ADVERTISEMENT

അച്ഛനും മകനും ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നതു പുതുമയല്ല.പ്രേംനസീർ– ഷാനവാസ്,മോഹൻലാൽ– പ്രണവ്, ജയറാം– കാളിദാസൻ തുടങ്ങിയവർ ഉദാഹരണം.ആ നിരയിലേക്ക് സുരേഷ് ഗോപിയും ഗോകുലും എത്തുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’എന്ന പുതിയ ക്രൈം ത്രില്ലറിൽ ഈ അച്ഛനും മകനും അഭിനയത്തിന്റെ മാറ്റുരയ്ക്കുന്നു.മൈക്കിളായി ഗോകുലും അവന്റെ രണ്ടാനച്ഛനായ പാപ്പനായി സുരേഷ് ഗോപിയും.

ഗോകുലിന്റെ പതിമൂന്നാമത്തെ സിനിമയാണിത്. അഭിനയിക്കാനുള്ള പേടി മാറിയ ഘട്ടത്തിലാണു സൂപ്പർ സംവിധായകനു കീഴിൽ അച്ഛന്റെ മുന്നിൽ അഭിനയിക്കേണ്ട അവസ്ഥ. ഒന്നും രണ്ടുമല്ല പതിമൂന്നോളം സീനുകളിലാണ് അച്ഛനോടൊപ്പം ക്യാമറയ്ക്കു മുന്നിലെത്തേണ്ടത്. ഏബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിൾ എന്ന ജൂനിയർ മാത്തനായി ഗോകുലുമാണ് ക്യാമറയ്ക്കു മുന്നിൽ....പിന്നിൽ വമ്പൻ താരങ്ങളെ വച്ചു വമ്പൻ ചിത്രങ്ങൾ മാത്രം ഒരുക്കുന്ന ജോഷി. ആരായാലും പകച്ചു പോകും.

അച്ഛനോടൊപ്പം ആദ്യ സീനിൽ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നു ഗോകുൽ പറയുന്നു.‘‘എന്നെ സമ്മർദത്തിലാക്കുന്ന ഒന്നും അച്ഛന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. അഭിനയിക്കുമ്പോൾ തെറ്റു വരാം. അതു തിരുത്തി മുന്നോട്ടു പോകണം എന്നു മാത്രമേ പറഞ്ഞുള്ളൂ. ഞാൻ എന്തു ചെയ്യുന്നുവെന്നു നോക്കാനായിരിക്കണം മറ്റൊന്നും പറയാതിരുന്നതെന്നു തോന്നുന്നു. വളരെ കൂളായി ആ രംഗം അച്ഛൻ കൈകാര്യം ചെയ്തു.’’

gokul-suresh-22
ചിത്രങ്ങൾ: നന്ദു ഗോപാലകൃഷ്ണൻ

‘‘അച്ഛൻ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു ഞാൻ കാണുന്നത്. അതിന്റേതായ അകൽച്ച ഉണ്ട്. വീട്ടിൽ ഞങ്ങൾ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. അതു ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്. ഈ സിനിമയിൽ പാപ്പനെ പോലെ ആകാൻ ശ്രമിക്കുന്നയാളാണ് എന്റെ കഥാപാത്രം. അതു കൊണ്ടു തന്നെ സുരേഷ്ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാൾ തീഷ്ണമായ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്‌ഷൻ പറഞ്ഞപ്പോൾ മുന്നിൽ കഥാപാത്രം മാത്രമേയുള്ളൂ.അച്ഛനില്ല. രണ്ടാനച്ഛനോട് പിതാവിനെപ്പോലെ പെരുമാറേണ്ടതിനാൽ മുന്നിൽ നിൽക്കുന്നത് യഥാർഥ അച്ഛനാണെന്ന തോന്നൽ ഇടയ്ക്കിടെ ഉണ്ടായെന്നു മാത്രം.

ഷൂട്ടിങ് പുരോഗമിച്ചപ്പോൾ ചില സീനുകൾ എങ്ങനെ ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അത് സീനിയർ നടനും ജൂനിയർ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു.എന്റെ അഭിനയത്തിൽ എനിക്കു 100% തൃപ്തിയില്ല.അതു കൊണ്ടു തന്നെ ഇഷ്ടപ്പെട്ടോയെന്ന് അച്ഛനോട് ചോദിച്ചിട്ടില്ല.’’

gokul-suresh

‘‘പാപ്പനിൽ നല്ലൊരു വേഷമുണ്ടെന്നും നിന്റെ മകൻ അഭിനയിക്കുമോ എന്നും ചോദിച്ചു ജോഷിസാർ ആണ് അച്ഛനെ വിളിച്ചത്. കഥ കേട്ടപ്പോൾ കൊള്ളാമെന്ന് അച്ഛനു തോന്നിക്കാണും.ഞാൻ അന്ന് കൊച്ചിയിലാണ്.ജോഷി–സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതു തന്നെ ഭാഗ്യം. അതു കൊണ്ടു കഥയൊന്നും പ്രശ്നമല്ലായിരുന്നു. പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.അവിടെ കഥാപാത്രമായി മാറിയ അച്ഛനെയാണു കാണുക.അതിനാൽ അഭിനയത്തെക്കുറിച്ചു വലിയ ചർച്ചകളൊന്നും നടത്തിയിട്ടില്ല. കോവിഡ് കാലമായതിനാൽ ഞങ്ങൾ അഭിനയിക്കുന്നതു കാണാൻ അമ്മയ്ക്ക് എത്താൻ കഴിഞ്ഞില്ല.’’

pappan-suresh-gopi

‘‘അച്ഛനും ജോഷിസാറും തമ്മിൽ കണ്ണിലൂടെയാണ് ആശയവിനിമയം നടത്തുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ജോഷിസാർ നോക്കുന്നത് എന്തിനെന്ന് അച്ഛനു മനസിലാകും. തിരികെ അച്ഛന്റെ കണ്ണിൽ നോക്കിയാൽ സാറിനും കാര്യം പിടികിട്ടും. അവർക്കൊപ്പമെത്താനുള്ള ശ്രമമാണ് മറ്റു താരങ്ങൾ നടത്തുക. എന്നെപ്പോലുള്ള ചെറിയ നടനോടു വളരെ ഫ്രണ്ട്‌ലി ആയാണു ജോഷി സാർ ഇടപെട്ടത്. പാപ്പന്റെ ചിത്രീകരണത്തിനിടെ അച്ഛൻ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി. പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം. അതു കഴിഞ്ഞു ഷൂട്ടിങ് വീണ്ടും തുടങ്ങിയപ്പോൾ ലോക്ഡൗൺ വന്നു. കുറെ ഭാഗങ്ങൾ കൂടി ഇനി എടുക്കാനുണ്ട്.’’

pappan-nandu

‘‘എന്റെ ആദ്യ സിനിമയായ ‘മുദ്ദുഗൗ’ന്റെ ആദ്യ രംഗം ചിത്രീകരിക്കുന്നതു കാണാൻ അച്ഛനും അമ്മയും എത്തിയിരുന്നു.തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ആയിരുന്നു ഷൂട്ടിങ്. അന്ന് അച്ഛൻ ദൂരെ നിന്നു കണ്ട ശേഷം മടങ്ങി. അതിനു ശേഷം എന്റെ അഭിനയം ഇപ്പോഴാണ് നേരിട്ടു കാണുന്നത്. ‘ഭരത്ചന്ദ്രൻ’ എന്ന ചിത്രത്തിലെ സ്റ്റണ്ട് രംഗം അച്ഛൻ അഭിനയിക്കുന്നതാണ് ഇതിനു മുൻപ് ഞാൻ കണ്ടിട്ടുള്ളത്. അന്ന് ഞാൻ ഏഴിൽ പഠിക്കുകയാണ്.അച്ഛന്റെയോ ആ തലമുറയിൽപ്പെട്ടവരുടെയോ അഭിനയത്തെക്കുറിച്ചു വിലയിരുത്താൻ ഞാൻ ആരുമല്ല....’’–ഗോകുൽ പറയുന്നു.

gokul-suresh-2
ചിത്രങ്ങൾ: നന്ദു ഗോപാലകൃഷ്ണൻ

സുരേഷ് ഗോപി: ഗോകുലിന്റെ അഭിനയം ശരിക്കും ഞാൻ നേരിട്ടു കാണുന്നത് പാപ്പന്റെ ഷൂട്ടിലാണ്. അവന്റെ അഭിനയത്തെക്കുറിച്ച് ഞാൻ എന്തു പറയാൻ. നാട്ടുകാർ വിലയിരുത്തി അഭിപ്രായം പറയട്ടെ. ഗോകുലിന് 27 വയസ് ആയി. അവന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താറില്ല. ക്യാമറയ്ക്കു മുന്നിൽ അച്ഛനും മകനുമില്ല.കഥാപാത്രങ്ങളേ ഉള്ളൂ.

gokul-suresh-24
ചിത്രങ്ങൾ: നന്ദു ഗോപാലകൃഷ്ണൻ

ഒരിക്കൽ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെയും മോഹൻലാലിനെയും അനുകരിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ശൈലി ഞാൻ അവനു കാണിച്ചു കൊടുത്തിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറം ഒന്നുമില്ല.

ജോഷി: എന്റെ മുന്നിൽ അഭിനയിക്കാൻ ഗോകുലിനു പേടിയുണ്ടായിരുന്നു. അതു ഞങ്ങൾ പതിയെ മാറ്റിയെടുത്തു. ഇപ്പോൾ കുഴപ്പമില്ല. അവൻ നന്നായി അഭിനയിക്കുന്നുണ്ട്. സുരേഷും ഗോകുലും ഒന്നിച്ചു വരുന്ന കുറെ രംഗങ്ങൾ ഉണ്ട്. ഈ വേഷം ചെയ്യാൻ ഗോകുലിനെ വിളിച്ചതു ഞാനാണ്. അവൻ കൊള്ളാമെന്നു തോന്നി. കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ‘പാപ്പൻ’ എന്ന സിനിമ. ഇനി 20 ദിവസത്തെ ഷൂട്ടിങ് കൂടി ശേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com