ADVERTISEMENT

സുലൈമാൻ അലി എന്ന അലിക്കായുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളിലൂടെയുള്ള യാത്രയാണ് മാലിക്. കൗമാരകാലത്തെ ഊർജസ്വലത മുതൽ വാർധക്യത്തിലെത്തിയതുവരെയുള്ള കാലഘട്ടം അഭിനയിക്കാൻ ഫഹദ് ഫാസിൽ എന്ന പ്രതിഭാശാലിക്ക് അനായാസമാകുമായിരിക്കാം.  മാറിമറിയുന്ന ഗെറ്റപ്പുകൾക്കുപിന്നിൽ മറ്റൊരു കലാകാരന്റെ കൈകൾ കൂടി പ്രവർത്തിച്ചിട്ടുണ്ട്.  മലയാള സിനിമയുടെ മുഖശ്രീ തന്നെ മാറ്റിവരച്ച രഞ്ജിത്ത് അമ്പാടി എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പ്രയത്നവും ഈ ചിത്രത്തിന്റെ വിജയത്തോടൊപ്പം എടുത്തുപറയേണ്ടതാണ്.  ബ്ലെസിയുടെ കാഴ്ചയിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി അഞ്ചു തവണ സംസ്ഥാന അവാർഡും ഒരു തവണ ദേശീയ അവാർഡും കരസ്ഥമാക്കിയ കലാകാരനാണ് രഞ്ജിത്ത് അമ്പാടി.  മാലിക്കിന്റെ വിജയത്തിന് പിന്നിലെ ആറുമാസത്തെ കഠിനാധ്വാനത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.   

 

മാലിക് എന്ന വലിയ സിനിമയുടെ മൂന്നു കാലഘട്ടത്തിലെ ഗെറ്റപ്പുകൾ തന്ന വെല്ലുവിളികൾ 

fahadh-ranjith

 

fahadh-malik

മാലിക് എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു ഏഴെട്ട് മാസം മുൻപേ തന്നെ മേക്കപ്പ് ഡിസ്കഷൻ തുടങ്ങിയിരുന്നു.  മാലിക്കിൽ നിമിഷ, വിനയ് ഫോർട്ട്, ജലജ ചേച്ചി, ദിനേഷ് അങ്ങനെ ഒരുപാട് താരങ്ങൾ ഉണ്ടല്ലോ.  ചിലർക്കൊക്കെ ഒന്നുരണ്ടു ലുക്ക് മതിയായിരുന്നു.  ചിലർക്ക് ട്രയൽ നടത്തി കുറെ പ്രാവശ്യം കണ്ടു വ്യത്യാസം വരുത്തിയൊക്കെ ആണ് ചെയ്യുന്നത്.  പിന്നെ സംവിധായകനെ കാണിക്കും അദ്ദേഹം പറയുന്നതിനനുസരിച്ച് വീണ്ടും മാറ്റും.  ചിലപ്പോൾ ചില നടൻമാർ മറ്റു സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാവും അപ്പോൾ അവരുടെ ബേസിക് ലുക്കിൽ മാറ്റം വരുത്താനും പറ്റില്ല.  അങ്ങനെ ചില വെല്ലുവിളികൾ ഉണ്ട്.  ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാർക്കും ട്രയൽ നോക്കിയിരുന്നു അവസാനമാണ് ഫഹദിന്റെ ലുക്ക് ട്രൈ ചെയ്തത്.  

nimisha-fahadh

 

nimisha02

മൂന്നു കാലഘട്ടത്തിനും മൂന്നു ഗെറ്റപ്പ് ട്രൈ ചെയ്തു അവസാനമാണ് ഏത് ലുക്ക് വേണമെന്ന് തീരുമാനിക്കുന്നത്.  ഇതിൽ അഭിനയിച്ച ഒട്ടുമിക്ക ആളുകളും പ്രായമായ ഗെറ്റപ്പാണ് വേണ്ടിയിരുന്നത്.  ഏറ്റവും സമയമെടുത്ത് ചെയ്തത്  ഫഹദിന്റെ ഗെറ്റപ്പ് തന്നെ ആയിരുന്നു.  അദ്ദേഹം ഇതുവരെ അഭിനയിച്ച സിനിമകളിലൊന്നും വലിയ രൂപമാറ്റം വേണ്ടി വന്നിട്ടില്ല.  

dinesh-prabhakar
ദിനേശ് പ്രഭാകർ, അപ്പാനി ശരത്

 

sanal-aman-3a

ആദ്യമായാണ് പ്രായമായ വേഷത്തിൽ  അഭിനയിക്കുന്നത്.  അതിനു മുടി നരപ്പിച്ചാൽ മാത്രം പോരല്ലോ തൊലി, മുഖം, കണ്ണ് അങ്ങനെ എല്ലാം ശ്രദ്ധിക്കണം.  ഫഹദിന് ഇത് പ്രായോഗികമാവുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.  കൃത്രിമമായി തോന്നാനും പാടില്ലല്ലോ.  അദ്ദേഹത്തിന് പലതരം വിഗ് വച്ച് നോക്കിയിരുന്നു.  ഷൂട്ടിന് മുൻപാണ് പണി കൂടുതലും വരുന്നത്.  ട്രയൽ നോക്കി ഫിക്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല.   ഷൂട്ടിന് മുൻപ് തന്നെ എല്ലാവരുടെയും ഗെറ്റപ്പ് ഉറപ്പിച്ചു. 

sanal-ranjtth

 

david-wife

ഒരു കാലഘട്ടം മുഴുവൻ ആദ്യം ചെയ്തു തീർക്കും. ഒരു ഭാഗത്ത് ഉള്ളത് തീർത്തു തീർത്താണ് പോകുന്നത്.  അടുത്തതിൽ ചെല്ലുമ്പോൾ ഇതിന്റെ കണ്ടിന്യൂവിറ്റി പോകാൻ പാടില്ല.  ഫഹദിന്റെ തന്നെയായിരുന്നു ഏറ്റവും സമയമെടുത്ത് ചെയ്തത്.

ranjith-ambadi-2

 

nimisha-kunjunni

നിമിഷയ്ക്ക് മൂന്നു കാലഘട്ടം കാണിക്കാൻ വലിയ ബുദ്ധിമുട്ട് വന്നില്ല. ഏത് പ്രായവും കാണിക്കാൻ പറ്റുന്ന മുഖവും ബോഡി ടൈപ്പും ആണ്.  വളരെ മെലിഞ്ഞ കുട്ടിയാണെങ്കിൽ ചിലപ്പോൾ ഇത് സാധിച്ചെന്നു വരില്ല.  നരച്ച മുടി മാത്രം കൊണ്ട് പ്രായം തോന്നില്ലല്ലോ.  നിമിഷയ്ക്ക് ഗെറ്റപ്പ് ചേഞ്ച് എളുപ്പമായിരുന്നു.  

 

dileesh-malik

അപ്പാനി ശരത്തിന്റെ ലുക്ക് വളരെ ശ്രദ്ധിച്ചാണ് ചെയ്തത്.  മറ്റൊരു താരത്തിന് പറഞ്ഞു വച്ചിരുന്ന റോൾ ആയിരുന്നു അത്.  ആ നടന് മറ്റേതോ പടത്തിന്റെ ഡേറ്റ് ക്ലാഷ് വന്നപ്പോൾ ആണ് അപ്പാനി വന്നത്.  രണ്ടു സീനേ ഉള്ളെങ്കിലും അയാൾ പ്രേക്ഷകരുടെ ഉള്ളിൽ പതിയണം.  പത്തുപേര് നിന്നാലും ഇയാളെ അതിനിടയിൽ നിന്നും കണ്ടുപിടിക്കാൻ കഴിയണം.  വെറുതെ വന്നുപോകുന്ന കഥാപാത്രമല്ല, ഇയാളെ കാണുമ്പോൾ തന്നെ ഒരു വ്യത്യാസം തോന്നണം എന്ന് മഹേഷ് പറഞ്ഞിരുന്നു.  ഒരുപാടു ചെയ്തു കഴിഞ്ഞാൽ ആള് മാറിപ്പോകും.  പിന്നെ സിനിമ കണ്ടു കഴിയുമ്പോൾ അപ്പാനി ഇതിൽ ഉണ്ടായിരുന്നോ എന്ന് ചോദ്യം വരും.  അങ്ങനെ ഒന്നും വരാത്ത രീതിയിൽ ആണ് ഒരു വെള്ളപ്പാണ്ട് മുഖത്ത് ചെയ്തു.  അത് ഫലം കണ്ടു എന്നാണ് തോന്നുന്നത്.

 

biju-menon-ranjth

ചില സിനിമകൾക്ക് രാവിലെ വന്ന് മേക്കപ്പ് ചെയ്താൽ മതി. പക്ഷേ മാലിക് പോലുള്ള സിനിമകൾക്ക് ഷൂട്ടിങ്ങിനു മുൻപേതന്നെ ഗെറ്റപ്പ് ട്രയൽ ചെയ്തു തീരുമാനിക്കും. ചിത്രങ്ങളും വിഡിയോയും എടുത്തു കണ്ടിട്ട് അതിൽ എന്തെങ്കിലും വ്യത്യാസം വരുത്തണമെങ്കിൽ അത് വീണ്ടും ചെയ്യും.  ഇത് കുറെ ദിവസം എടുത്തു ചെയ്യുന്ന കാര്യമാണ്.  

ranjith-fahadh-2

 

മേക്കപ്പിന്റെ കൃത്യത മനസ്സിലാകണമെങ്കിൽ വലിയ സ്ക്രീനിൽ തന്നെ സിനിമ കാണണം.  നമ്മുടെ കണ്ണിന്റെയത്ര വലിപ്പം മാത്രമുള്ള മൊബൈലിൽ ഒക്കെ കാണുമ്പോൾ നമ്മുടെ വർക്ക് അത്രയ്ക്ക് മനസിലാകില്ല.  വലിയ സ്ക്രീനിൽ കാണാത്തതുകൊണ്ട് ഇത്രയും കഷ്ടപ്പെട്ട് ചെയ്ത വർക്ക് ശ്രദ്ധിക്കാതെ പോകുന്നുണ്ട്.  ആർട്ടിസ്റ്റിന്റെ ലുക്ക് മാത്രമല്ല സിനിമയിൽ ഉപയോഗിക്കുന്ന പലതും മേക്കപ്പ് ആർട്ടിസ്റ്റിന്റെ പണിയാണ്.  ഉദാഹരണത്തിന് ചന്ദ്രൻ എന്ന കഥാപാത്രത്തെ കമ്പി വച്ച് അടിച്ചു കൊല്ലുന്ന സീനിൽ ഫഹദ് അടിക്കുന്ന രണ്ടാമത്തെ അടിയിൽ രക്തം തെറിക്കണം.  നമ്മൾ താഴെകിടന്ന് ചായം ചീറ്റി ആണ് അത് ചെയ്യുന്നത്.  ഫഹദ് അടിക്കുന്ന സമയത്തു തന്നെ ചായം ചീറ്റുകയും മറ്റേ കഥാപാത്രത്തിന്റെ ഭാവം മാറുകയും വേണം.  യഥാർഥത്തിൽ രക്തം ചീറ്റി തെറിക്കുന്ന പോലെയാണ് അത് ചെയ്തിരിക്കുന്നത്.  

biju-ranjith

 

സിനിമയിൽ കാണുമ്പോൾ ഒരു നിമിഷത്തിൽ തീരുന്ന സീനാണ്, പക്ഷേ മേക്കിങ് വിഡിയോ എടുത്തു നോക്കിയാലേ അതിനു പെട്ട പാട് മനസ്സിലാകൂ.  വലിയ സ്ക്രീനിൽ കാണാൻ പറ്റാത്തതിനാൽ ഇത്ര ശ്രദ്ധിച്ചു ചെയ്ത വർക്കൊന്നും നന്നായി മനസ്സിലാകില്ല.  ഷൂട്ടിങ്ങിൽ ഉടനീളം കൂടെ നിൽക്കണം.  രാവിലെ ഗെറ്റപ്പ് വർക്ക് കഴിഞ്ഞാലും അതിന്റെ ഓരോ ഷോട്ട് എടുക്കുമ്പോഴും ടച്ച്അപ്പ് ചെയ്യണം.  തലയിൽ കൊടുക്കുന്ന നിറവും, തൊലിയിലെ ചുളിവുകളും ഒക്കെ പല ലൈറ്റിൽ വരുമ്പോൾ പല രീതിയിൽ ഇരിക്കും.  അപ്പോൾ ലൈറ്റിന് അനുസരിച്ച് മാറ്റേണ്ടി വരും.  ക്യാമറ പൊസിഷൻ നോക്കിയാണ് അതൊക്കെ തീരുമാനിക്കുന്നത്.  

 

മാലിക് ഇറങ്ങിക്കഴിഞ്ഞ് ഒരുപാടു ആളുകളും മാധ്യമങ്ങളുമൊക്കെ വിളിക്കുന്നുണ്ട് അപ്പോഴാണ് നമ്മൾ ചെയ്ത വർക്ക് ഫലവത്തായി എന്ന് മനസിലാകുന്നത്.  മഹേഷിനെയും ഫഹദിനെയുമൊക്കെ അറിയാമല്ലോ അവർ എന്തെങ്കിലും കൊണ്ട് തൃപ്തിപ്പെടുന്നവരല്ല.  അവർക്ക് ആവശ്യമുള്ളത് കിട്ടുന്നത് വരെ ട്രൈ ചെയ്യും, അഡ്ജസ്റ്റ് ചെയ്തുള്ള ഒരു പരിപാടിയും ഇല്ല.  ഷൂട്ടിന് മുൻപുതന്നെ  മഹേഷിനും ഫഹദിനും ഗെറ്റപ്പുകൾ കണ്ടു തൃപ്തി വന്നരുന്നു.

 

ഏറ്റവും റിസ്ക് എടുത്തു ചെയ്ത വർക്ക് മാലിക്കാണോ ?

 

അങ്ങനെ പറയാൻ പറ്റില്ല.  ഓരോ വർക്കും ചെയ്യുമ്പോൾ അതായിരിക്കും ഏറ്റവും റിസ്ക് എടുത്തു ചെയ്യുക.  അടുത്ത വർക് വരുമ്പോൾ അത്  കഴിഞ്ഞതിലും നന്നായി ചെയ്യാൻ ശ്രമിക്കും.  പകുതി ഷൂട്ട് കഴിഞ്ഞ ഒരു സിനിമ ഉണ്ട്, "ആടുജീവിതം" അത് ഭയങ്കര മേക്കോവർ ചെയ്ത വർക്കാണ്.  അത് റിലീസ് ചെയ്യുമ്പോൾ മാത്രമേ അതിൽ എത്രമാത്രം പണിപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കാൻ പറ്റൂ.  ഇത്തരത്തിൽ ഡീറ്റൈലിങ് ഉള്ള ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാൽ അത് തീർന്നിട്ട് മാത്രമേ മറ്റൊരു വർക്ക് എടുക്കൂ.  കാരണം എല്ലാ കാര്യത്തിനും ഞാനും എന്റെ ടീമും ഒരുമിച്ച് വേണം.  ഒരിടത്ത് അസിസ്റ്റന്റിനെ വിട്ടിട്ടു മറ്റൊരിടത്തു വർക്ക് ചെയ്യാൻ പറ്റില്ല.  കമ്മിറ്റ് ചെയ്ത പടങ്ങളെല്ലാം നൂറു ശതമാനം ആത്മാർഥതയോടെ ചെയ്യണം.  മാലിക്ക് തുടങ്ങി ഏഴെട്ടു മാസം മറ്റൊരു വർക്കും എടുത്തിട്ടില്ല.  മാലിക്കിന് മുൻപ് വലിയ എഫേർട്ട് കൊടുത്തു ചെയ്ത സിനിമയാണ് "ആർക്കറിയാം".  അതിൽ ബിജു മേനോന്റെ വൃദ്ധന്റെ ഗെറ്റപ്പ് വളരെ ശ്രദ്ധകൊടുത്ത് ആണ് ചെയ്തത്.  അത് കണ്ടിട്ട് നല്ല പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

 

സിനിമകളിൽ മേക്കപ്പ്  ആർട്ടിസ്റ്റിന് വേണ്ടത്ര ശ്രദ്ധ കിട്ടാറുണ്ടോ?

 

മേക്കപ്പ് ശ്രദ്ധിക്കപ്പെടണമെങ്കിൽ സിനിമ വിജയിക്കണം.  ഓടാത്ത ഒരു സിനിമയിൽ നമ്മുടെ വർക്ക് നന്നായി എന്ന് പറയാൻ ആരും വിളിക്കാറില്ല.  ഇതിനു മുൻപ് ചെയ്ത "ഹെലൻ" എന്ന സിനിമയുടെ വർക്ക് ശ്രദ്ധിക്കപ്പെട്ടു.  പത്തു ദിവസം എടുത്താണ് ഫ്രീസറിൽ കിടക്കുന്ന സീൻ ഷൂട്ട് ചെയ്തത്.  ഫ്രീസറിൽ കിടക്കുന്ന സീൻ ഓരോ മണിക്കൂർ കഴിയുമ്പോഴും വരുന്ന വ്യത്യാസം ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്തു നോക്കിയിരുന്നു.  ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ട്രയൽ നോക്കിയാൽ പിന്നെ ചെയുമ്പോൾ എളുപ്പമായിരിക്കും.  പുറത്തു നിന്നും വരുത്തിയ കളർ ഉപയോഗിച്ചാണ് ഹെലൻ ചെയ്തത്.  

 

ഐസിന്റെ പൊടി ഒക്കെ ഞങ്ങൾ തന്നെ ഉണ്ടാക്കി എടുത്തതാണ്.  യഥാർഥ ഐസ് വച്ച് ചെയ്യാൻ പറ്റില്ലല്ലോ മാത്രവുമല്ല അത് ഉടനെ ഉരുകിപ്പോകും.  അഞ്ചു മിനിറ്റിന്റെ ഒരു സീൻ പോലും ഹാഫ് ഡേ അല്ലെങ്കിൽ ചിലപ്പോൾ ഫുൾഡേ എടുത്താണ് ഷൂട്ട് ചെയ്യുന്നത്.  അത്രയും നേരം ഒരു ചേഞ്ചും വരാത്ത പൊടി ഉപയോഗിച്ചാണ് അത് ചെയ്തത്.  ആ സിനിമ കണ്ടിട്ട് ഒരുപാടു പേര് വിളിച്ച് അഭിപ്രായം പറഞ്ഞപ്പോഴാണ് അത് നന്നായിരുന്നു എന്ന് ഞാനും മനസ്സിലാക്കുന്നത്.  അതിനു ദേശീയ അവാർഡ് കിട്ടിയപ്പോൾ സന്തോഷം തോന്നി.  പക്ഷേ അവാർഡ് കിട്ടാൻ വേണ്ടി അല്ല ഒരു പണിയും ചെയ്യുന്നത്.  ചെയ്യുമ്പോൾ അത് ഏറ്റവും നന്നായി ചെയ്യുക അതാണ് ലക്ഷ്യം.  

 

മേക്കപ്പ് പ്രൊഫഷനിൽ എത്തിച്ചേർന്നത്

 

ആദ്യം ഈ ഫീൽഡിലേക്ക് വന്നത് ഒരു ജോലിക്ക് വേണ്ടി തന്നെ ആയിരുന്നു.  പട്ടണം റഷീദിനൊപ്പം അസിസ്റ്റന്റായി ഏഴെട്ടു വർഷം ജോലി ചെയ്തു.  2004 -ൽ കാഴ്ച എന്ന സിനിമ ചെയ്താണ് തനിയെ മേക്കപ്പ് ചെയ്തു തുടങ്ങിയത്.  ആ വർഷം കാഴ്ച, മകൾക്ക് എന്ന രണ്ടു സിനിമയാണ് ചെയ്തത്.  ആ വർഷത്തെ സംസ്ഥാന അവാർഡ് ആ രണ്ടു സിനിമകൾക്കും കൂടി കിട്ടി.   നൂറും നൂറ്റമ്പതും ദിവസങ്ങൾ ഓടുന്ന സിനിമകൾ ആണല്ലോ ആളുകൾക്കിഷ്ടം.  നമ്മൾ ചെയ്ത സിനിമകൾ ഒരുപാടു ദിവസം ഓടുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.  ആ അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴാണ് മേക്കപ്പ് ഒരു പ്രൊഫെഷൻ ആക്കാം എന്ന് തീരുമാനിച്ചത്.  ഇപ്പോൾ എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാൻ ഉള്ള സിനിമകൾക്കായാണ് എന്നെ വിളിക്കുന്നത്.  പ്രൊഫെഷനലി പഠിച്ചതൊന്നും അല്ല ഓരോ സിനിമയ്ക്കായി റിസർച്ച് ചെയ്താണ് ഓരോന്നും പഠിക്കുന്നത്.  ഓരോ സിനിമ കഴിയുമ്പോഴും കൂടുതൽ മനസ്സിലാക്കും.  മാലിക് ചെയ്തു കഴിഞ്ഞാപ്പോൾ ഒരുപാടു പുതിയ കാര്യങ്ങൾ  പഠിച്ചു.   

 

അന്യഭാഷാ ചിത്രങ്ങളുടെ സ്വാധീനം?

 

ഹെലൻ എന്ന വർക്ക് ചെയ്തപ്പോൾ ചില ഹോളിവുഡ് സിനിമകളുടെ മേക്കപ്പ് നോക്കിയിരുന്നു.  പക്ഷേ നമ്മുടെ തൊലിയുടെ നിറവും അവരുടെ തൊലിയുടെ നിറവും വളരെ വ്യത്യസ്തമാണ് .  അപ്പോൾ ഒരേ കാര്യത്തിന് തന്നെ ഒരു നിറം അവരുടെ തൊലിയിൽ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഇഫക്റ്റ് ആയിരിക്കില്ല നമ്മുടെ തൊലിയിൽ ചെയ്യുമ്പോൾ കിട്ടുന്നത്. അങ്ങനെവരുമ്പോൾ അവർ ഉപയോഗിക്കുന്ന പ്രോഡക്റ്റ്സ് ഉപയോഗിക്കാൻ പറ്റില്ല.  നിറങ്ങൾ എല്ലാം ഞങ്ങൾ മിക്സ് ചെയ്തു തന്നെ ഉണ്ടാക്കുന്നതാണ്.  

 

രക്തം തന്നെ അവരുടെ തൊലിയിൽ വരുമ്പോൾ ഉള്ള നിറം ആയിരിക്കില്ല നമ്മുടെ താരങ്ങളുടെ തൊലിയിൽ വരുമ്പോൾ കിട്ടുന്നത്.  ഓരോ താരങ്ങൾക്കും തൊലിയുടെ നിറം അനുസരിച്ച് മിക്സ് മാറ്റേണ്ടി വരും.  ഒരു ആർട്ടിസ്റ്റിനെ കാണുമ്പൊൾ തന്നെ അയാളുടെ സ്കിൻ ടോൺ മനസിലാക്കണം പിന്നെ ഓരോ കാര്യവും അയാളുടെ തൊലിയിൽ എന്ത് ഇഫെക്റ്റ് ഉണ്ടാക്കും എന്ന് പഠിക്കണം.  തൊലിപ്പുറത്തെ ചതവ് ഒക്കെ നേരിട്ട് കാണുമ്പോ ഉള്ള നിറം ആയിരിക്കില്ല കാമറയിൽ കാണുമ്പോൾ.  ലൈറ്റ് മാറുമ്പോഴും അതൊക്കെ ശ്രദ്ധിക്കേണ്ടി വരും.  മേക്കപ്പ് ചെയ്തതാണ് എന്ന് തോന്നാത്ത രീതിയിൽ വേണം ചെയ്യാൻ   ഏതു കളർ മിക്സ് ചെയ്യുമ്പോൾ ആണ് നമുക്ക് വേണ്ട റിസൾട്ട് കിട്ടുന്നത് എന്ന് പരീക്ഷിച്ച് പരീക്ഷിച്ചാണ് പഠിക്കുന്നത്. 

 

പുതിയ ചിത്രങ്ങൾ?

 

കോവിഡ് ആയതോടെ ചർച്ച ചെയ്ത പല സിനിമകളും ക്യാൻസൽ ആയി.  ആടുജീവിതം ആണ് ഇനി ശ്രദ്ധിക്കപ്പെടാൻ പോകുന്ന മറ്റൊരു സിനിമ.  അതിന്റെ ഷൂട്ടിങ് എന്ന് പുനരാരംഭിക്കും എന്നറിയില്ല.  ഫഹദിന്റെ മലയൻകുഞ്ഞ് ആണ് മറ്റൊരു ചിത്രം.  അതിന്റെയും ഷൂട്ട് പകുതിയിൽ കൂടുതൽ  കഴിഞ്ഞിരിക്കുകയാണ്.  പല ചിത്രങ്ങളും ചർച്ചയിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com