ഗ്ളിസറിൻ ഇല്ലാതെ വന്ന ‘ഡേവിഡിന്റെ’ കണ്ണുനീര്‍; അതാണ് മൊമന്റ് !

vinay-forrt-1
SHARE

അഭിനേതാവ് എന്ന നിലയില്‍ ഒരു ദശാബ്ദക്കാലം സ്വായത്തമാക്കിയതെല്ലാം പൊളിച്ചെഴുതിയാണ് വിനയ് ഫോര്‍ട്ട് മാലിക്കിലെ ഡേവിഡ് ക്രിസ്തുദാസ് ആയി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയത്. ഇതുവരെ പ്രേക്ഷകര്‍ കണ്ടുപരിചയച്ച വിനയ് ഫോര്‍ട്ടിനെയല്ല മാലിക്കില്‍ കണ്ടതും അനുഭവിച്ചതും. നിഷ്കാസിതന്റെ, പരാജയപ്പെട്ടവന്റെ, പ്രതികാരത്തിന്റെ, നിസഹായതയുടെ നോട്ടങ്ങളുടെ തുടര്‍ച്ചകളിലൂടെയാണ് വിനയ്‍യുടെ ഡേവിഡ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ഫഹദിനെപ്പോലൊരു നടനുമായി നേര്‍ക്കുനേര്‍ വരുമ്പോഴും വിനയ്‍യുടെ ഡേവിഡ് കരുത്തോടെ നില്‍ക്കുന്നു. മാലിക് കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നതും വിനയ് ഫോര്‍ട്ട് ഞെട്ടിച്ചു കളഞ്ഞു എന്നാണ്. മഹേഷ് നാരായണന്‍ എന്ന ജീനിയസിന് വിനയ് ഫോര്‍ട്ട് എന്ന നടനിലുള്ള വിശ്വാസമാണ് ഈ അഭിനന്ദനങ്ങള്‍ക്കെല്ലാം കാരണമെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ലളിതമായിരുന്നില്ല ആ യാത്ര. അഭിനയത്തിലെ 'മഹേഷ് നാരായണന്‍ സ്കൂള്‍' അനുഭവങ്ങളും അവിടെ നേരിട്ട വെല്ലുവിളികളും തുറന്നു പറഞ്ഞ് വിനയ് ഫോര്‍ട്ട് മനോരമ ഓണ്‍ലൈനില്‍. 

കാത്തിരുന്ന ഡേവിഡ്

11 വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രയും കാലത്തെ കാത്തിരിപ്പായിരുന്നു ഈ പ്ലാറ്റ്ഫോം. എല്ലാ അര്‍ത്ഥത്തിലും മാലിക് ഒരു വലിയ സിനിമയാണ്. ഇത്രയും വലിയൊരു ക്യാന്‍വാസ് എനിക്ക് ജീവിതത്തില്‍ കിട്ടിയിട്ടില്ല. ഇതുപോലൊരു വലിയ സിനിമയില്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എനിക്ക് 11 വര്‍ഷമെടുത്തു. ഈ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പറ്റുക, ഫഹദിനെപ്പോലെ ഇന്ത്യ ഉറ്റുനോക്കുന്ന അഭിനേതാവിനൊപ്പം അഭിനയിക്കുക, എന്നതെല്ലാം ഹിമാലയന്‍ ടാസ്ക് ആണ്.

malik-vinay-3

അതിനുശേഷം, രാജ്യാന്തരതലത്തില്‍ നിരൂപകര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാകാന്‍ കഴിയുമ്പോള്‍ തീര്‍ച്ചയായും സന്തോഷമുണ്ട്. നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതിനൊപ്പം നല്ല സിനിമകളില്‍, ആളുകള്‍ കാണുന്ന സിനിമയില്‍ എത്തിപ്പെടാന്‍ കഴിയുന്നതിന് പിന്നില്‍ വലിയൊരു പ്രയത്നമുണ്ട്. എല്ലാ തരത്തിലും എന്റെ കരിയറില്‍ ഒരു വഴിത്തിരിവ് ആണ് മാലിക്.  

കംഫര്‍ട്ട് സോണില്‍ നിന്ന് ചവുട്ടി പുറത്തേക്കിട്ടു

കിസ്മത്തില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ശരീരഭാഷ, വേഷവിധാനം, സംഭാഷണരീതി അങ്ങനെയെല്ലാം ഡിസൈന്‍ ചെയ്തത് ഞാന്‍ തന്നെയാണ്. തീര്‍ച്ചയായും സിനിമ സംവിധായകന്റെ കലയാണ്. ഞാന്‍ സംവിധായകനുമായി ചര്‍ച്ച ചെയ്താണ് ഈ ഡിസൈനിങ് ചെയ്യുന്നത്. അതിനുവേണ്ട ഹോംവര്‍ക്കുകള്‍ ചെയ്യും. പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തെ ഒരു മനുഷ്യനായി തോന്നണം. ഒരിക്കലും ഒരു നടനായി തോന്നരുത്. അതിനുവേണ്ടിയാണ് ഈ ഹോംവര്‍ക്ക്. മാലിക്കില്‍ പോയപ്പോള്‍ മനസിലായി, എന്റെ സ്ഥിരം പരിപാടിയുമായി പോയാല്‍ അതെല്ലാം എടുത്ത് ചവറ്റുകൊട്ടയില്‍ കളയുമെന്ന്. 

vinay-forrt-malik

അതുകൊണ്ട് ഞാന്‍ ക്യാരക്ടര്‍ ഡിസൈനിങ് പരിപാടി വിട്ടു. ഫോകസ് ആയി ഇരുന്നു... ശരീരഭാഷയില്‍ വര്‍ക്ക് ചെയ്തു... സംഭാഷണശൈലി ശ്രദ്ധിച്ചു... ഡയലോഗ് ക്ലിയര്‍ ആക്കി. ഇതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ. ബാക്കിയെല്ലാം സംവിധായകനു വിട്ടുകൊടുത്തു. അദ്ദേഹം എന്നെ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് ചവുട്ടി പുറത്തേക്കിട്ടു. അഭിനയിക്കുമ്പോള്‍ അദ്ദേഹം പറയും, വിനയ് ... ഇതു വേണ്ട... ഇതു സ്ഥിരം ചെയ്യുന്നതാണ്... അതു വേണ്ട.. കണ്ണ് ഇങ്ങനെയല്ല... കൈ ഇത്രയും എടുക്കേണ്ട... അങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കും. അതിലൂടെ കൃത്യമായി നമ്മെ പരുവപ്പെടുത്തിയെടുക്കും. നല്ല ചലഞ്ചിങ് ആയിരുന്നു ഈ പ്രക്രിയ. 

പണി കിട്ടിയ ആദ്യ ദിവസത്തെ ഷൂട്ട്

മാലിക് ഒരു യാത്രയായിരുന്നു. ആറു മാസമെടുത്താണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. അതില്‍ എനിക്ക് 85 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ ഒരുമിച്ചു നടത്തിയ യാത്രയാണ്. മികവുറ്റ ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള വ്യത്യാസം നമ്മുടെ പ്രകടനത്തിലും ദൃശ്യമാകും. പല അഭിനേതാക്കളും അത് അംഗീകരിക്കാറില്ല. പക്ഷേ, ഞാന്‍ അത് അംഗീകരിക്കും. പൂര്‍ണ തൃപ്തി വരാതെ ഒരു തരത്തിലും ടേക്ക് ഓകെ പറയാത്ത സംവിധായകനാണ് മഹേഷേട്ടന്‍. ഏറ്റവും പണി കിട്ടിയത് ആദ്യ ദിവസത്തെ ഷൂട്ടാണ്. ഡേവിഡ് മകനെ ജയിലില്‍ കാണാന്‍ വരുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. അതാണ് സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രംഗവും. ഷൂട്ടിനെത്തിയ ആദ്യ ദിവസമാണ് ആ രംഗം എടുത്തത്. 

vinay-david

ചെറുപ്പകാലം ഷൂട്ട് ചെയ്തതിനുശേഷം ഈ രംഗം എടുത്തിരുന്നെങ്കില്‍ പ്രകടനം ഇനിയും മെച്ചപ്പെടുത്താമായിരുന്നു. പക്ഷേ, വലിയ സിനിമ ആകുമ്പോള്‍ ആര്‍ടിന്റെ കാര്യങ്ങള്‍ ഒക്കെ നോക്കിയാണ് ഷൂട്ട് പ്ലാന്‍ ചെയ്യുന്നത്. ആദ്യം സെറ്റിട്ടത് ജയിലിന്റെ ആയിരുന്നു. പ്രായമായ ഗെറ്റപ്പാണ് ആദ്യം ഷൂട്ട് ചെയ്തതും. ഞാനാണെങ്കില്‍ മഹേഷേട്ടനൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല. സാധാരണ ഒരു കഥാപാത്രത്തിന്റെ ഉള്ളില്‍  കേറാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും. കൂടാതെ സംവിധായകന് നമ്മില്‍ നിന്ന് എന്താണ് വേണ്ടതെന്ന് മനസിലാക്കാനും ചുരുങ്ങിയത് അത്രയെങ്കിലും സമയം വേണം. ആദ്യ ദിവസങ്ങളില്‍ ടഫ് സീനുകള്‍ വയ്ക്കല്ലേ എന്ന് ഞാന്‍ സംവിധായകരോട് പറയാറുണ്ട്. ക്യാമറ പോലെ അഭിനേതാക്കള്‍ മെഷീന്‍ അല്ലല്ലോ. ഇമോഷന്‍സ് വച്ചല്ലേ നമ്മള്‍ ചെയ്യുന്നത്. കഥാപാത്രത്തെയും സംവിധായകനെയും മനസിലാക്കാനുള്ള സമയം വേണമല്ലോ.

ഒടുവില്‍ ഗ്ലിസറിന്‍ ഇല്ലാതെ കണ്ണുനീര്‍ വന്നു

ഷൂട്ടിന്റെ ആദ്യ ദിവസം എന്നോടു പറഞ്ഞു, വിനയ്... നമുക്കൊന്ന് റിഹേഴ്സല്‍ പോകാം. ജയിലിലെ രംഗമാണ് ചിത്രീകരിക്കുന്നത്. ഇത്രയും ഇമോഷനല്‍ സീന്‍ ആണെങ്കില്‍ ഞാന്‍ സാധാരണ റിഹേഴ്സല്‍ പോകാറില്ല. പക്ഷേ, മഹേഷേട്ടന്‍ റിഹേഴ്സല്‍ വേണമെന്നു തന്നെ പറഞ്ഞു. 10 തവണയാണ് അത് റിഹേഴ്സല്‍ പോയത്. മിനിമം 20 ടേക്ക് പോയാലാണ് ഒരു സീന്‍ ഓകെ പറയുക. പക്ഷേ, അഭിനേതാക്കളെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കുന്ന സംവിധായകനല്ല അദ്ദേഹം. നമ്മെ കംഫര്‍ട്ടബിള്‍ ആക്കി നമ്മില്‍ നിന്നും ആവശ്യമുള്ളത് എടുക്കും. അദ്ദേഹത്തിന്റെ രീതി അതാണ്. ജയിലിലെ സീനില്‍ ഒരു ക്ലോസ് ഷോട്ട് ഉണ്ട്. അഴികള്‍ക്കിടയിലൂടെ ക്യാമറ അടുത്തേക്ക് വരുമ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നത്... ഗ്ലിസറിന്‍ ഇല്ലാതെ വന്നതാണ് അത്. അതാണ് മൊമന്റ് എന്നു പറയുന്നത്. സിനിമയില്‍ എനിക്ക് ഏറ്റവും വര്‍ക്ക് ആയ ഷോട്ട് ആണ് അത്. 

നേരിട്ട ട്രോമയും ഡിപ്രഷനും

ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ഏഴു ദിവസം എനിക്ക് ബ്രേക്ക് ആയിരുന്നു. ആ ദിവസങ്ങള്‍ മുഴുവന്‍ ഞാന്‍ ട്രോമയിലും ഡിപ്രഷനിലും ആയിരുന്നു. റീടേക്കുകള്‍ കൂടുതലായപ്പോള്‍ ഞാനോര്‍ത്തത് ഇത് എന്നെക്കൊണ്ട് പറ്റില്ലേ എന്നായിരുന്നു. ഇത്ര ചലഞ്ചിങ് ആയ കഥാപാത്രം എങ്ങനെ അവതരിപ്പിച്ചെടുക്കും എന്ന ആശങ്ക... റീടേക്ക് പോകുമ്പോള്‍ ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തി. എന്നാല്‍ ഇത് സംവിധായകന്റെ രീതിയാണെന്ന് ആദ്യം മനസിലായില്ല. എട്ടാമത്തെ ദിവസം സെറ്റില്‍ വന്നപ്പോള്‍ കേട്ടു, ഫഹദും നിമിഷയും കൂടെ 10-25 റീടേക്ക് പോയെന്ന്. അപ്പോള്‍ ഞാന്‍ ഓകെ ആയി. 

mahesh-vinay

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ പ്രക്രിയ ആസ്വദിക്കാന്‍ തുടങ്ങി. പിന്നെ, മഹേഷേട്ടന്‍ രണ്ടാമത്തെ ടേക്കില്‍ ഓകെ പറയുമ്പോള്‍ ഞാനൊന്ന് പുള്ളിയെ നോക്കും... അദ്ഭുതത്തോടെ. ഓരോ ഷോട്ടും മനസില്‍ എഡിറ്റ് ചെയ്താണ് എടുക്കുക. റിയലിസ്റ്റിക് ആക്ടിങ് എന്നു പറഞ്ഞ് ഒരു പരിധിയില്‍ കൂടുതല്‍ പോസ് എടുത്താല്‍ അദ്ദേഹം ഇടപെടും. ഓരോ ഷോട്ടും കൗണ്ട് ചെയ്താണ് എടുക്കുക. വേറൊരു സ്കൂളിങ് ആണ് അദ്ദേഹത്തിന്റേത്. 

അന്ന് ചോദിച്ച അവസരം ലഭിച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം

നേരത്തെ ഒന്നു രണ്ടു തവണ മഹേഷേട്ടന്റെ അടുത്ത് അവസരം ചോദിക്കാന്‍ ശ്രമിച്ച് പാളിപ്പോയിട്ടുണ്ട്. എന്റെ തുടക്കകാലത്തായിരുന്നു അത്. ഗോവന്‍ ചലച്ചിത്രമേളയും ഐഎഫ്എഫ്കെയിലും വച്ച് രണ്ടു തവണ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. മഹേഷേട്ടന്‍ കമലഹാസന്റെ പടമൊക്കെ ചെയ്തു നില്‍ക്കുന്ന സമയം. അദ്ദേഹത്തിന് സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്ന് കേട്ടിരുന്നു. ഐഎഫ്എഫ്കെയ്ക്ക് വന്നപ്പോള്‍ തിരുവനന്തപുരത്ത് കൈരളി തീയറ്ററിന് അടുത്തു വച്ച് കണ്ടിരുന്നു.

vinay-mahesh-2

അന്ന് ഫഹദ്, പാര്‍വതി എന്നിവരെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അത്ര വലിയ സിനിമയില്‍ ഞാനെങ്ങനെ അവസരം ചോദിക്കുമെന്ന് തോന്നിപ്പോയി. ഞാന്‍ ആണെങ്കില്‍ അവസരം ചോദിക്കുന്നതില്‍ വന്‍ പരാജയമാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. രാത്രി 11 മണിയൊക്കെ ആയിക്കാണും. അപ്പോഴാണ് ഈ സംസാരം. ആ സിനിമയില്‍ ഒരു അവസരം തരുമോ എന്നു ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതില്‍ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ വലിയ സിനിമയില്‍ ഞാനൊരു കഥാപാത്രം ചെയ്യുന്നു എന്നത് വലിയൊരു മൊമന്റ് ആണ്. 

തിരക്കഥ വായിച്ചപ്പോള്‍ കിളി പോയി

vinay-fortt-3

‘തമാശ’ റിലീസ് ആവുന്നതിന് മുന്‍പാണ് മഹേഷേട്ടന്‍ മാലിക്കിലേക്ക് എന്നെ വിളിക്കുന്നത്. ഫഹദും മറ്റൊരു ആക്ടറും എന്നെയും വച്ചൊരു സിനിമ എന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമോ എന്ന് ഞാന്‍ സ്വയം ചിന്തിച്ചു.  കാരണം, അതിനു മുന്‍പ് ഇതുപോലൊക്കെ പറഞ്ഞു ജോയിന്‍ ചെയ്ത സിനിമയില്‍ വെറും കുന്തം പിടിച്ചു നില്‍ക്കേണ്ട അവസ്ഥ എനിക്കു വന്നിട്ടുണ്ട്. ഒരു നടന്‍ എന്ന രീതിയില്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. അതുകൊണ്ട് വലിയൊരു ക്യാന്‍വാസിലുള്ള ചിത്രത്തില്‍ ഞാനൊരു മിസ്ഫിറ്റ് ആയി തോന്നിയിട്ടുണ്ട്. 

എന്റെ ഡ്രീം ‘തമാശ’ പോലുള്ള സിനിമകളാണ്. മൂന്ന് മണിക്കൂര്‍ എടുത്താണ് മാലിക്കിനെ കുറിച്ച് മഹേഷേട്ടന്‍ ആദ്യമൊരു നരേഷന്‍ തന്നത്. എനിക്കത്രയൊന്നും ഉള്ളിലേക്ക് എടുക്കാന്‍ പറ്റുന്നില്ല. അവസാനം തിരക്കഥ എനിക്ക് വായിക്കാന്‍ തന്നു വിട്ടു. ഞാന്‍ നോക്കിയപ്പോള്‍ ആദ്യ 15 മിനിറ്റില്‍ ഞാനില്ല. അപ്പോള്‍ ഞാന്‍ കരുതി, പണി കിട്ടി. അഞ്ചാറു സീന്‍ വരുന്ന സ്ട്രോങ് ആയ കഥാപാത്രമാകും, എന്ന്. പിന്നെപ്പിന്നെ വായിച്ചു നോക്കിയപ്പോള്‍ ഡേവിഡ് എന്ന കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നു. എന്റെ ബോധം പോയി. ഇത് ഗംഭീര പരിപാടി ആണല്ലോ എന്ന് പതിയെ മനസിലായപ്പോള്‍ എന്റെ കിളി പോയി. ഫഹദ് തന്നെ എന്നോടു പറഞ്ഞു, ‘എടോ താന്‍ പ്രേമം കഴിഞ്ഞ് ചെയ്യാന്‍ പോകുന്ന കമേര്‍ഷ്യല്‍ സിനിമ ഇതായിരിക്കും’ എന്ന്. അതു സത്യമായി. 

ഫുള്‍ ക്രെഡിറ്റ് സംവിധായകന്

vinay-malik

മഹേഷ് നാരായണന്‍ എന്ന ജീനിയസ് വിനയ് ഫോര്‍ട്ട് എന്ന അഭിനേതാവില്‍ അര്‍പ്പിച്ച വിശ്വാസമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഇത്ര പാഷനേറ്റ് ആയുള്ള ഒരു ഫിലിംമേക്കര്‍ എന്നോട് എന്തു ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ അതു ചെയ്യും. ഫിസിക്കലി, ഇമോഷണലി എന്നോട് എന്താവശ്യപ്പെട്ടാലും ചെയ്യും. എന്നെ പ്രേക്ഷകര്‍ ശ്രദ്ധിച്ച പല സീനുകളിലും എന്റെ ക്ലോസ് അപ് ഷോട്ടുകള്‍ ഒന്നും ഇല്ല. മഹേഷേട്ടന്‍ പറഞ്ഞിരുന്നു, ഇതൊന്നും ക്ലോസ് അപ്പില്‍ അല്ല എടുക്കുന്നത്... പക്ഷേ, ആ ലുക്ക് കൊടുത്തേക്കണം. അതിനൊരു തുടര്‍ച്ച സിനിമ അവസാനിക്കുന്നതു വരെയുണ്ട് എന്ന്. 

vinay-malik-3

കൃത്യമായി പ്രേക്ഷകര്‍ ശ്രദ്ധിച്ചതും എന്റെ ഈ നോട്ടങ്ങളാണ്. ചുരുക്കത്തില്‍ എന്റെ പ്രകടനത്തിന്റെ പൂര്‍ണ അംഗീകാരം മഹേഷേട്ടന് ഉള്ളതാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹം നല്ല സംവിധായകനൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്നതാണ്. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതികവശവും എഴുതാനുള്ള കഴിവും അഭിനേതാക്കളെ പരുവപ്പെടുത്തിയെടുക്കാനുള്ള മിടുക്കും കഥാപാത്രങ്ങളുടെ പശ്ചാത്തലം പൂര്‍ണമായും അറിയുകയും ചെയ്യുന്ന സംവിധായകനാണ് മഹേഷ് നാരായണന്‍.

100 ദിവസം ഓടേണ്ട സിനിമ

നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ രാഷ്ട്രീയമാണ് സിനിമ പറയുന്നത്. ഭിന്നിപ്പിച്ച് ഭരിക്കലാണ് ഇവിടെ നടക്കുന്നത്. പലപ്പോഴും സിനിമകളില്‍ സന്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കും. എന്നാല്‍ മാലിക്കില്‍ സ്പൂണ്‍ ഫീഡിങ് ഇല്ല. ലോകത്തിന്റെ രാഷ്ട്രീയം തന്നെ സിനിമ പറയുന്നുണ്ട്. ജാതിയോ മതമോ അല്ല പ്രശ്നം... നമ്മെയൊക്കെ ഉപകരണങ്ങളായി ഉപയോഗിക്കുന്ന ഭരണകൂടമാണ് പ്രശ്നമെന്ന ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് ഇത്. അവിടെയാണ് സിനിമ ക്ലാസിക് ആകുന്നത്. തീയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ 100 ദിവസം ഓടുന്ന പടമാണ്. ഒരു നടന്‍ എന്ന രീതിയില്‍ വിപണി മൂല്യമൊക്കെ ഉയര്‍ന്നേനെ. എന്നാല്‍ അതിനപ്പുറത്തെ സന്തോഷം രാജ്യാന്തരതലത്തില്‍ ഈ സിനിമയും അതിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. അതിന് ഒടിടി റിലീസ് സഹായിച്ചു. അതിന്റെ അഭിമാനവും സന്തോഷവും ഉണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA