻ എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങുന്നത്.  ഒരുപാട്  കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്,  തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നറിയാം.  ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്ന് തോന്നുന്നുണ്ട്.

vishnu-sanoop-padaveedan

പുതിയ വർക്കുകൾ?

ഇൻസോംനിയ നൈറ്റ്സ് കണ്ടിട്ട് ഒരുപാടുപേർ വിളിക്കാറുണ്ട്.  സംവിധായകരും അഭിനേതാക്കളും ഒക്കെ നല്ല അഭിപ്രായം പറയുന്നുണ്ട്  നമുക്ക് സഹകരിച്ചു വർക്ക് ചെയ്യാം എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.  ഇപ്പോൾ സിനിമകൾ ഒന്നും സംഭവിക്കുന്നില്ല.  കലാകാരൻമാർ പലരും ജോലി ഇല്ലാതെ ഇരിക്കുകയാണ്.  സിനിമാമേഖലയിൽ മാത്രമല്ല മറ്റു ജോലികൾ ചെയ്തു ജീവിക്കുന്നവർക്കും ബുദ്ധിമുട്ടാണ്.  സിനിമ എന്നുള്ളത് പൊതുജനങ്ങൾ അവസാനം ആശ്രയിക്കുന്ന കാര്യമാണല്ലോ.  എല്ലാം മാറി സിനിമാമേഖല  പഴയ രീതിയിൽ എത്തിച്ചേരുമ്പോൾ വർക്കുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.  അതുവരെ വെറുതെയിരിക്കുകയൊന്നും ഇല്ല.  എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് ഞങ്ങളുടെ ടീമിന്റെ  ശീലമായിപ്പോയി.

ടീം ഇൻസോംനിയ

ഞാനും സനൂപ് പടവീടനും അമൽ തമ്പിയും കൂടിയുള്ള ചർച്ചകൾക്കിടയിലാണ് ഇൻസോംനിയ നൈറ്റ്സ് ഉണ്ടാകുന്നത്.  അമൽ തമ്പിയുമായി വർഷങ്ങളായുള്ള അടുപ്പമാണ്.   ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു വർക്കിനായി വിളിച്ചതാണ്.  ആ വർക്ക് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നന്നായി അടുത്തു.  ഞാൻ പറയുന്നത് തമ്പിക്കും തമ്പി പറയുന്നത് എനിക്കും എളുപ്പം മനസ്സിലാകും.  സനൂപും ഞാനുമായി ആക്ട് ലാബിൽ തുടങ്ങിയ സൗഹൃദമാണ്. ഒരുപാടു കാലമായി ഒരുമിച്ച് ചെറിയ ചെറിയ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്.  

അവൻ നല്ല ഒരു എഴുത്തുകാരനാണ്.  ഞങ്ങൾ മൂന്നുപേരും ചേർന്നാണ് എല്ലാം ചർച്ച ചെയ്യുന്നത്.  പിന്നെ പ്രൊഡ്യൂസർ ജിബ്‌നു ചാക്കോ.  അദ്ദേഹം ഉള്ളതുകൊണ്ടാണ് ഇൻസോംനിയ സംഭവിച്ചത്.    ഞങ്ങൾ ജീവിതത്തിലെ പല അവസ്ഥകളും കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്.  ചിലപ്പോൾ സന്തോഷം, ചിലപ്പോൾ നിരാശ അങ്ങനെ ഈ യാത്രയിൽ എല്ലാത്തിലൂടെയും കടന്നുപോയി.  തമ്പി എന്തായാലും മലയാള സിനിമയിൽ ഒരു മുതൽക്കൂട്ടാകാൻ പോകുന്ന സംവിധായകനാണ്.  ഞാൻ വളരെയധികം വിശ്വസിക്കുന്ന ഫിലിം മേക്കർ ആണ് തമ്പി.  അദ്ദേഹത്തിന്റെ സിനിമ ഉടൻ തന്നെ സംഭവിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

കുടുംബം

അമ്മയും അനുജനും അടങ്ങുന്ന കുടുംബമാണ് എന്റേത്.  അനുജൻ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.  അഭിനയത്തെപ്പറ്റി അധികമൊന്നും എന്റെ കുടുംബത്തിന് അറിയില്ല.  പക്ഷേ ഞാൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്, ഞാൻ ചെയ്യുന്നതെല്ലാം നന്നായി വരട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് അവർ.  ഞാൻ ഒരുപാട് കലാകാരന്മാരുടെ കുടുംബത്തെ കണ്ടിട്ടുണ്ട്, ചിലരുടെ വീട്ടിൽ എതിർപ്പാണ്, ചിലർക്ക് കുടുംബത്തിൽ നിന്നും ഒരു പിന്തുണയും ഇല്ല.  പക്ഷേ എന്റെ വീട്ടിൽ എനിക്ക് ഒരുതരത്തിലും ഉള്ള സമ്മർദ്ദവുമില്ല.  ഞാൻ എന്തോ ആത്മാർഥമായി ശ്രമിക്കുകയാണ് എന്ന് അവർക്കറിയാം  ഒരിക്കലും അവർ എന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ല.  ഞാൻ എപ്പോഴെങ്കിലും ഡൗൺ ആയാൽ "എടാ എല്ലാം ശരിയാകും" എന്ന് വീട്ടുകാർ ആശ്വസിപ്പിക്കും, അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA