ADVERTISEMENT

ലോക്‌‍ഡൗണോടെ ഇടറിവീണ സഹപ്രവർത്തകരെ ചേർത്തുനിർത്തി തമിഴകം ഒരു സിനിമ പിടിച്ചു; നവരസ. മലയാളത്തിൽ നിന്നടക്കമുള്ള താരങ്ങളും സഹകരിച്ച 9 ചെറുസിനിമകൾ ഒരു നൂലിൽ കോർത്തെടുത്ത ആന്തോളജി. മനുഷ്യജീവിതം കടന്നുപോകുന്ന 9 തരം അവസ്ഥകളാണു നവരസ പറയുന്നത്. തമിഴ് സിനിമയുടെ കാരണവർ സ്ഥാനത്തുള്ള മണിരത്നമാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ച് മുൻപേ നടന്നത്. മുതിർന്ന സംവിധായകനായ ജയേന്ദ്ര പഞ്ചാപകേശൻ സഹനിർമാതാവായെത്തി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് ആറിന് റിലീസ് ചെയ്യും. ഇരുവരും സിനിമയെക്കുറിച്ചു സംസാരിക്കുന്നു..

 

പുതിയ മലയാള സിനിമകൾ കാണാറുണ്ടോ? എന്താണ് അഭിപ്രായം..?

 

മണിരത്നം: ഗംഭീരം എന്ന് ഒറ്റവാക്കിൽ പറയാം. ഒട്ടേറെ പുതിയ സംവിധായകർ, കഥാകൃത്തുക്കൾ, പുതിയ കലാകാരൻമാർ. ശരിക്കും മലയാള സിനിമയുടെ സുവർണകാലമാണ് ഇതെന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുകയാണു മലയാള സിനിമയിൽനിന്ന്. ഈയിടെ ‘നായാട്ട്’ എന്ന ചിത്രം കണ്ടു; ഏറെ ഇഷ്ടമായി. പിന്നെ ജോജി കണ്ടു. അതും ഗംഭീരം. ശരിക്കും ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെയൊക്കെ മറികടന്ന് ഇത്രയ്ക്ക് മികച്ച സിനിമകൾ മലയാളത്തിൽ വരുന്നു എന്നതുതന്നെ ഏറെ സന്തോഷം. 

 

navarasa-suriya

ജയേന്ദ്ര: ‘ജോജി’ ശരിക്കുമൊരു ഗംഭീര വർക്കാണ്. പ്രത്യേകിച്ച് ഫഹദിന്റെ പ്രകടനം. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 

 

‘നവരസ’യിലേക്കുള്ള വഴി തുറന്നതെങ്ങനെ..?

 

navarasa-teaser

ജയേന്ദ്ര: ഷൂട്ടിങ്ങുകൾ നിലച്ചതോടെ ദിവസ വേതനത്തിനു ജോലിയെടുക്കുന്നവർ ശരിക്കും ദുരിതത്തിലായിരുന്നു. അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് ഇങ്ങനൊരു ആശയം രൂപപ്പെട്ടത്. വെറുതെ സംഭാവനകൾ കൊണ്ടു മാത്രം ഒന്നും ആകില്ലെന്നുറപ്പായിരുന്നു. അവരുടെ ജീവിതത്തിനുകൂടി ഉപകാരപ്പെടുന്ന ഒരു സഹായം വേണമായിരുന്നു. അങ്ങനെയാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ആന്തോളജി ചിത്രത്തെക്കുറിച്ചുള്ള ആലോചന രൂപപ്പെട്ടത്. 

 

ഒടിടിയുടെ ഭാവി എന്തായിരിക്കും..?

 

മണിരത്നം: ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്നത്തെ കാലത്തിന്റെ യാഥാർഥ്യങ്ങളാണ്. അതുവഴി ചലച്ചിത്ര മേഖലയ്ക്കു വരുമാനമുണ്ടാകുന്നു. ഒട്ടേറെപ്പേരുടെ ജീവിതം മുന്നോട്ടു പോകുന്നു. പക്ഷേ, തിയറ്ററുകൾക്കു പകരമാകാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്കു കഴിയുമെന്നു ഞങ്ങൾ കരുതുന്നില്ല. ഇവിടെ ടെലിവിഷനും ഒടിടിയും തിയറ്ററുകളും ഉണ്ടാകും. ഇതുവഴിയെല്ലാം ഒരു കലാകാരനു വ്യത്യസ്തമായി കഥ പറയാം. സിനിമ സൃഷ്ടിക്കുന്നയാൾ തീരുമാനിക്കാം ഈ കഥ രണ്ടോ മൂന്നോ മണിക്കൂറുകൾകൊണ്ടു പറയണോ അതോ 30 മിനിറ്റു വീതമുള്ള 9 എപ്പിസോഡായി പറഞ്ഞാൽ മതിയോ എന്ന്. പിന്നീട് പ്ലാറ്റ്ഫോം തീരുമാനിക്കാം. അത്തരത്തിലുള്ള ഒരു വിശാലമായ സ്വാതന്ത്ര്യമാണിപ്പോഴുള്ളത്.

 

പാർവതി തിരുവോത്ത് ‘നവരസ’യുടെ ഭാഗമായല്ലോ..?

 

മണിരത്നം: മികച്ച രീതിയിൽ ആ കഥാപാത്രത്തെ ഉൾക്കൊള്ളാനും അവതരിപ്പിക്കാനും പാർവതിക്കു കഴിഞ്ഞു. കഴിവുറ്റ കലാകാരിയാണവർ. ഷൂട്ടിങ്ങിനു മുന്നോടിയായ പരിശീലനക്കളരികളിലൊക്കെ പങ്കെടുക്കാനായി പലതവണ വന്നു. ശരിക്കും പാർവതിയോടു കടപ്പെട്ടിരിക്കുന്നു. 

 

ജയേന്ദ്ര: ഷൂട്ടിങ്ങിനു മുൻപും ശേഷവും പാർവതിയോടു സംസാരിച്ചിരുന്നു. ഇത്തരത്തിലൊരു സിനിമയോടു സഹകരിക്കാൻ സാധിച്ചതിലുള്ള സന്തോഷമാണ് അവർ പ്രകടിപ്പിച്ചത്. കോവിഡിനിടയിലും അത്രത്തോളം ഈ സിനിമയ്ക്കായി പാർവതി കഷ്ടപ്പെട്ടിട്ടുണ്ട്. 

 

മണിരത്നം എന്ന സംവിധായകൻ ഇനി എന്നാണു മലയാളത്തിൽ..?

 

മലയാളം സിനിമയിൽ ഇപ്പോൾ ഒട്ടേറെ മികച്ച കലാകാരൻമാർ ഗംഭീര സിനിമകൾ ഒരുക്കുന്ന കാലമാണ്. മലയാളത്തിലേക്കു വരുംമുൻപേ എന്റെ കഴിവ് അവർക്കൊപ്പം എത്തിക്കണം. അതിനുശേഷം ആലോചിക്കാം.

 

ചെയ്ത സിനിമകൾ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതായിരിക്കും..?

 

മണിരത്നം: അങ്ങനൊരു ‘പഴ്സണൽ ഫേവ്‌റിറ്റ്’ സിനിമ എനിക്കു പറയാൻ കഴിയില്ല. ഓരോ സിനിമയും ഓരോ അനുഭവവും ഓരോ പാഠങ്ങളുമാണ്. ഓരോ സിനിമയും കടന്നു പോകുന്നതിനിടെ ഞാൻ പലതരം അനുഭവങ്ങളിലൂടെയാണു സഞ്ചരിക്കുക. അതൊരു വല്ലാത്ത മാനസികാവസ്ഥയാണ്. കുറച്ചു സിനിമകൾ ചെയ്തു കഴിയുമ്പോൾ അതു മാറുമെന്നു വിചാരിക്കുമെങ്കിലും യാഥാർഥ്യം അങ്ങനെയല്ല. ഓരോ സിനിമയും എനിക്കു പുതിയ സിനിമപോലെ തന്നെയാണ്.

 

സിനിമ കൂടുതൽ റിയലിസ്റ്റിക്കാകുന്നു; രാഷ്ട്രീയം പറയുന്നു.. 

 

മണിരത്നം: അതു നല്ലതാണെന്ന അഭിപ്രായമാണെനിക്ക്. പുതിയ കാര്യങ്ങൾ സിനിമ സംസാരിക്കുന്നു. പ്രേക്ഷകർ അതു കാണാൻ തയാറാകുന്നു. മികച്ചൊരു സന്ദേശമാണ് സമൂഹത്തിലേക്കു പകരുന്നത്. അതു മാറ്റങ്ങൾക്കു വഴിവയ്ക്കാം. 

 

ജയേന്ദ്ര: മികച്ച ജീവിതാനുഭവങ്ങൾ ഉള്ള സിനിമാ പ്രവർത്തകരാണ് ഇത്തരം ചിത്രങ്ങൾ തയാറാക്കുന്നത്. അവർക്ക് ആ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. അതുകൊണ്ടാണു പ്രേക്ഷകർക്കും അതൊരു റിയലിസ്റ്റിക് സിനിമയായി തോന്നുന്നത്.

 

നവരസ’ എങ്ങനെയാണ് സിനിമാപ്രവർത്തകരെ സഹായിക്കുക..?

 

50 കോടി രൂപ സമാഹരിച്ച് നൽകാനാണു ശ്രമം. 12000 പേർക്ക് നിശ്ചിത തുക അടങ്ങിയ ക്രെഡിറ്റ് കാർഡ് നൽകും. ഓരോ മാസവും 1500 രൂപ വീതം ആ കാർഡിൽനിന്നു ചെലവാക്കാം. അവർക്ക് ആവശ്യമുള്ളതു വാങ്ങാം. കാർഡുകൾ വഴി മൂന്നുമാസത്തെ തുക ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com