‌‌ഷിബുവിനെ കൊല്ലാൻ ആളെ ഏര്‍പ്പാടാക്കിയത് ഞാൻ തന്നെ: ‘മാലിക്കിലെ പീറ്റർ’ പറയുന്നു

dinesh-prabhakar
SHARE

സിനിമയിൽ നല്ലൊരു വേഷം ലഭിക്കാൻ ഒത്തിരി അലഞ്ഞിട്ടുണ്ട് ദിനേശ് പ്രഭാകർ. ആ അലച്ചിലുകളാണ് അദ്ദേഹത്തിനുള്ളിലെ നടനെ പരുവപ്പെടുത്തിയതും. സിനിമയിലെ വേഷങ്ങളുടെ വലിപ്പചെറുപ്പമൊന്നും ദിനേശിന് പ്രശ്നമല്ല. സിനിമയിലുണ്ടാവുക എന്നതു തന്നെ ഏറെ ആഹ്ലാദം പകരുന്ന അനുഭവമല്ലേയെന്ന് ദിനേശ് ചോദിക്കും. ആർട് ഫിലിം ഡയറക്ടർ, കാസ്റ്റിങ് ഡയറക്ടർ എന്നിങ്ങനെ പലതരം റോളുകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകരുടെയുള്ളിൽ കയറുന്ന വേഷങ്ങൾക്കു വേണ്ടിയാണ് ദിനേശ് കാത്തിരുന്നത്. അതിനൊരു ഉത്തരം നൽകിയത് ഈ കോവിഡ് കാലമാണ്. 

ഏറെ ചർച്ചയായ ദൃശ്യം–2ലെ സെക്യൂരിറ്റി കഥാപാത്രം രാജനു ശേഷം മിന്നുന്ന പ്രകടനവുമായാണ് മാലിക്കിൽ ദിനേശ് എത്തിയത്. ഫഹദിനും വിനയ് ഫോർട്ടിനുമൊപ്പം പ്രത്യക്ഷപ്പെടുന്ന ദിനേശിന്റെ പീറ്റർ എസ്തപ്പാനിൽ പ്രേക്ഷകർ കണ്ടത് ഇതുവരെ കണ്ടുപരിചയിച്ച ദിനേശ് പ്രഭാകറിനെയല്ല. ആദ്യ കാഴ്ചയിൽ തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ ആഴവും പരപ്പും പീറ്റർ എസ്തപ്പാനുണ്ടെന്ന് സൂക്ഷ്മമായ കാഴ്ചയിൽ തെളിഞ്ഞു വരും.  മാലിക്കിന്റെ അനുഭവങ്ങളും വിശേഷങ്ങളുമായി ദിനേശ് പ്രഭാകർ മനോരമ ഓൺലൈനിൽ.

മീശമാധവൻ മുതൽ മാലിക് വരെ

മലയാളത്തില്‍ ഞാൻ വന്നിട്ട് 19 വര്‍ഷം കഴിഞ്ഞു. 2002 ല്‍ മീശമാധവനിലാണ് ചെറിയൊരു വേഷത്തിലൂടെ വരുന്നത്. സിനിമയില്‍ പ്രത്യേകിച്ച് പരിചയമൊ ഗോഡ്ഫാദര്‍മാരോ അങ്ങനെ ആരും ഇല്ലാതെ, അവസരം അന്വേഷിച്ചു നടന്ന്, ചെറിയ ചെറിയ വേഷങ്ങള്‍  ചെയ്താണ് ഞാൻ സിനിമയിൽ എത്തുന്നത്. അന്നും ഇന്നും വേഷത്തിന്റെ വലിപ്പ ചെറുപ്പത്തെക്കുറിച്ച് നോക്കാറില്ല. ഈ രംഗത്തോടുള്ള താല്പര്യവും അഭിനയത്തോടുള്ള പാഷനും കാരണം ഇതിൽ നിൽക്കുകയാണ്. ഇത്രയും വര്‍ഷം ഞാന്‍ അഭിനയിച്ചിട്ട് സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ ഞാൻ തിരച്ചറിയപ്പെട്ടത് വളരെ അപൂർവമായേ സംഭവിച്ചിട്ടുള്ളൂ. ലുക്കാചിപ്പിയിലെ ബെന്നി ചാക്കോ, ദൃശ്യം 2ലെ സെക്യൂരിറ്റി രാജൻ എന്നിവയെല്ലാം അതുപോലെ തിരിച്ചറിഞ്ഞ കഥാപാത്രങ്ങളായിരുന്നു. അതിനുശേഷം, കഥാപാത്രത്തിന്റെ പേരിൽ പ്രേക്ഷകർ എന്നെ വിളിക്കുന്നത് മാലിക്കിലാണ്. സിനിമ റിലീസ് ആയതിനു ശേഷം പീറ്റർ എന്നാണ് പലരും എന്നെ വിളിക്കുന്നത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമാണ്. 

dinesh-prabhakar-malik

പീറ്റർ എസ്തപ്പാൻ എന്ന ചാലഞ്ച്

റിവേഴ്സ് പ്രോസസങ്ങിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. നമ്മള്‍ എല്ലാവരും പ്രായമായ ഗെറ്റപ്പില്‍ നിന്ന് തിരിച്ച് ചെറുപ്പത്തിലേക്കുള്ളൊരു പോക്കായിരുന്നു. ഗെറ്റപ്പ് മാറുന്നതിനു വേണ്ടി ഷൂട്ടിന് ഇടയിൽ ഗ്യാപ്പുണ്ടായിരുന്നു. ഒരേ സ്ഥലത്ത് എടുക്കേണ്ട സീനുകൾ ഒരുമിച്ചു ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം, കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഞങ്ങളുടെ ഗെറ്റപ്പും മാറ്റണമല്ലോ. ഒരു ലൊക്കേഷനിൽ മാസങ്ങളുടെ ഇടവേളയിൽ പലതവണ പോയിട്ടാണ് അതെല്ലാം എടുത്തത്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായി. അതൊരു ചലഞ്ചായി എല്ലാവരും ഏറ്റെടുത്തു. ഓട്ടം... ചാട്ടം... കടലില്‍ ബോട്ട് ഓടിക്കൽ... ബൈക്ക് ഓടിക്കൽ... വെടിവെപ്പ്... ലാത്തി ചാര്‍ജ്... അങ്ങനെ ശാരീരികമായി ഏറെ സ്ട്രെയിന്‍ ചെയ്യേണ്ട ഒത്തിരി സംഭവങ്ങള്‍ ഉണ്ടായിരുന്നു. 

വിനയ് ഫോർട്ടിന് വെടിയേറ്റ് ഓടുന്നതിന് ഇടയിൽ പള്ളിയുടെ ഓട് പൊളിച്ചു വീഴുന്ന സീനുണ്ട്. അതിൽ വീണ് എന്റെ കാലുളുക്കി നീരു വച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ആ വേദന മാറിയത്. ഇത് ചെറുത്. ഫഹദിനാണെങ്കിൽ ഫയറിങ് സീക്വൻസുണ്ട് ചെയ്യാൻ! അതൊക്കെ റിയലായി ചെയ്യുകയായിരുന്നു. റബര്‍ ബുള്ളറ്റ്സ് ഉപയോഗിച്ചാണ് ഫയറിങ് ചെയ്തത്. ചില പടത്തില്‍ നമ്മള്‍ ഒത്തിരി സ്ട്രെയിന്‍ എടുത്തൊക്കെ ചെയ്യുമെങ്കിലും അത് ആള്‍ക്കാരില്‍ റീച്ച് ആയില്ലെങ്കില്‍ ആ സ്ട്രെയിനിന് പ്രത്യേകിച്ച് ഗുണം ഉണ്ടാകുകയില്ല. നമ്മള്‍ അഭിനയിക്കാന്‍ പോയതിന്റെ പൈസ കിട്ടും; പക്ഷേ മാനസികമായിട്ട് ഒരു സന്തോഷം കിട്ടില്ല. സത്യത്തില്‍ ആര്‍ട്ടിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് രണ്ടാമത് പറഞ്ഞ കാര്യമാണ് കുറെപേര്‍ ഇതിനെ പറ്റി സംസാരിക്കുമ്പോഴാണ് അവര്‍ക്കൊരു സന്തോഷം  കിട്ടുന്നത്. 

ആ ഫോൺ കോളും അപ്പാനി ശരത്തിന്റെ മരണവും

കുറെ പേർ പടം കണ്ടിട്ട് വിളിച്ചു പറഞ്ഞത് സിനിമ ഭയങ്കര ഇമോഷനലാണ്... കുറച്ചു നേരത്തേക്ക് വേറെ ഒന്നും ആലോചിക്കാന്‍ പറ്റുന്നില്ല, എന്നാണ്. സിനിമ ഇങ്ങനെ മനസില്‍ കിടക്കുകയാണെന്നാണ് പറയുന്നത്. അവര്‍ക്ക് അതിന്റെ ടെക്നിക്കല്‍ ഡീറ്റൈല്‍സ് ഒന്നും നോക്കാന്‍ പറ്റിയിട്ടില്ല. അതിന് വേണ്ടി ഒന്നൂടി കാണണം എന്നാണ് പറയുന്നത്. അപ്പാനി ശരത്തിനെ ബോംബ് എറിഞ്ഞു കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കുന്നത് ഞാനാണ്. പക്ഷേ അത് ആദ്യ കാഴ്ചയില്‍ പെട്ടെന്നു മനസ്സിലാകില്ല. ഇന്ദ്രന്‍സ് ചേട്ടന്‍ അലീക്കയെ തീർക്കുന്ന കാര്യം പറയുമ്പോൾ 'അലീക്കാനെ കൊന്നിട്ടില്ല പ്രതികാരം തീര്‍ക്കേണ്ടത്' എന്നു പീറ്ററിന്റെ ഒരു ഡയലോഗ് ഉണ്ട്. 'നിങ്ങള്‍ കിളവന്‍മാരൊക്കെ ചാകാത്തതു കൊണ്ടാണ് ഞങ്ങള്‍ രക്ഷപെടാത്തത്' എന്നു അപ്പാനി ശരത് പറഞ്ഞിട്ട് ഇന്ദ്രൻസിനോട് പറയുന്നു, 'സാറെ ഞാന്‍ കൊല്ലാം... എനിക്ക് മലേഷ്യയില്‍ പോകാന്‍ പാസ്പോര്‍ട്ട് തന്നാല്‍ മതി' എന്ന്. ആ ഷോട്ടിൽ ഞാന്‍ ഫോണ്‍ ഡയൽ ചെയ്തിട്ട് മാറുന്നുണ്ട്. അങ്ങനെ ഒരുപാടു കാര്യങ്ങൾ ആദ്യ കാഴ്ചയിൽ ചിലപ്പോൾ മിസ് ആകും. അടുത്ത കാഴ്ചയിലെ അതെല്ലാം കിട്ടുള്ളൂ.

dinesh-malik

ഒരു അഡജസ്റ്റ്മെന്റും നടക്കില്ല

ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ മഹേഷേട്ടന് വലിയ നിർബന്ധം ഉണ്ടായിരുന്നു. വിനയ് ഫോര്‍ട്ടിന്റെ ഒരു ചെറിയ പ്രശ്നം എന്താണെന്നു വച്ചാൽ, അവന്‍ നോര്‍മലി സംസാരിച്ചാലും ഒരു ഫോര്‍ട്ട് കൊച്ചി ഭാഷ വരും. ഷൂട്ടിങ്ങിന് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു പറഞ്ഞിട്ട് ഡബ്ബിങിൽ കറക്ട് ചെയ്താല്‍ പോരെ എന്നു ഞാൻ മഹേഷേട്ടനോട് ചോദിച്ചു. ഇവിടെ തന്നെ കറക്ട് ചെയ്താലെ ഡബ്ബിങിൽ കിട്ടൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാധാരണ സ്ലാങ്ങ് ഒക്കെ ചെയ്യുമ്പോള്‍ ഷൂട്ടിങ് സമയത്ത് അതു തെറ്റി പറഞ്ഞാലും ഡബ്ബിങ്ങില്‍ അഡ്ജസ്റ്റ് ചെയ്ത് പിടിക്കാറാണ് പതിവ്. മാലിക്കിൽ അങ്ങനെ ആയിരുന്നില്ല. 

മഹേഷേട്ടന്‍ സ്ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ തിരുവനന്തപുരത്തു പോയിരുന്ന് ആ ശൈലി കറക്ട് ചെയ്താണ് എഴുതിയത്. ആ സ്ക്രിപ്റ്റ് അങ്ങനെ തന്നെ പറഞ്ഞാല്‍ മതിയായിരുന്നു. എന്നിട്ടും നമുക്ക് തെറ്റിയാലോ എന്നു കരുതി തിരുവനന്തപുരത്ത് നിന്ന് ആളെ പ്രത്യേകം വരുത്തിച്ചു. ഡബ്ബിങ് സമയത്തും സഹായിക്കാൻ ആളുകളുണ്ടായിരുന്നു. നമ്മള്‍ എന്തു ചെയ്തിട്ടാണെങ്കിലും ഇതു പറഞ്ഞേ മതിയാകൂ. സ്ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പറയും, ഇതിൽ ഒരു അഡജസ്റ്റ്മെന്റും നടക്കില്ല എന്ന്. 

'അഭിനയത്തിൽ ഡ്രാമ വേണ്ട'

വിനയ് ഫോർട്ടും ഞാനും സെറ്റിൽ എപ്പോഴും ഒരുമിച്ചായിരുന്നു. പാടത്തും പറമ്പിലും ഒക്കെ ഷൂട്ടിങ് ആയതു കൊണ്ട് ഡ്രസ് ഒക്കെ മാറാനായി ഒരു ക്യാരവന്‍ തന്നിരുന്നു. ഞാനും വിനയും ആണ് ഈ ക്യാരവന്റെ അകത്ത്. അപ്പോള്‍ വിനയ് ഇടയ്ക്ക് പറയും, 'ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്' എന്ന്. ആറു മാസം പരസ്പരം സഹിക്കണമല്ലോ. എവിടെ പോകണമെങ്കിലും ഒരേ വണ്ടിയിലാണ് ഞങ്ങള്‍ പോകുന്നതും വരുന്നതുമെല്ലാം. വിനയ് ഫോർട്ടിന് ആദ്യം ഭയങ്കര ഒരു സ്ട്രെയിനായിരുന്നു. 

dinesh-prabhakar-malik-q

ആദ്യത്തെ ദിവസം ഒരു ഷോട്ടില് 20 ടേക്ക് പോകേണ്ടി വന്നു. ഇടയ്ക്ക് വിനയ് പറഞ്ഞു, ഈ പരിപാടി നിര്‍ത്തിയാലോ എന്ന്. നമ്മള്‍ ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത് ഒന്നും ശരിയല്ലെ എന്നൊരു തോന്നലൊക്കെ വന്നു തുടങ്ങി. മഹേഷേട്ടൻ പറയുന്നത് വേറെ രീതിയിലാണ്. അദ്ദേഹം പറഞ്ഞത് ഈ സ്ക്രിപ്റ്റിൽ ഒരു ഡ്രാമയുണ്ട്. അഭിനയത്തിലും ഡ്രാമ വന്നാൽ പ്രേക്ഷകർക്കു കാണുമ്പോള്‍ നാടകം പോലെ ഫീല്‍ ചെയ്യും. അപ്പോള്‍ ആ ഡ്രാമ നമ്മള്‍ കട്ട് ചെയ്യണം. ഭയങ്കര നാച്ചുറല്‍ ആയിരിക്കണം അഭിനയം. അതായത് സിനിമാറ്റിക് ആയിട്ട് വേണ്ട... ഒറിജിനലായിട്ട് എങ്ങനെയാണൊ അതു മതി എന്ന്. ഇതെല്ലാം ഞങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു. 

സെറ്റിൽ കണ്ട മഹേഷ് നാരായണൻ

അഭിനേതാക്കൾ നേരിട്ട ബുദ്ധിമുട്ടിനേക്കാൾ വലിയ സ്ട്രെയിനാണ് മഹേഷേട്ടനൊക്കെ നേരിട്ടത്. ഷൂട്ടിന്റെ സമയത്ത് ഫുഡ് ബ്രേക്ക് പറഞ്ഞാലും അവർ ക്യാരവനിലേക്കൊന്നും വരില്ല. നല്ല പൊരിവെയിലത്ത് നിന്നാണ് അവരൊക്കെ ഭക്ഷണം കഴിക്കുന്നത്. ആ വെയിലിലാണ് ലാത്തി ചാര്‍ജും കല്ലേറുമൊക്കെ ഷൂട്ട് ചെയ്യുന്നത്. ലഞ്ച്് ബ്രേക്കിന് 10 മിനിറ്റ് ക്യാരവനിൽ കേറി ഇരിക്കാമല്ലോ എന്നു പറഞ്ഞ് ഞങ്ങള്‍ ഓടി വരും. പക്ഷേ, അവര്‍ വരില്ല. അവരാ നിൽക്കുന്ന സ്പോട്ടില്‍ തന്നെ നിന്ന്, ഭക്ഷണം വേഗം കഴിച്ച്, അടുത്തത് പ്ലാന്‍ ചെയ്യും. അവരൊന്ന് ഇരിക്കുക പോലും ചെയ്യുന്നില്ല. മഹേഷേട്ടനൊക്കെ രാവിലെ 5 മണിക്ക് വന്ന് രാത്രി 9 മണിക്ക് പാക്ക്അപ് ആകുന്നതു വരെ നില്‍ക്കുകയാണ്. അവർക്ക് എത്രമാത്രം സ്ട്രെയിന്‍ ഉണ്ട് എന്ന് ഞാന്‍ ആലോചിക്കും. നമുക്ക് ഇടയ്ക്ക് ഷോട്ടില്ലാത്ത സമയത്ത് വന്ന് വെള്ളം കുടിക്കാം അതുമിതുമൊക്കെ ചെയ്യാം. പക്ഷേ അതിന്റെ ഇരട്ടി സ്ട്രെയിനെടുത്ത് അത്രയും പേര്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

vinay-forrt-malik

മാലിക് നൽകിയ അനുഭവം

വലിയൊരു അനുഭവമായിരുന്നു മാലിക്ക് എന്ന പടം. ഹെവി സീക്വൻസ് ഒക്കെ മഹേഷേട്ടൻ എടുക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. നാളെ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും ഇവരോടൊക്കെ എനിക്ക് കടപ്പാട് എഴുതി കാണിക്കേണ്ടി വരും. ഇതിൽ നിന്ന് പഠിച്ച കാര്യങ്ങളായിരിക്കും ഞാൻ ചെയ്യുന്നുണ്ടാവുക. ആക്ടിങ്ങിന്റെ കാര്യത്തിൽ പോലും വേറൊറു സ്കൂളായിരുന്നു അത്. ഞാനിങ്ങനെ ചെയ്തോട്ടെ എന്നൊന്നും ചോദിക്കേണ്ടി വന്നിട്ടില്ല. കാരണം. ഇങ്ങനെ മതി എന്ന് ആദ്യമേ പറയും. അതിൽ നമ്മൾ കൺവിൻസ്ഡ് ആണ്. ചില സംവിധായകർ ഡയറക്‌ഷനിൽ ഭയങ്കര ബ്രില്യന്റ് ആയിരിക്കും. അവർക്ക് ഒരു പക്ഷേ, സാങ്കേതിക പരിജ്ഞാനം ഉണ്ടാകണമെന്നില്ല. മഹേഷേട്ടൻ അക്കാര്യത്തിൽ മാസ്റ്റർ ആണ്. അനാവശ്യമായി ഒരു ഷോട്ട് പോലും ഉണ്ടാവില്ല. വിനയ് ഇടയ്ക്കെന്നെ വിളിച്ചിട്ട് പറയുകയായിരുന്നു. ഇതുപൊലൊരു എക്സ്പീരിയൻസ് നമുക്കിനി കിട്ടില്ല എന്ന്. 

malik-vinay-3

ഇനി തമിഴിലേക്കും ഹിന്ദിയിലേക്കും

ഈ മൂന്ന് വർഷത്തിൽ ആകെ രണ്ട് പടത്തിലാണ് ഞാൻ ആകെ അഭിനയിച്ചത്. ദൃശ്യം 2ഉം മാലിക്കും. ഇത് രണ്ടും ശ്രദ്ധിക്കപ്പെട്ടു എന്നത് വലിയ ഭാഗ്യമാണ്. പ്രേക്ഷകരുടെ മുൻപിൽ സജീവമായി നിൽക്കുന്നതിന് ഈ സിനിമകൾ സഹായിച്ചു. ഇതിനിടയിൽ ഫാമിലിമാൻ സീരീസിൽ അഭിനയിച്ചിരുന്നു. ഹിന്ദിയിൽ രണ്ടു വെബ് സീരീസിൽ അഭിനയിച്ചു കഴിഞ്ഞു. രണ്ടിലും മുഖ്യ വേഷങ്ങളാണ് ചെയ്യുന്നത്. അതുടനെ റിലീസ് ആകും. കൂടാതെ തമിഴിൽ അജിത്തിന്റെ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പണ്ട് ജോലി തേടി നാടു വിട്ട് കുറെ അലഞ്ഞ ഒരു ഭൂതകാലം ഉള്ളതുകൊണ്ട് ഭാഷയൊന്നും പ്രശ്നമല്ല. ഹിന്ദി, തമിഴ്, ഗുജറാത്തി... എല്ലാം വഴങ്ങും. ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. സമയമാകുമ്പോൾ അതും നടക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA