ഒലിവർ ട്വിസ്റ്റ് ഞാൻ തന്നെ: ഇന്ദ്രൻസ് അഭിമുഖം

indrans-home
SHARE

ഒരു നടന് ഒരേസമയം സാധ്യതയും ബാധ്യതയുമാണ് സ്വന്തം ശരീരം. എന്നാൽ, വാണിജ്യ സിനിമയിലെ നായക സങ്കൽപങ്ങളുടെ വാർപ്പുമാതൃകകൾ പൊളിച്ചെഴുതി പുതിയൊരു ചരിത്രത്തിലേക്കാണ് റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച #ഹോം എന്ന സിനിമ ഇന്ദ്രൻസ് എന്ന നടനെ കൈപിടിച്ചു കയറ്റിയത്. തുടക്കം മുതൽ ഒടുക്കം വരെ ഇന്ദ്രൻസിന്റെ കയ്യിൽ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം ഭദ്രമായിരുന്നു. രാത്രിയിൽ ഗേറ്റിന് അരികിൽ പോയി ഇരുട്ടിന്റെ മറവിൽ കണ്ണുനിറഞ്ഞു നിൽക്കുന്ന ഒലിവർ ട്വിസ്റ്റിനെ കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടാത്ത പ്രേക്ഷകരുണ്ടാവില്ല. 

കണ്ണുനിറയ്ക്കുന്ന ഒരു പുഞ്ചിരിയോടെ കാണാവുന്ന ഒരു സിനിമയായി ഹോം മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഇന്ദ്രൻസിനാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ ആരുടെയും മനസു കീഴടക്കുന്ന സ്വതസിദ്ധമായ പുഞ്ചിരിയോടെ ഇന്ദ്രൻസ് പറയും, "ഓരോ പ്രാവശ്യവും നമ്മൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയുമൊക്കെ ചെയ്യും. അങ്ങനെയൊരു അവസരം വൈകിയാണെങ്കിലും കിട്ടുമ്പോൾ മോശമില്ലാതെ ചെയ്തു തീർക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ?"....ഹോമിലെ ഒലിവർ ട്വിസ്റ്റിന്റെ വിശേഷങ്ങളുമായി ഇന്ദ്രൻസ് മനോരമ ഓൺലൈനിൽ. 

ആശ്വാസവും അനുഗ്രഹവുമായി വന്ന സിനിമ

കോവിഡ് വല്ലാതെ വിഷമിപ്പിച്ചും ഭയപ്പെടുത്തിയും നമ്മെ ഇരുത്തിക്കളഞ്ഞില്ലേ? ആ സമയത്ത് വലിയ ആശ്വാസവും അനുഗ്രഹവുമായി വന്ന സിനിമയാണ് ഹാഷ് ഹോം. ഫ്രൈഡേ ഫിലിംസ് പല തവണ പ്ലാൻ ചെയ്യുകയും പല ആർടിസ്റ്റുകളായി സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും അവസാനം ആ കഥാപാത്രം എന്നിലേക്ക് തന്നെ വരികയായിരുന്നു. എനിക്ക് വലിയ സന്തോഷമായി. വിജയ് ബാബു സർ, റോജിൻ തോമസ് എന്നൊക്കെ പറയുമ്പോൾ നല്ല പടം എടുക്കുകയും അതിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നവരല്ലേ. അവരെ നന്നായി അറിയാം. അവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷം. 

home-movie-4

ഫ്രൈഡേ ഫിലിംസിന്റെ ജനമൈത്രി പൊലീസിന്റെ ഷൂട്ടിങ് തുടങ്ങുമ്പോഴാണ് വിജയ് ബാബു സർ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. 'നാളെ റോജിൻ വരും... ഒരു സ്ക്രിപ്റ്റ് ഉണ്ട്... വായിച്ചു നോക്കണ'മെന്നു പറഞ്ഞു. അടുത്ത ദിവസം എനിക്ക് സ്ക്രിപ്റ്റ് കിട്ടി. എനിക്ക് ഭയങ്കരമായി ഇഷ്ടം തോന്നിയ കഥാപാത്രം ഇതായിരുന്നു. പക്ഷ, എനിക്ക് ഇതു തന്നെയാണോ അതോ അപ്പൂപ്പന്റെ കഥാപാത്രം ആണോ എന്നൊരു സംശയം ഉണ്ടായിരുന്നു. പിന്നെ, ഈ കഥാപാത്രമാണെന്നു അറിഞ്ഞപ്പോൾ വലിയ ആവേശമായി. ഫുൾ കോസ്റ്റ്യൂമിൽ എന്നെ കണ്ടപ്പോൾ, ഈ സിനിമയിലെ എന്റെയടുത്തു തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നി. പിന്നെ, എനിക്ക് ഈ സിനിമയിൽ നായികയുണ്ട്. മഞ്ജു പിള്ളയാണ് എന്റെ നായിക. മഞ്ജു വേറൊരു ഗെറ്റപ്പിലാ ഈ സിനിമയിൽ! നമ്മൾ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു പിള്ളയെ ഇതിൽ കാണാം. 

ഒലിവർ ട്വിസ്റ്റ് ഞാൻ തന്നെ

പഴയ കാലമൊക്കെ ഇടയ്ക്ക് ഓർമ വരും. അവിടെ നിന്നാണല്ലോ എനിക്ക് ഈയൊരു കഥാപാത്രത്തിലേക്ക് വളരാൻ കഴിഞ്ഞത്. ഓരോ പ്രാവശ്യവും നമ്മൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയുമൊക്കെ ചെയ്യും. അതു വൈകിയാണെങ്കിലും കിട്ടുമെന്ന ഒരു വിശ്വാസം എന്നിൽ വളരുന്നതും അങ്ങനെയൊക്കെയാണ്. ഒരു പ്രത്യേകത തോന്നിയത് ഞാൻ വായിച്ചതിലും മനസിൽ കണ്ടതിലും എത്രയോ ഉയരത്തിലാണ് സംവിധായകൻ എന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. അദ്ദേഹം വളരെ ചെറുപ്പം ആളല്ലേ! നമുക്ക് ഒരു വിഷമവും വരുത്താത്ത രീതിയിലാണ് ഓരോന്നും പറഞ്ഞു പറഞ്ഞു ചെയ്യിപ്പിച്ചെടുക്കുന്നത്. അതുകൊണ്ട് കൂടുതലൊരു ഉത്സാഹം തോന്നി. 

home-movie-1

ഞാൻ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥ തന്നെയാണ് യഥാർഥ ജീവിതത്തിൽ എന്റേതും. സ്മാർട്ട്ഫോണൊക്കെ കൈകാര്യം ചെയ്യാൻ ഞാൻ പിന്നോട്ടാണ്. പലതിനും എനിക്കും കുട്ടികളുടെ സഹായം വേണം. സിനിമയുടെ സെറ്റിൽ എല്ലാവരും ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തരും. ഈ ഫോണും കാര്യങ്ങളുമൊക്കെ ഒരു പരിധി വിട്ടാൽ എന്തൊക്കെ പ്രശ്നങ്ങളാകും ഉണ്ടാക്കുക എന്നൊക്കെയാണ് ചിത്രം സംസാരിക്കുന്നത്. അതിനെ അതിന്റെ പരിധിയിൽ നിറുത്തണം. പലപ്പോഴും നമ്മൾ പറയുമല്ലോ, അവന്റെ തല കുമ്പിട്ടു തന്നെയാണ്, എന്ന്! അങ്ങനെ ആധി പിടിക്കുന്ന കുറച്ചു മുതിർന്നവരുണ്ട്. അവർക്ക് അറിയില്ലാത്ത പല കാര്യങ്ങളുണ്ട്. അവരുടെ കുറവുകളും പുതിയ തലമുറയുടെ കുറവുകളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. 

indrans-home

പഠിക്കാൻ ഞാൻ അവരുടെ പുറകെ ഓടുകയാണ്

ഓരോ സിനിമകളിലും എന്നെ ഓരോ പടികൾ കയറ്റി കയറ്റി ഇതുവരെ എത്തിച്ചത് പ്രേക്ഷകരാണ്. പിന്നെ, എന്റെ ഗുരുനാഥന്മാരുടെ അനുഗ്രഹവും. ഞാൻ താഴോട്ടു പോകാതെ എന്നെ നിലനിർത്തുന്നത് ഇതൊക്കെയാണ്. അവരെയൊക്കെ ഓർത്തുകൊണ്ടാണ് ഞാൻ ഓരോ രംഗവും അഭിനയിക്കുന്നത്. എനിക്ക് ഓരോ സിനിമയും തന്നു സഹായിച്ചവരോട് അതു മോശമില്ലാതെ ചെയ്തു തീർത്താണ് ഞാൻ സ്നേഹം അറിയിക്കുന്നത്. അതു കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് പ്രേക്ഷകരാണ്. തലമുറകൾ മാറുന്നുണ്ടെങ്കിലും പല മാറ്റങ്ങൾ സമൂഹത്തിൽ വരുന്നുണ്ടെങ്കിലും ഞാനെന്നും മാറി മാറി വരുന്നവർക്കൊപ്പമാണ്. എനിക്ക് പഠിക്കാനുള്ള അവസരം കൂടിയാണ് അത്. പഠിക്കാൻ ഞാൻ അവരുടെ പുറകെ ഓടുകയാണ്. ഈ തലമുറയുടെ ഒരു കൈ, എന്നെയും ചേർത്തു പിടിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA