ADVERTISEMENT

‘ഒരു സിനിമയ്ക്ക് വരുന്ന എല്ലാ റിവ്യൂസും പോസിറ്റീവ് ആകുക എന്നുള്ളത് വലിയ കാര്യമാണ്.  അതും പുതിയ കുട്ടികളെ വച്ച് ചെയ്യുമ്പോൾ ഇത്തത്തിലൊരു പ്രതികരണം വലിയ പ്രചോദനം തന്നെയാണ്’. –ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത 18 അവേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ പറയുന്നു.  മഴവിൽ മനോരമയിലും മനോരമ മാക്സിലുമായിരുന്നു 18 അവേഴ്‌സ് റിലീസ് ചെയ്തത്.  നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു രാജേഷ് നായരുടെ 18 അവേഴ്‌സ് ഓടിടി റിലീസ് ആയി എത്തിയത്.  പെൺകുട്ടികളുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത ഒരു പുതിയ തുടക്കത്തിന്റെ നാന്ദിയാണെന്ന് സംവിധായകൻ രാജേഷ്‌ നായർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

മനോരമ മാക്സിന്റെ ആദ്യത്തെ ഓടിടി പ്രീമിയർ

 

മനോരമ മാക്സ് ആദ്യമായി റിലീസ് ചെയ്ത സിനിമയാണ് 18 അവേഴ്‌സ്.  അതിന്റെ സ്വീകാര്യത വളരെ വലുതായിരുന്നു.  ഒരു വർഷം 499 എന്ന ഒരു ചെറിയ പെയ്മെന്റ് എന്നുള്ളതാണ് മനോരമ മാക്സിന്റെ പ്രത്യേകത.  ഒരുപാട് സിനിമകളുള്ള ഒരു ചാനൽ ആണ്, ഒരുപാട് ഒറിജിനൽ ടൈറ്റിലുകളുമുണ്ട്.  ആ പ്ലാറ്റ്ഫോമിൽ ഒരു മാസം 32 രൂപയ്ക്ക് സിനിമകൾ കാണാം എന്നുള്ളത് കൂടുതൽ പേരെ ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കും. 

 

പുറത്ത്  വലിയൊരു ടീം തന്നെ സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കാൻ കാത്തിരിക്കുകയാണ്.  ഇരുപതോളം വ്യാജ ലിങ്കുകൾ ഞങ്ങളുടെ ആൾക്കാർ  റിമൂവ് ചെയ്തു.  അതുകൊണ്ട് തന്നെ സിനിമകാണാൻ ആളുകൾക്ക് മാക്‌സിൽ തന്നെ വരേണ്ടി വരും.  മഴവിൽ മനോരമയിൽ തന്നെ ഒട്ടുമിക്ക മലയാളികളും സിനിമ കണ്ടുകഴിഞ്ഞു.  ടെലിവിഷൻ ആപ്പ് കൂടി വരുമ്പോൾ കൂടുതൽ ആളുകൾ സിനിമ കാണാൻ മനോരമ മാക്സ് തെരഞ്ഞെടുക്കും.  എനിക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുപോലും മെസ്സേജ് വരുന്നുണ്ട് അവരെല്ലാം മനോരമ മാക്‌സിൽ നിന്നു തന്നെയാണ് കണ്ടത്. 

indhu
ഇന്ദു തമ്പിക്കൊപ്പം രാജേഷ്

 

പെൺകുട്ടികളുടെ അതിജീവനം എന്ന പ്രമേയം 

 

ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ പെൺകുട്ടികൾ സ്വന്തം ബുദ്ധിയും കായികശക്തിയും ഉപയോഗിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന ഒരു പ്രമേയം മലയാള സിനിമയിൽ ആദ്യമാണെന്ന് തോന്നുന്നു.  എനിക്കും രണ്ടുപെൺകുട്ടികളാണ്, നാളെ ഒരു സമയത്ത് അവരും എവിടെയെങ്കിലും പെട്ടുപോയാൽ അവർക്ക് തനിയെ രക്ഷപെടാൻ കഴിയണം.  സ്ത്രീധന പീഡനവും ഗാർഹിക പീഡനവും വളരെയധികം വർധിച്ചുവരുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.  ഈ ഒരു അവസ്ഥ മാറണം.  നമുക്ക് കഴിയുന്ന മാധ്യമങ്ങളിൽ കൂടി സ്ത്രീ ശാക്തീകരണത്തിനുള്ള ബോധവത്കരണം നടത്തണം.  

