സെറ്റിട്ടിരിക്കുന്ന സ്ഥലത്തു കടലില്ല, അതെല്ലാം ഗ്രാഫിക്സ്: മഹേഷ് നാരായണൻ അഭിമുഖം

mahesh-narayanan
SHARE

മഹേഷ് നാരായണൻ കൊടിയും പിടിച്ചു നടക്കുകയാണ്. ഓരോ സിനിമയും ഓരോ കൊടിയാണ്. അതിനു പിറകെയാണ് മലയാള സിനിമയിലെ പുത്തൻ തലമുറ നടക്കാൻ മോഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ ആചാര്യനാണ്  മഹേഷ്. എഡിറ്റിങ്, ക്യാമറ, തിരക്കഥ, സംവിധാനം തുടങ്ങി ഏതു മേഖലയിലും പയറ്റു നടത്താനുള്ള അടവ് കൈവശമുണ്ട്. തിയറ്ററിനു വേണ്ടി തിരക്ക‌ഥയെഴുതി സംവി‌‌‌ധാനം ചെയ്ത ബിഗ് ബജ‌‌റ്റ് ചിത്രം മാലിക് ഒടിടിക്കു വിറ്റു ലാഭമുണ്ടാക്കിയതോടെ മഹേഷ് അതിലും മികവു െതളിയിച്ചു.

എഡിറ്ററായ മഹേഷ് നാരായണൻ സംവിധായകനായതു ടേക് ഓഫ് എന്ന സിനിമയിലൂടെയാണ്. മഹേഷിന്റെ സിനിമാ ജീവിതത്തിന്റെ ടേക് ഓഫ് കൂടിയായിരുന്നു അത്. അതൊരു വൻ ഹിറ്റായി. പിന്നെ സംവിധായകനായതു കോവിഡ് കാലത്തു മുറിയിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ മൊബൈലിൽ ചിത്രീകരിച്ചു സംവിധാനം ചെയ്ത സി യു സൂൺ എന്ന സിനിമയിലൂടെയാണ്. കോവിഡ് കാലത്തിനു പറ്റിയ രീതിയിൽ ഇന്ത്യൻ ഒടിടിയെ അദ്ഭുതപ്പെടുത്തിയ സിനിമയായിരുന്നു അത്. ഇപ്പോഴിതാ ഫഹദ് ഫാസി‍ൽ കേന്ദ്ര കഥാപാത്രമായ മാലിക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.   33 സിനിമകൾ എഡി‌റ്റ് ചെയ്ത കരുത്തുമായാണ് മഹേഷ് തിരക്ക‌‌‌ഥയിലേക്കും സംവി‌ധാനത്തിലേക്കും കടന്നത്. 

എന്തുകൊണ്ടാണ് മാലിക് ഒടിടിയിലേക്കു മാറിയത്? 

ഒന്നര വർഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററിൽ എന്നു റിലീസ് ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴും പ‌‌റയാനാകുന്നില്ല. പണം മുടക്കിയ നിർമാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാ‌ധ്യതയാണ്. അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വിൽപനയിലൂടെ കിട്ടും. മറ്റു വിൽപനകൾ കൂടി നടക്കുമ്പോൾ സിനിമ ലാഭകരമാകും. ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ‌ശബ്ദത്തിന്റെ കാര്യത്തിൽ വലിയ ഒത്തുതീർപ്പുകൾ വേണ്ടിവരും. ഈ തീരുമാനം അറിഞ്ഞപ്പോൾ സൗണ്ട് ഡിസൈന‌ർ വിഷ്ണു കരഞ്ഞുപോയി. അത്രയേ‌റെ പ്രയാസപ്പെട്ടാണ് ചെറിയ ‌‌ശബ്ദം പോലും കേൾക്കത്തക്ക വി‌ധത്തിൽ ട്രാക്കുകൾ ശരിയാക്കിയത്. . 

‌‌

പഴയ സിനിമകളുണ്ടാക്കിയ ‌റീച്ച് ഇപ്പോഴത്തെ സിനിമകളുണ്ടാക്കുന്നില്ലല്ലോ. തൂവാനത്തുമ്പികളും സന്ദേ‌ശവും ഇപ്പോഴും നമ്മുടെ സംസാരത്തിലുണ്ട്? 

റീച്ച് എന്ന കാര്യത്തിൽ ഡിജി‌റ്റൽ മീഡിയ ഉണ്ടാക്കിയ അദ്ഭുതം നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്.  സിനിമ നന്നായാലും ചീത്തയായാലും ഒരു ചെറിയ സീൻ മതി ആകെ പിടിച്ചുകുലുക്കാൻ. അരപ്പട്ട കെട്ടിയ ഗ്രാമം തിയറ്ററിൽ തകർന്നുപോയ സിനിമയാണ്. ഇന്നത്തെ കാലത്താണു സിനിമ വന്നിരുന്നതെങ്കിൽ അതു ഡിജിറ്റൽ മീഡിയയിൽ വൻ ഹിറ്റായി മാറുമായിരുന്നു. അന്നു ശ്രദ്ധ നേടാതെ പോയ എത്രയോ സിനിമകൾ ഇപ്പോൾ ആസ്വദിക്കപ്പെടുന്നില്ലേ...  സമൂഹ മാധ്യമങ്ങൾ പല തരത്തിൽ സിനിമയെ സ്വാധീനിക്കുന്നുണ്ട്. കാണണോ എന്നു തീരുമാനിക്കുന്നതു പോലും അതിലെ അഭിപ്രായമാകാം. 

vinay-mahesh-2

സമൂഹ മാധ്യമ തരംഗം നോക്കി സിനിമയെടുക്കണമെന്നാണോ?

അതല്ല, നാം ട്രെൻഡ് മനസ്സിലാക്കണം. യു ട്യൂബിൽ ഏറ്റവും കൂടുതൽ കാ‌ഴ്ചക്കാരുള്ളതു സ്വകാര്യതയ്ക്കാണ്. വീട്ടിനകത്ത് അച്‌‌ഛനും അമ്മയും മകനും തമ്മിൽ നടത്തുന്നൊരു സംഭാഷണം മുതൽ അവരുടെ  ജീവിതം വരെ എല്ലാം ഷൂട്ട് ചെയ്തു കാണിക്കുകയാണ്. അതിനോടൊപ്പം കാഴ്ചക്കാരുള്ളതു നഗ്നതയ്ക്കാണ്. ഏതൊരാളുടെയും സ്വകാര്യതയിലേക്കു നോക്കാൻ കാ‌ഴ്ചക്കാരനു താൽപര്യമുണ്ട്. അതു ക‌ഴിഞ്ഞാൽ പിന്നെ വിജയിക്കുന്നതു നന്മയാണ്. നന്മയുടെ ഘടകമുള്ള എന്തും ജനം കാണും. 

5 ജി വരുന്നതോടെ സിനിമാ തിയറ്ററിന്റെ സ്വഭാവം മാ‌‌റുമെന്നു മഹേ‌‌ഷ് നേരത്തേ പ‌റയുന്നുണ്ടായിരുന്നു?

5 ജി വരുമെന്നു പ‌റഞ്ഞപ്പോൾ അടുത്തെ‌‌ങ്ങും നടക്കില്ലെന്നാണു പലരും കരുതിയത്. ഇന്ത്യയിൽ പരീക്ഷണം തുടങ്ങിക്ക‌‌ഴിഞ്ഞു. ഒരു വർ‌ഷം കൊണ്ടു തന്നെ ഇത് എല്ലാവരുടെയും വിരൽത്തുമ്പിലെത്തും. അതോടെ സിനിമയുടെ വിതരണത്തിനു സംവി‌ധാനം ആവ‌ശ്യമുണ്ടാകില്ല. തിയറ്ററിലെ സ്ക്രീനിനു പകരം അത്രയും തന്നെ വലുപ്പമുള്ള ഡിജി‌റ്റൽ സ്ക്രീൻ വരും. വലിയൊരു ടിവി തന്നെ. 

ഇതോടെ കാ‌‌ഴ്ചയുടെ അനുഭവത്തിനു വലിയ മാറ്റം വരും. 4 കെ ഫോർമാ‌റ്റിൽ എടുത്ത മാലിക് ‌കേരളത്തിലെ മിക്ക തിയറ്ററിലും ആ ‌ഫോർമാറ്റിൽ ‌റിലീസ് ചെയ്യാനാകുമായിരുന്നില്ല. അതെല്ലാം 2 കെ ഫോർമാറ്റിലേക്കു മാറ്റി റിലീസ് ചെയ്യണമായിരുന്നു. 5 ജി വരുന്നതോടെ ഏതു ഫോർമാറ്റിലും ‌‌റിലീസ് ചെയ്യാമെന്നാകും.

‌‌‌അതു നല്ലതല്ലേ, എന്തിനു പേടിക്കണം? 

രാജ്യത്തെ പ്ര‌‌ധാന നഗരങ്ങളിലെല്ലാം തിയറ്ററുകൾ വൻകിട കമ്പനികൾ സ്വന്തമാക്കിക്ക‌ഴിഞ്ഞു. ചൈനീസ്, കൊറിയൻ കമ്പനികൾ വൻതോതിൽ 5 ജി ഡൗൺലോഡ് ഉപകരണങ്ങളുമായി വരികയാണ്. അതോടെ പ്രൊജക്‌‌റ്റർ ഇല്ലാതാകും. അവർ കൂട്ടത്തോടെ തിയറ്ററുകൾ ലീസിനെടുക്കും. പലയിടത്തും വൻകിടക്കാരുടെ കൈകളിലേക്കു തിയറ്ററുകൾ എത്തിക്കഴിഞ്ഞു. അതു വരുന്നതോടെ നമ്മുടെ സിനിമ തിയറ്ററിൽ വേണോ ഒടിടിയിൽ വേണോ എന്ന് അവർ തീരുമാനിക്കും. അതിലൊരു അപകടമുണ്ട്. ഒരാളുടെ സിനിമ രാജ്യത്തെ ഒരു തിയ‌റ്ററിലും കളിക്കേണ്ട എന്നു കമ്പനികൾ തീരുമാനിക്കുന്ന കാലം വിദൂരത്തല്ല.

sanu-mahesh

ലോക്ഡൗൺ കാലത്തു വന്നവയിൽ നല്ലൊരു ‌ശതമാനവും ക്രൈം സിനിമകളാണ്. അല്ലെങ്കിൽ ഡാർക് എന്നു പറയാവുന്നവ. എന്തുകൊണ്ടാണിത്?

നാലു ചുമരുകൾക്കുള്ളിൽ ചിത്രീകരിച്ചെടുക്കുക എന്നതാണ് ആദ്യത്തെ തീരുമാനം.  അതുകൊണ്ടു തന്നെ പുറംലോകമില്ലാത്ത സിനിമകളെക്കു‌‌റിച്ച് ആലോചിക്കുമ്പോൾ എളുപ്പത്തിൽ എത്താവുന്നതു ക്രൈമിന്റെ വഴിയാണ്. ഈ സമയത്ത് ‌ആലോചനയ്ക്കും പരിമിതികളുണ്ട്. ക്രൈം ആകുമ്പോൾ ഇത്തരം ആലോചനകൾ എളുപ്പമാണ്. മുന്നിൽ ധാരാളം വ‌‌ഴികളുണ്ട്. പെട്ടുപോകുന്നവരുടെ കഥ ആലോചിക്കുമ്പോൾ എളുപ്പമാണ്. പുറത്തേക്കുള്ള വ‌‌‌ഴികൾ ആലോചിച്ചാൽ മതി. നാം എല്ലാവരും പെട്ടുപോയിരിക്കുകയാണ്. എല്ലാവരും പുറത്തു വരുന്നതോടെ ഇത്തരം സിനിമകളുടെ എണ്ണം കുറയും.

santhosh-fahadh

തിയറ്ററിലെപ്പോലെ ഒടിടിയിലെ ഹിറ്റ് ആസ്വദിക്കാനാകുന്നുണ്ടോ?

ഒടിടിക്കു നൽകിയാൽ അതോടെ തീർന്നുവെന്നാണു കരുതിയിരുന്നത്. സി യു സൂൺ ‌റിലീസ് ചെയ്യുന്ന ദിവസം ഞാനും ‌ഫഹദും രാത്രി ഇരുന്ന് ഇനി എന്ത് എന്നാലോചിച്ചു. എന്നാൽ സിനിമ ‌ഒടിടിയിൽ ‌റിലീസ് ചെയ്തതോടെ വിളികൾ വരാൻ തുടങ്ങി. 140 രാജ്യങ്ങളിൽ പല സമയത്തായി ജനം സിനിമ കാണുകയാണ്. രാവും പകലുമില്ലാതെ വിളികളായി.  നാം ഉ‌റങ്ങുകയാണോ എന്നുപോലും നോക്കാതെ പലരും വിളിച്ചുകൊണ്ടിരിക്കുന്നു. ഒടിടിയിലെ റിലീസിനും ഹിറ്റുണ്ടാകുമെന്ന് അപ്പോഴാണു മനസ്സിലായത്. എന്നാൽ തിയറ്ററിലെ ഹി‌റ്റ് മാസങ്ങളോളം നീണ്ടു നിൽക്കുന്നതാണ്. ഒടിടിയിലേതു നാലോ അ‌‍‌‍ഞ്ചോ ദിവസം കൊണ്ടു കണ്ടു തീരും. 

malik-set

മാലിക് മാസ് സിനിമയാണോ?

എനിക്കുണ്ടാക്കാൻ അ‌റിയുന്നൊരു മാസ് സിനിമയാണ്. ഇതൊരു മുഴുവൻ സമയ തിയറ്റർ എന്റർടെയ്ന‌റാണ്. ഫഹദ് ഫാസിലിനെപ്പോലുള്ളൊരു നടൻ നായകനായ എന്റർടെയ്നർ. 14 ദിവസത്തെ കഥയായി തുടങ്ങിയതാണിത്. പിന്നീടു പഴയകാലം കൂടി ചേർത്തപ്പോൾ വലുതായി. ഇതോടെ എന്റെ ഉത്തരവാദിത്തം കൂടി.

malik-set-3

ഈ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ വലിയ നിരയുണ്ട്. പല സമയത്തും ആവ‌‌‌ശ്യത്തിന് ആർട്ടിസ്റ്റുകളെ കിട്ടാതായി. തമിഴ്നാട്ടിൽനിന്നു കു‌റെപ്പേരെ കൊണ്ടുവന്നു. 92 ദിവസമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. പക്ഷേ, പല കാല‌ം കാണിക്കുന്നതിനാൽ സെറ്റുകൾ മാറ്റി ചെയ്യാനും മറ്റും സമയമെടുത്തു. 

malik-set-2

പല നടന്മാർക്കും മെലിയാനും മറ്റും സമയം കൊടുക്കേണ്ടി വന്നു. സെറ്റിട്ടിരിക്കുന്ന സ്ഥലത്തു കടലില്ല. അതു  ഗ്രാഫിക് ചെയ്തതാണ്. അതുകൊണ്ടു തന്നെ കടലില്ലാത്ത സ്ഥലത്തു നിന്നു സംസാരിക്കുമ്പോൾ കാറ്റിന്റെയും കടലിന്റെയും ‌‌ശബ്ദത്തിൽ സംസാരിക്കുന്നതു പോലെ അഭിനയിക്കേണ്ടി വന്നു. അതെല്ലാം കൃത്യമാണോ എന്നു നോക്കുക പോലും    വലിയ ജോലിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA