ADVERTISEMENT

ആനന്ദം എന്ന സിനിമയിലൂടെ മലയാളികളെ ചിരിപ്പിച്ചു കടന്നു വന്ന നടനാണ് റോഷൻ മാത്യു. ആദ്യം ചിരിപ്പിച്ച റോഷൻ പിന്നീട് തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിക്കുകയും ദേഷ്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. ഒരു സിനിമയിൽ നായകൻ ആണെങ്കിൽ അടുത്തതിൽ വില്ലൻ. ഒട്ടും പ്രെഡിക്റ്റബിൾ ആകാതെ ചുരുങ്ങിയ കാലം കൊണ്ടു തമിഴിലേക്കും ഹിന്ദിയിലേക്കും വരെ കരിയർ വളർത്തിയ റോഷൻ തന്റെ പുതിയ ചിത്രമായ കുരുതിയെക്കുറിച്ചും മറ്റു സിനിമകളെക്കുറിച്ചും സംസാരിക്കുന്നു

 

കോവിഡ് കാലത്ത് സിനിമ മേഖല ആകെ സ്തംഭിച്ച അവസ്ഥയായിരുന്നു. പക്ഷേ റോഷന്റെ കരിയറിൽ നിർണായകമായ പല നല്ല പ്രൊജക്റ്റുകളും വന്നത് ഈ സമയത്താണ്. പലർക്കും നിർഭാഗ്യങ്ങൾ കൊണ്ടു വന്ന കോവിഡ് റോഷന് ഭാഗ്യമായി മാറിയോ?

 

ഒപ്പം ജോലി ചെയ്യണമെന്ന് വിചാരിച്ച പലർക്കുമൊപ്പം കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഭിനയിക്കാൻ സാധിച്ചു  കോവിഡ് കാലത്ത് അത് സംഭവിച്ചു എന്നത് വളരെ യാദൃശ്ചികമായിട്ടാണ് കാണുന്നത്. അതൊരു ഭാഗ്യം തന്നെയാണ്. 

 

കുരുതിയിലെ ഇബ്രു എന്ന കഥാപാത്രത്തെക്കുറിച്ച്?

 

ഇബ്രു എന്ന് വിളിക്കപ്പെടുന്ന ഇബ്രാഹിം ചിത്രത്തിന്റെ തുടക്കത്തിൽ മാനസികമായി വളരെ ദുർബലനായ വ്യക്തിയാണ്. അയാളുടെ ജീവിതത്തിൽ ഒരുപാടു ട്രാജഡികൾ സംഭവിച്ചു. ജീവിക്കാൻ തന്നെ ആഗ്രഹമില്ലാത്ത അവസ്ഥയിൽ നിൽക്കുന്ന അയാളുടെ ജീവിതത്തിലേക്ക് മറ്റു ചില ആളുകൾ കടന്നു വരുന്നു. തുടർന്നു അയാൾക്കുണ്ടാകുന്ന  പ്രതിസന്ധികളും അതിനെ അയാൾ നേരിടുന്നതുമാണ് ആ കഥാപാത്രത്തിന്റെ പശ്ചാത്തലം.

roshan-alia

 

ആദ്യ ചിത്രമായ ആനന്ദത്തിൽ ഒരുപാടു തമാശകൾ പറയുന്ന കഥാപാത്രമായിരുന്നു, പിന്നീടിങ്ങോട്ടു വളരെ ഗൗവരവമുള്ള കഥകളും കഥാപാത്രങ്ങളും. എന്ത് കൊണ്ടാണ് അങ്ങനെ ഒരു മാറ്റം?

 

മനപ്പൂർവം സംഭവിച്ചതല്ല അങ്ങനെ ഒരു മാറ്റം. എനിക്കിഷ്ടപ്പെട്ട ആളുകളുടെ സിനിമകൾ അല്ലെങ്കിൽ ഇഷ്ടപ്പെട്ട കഥകൾ ഒക്കെയാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ നോക്കാറുള്ളത്. എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ് അല്ലാതെ ഒരു പ്രത്യേക പദ്ധതി അനുസരിച്ചു ചെയ്തതല്ല. കൂടെ, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നേരത്തെ പറഞ്ഞ അത്ര ഗൗരവ സ്വഭാവം ഉള്ളവയല്ല. തീർത്തും വ്യത്യസ്ഥമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത്തരം അവസരങ്ങൾക്കായി കാത്തിരിക്കുന്നു.

kuruthi-trailer

 

ഒരു സിനിമയിൽ പോസിറ്റീവ് ഷേഡുള്ള കഥാപാത്രം ആണെങ്കിൽ അടുത്തതിൽ നെഗറ്റീവ് ഷെയ്‌ഡാണ് റോഷന്റെ കഥാപാത്രത്തിന്. എന്തു കൊണ്ടാണ് ഇങ്ങനെ? ഒപ്പം കുരുതിയിലെ കഥാപാത്രം എത്തരത്തിൽ ഉള്ളതാണ്?

 

കുരുതിയിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഗ്രേ ഷെയ്‌ഡാണ് ഉള്ളത്. അങ്ങനെ അല്ലാത്ത ഒരു കഥാപാത്രമേ ഉള്ളു. അതാരാണെന്നു സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. പിന്നെ എന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞത് പോലെ സംഭവിച്ചു പോകുന്നതാണ്. പക്ഷേ കുറച്ചു പോസിറ്റീവും കുറച്ചു നെഗറ്റീവും ഉള്ള കഥാപാത്രം ആണെങ്കിൽ എനിക്ക് കുറച്ചു കൂടി റിലേറ്റ് ചെയ്യാൻ സാധിക്കും. എനിക്കയാളെ പെട്ടെന്നു മനസ്സിലാകും. കാരണം നന്മ മാത്രമുള്ള ആളല്ല ഞാൻ. അങ്ങനെ എത്ര പേരുണ്ടെന്നും എനിക്കറിയില്ല. മുഴുവൻ പോസിറ്റീവോ നെഗറ്റീവോ ആയിട്ടുള്ള ആളുകളെ കാണുമ്പോ ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ എന്ന് തോന്നും. ചിലപ്പോ ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ അത്തരം കഥാപാത്രങ്ങളെയും മനസ്സിലാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

 

roshan-mathew

കുരുതി പ്രിവ്യൂ കണ്ടവർ റോഷന്റെ പ്രകടനത്തെ പുകഴ്ത്തുന്നുണ്ട്?

 

കുരുതി പ്രിവ്യൂ കണ്ട മറ്റു ആളുകളുമായി ഞാൻ സംസാരിച്ചില്ല. പിന്നെ നമ്മുടെ ടീമിലുള്ളവർ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. ആ ചിത്രം ഞങ്ങൾക്ക് നൽകിയ എനെർജി വളരെ വലുതാണ്. അത് കൊണ്ടു അതിൽ വർക്ക്‌ ചെയ്തവർക്കും നല്ലതേ പറയാൻ കാണു. അവരുടെ ഒക്കെ അഭിപ്രായങ്ങൾ ഞാൻ ഒരു വശത്തു വച്ചിട്ടുണ്ട്. പക്ഷേ യഥാർത്ഥ വിലയിരുത്തൽ നടത്തേണ്ടത് ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രേക്ഷകരാണ്. അവരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു.

 

മലയാളികളുടെ പ്രിയ നടനായ മാമുക്കോയ കുരുതിയിൽ വേറിട്ട ലുക്കിൽ എത്തുന്നു. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം എത്തരത്തിൽ ഉള്ളതായിരുന്നു?

 

ഞാൻ സിനിമകൾ കണ്ടു തുടങ്ങിയ കാലം മുതൽ ആരാധിക്കുന്ന നടനാണ് അദ്ദേഹം. ഈ 29 വർഷത്തെ ജീവിതത്തിനിടെ എത്രയോ വട്ടം അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു ചിരിച്ചു. കുരുതിയുടെ ഷൂട്ട്‌ നടക്കുന്ന സമയത്തു പോലും ഞാനും സഹസംവിധായകരുമൊക്കെ അദ്ദേഹം മുന്നിൽ ഇരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പഴയ സിനിമകളുടെ ക്ലിപ്പിങ്ങുകൾ മൊബൈലിൽ കണ്ടു ചിരിച്ചിട്ടുണ്ട്. അദ്ദേഹവും ഞങ്ങളുമായി ഒരു ഏജ് ഗ്യാപ് ഉണ്ട്. പക്ഷേ എന്നിരുന്നാലും ഞങ്ങളെക്കാൾ എനെർജിയോട് വലിയ വിനയത്തോടെ ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയെന്നു പറയാം. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്.

 

പൃഥ്വിരാജ് എന്ന സഹതാരത്തെയും സുപ്രിയ എന്ന നിർമാതാവിനെയും എങ്ങനെ കാണുന്നു?

 

രണ്ടു പേരോടും വളരെയധികം ബഹുമാനമുണ്ട്. എന്തുകൊണ്ടാണെന്നു ഞാൻ പറയാം. കോവിഡിന്റെ കാലത്ത് ഒരു സിനിമ നിർമിക്കുകയെന്നത് എല്ലാ തരത്തിലും ഒരു വലിയ വെല്ലുവിളിയാണ്. നമുക്കു കിട്ടിയ ഒരു ചെറിയ ഗ്യാപ്പിലാണ് ഷൂട്ടിങ് നടന്നത്. ഒരു ഡിലേ പോലും വരാതെ ഷൂട്ട്‌ ഭംഗിയായി അവസാനിച്ചു. അത് സുപ്രിയ എന്ന നിർമാതാവിന്റെ കഴിവാണ്.  കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതുമൊക്കെ വളരെ ക്ലിയർ ആയിട്ടാണ്. 

 

പൃഥ്വിയുടെ എനർജി ലെവൽ വലുതാണ്. രാവിലെ സെറ്റിൽ എത്തുന്ന അതെ എനർജിയിലാണ് അദ്ദേഹം പാക്ക് അപ്പ്‌ ആകുന്നത് വരെ നിൽക്കുന്നത്. അത് അടുത്ത് നിന്ന് കാണാനും അനുഭവിക്കാനും എനിക്ക് സാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും ആർക്കും മാതൃക ആക്കാവുന്നതാണ്. അദ്ദേഹം ഒരു നടൻ എന്ന നിലയിലും സംവിധായകൻ, നിർമാതാവ് എന്ന നിലകളിലും എടുത്തിട്ടുള്ള പല ചുവടുകളും എനിക്ക് വളരെ ഇഷ്ടമാണ്. റിസ്ക് എടുത്തു കൊണ്ടു എങ്ങനെ മുന്നോട്ടു പോകാം എന്ന് അദ്ദേഹം വ്യക്തമായി കാണിച്ചു. ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട് പൃഥ്വിയിൽ നിന്ന്.

 

അടുത്ത കാലത്ത് മലയാളത്തിൽ ത്രില്ലർ സിനിമകൾ മാത്രമാണ് ഇറങ്ങുന്നതെന്നു ഒരു പരാതി പ്രേക്ഷകർക്കുണ്ട്. കുരുതിയും ത്രില്ലറാണ് പക്ഷേ മറ്റു സിനിമകളിൽ നിന്ന് എങ്ങനെയാണു വ്യത്യസ്തമാകുന്നത്?

 

കുരുതി ഒരു ത്രില്ലർ എന്നതിനേക്കാൾ ഉപരി ആക്ഷൻ എന്റെർറ്റൈനറാണ്. ഇതിലെ കഥാപാത്രങ്ങൾക്കു പുറമെയും അകമെയും പോരാട്ടമുണ്ട്. അതിനെ സാധൂകരിക്കുന്ന പലതും ഈ ചിത്രത്തിന്റെ തിരക്കഥയിലുണ്ട്. അതാണ് കുരുതിയെ വ്യത്യസ്തമാകുന്നതും.

 

ആലിയ ഭട്ടിനൊപ്പം ബോളിവുഡിൽ, വിക്രത്തിനൊപ്പം കോളിവുഡിൽ. സ്വപ്ന സമാനമായ ഈ പ്രൊജക്റ്റുകളെ കുറിച്ചു?

 

ചില ആളുകൾക്കൊപ്പം വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ആഗ്രഹത്തിൽ പോലുമുള്ള പേരുകൾ അല്ലായിരുന്നു ഇവരുടേതു. വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ അവസരങ്ങൾ തേടിയെത്തിയത്. ഡാർലിങ്സ് എന്നാണ് ആലിയ ഭട്ട് ചിത്രത്തിന്റെ പേര്. അതിന്റെ ഷൂട്ട്‌ ബോംബയിൽ ഇപ്പോൾ പുരോഗമിക്കുന്നു. വിക്രത്തിനൊപ്പം കോബ്ര ചെയ്യുന്നുണ്ട്. നമ്മുടെ ഒരു രീതിയിൽ നിന്ന് വളരെ വ്യത്യസ്ഥമാണ് ഇവിടുത്തെ രീതി. നമ്മൾ കണ്ടു വന്ന അന്തരീക്ഷമേ അല്ല ഇവിടെ. പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും വർക്ക്‌ ചെയ്യുന്നതുമൊക്കെ വേറെ രീതിയിലാണ്. ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന ഞാൻ വാട്ടർപോളോയിൽ പങ്കെടുക്കുന്ന പോലാണ് അവസ്ഥ. നമ്മളെ നല്ലവണ്ണം പേടിപ്പിക്കും. നമ്മൾ ഇടയ്ക്ക് തപ്പി തടഞ്ഞു വീഴും. പക്ഷേ അതിൽ നിന്നൊക്കെ ഒരുപാടു പഠിക്കാനുമുണ്ട്. രസകരമായ അനുഭവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com