ആദ്യ 12 മിനിറ്റ് ഒറ്റ ടേക്കല്ല: മാലിക്കിന്റെ അകക്കണ്ണ്; സാനു ജോൺ വർഗീസ് അഭിമുഖം

sanu-john-varghese
സനു ജോൺ വർഗീസ്, മഹേഷ് നാരായണൻ, ഫഹദ് ഫാസിൽ. ചിത്രങ്ങൾ എ.ജെ. ജോജി ഫൊട്ടോഗ്രഫി
SHARE

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാലിക്കിന്റെ മെയ്ക്കിങ് വിഡിയോ പുറത്തിറങ്ങിയപ്പോഴാണ് തിരശീലയിൽ കണ്ട കാഴ്ചകളുടെ പിന്നിലെ അധ്വാനത്തെക്കുറിച്ച് പ്രേക്ഷകർ അദ്ഭുതം പൂണ്ടത്. 12 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓപ്പണിങ് സീൻ മുതൽ വികാരപ്രക്ഷുബ്ദമായ ക്ലൈമാക്സ് സീക്വൻസ് വരെ കണ്ണെടുക്കാതെ കണ്ടതിൽ പലതും സമർത്ഥമായ ഫിലിംമെയ്ക്കിങ് സങ്കേതങ്ങളിലൂടെ സാധ്യമാക്കിയതാണെന്ന് അറിയുമ്പോൾ ആരുടെ കണ്ണിലും കൗതുകം നിറയും. മലയാളത്തിലെ അതിപ്രഗത്ഭരമായ സാങ്കേതികവിദഗ്ദരുടെ മാസങ്ങൾ നീണ്ട പരിശ്രമമുണ്ട് ഈ ചിത്രത്തിനു പിന്നിൽ. 

മാസ്റ്റർ ക്രാഫ്റ്റ്മാൻ മഹേഷ് നാരായണൻ അതിന്റെ അമരത്തിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം ദൃശ്യാവിഷ്കാരത്തിൽ കട്ടയ്ക്ക് നിന്നത് ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആയിരുന്നു. വിശ്വരൂപം, വസീർ, ബദായി ഹോ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയും ഇലക്ട്ര, ടേക്ക് ഓഫ് എന്നീ മലയാള ചിത്രങ്ങളിലൂടെയും മികവ് തെളിയിച്ച സാനു ജോണിന്റെ ആദ്യ സംവിധാനസംരംഭമായ 'ആർക്കറിയാം' പ്രേക്ഷകർക്കു മുൻപിലെത്തിയത് ഈ കോവിഡ് കാലത്തായിരുന്നു. മാലിക്കിലുപയോഗിച്ച സങ്കേതങ്ങളെക്കുറിച്ചും ആ സിനിമയുടെ അനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സാനു ജോൺ വർഗീസ് മനോരമ ഓൺലൈനിൽ 

ആദ്യ 12 മിനിറ്റ് ഒറ്റ ടേക്കല്ല

മാലിക്കിലെ ആദ്യ 12 മിനിറ്റ് ഒറ്റ ടേക്കല്ല. ഒറ്റ ഷോട്ടാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അതിനെ എഡിറ്റ് ചെയ്തെടുത്തിരിക്കുന്നതാണ്. അതു കാണുമ്പോൾ എവിടെയും കട്ട് ചെയ്തതായി പ്രേക്ഷകർക്ക് അനുഭവപ്പെടില്ല. ഇപ്പോൾ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് അതു ചെയ്തത്. കയ്യടക്കത്തോടെ അതു ചെയ്യുക എളുപ്പമല്ല. ഉദാഹരണത്തിന് ആൽഫ്രഡ് ഹിച്കോക്കിന്റെ റോപ് (Rope) എന്ന സിനിമ. ആ ചിത്രം ഒറ്റ ഷോട്ട് ആയാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക.

sanu3
ചിത്രങ്ങൾ എ.ജെ. ജോജി ഫൊട്ടോഗ്രഫി

എന്നാൽ അതൊരു ഫിലിം മേക്കിങ് ടെക്നിക് ആണ്. അതുപോലെ സാം മെൻഡെസിന്റെ 1917 എന്ന ചിത്രം. അതും ഒറ്റ ഷോട്ടായാണ് അനുഭവപ്പെടുക. അതിനു മുൻപാണ് നമ്മൾ മാലിക് ചെയ്തത്. നമ്മളും ഏതാണ്ട് സമാനമായ ആശയമാണ് നടപ്പിലാക്കിയത്. ആ ടെക്നോളജി എങ്ങനെ ഉപയോഗിക്കണമെന്നു മനസിലാക്കി അതു ചെയ്യുകയായിരുന്നു. 

sanu-john-mahesh
ചിത്രങ്ങൾ എ.ജെ. ജോജി ഫൊട്ടോഗ്രഫി

എന്തുകൊണ്ട് അത്തരമൊരു ഷോട്ട്?

മാലിക്കിലെ ആദ്യ 12 മിനിറ്റ് എന്നു പറയുന്നത് 'അവതാരിക' എന്നോ 'ആമുഖ'മെന്നോ വിളിക്കാവുന്ന ഒന്നാണ്. സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ വൈകാരിക പശ്ചാത്തലത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനൊപ്പം കഥയുടെ പ്രധാന വഴിത്തിരിവിലേക്ക് അവരെ കൊണ്ടെത്തിക്കുന്നുമുണ്ട് ആ ഷോട്ട്. ഇക്കാര്യങ്ങളെല്ലാം ആ ഒറ്റ ഷോട്ടിലൂടെ സൗന്ദര്യാത്മകമായി സംവദിക്കുന്നു. മഹേഷ് ഒറ്റ ഷോട്ട് ആയിട്ടു തന്നെയാണ് ആദ്യത്തെ 12 മിനിറ്റിനെ കണ്ടിരുന്നത്. അതിനെ ആദ്യം എതിർത്തതും ഞാനായിരുന്നു. ഇത്രയധികം കാര്യങ്ങൾ സംവദിക്കാനുള്ളപ്പോൾ കട്ട് ചെയ്തെടുക്കുന്നതല്ലേ നല്ലതെന്നായിരുന്നു എന്റെ അഭിപ്രായം. 

sanu-malik-4
ചിത്രങ്ങൾ എ.ജെ. ജോജി ഫൊട്ടോഗ്രഫി

പക്ഷേ മഹേഷ് എന്റെ സന്ദേഹങ്ങൾ മാറ്റിയെടുത്തു. പിന്നെ, അതിനകത്ത് വലിയൊരു ടെക്നിക്കൽ ചലഞ്ചുണ്ട്. അതു വരുമ്പോഴാണല്ലോ നമ്മളും ഉഷാറാകുന്നത്. ആദ്യ ഷെഡ്യൂളിലായിരുന്നു ഇതിന്റെ ഷൂട്ട്. അതിനു മുന്നോടിയായി ലൈറ്റിങ് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് പഠിച്ചു.

sanu-malik

ലൊക്കേഷനും കഥാപാത്രങ്ങളും മാറുന്നതിനൊപ്പം ക്യാമറയും സഞ്ചരിക്കുകയാണല്ലോ. അതിനുസരിച്ച് ലൈറ്റിങ് മാറണം. ഇതു കൃത്യമായി പകർത്താൻ സാധിക്കുന്ന ക്യാമറയും ലെൻസും കണ്ടെത്തണം. വിശദമായ അന്വേഷണത്തിനൊടുവിൽ ഒറ്റ ക്യാമറയും ലെൻസും ഉപയോഗിച്ചാണ് ആ രംഗം നമ്മൾ ചിത്രീകരിച്ചത്. 

sanu-malik-car

ചിത്രീകരണത്തിലെ വെല്ലുവിളികൾ

12 മിനിറ്റ് ഷോട്ട് മൂന്നു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തെടുത്തത്. 150–200 ജൂനിയർ ആർടിസ്റ്റുകൾ അതിലുണ്ടായിരുന്നു. ലൈറ്റിങ് സങ്കീർണമായിരുന്നു. ഒരു കൊറിയോഗ്രഫിയിലാണ് ആ സീൻ മൊത്തം എടുത്തത്. അതായത് ഒരു ഡാൻസ് ചെയ്യുമ്പോൾ സ്റ്റെപ്പുകൾ താളത്തിന് അനുസരിച്ച് എണ്ണി ചെയ്യാറുണ്ടല്ലോ. അതുപോലെ 1, 2, 3.... എന്നിങ്ങനെ നമ്പറുകൾ എണ്ണും. ആ എണ്ണുന്നതിന്റെ കണക്കിലാണ് ഓരോരുത്തരും അവരുടെ ആക്ഷനും പൊസിഷനും എല്ലാം ചെയ്യുന്നത്.

sanu-malik-scene

കഥാപാത്രങ്ങൾ മാറുന്നതിന് അനുസരിച്ച് ലൈറ്റിങ്ങും മാറും. അതും ഈ എണ്ണുന്ന നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തിയത്. ഒരു കൊറിയോഗ്രഫി വേദിയിൽ അവതരിപ്പിക്കുന്നതു പോലെ മൊത്തം രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഒറ്റ ഷോട്ടോ സിംഗിൾ ടേക്കോ ഒന്നുമല്ല കാര്യം.

sanal-aman-sanu

ആത്യന്തികമായി കഥ എത്ര ഫലപ്രദമായി പറയുന്നു എന്നതിലാണ് കാര്യമുള്ളത്. അക്കാര്യത്തിൽ മാലിക്കിൽ ഈ രംഗം ആസ്വാദ്യകരമായിട്ടാണ് എനിക്ക് തോന്നിയത്. വളരെ രസമുള്ള നൈസർഗിക പ്രക്രിയ ആയിരുന്നു അത് 

red-sanu

മുൻപിൽ നിൽക്കേണ്ടത് ക്യാമറയല്ല, കഥ

സാങ്കേതികമായി പറഞ്ഞാൽ ലോവർ ഡ്രമാറ്റിക് ഗ്രാഫിലാണ് മാലിക്കിൽ ഫൊട്ടോഗ്രഫിയെ നിറുത്തിയിരിക്കുന്നത്. അതായത്, കഥയ്ക്കപ്പുറത്ത് ക്യാമറ പോകാത്ത രീതിയിലാണ് എടുത്തത്. മാലിക് ഒരു പുരുഷകേന്ദ്രീകൃതമായ മാസ് സിനിമയാണ്. തുല്യപ്രധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഏതു ഭാഷയിലും ഏതു കാലത്തും കാണാവുന്ന സിനിമകളുടെ ഘടനയിലാണ് ഈ സിനിമ നിൽക്കുന്നത്. അതിലൊരു നാടകീയതയുണ്ട്.

jalaja-sanu

ഫഹദിന്റെ പ്രകടനം തീർച്ചയായും എന്റെ ക്യാമറയേയും സ്വാധീനിക്കും. അദ്ദേഹത്തിന്റെ പ്രകടനത്തെ ഏറ്റവും മിഴിവാർന്ന വിധത്തിൽ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലേ ഞാൻ ക്യാമറ ഉപയോഗിക്കാവൂ.

sanu-malik0e

തിരക്കഥാകൃത്തും സംവിധായകനും പറയുന്ന കഥയെ പിന്താങ്ങുന്ന ഒരു ടൂൾ ആണ് ക്യാമറ. അതിനപ്പുറം പോകാൻ പാടില്ല. കഥയാണ് മുൻപിൽ നിൽക്കേണ്ടത്. അതിനപ്പുറമുള്ള അംഗീകാരം ക്യാമറയ്ക്ക് വേണോ എന്നതിൽ എനിക്ക് സംശയമുണ്ട്. 

sanu-john-3

കളമശേരിയിൽ ഷൂട്ട് ചെയ്ത തീരദേശം

മാലിക്കിൽ കാണിക്കുന്ന തീരദേശഗ്രാമം മുഴുവൻ കളമശേരിയിലാണ് സെറ്റിട്ട് ഷൂട്ട് ചെയ്തത്. കടലിലെ ഭാഗങ്ങൾ കുളച്ചലിൽ നിന്നെടുത്തു. ഇതു രണ്ടും കൃത്യമായി സിങ്ക് ചെയ്തെടുക്കാൻ സിനിമാറ്റിക് സാധ്യതകൾ ഉപയോഗപ്പെടുത്തി. സിനിമയിലെ റിയാലിറ്റിയെ നമ്മൾ സൃഷ്ടിച്ചെടുക്കുന്നതാണല്ലോ. അതു കാഴ്ചയുടെ ഒരു സാധ്യതയാണ്.

sanu-john-mahesh-narayanan

ചില ദൃശ്യങ്ങളിലൂടെ പലതും പ്രേക്ഷകരെ അനുഭവിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന് 10 നിലയിലുള്ള കെട്ടിടം ഒൻപതാമത്തെ നിലയിൽ നമ്മൾ കട്ട് ഓഫ് ചെയ്തു കാണിച്ചാൽ പ്രേക്ഷകരുടെ ഭാവനയിൽ അത് ഒരു പക്ഷേ 25 നിലയുള്ള കെട്ടിടമായി അനുഭവപ്പെടാം.

sanu-mahsh-m

പത്താമത്തെ നില കൂടി കാണുന്ന തരത്തിൽ ഫ്രെയിം വച്ചാൽ‌ നമ്മൾ പറയുന്നത് ഈ കെട്ടിടത്തിന് പത്തു നിലയേ ഉള്ളൂ എന്നാണ്. ഇതാണ് വ്യത്യാസം. പ്രേക്ഷകരുടെ ഭാവനയിലാണ് ദൃശ്യത്തിന്റെ വ്യാപ്തി കിടക്കുന്നത്. അതിനുള്ള സൂചനകൾ നമ്മൾ കൊടുക്കും. നമ്മൾ കാണിക്കുന്നതല്ല, അതിൽ നിന്നു പ്രേക്ഷകർ ചിന്തിച്ചെടുക്കുന്നതാണ് സിനിമയുടെ കാഴ്ച. പ്രേക്ഷകർ മണ്ടന്മാരല്ല എന്നു കരുതി വേണം സിനിമ ചെയ്യാൻ.  

sanu-fahadh

ഒടിടിയിൽ പൊളിയുന്ന സിനിമയുടെ പെർഫെക്‌ഷൻ

ഇന്നത്തെ നമ്മുടെ അറിവു വച്ച് ഫലപ്രദമായി കുറെ കാര്യങ്ങൾ മാലിക്കിൽ ചെയ്യാൻ കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം. അഞ്ചാറു വർഷം കഴിയുമ്പോൾ ഇതിനു മാറ്റം വരാം. എന്തായാലും കഥ പറയാനുള്ള നമ്മുടെ അറിവിനെ തീർച്ചയായും ഈ സിനിമ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ഒറ്റ കാഴ്ചയിൽ അവസാനിക്കുമായിരുന്നത്, ഒടിടിയിൽ പലയാവർത്തി കാണാവുന്ന ഒന്നായി മാറി. ഓരോ രംഗവും നിറുത്തി നിർത്തി കാണാനുള്ള സൗകര്യം ഒടിടിയിലുണ്ട്.

sanu-work

അതുകൊണ്ട്, ഒടിടിയിൽ വേറെ ലെവലിൽ പെർഫെക്ഷൻ വേണം. തിയറ്ററിൽ പിന്നെയും വെട്ടിപ്പ് നടത്താം. തിയറ്ററിനു വേണ്ടി ചെയ്യുമ്പോൾ ഒറ്റ കാഴ്ചയുടെ റിയാലിറ്റിയിലാണ് നമ്മൾ സിനിമ ഒരുക്കുന്നത്. ആ കാഴ്ചയുടെ സമയത്ത് 'റിയൽ' ആയി തോന്നിപ്പിക്കുകയേ വേണ്ടൂ. പ്രത്യേകിച്ചും മലയാള സിനിമയുടെ കാര്യത്തിൽ പെർഫെക്ഷനു വേണ്ടി കാശു ചെലവാക്കാനും മിനക്കെടാനും പലരും പോകാറില്ല. എന്നാൽ, ഒടിടിയിൽ കഥ വേറെയാണ്. 

പെർഫെക്ടാണെങ്കിൽ കാലത്തിനപ്പുറം നിൽക്കും

കാലഘട്ടം മാറുമ്പോൾ ഇന്നു നാം 'പെർഫക്ട്' ആണെന്നു കരുതുന്ന വർക്കുകളിൽ പോലും പോരായ്മകൾ കാണാൻ കഴിയും. ഉദാഹരണത്തിന് സ്പീഷീസ് (Species) എന്ന ചിത്രം എനിക്ക് ഭയങ്കരമായി വർക്ക് ആയ പടമായിരുന്നു. ഈയടുത്ത കാലത്ത് കണ്ടു നോക്കിയപ്പോൾ അത് ഒട്ടും വർക്ക് ആകുന്നില്ല.

mahesh-sanu-3

അതേസമയം 2001: A Space Odyssey ഇപ്പോഴും വർക്ക് ആകും. അന്ന് കാണാൻ സാധിക്കാതെ പോയ പല ഡീറ്റെയ്‍ലിങ്ങും ഇന്നു കണ്ടെത്താൻ കഴിയുന്നു.

fahadh-sanu-malik

അതുപോലെ ടെർമിനേറ്റർ! ശ്യാം ബെനഗലിന്റെ സിനിമകൾ... കെ.ജി ജോർജിന്റെ ഇരകൾ... അങ്ങനെ കാലത്തിനപ്പുറം നിൽക്കുന്ന നിരവധി സിനിമകളുണ്ട്. എന്നോടിപ്പോൾ ചോദിച്ചാൽ മാലിക്കിൽ എനിക്ക് പിഴവ് മാത്രമേ കാണാൻ കഴിയുന്നുള്ളൂ. പല പ്രാവശ്യം കണ്ടു കണ്ട് എന്റെ മനസിൽ ഒന്നും നിൽ‌ക്കുന്നില്ല.

malik-sanu-4

കുറച്ചു കാലം കഴിഞ്ഞ് ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ എന്റെ തലയിൽ നിന്നു പോയതിനുശേഷം മാലിക് കാണുമ്പോഴായിരിക്കും എനിക്ക് മാലിക്കിലെ എന്റെ വർക്കിനെ വിലയിരുത്താൻ കഴിയൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA