ADVERTISEMENT

ഏഴാം വയസ്സിലാണ് ടൈപ്പ് വൺ പ്രമേഹം ഇന്ദുതമ്പിക്കൊപ്പംകൂടിയത്. ആ രോഗത്തോട് പടപൊരുതിയായിരുന്നു ഇന്ദുവിന്റെ പിന്നീടുള്ള ഓരോ ചുവടും. പഠനത്തോടൊപ്പം നാടകവും നൃത്തവുമൊക്കെ കൂടെക്കൂടി. 2010ൽ ‘മിസ് കേരള’ എന്ന വിശേഷണവും പേരിനൊപ്പം ചേർത്തു. പിന്നീട് സിനിമകളിലേക്ക്.

 

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി രാജേഷ് നായർ സംവിധാനം ചെയ്ത് മനോരമ മാക്സിൽ റിലീസ് ചെയ്ത ‘എയ്റ്റീൻ അവേഴ്സിൽ’ പ്രധാന കഥാപാത്രമായി എത്തിനിൽക്കുന്നു. ടൈപ്പ് വൺ പ്രമേഹ ബാധിതർക്കായുള്ള ബോധവൽക്കരണവും അവർക്കുവേണ്ടിയുള്ള ഇടപെടലുകളുമായി സജീവമായ ഇന്ദു ഈ സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രവും ടൈപ്പ് വൺ പ്രമേഹ ബാധിതയാണെന്നതും ശ്രദ്ധേയം. 

 

indu-jomon

ഇടവേളയ്ക്ക് ശേഷം വീണ്ടും

 

indu-thampy-3a

ജോമോന്റെ സുവിശേഷങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചിരുന്നു, ഇനിയൊരു സിനിമ ചെയ്യുമ്പോൾ കുറച്ചുകൂടി പ്രാധാന്യമുള്ള കഥാപാത്രമായിരിക്കണം എന്ന്. അങ്ങനെ കാത്തിരിക്കുമ്പോഴാണ് ‘എയ്റ്റീൻ അവേഴ്സ്’ എന്നെത്തേടി എത്തുന്നത്. ഒരുപാട് കാലംമുന്നേ തയാറായ ഒരു തിരക്കഥയാണ് ‘എയ്റ്റീൻ അവേഴ്സിന്റേത്’. പല കാരണങ്ങളാൽ ചിത്രീകരണം വൈകുകയായിരുന്നു. ഒരു പക്ഷേ അത്രയും വൈകിയത് എനിക്ക് അനുഗ്രഹമായി. പൂർണ തൃപ്തി തോന്നിയ തിരക്കഥയും അണിയറപ്രവർത്തകരും ആയിരുന്നു ഈ സിനിമയുടേത്. അതോടൊപ്പം ഈ സിനിമയിലൂടെ ടൈപ്പ് വൺ പ്രമേഹത്തെപ്പറ്റിയുള്ള കുറച്ച് ശരിയായ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതും എനിക്ക് വലിയ സന്തോഷം തരുന്നു.

 

സിനിമയിലേക്ക് വഴിയൊരുക്കിയ ‘മിസ് കേരള’

 

ബിരുദ പഠനത്തിന് ശേഷം തുടർ പഠനത്തിനായി വിദേശത്തേക്ക് പോകാനിരിക്കുന്ന സമയത്താണ് എനിക്ക് മിസ് കേരള കിട്ടുന്നത്. അതോടുകൂടി പുതിയ കുറേ അവസരങ്ങളും സാധ്യതകളും എന്റെ മുന്നിലേക്ക് വരികയായിരുന്നു. സ്കൂൾ, കോളജ് കാലത്ത് നാടകം, നൃത്തം എന്നിവയിൽ ശ്രദ്ധചെലുത്തിയിട്ടുണ്ടെങ്കിലും സിനിമ, മോഡലിങ് എന്നിവയിലേക്ക് ഞാൻ ചുവടുവയ്ക്കാൻ കാരണമായത് മിസ് കേരളയെത്തുടർന്നുവന്ന അവസരങ്ങളാണ്.

 

ഏഴാം വയസ്സുമുതൽ ഒപ്പംകൂടിയ ടൈപ്പ് വൺ പ്രമേഹം?

indu-thampy-3

 

അതേ, ഏഴാമത്തെ വയസ്സിൽ ടൈപ്പ് വൺ ‍പ്രമേഹ ബാധിത ആണെന്ന് തിരിച്ചറിയുമ്പോൾ അതിനെപ്പറ്റി കാര്യമായ ഒരറിവും എനിക്കില്ലായിരുന്നു. രക്ഷിതാക്കളുടെ കരുതൽ തന്നെയായിരുന്നു അപ്പോഴെല്ലാം എനിക്ക് കരുത്ത്. രോഗത്തിന്റെ പേരുപറഞ്ഞ് ഒന്നിൽ നിന്നും മാറി നിൽക്കാൻ രക്ഷിതാക്കൾ എന്നെ നിർബന്ധിച്ചിട്ടില്ല, എപ്പോഴും ഒപ്പമുണ്ടാകുകയാണ് ചെയ്തത്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഒന്നിൽനിന്നും മാറിനിൽക്കാനും ഒന്നും വിട്ടുകൊടുക്കാനും ഞാനും തയാറല്ലായിരുന്നു. പിന്നീട് പതിയെ ഈ അസുഖത്തെപ്പറ്റി ഞാൻ സ്വയം മനസ്സിലാക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ പാകപ്പെടുകയുമായിരുന്നു.

 

‌‌‌‌‌‌കൂടുതലും കുട്ടികളിലാണല്ലോ ഈ രോഗം കണ്ടുവരുന്നത്?

 

അതെ, കേരളത്തിൽ തന്നെ ഏകദേശം 7000ൽ പരം കുട്ടികൾ ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ, തന്റെ കുട്ടി ടൈപ്പ് വൺ ഡയബറ്റിക് ആണെന്നുള്ളത് പല രക്ഷിതാക്കളും പുറത്തുപറയാൻ മടിക്കുന്ന ഒന്നാണ്. വിവാഹം പോലെയുള്ള സന്ദർഭങ്ങളിൽ ഇതൊരു പ്രശ്നമായി ഉയത്തിക്കാട്ടപ്പെടും എന്നതാണ് പലരുടെയും പ്രശ്നം. എന്നാൽ ശരിയായ ചികിത്സ സ്വീകരിച്ചാൽ ഈ രോഗത്തെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല.

 

ഒരിക്കൽ വന്നാൽ, ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന ഒന്നാണ് ഈ രോഗം. അത് ഉൾക്കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടാമതായി അതേപ്പറ്റി നന്നായി മനസ്സിലാക്കണം. ഓരോരുത്തരിലും അവരവരുടെ ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത് പലതരത്തിലായിരിക്കും പ്രതികരിക്കുക. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തെപ്പറ്റിയും നമ്മുടെ ജീവിത ശൈലിയെപ്പറ്റിയും നന്നായി മനസ്സിലാക്കുക, അതിനനുസരിച്ചുള്ള കരുതലുകൾ സ്വീകരിക്കുക. ഇൻസുലിൻ മുടക്കാതിരിക്കുക, മനസ്സിനെ പോസിറ്റീവാക്കി വയ്ക്കുക എന്നിവയാണ് ഈ രോഗത്തോടൊപ്പം മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ലവഴി.

 

കുടുംബത്തിന്റെ പിന്തുണ?

 

പലരും എനിക്ക് അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെപ്പറയുമ്പോഴും എന്നിൽ വിശ്വാസം അർപ്പിച്ച്, സ്വതന്ത്രമായി വിട്ട രക്ഷിതാക്കളും സഹോദരിയും എന്റെ വലിയ അനുഗ്രഹമാണ്. അവരോടൊപ്പംതന്നെ വളരെ സപ്പോർട്ടീവായ ജീവിതപങ്കാളിയും. സിനിമയിലൂടെ തന്നെയാണ് കിയാനെ ഞാൻ പരിചയപ്പെട്ടത്. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കകാലത്തുതന്നെ എന്റെ രോഗവിവരം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹവും കുടുംബവും വളരെ പോസിറ്റീവായി തന്നെയാണ് അതിനെ സ്വീകരിച്ചത്. ഡോക്ടർമാരോടു സംസാരിക്കുകയും എനിക്കുള്ള എല്ലാ പിന്തുണയുമായി എപ്പോഴും എന്നോടൊപ്പം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഓരോ ടൈപ്പ് വൺ പ്രമേഹ ബാധിതർക്കും ആവശ്യവും കുടുംബത്തിൽ നിന്നുള്ള ഈ പിന്തുണ തന്നെയാണ്.

 

ടൈപ്പ് വൺ ‍പ്രമേഹത്തെപ്പറ്റി അവബോധം ഉണ്ടാക്കാൻ എപ്പോഴും സജീവമാണല്ലോ?

 

ശരിയായ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മൂലം ഒരുപാട് കുട്ടികൾ പ്രയാസം നേരിടുന്ന ഒരു പ്രശ്നമാണ് ടൈപ്പ് വൺ ‍പ്രമേഹം. എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴിയും ‘എയ്റ്റീൻ അവേഴ്സ്’ എന്ന സിനിമയിലൂടെയും കുറച്ചു പേരിലേക്കെങ്കിലും ഈ രോഗത്തെപ്പറ്റിയുള്ള അറിവ് പങ്കുവയ്ക്കാൻ ആയി എന്നതിൽ സന്തോഷമുണ്ട്.

 

താരതമ്യേന ചികിത്സാ ചെലവ് അൽപം കൂടുതലുള്ള ഒരു രോഗം തന്നെയാണിത്. രോഗബാധിതരായ പല കുട്ടികളുടെയും രക്ഷിതാക്കൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഇതിന്റെ ചികിത്സാ ചെലവുകൾ. അതിനാൽതന്നെ സർക്കാർ തലത്തിലും മറ്റും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. അതോടൊപ്പം ഈ രോഗത്തെപ്പറ്റിയുള്ള ശരിയായ അറിവ് എല്ലാവരിലേക്കും എത്തേണ്ടതും വളരെ അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും തുടർന്നും ഞാൻ സജീവമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com