 

ഈ കഥ കേട്ടപ്പോൾ എന്നെ ആകർഷിച്ച കാര്യവും അത് തന്നെയാണ്.  ഫെമിനിസം എന്നുള്ളത് വളരെ വ്യാപ്തിയുള്ള ഒരു വാക്കാണ്‌ അതിന്റെ വിലകുറച്ച് കാണുന്ന ഒരു പ്രവണത മലയാളികൾക്കുണ്ട്.  അടിച്ചമർത്താൻ ശ്രമിച്ചവരൊക്കെ ഉയർത്തെഴുന്നേറ്റു വന്നിട്ടുണ്ട്.  ഇപ്പോഴത്തെ പെൺകുട്ടികൾ പണ്ടത്തെപ്പോലെ അല്ല അവരും ഉയർന്ന വിദ്യാഭ്യാസം നേടുകയും ജോലികൾ ചെയ്യുകയും ചെയ്യുന്നുണ്ട്.  എല്ലാ പെൺകുട്ടികളെയും എന്ത് നേരിടാനും ശാരീരികമായി പ്രാപ്തിയുള്ളവരാക്കി വളർത്തണം.  അതിജീവനം എല്ലാവരിലും ഉള്ള സഹജവാസനയാണ് അത് പെൺകുട്ടികളിലും വളർത്തിക്കൊണ്ടു വരണം എന്നുള്ള മെസേജാണ് ഞാൻ ഈ സിനിമയിലൂടെ നൽകാൻ ശ്രമിക്കുന്നത്.  

 

ധൈര്യമാണ് ആദ്യം വേണ്ടത്.  ഇങ്ങനെ ഒരു തീം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് ഒരുപാടു സുഹൃത്തുക്കൾക്ക് സംശയം ഉണ്ടായിരുന്നു.  പക്ഷേ ഈ സിനിമ ഏറ്റവും കൂടുതൽ സ്വീകരിച്ചത് ആൺകുട്ടികളാണ്.  പെൺകുട്ടികൾ തിരിച്ചടിക്കുന്നു എന്നുള്ളതാണ് എല്ലാവരും പോസിറ്റീവ് ആയി കണ്ടത്.  കാലം മാറുന്നതിന്റെ ഒരു പുതിയ തുടക്കമാവട്ടെ ഇത്.  ഏതു സാഹചര്യവും നേരിടാനുള്ള കഴിവും, നല്ല വിദ്യാഭ്യാസവും, അതിജീവനത്തിനുള്ള കഴിവും പഠിപ്പിച്ചാണ് നമ്മുടെ കുട്ടികളെ നാം വളർത്തേണ്ടത്.

 

സിനിമ ഓടിടിക്ക് വേണ്ടി ചെയ്തതാണോ?

 

തീയറ്റർ റിലീസിന് വേണ്ടി തന്നെ ചെയ്തതാണ് 18 അവേഴ്സ്.  മൂന്നുവർഷങ്ങൾക്ക് മുൻപ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തീർത്തതാണ്.  സാൾട്ട് മംഗോ ട്രീ എഴുതിയ വിനോദ് ആൻഡ് വിനോദ് ആണ് സ്ക്രിപ്റ്റ് എഴുതിയത്.  ആ പടം കഴിഞ്ഞപ്പോഴേ ഇതിന്റെ വർക്ക് തുടങ്ങി.  സ്ക്രിപ്റ്റ് തീരാൻ രണ്ടു വർഷം എടുത്തു.  മറ്റൊരു സൂപ്പർ താരത്തെ വച്ച് ചെയ്യാൻ ഇരുന്ന സിനിമയാണ്,.  കോവിഡ് കാലമായതിനാൽ അങ്ങനെ ഒരു വലിയ സ്റ്റാറിനെ വച്ച് ചെയ്യുക എന്നുള്ളത് സാധ്യമല്ലാതെയായി.  

 

പരീക്ഷണം എന്ന നിലയ്ക്ക് പുതിയ ആളുകളെ വച്ച് ചെയ്യാൻ തീരുമാനിച്ചു.  വിജയ് ബാബുവും ശ്യാം സാറും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു.  തിയറ്ററിൽ റിലീസ് ചെയ്യണം എന്നുതന്നെയായിരുന്നു ആഗ്രഹം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് മുന്നിൽ ഉള്ള  സാധ്യമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.  അതിൽ എനിക്ക് വിഷമമില്ല.  ഒരുപക്ഷേ തിയറ്ററിൽ കാണുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇതിനോടകം തന്നെ സിനിമ കണ്ടുകഴിഞ്ഞു.  വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.  വലിയ ആർട്ടിസ്റ്റുകൾ ഇല്ലാത്ത സിനിമകൾ ഒന്നുരണ്ടു ദിവസത്തിൽ കൂടുതൽ തിയറ്ററിൽ ഓടാറില്ല, പക്ഷേ ഒടിടി സിനിമകളുടെ റിവ്യൂ കണ്ട് ആളുകൾ പിന്നീട് വന്നു കാണാനുള്ള സാഹചര്യമുണ്ടാകുന്നു.  

 

ലോക്ഡൗണിന് ഇടയിൽ ഷൂട്ട് ചെയ്ത സിനിമ

 

ഞാൻ തിരഞ്ഞെടുത്ത കുട്ടികൾ എന്റെ പ്രതീക്ഷയ്ക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചു.   ഏതു റിവ്യൂ എടുത്താലും ആദ്യം പറയുന്നത് കുട്ടികളുടെ പെർഫോമൻസിനെകുറിച്ചാണ് ഈ ആറ് പെൺകുട്ടികളും വില്ലന്മാരായി അഭിനയിച്ചവരും പുതിയ താരങ്ങളാണെന്ന് തോന്നാത്തവിധം അഭിനയിച്ചു.  ഇരുന്നൂറോളം കുട്ടികളെ ഓഡിഷൻ നടത്തിയിരുന്നു. അതിൽ നിന്നുമാണ് ഇവരെ സെലക്ട് ചെയ്തത്.  അവർക്ക് സ്പെഷലായി ആക്‌ഷൻ ട്രെയിനിങ് ഒക്കെ കൊടുത്തു.  ഒരു സിനിമയിൽ എത്തിപ്പെടേണ്ടതിന്റെ മാക്സിമം എക്സ്പീരിയൻസ് ഉണ്ടാക്കികൊടുത്തിട്ടാണ് അവരെ അഭിനയിപ്പിച്ചത്.  അതിൽ എനിക്ക് സംതൃപ്തി ഉണ്ട്.  മിക്ക കുട്ടികൾക്കും പുതിയ ഓഫറുകൾ വന്നു തുടങ്ങി.  ഇന്ദു തമ്പി സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു.  പക്ഷേ കഥകേട്ടപ്പോൾ ഇന്ദുവിനും താല്പര്യമായി.  ഇന്ദുവിന്റെ പേർസണൽ എക്സ്പീരിയൻസ് കൂടി ഞങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇന്ദുവിനെപ്പോലെ ഇതിലെ നായികയും ഒരു ടൈപ്പ് വൺ ഡയബറ്റിക് ആണ്.  ആ ഒരു  കാര്യം ഇന്ദുവിന് പെട്ടെന്ന് കണക്റ്റ് ആയി.  ഇന്ദു ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നുണ്ട്. ഇന്ദു അതിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. 

 

സിനിമ എന്ന് പറയുന്നത് റിസ്ക് ഉള്ള ഫീൽഡ് ആണ്.  ഏത് സൂപ്പർ താരത്തെ വച്ച് എടുത്താലും  റിസ്ക് ഉണ്ട്.  അതിനെ വിജയമാക്കുന്നത് പ്രേക്ഷകരാണ്.  ഈ കഥയിൽ എനിക്കുള്ള വിശ്വാസമാണ് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ ആത്മവിശ്വാസം തന്നത്.  ഈ കോവിഡ് കാലത്ത് സിനിമയെടുക്കാണോ അതും പുതുമുഖ താരങ്ങളെവച്ച് എന്ന് സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ഒരുപാടു പേര് എന്നോട് ചോദിച്ചിരുന്നു.   പുതുമയുള്ള ഈ വിഷയം പ്രേക്ഷകർ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.  എന്റെ ഭാര്യ ഉഷയും എനിക്ക് പിന്തുണ തന്നു.  ഈ സിനിമയിൽ കാസ്റ്റിങ്ങിന് സഹായിച്ചതും കോസ്റ്റ്യൂം ചെയ്തതും കൊറിയോഗ്രാഫി ചെയ്തതും ഉഷയാണ്.  ഈ വിഷയം സമൂഹം ചർച്ച ചെയ്യണം എന്ന് ഉഷയ്ക്കും നിർബന്ധമുണ്ടായിരുന്നു.  അത് ഒരു നല്ല തീരുമാനം  ആയിരുന്നു എന്നാണു പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com