സിനിമ, പൃഥ്വി, ആലി: സുപ്രിയ മനസ്സു തുറക്കുന്നു

HIGHLIGHTS
  • റിസ്ക് ആണെന്ന് പറഞ്ഞു ഒന്നും ചെയ്യാതെ ഇരുന്നാൽ കുറെ ആളുകളുടെ വീട്ടിൽ കഞ്ഞി വയ്ക്കാൻ പറ്റില്ല
  • വിവാഹശേഷം ആദ്യമായാണ് ഞാനും പൃഥ്വിയും ഇത്രയും കാലം ഒന്നിച്ചു ഉണ്ടാകുന്നത്
SHARE

ഓൺ ക്യാമറയിലും ഓഫ്‌ ക്യാമറയിലും സുപ്രിയ മേനോൻ സംസാരിക്കുന്നത് ഒരുപോലെയാണ്. എന്തും തുറന്നു പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രകൃതം. കോവിഡ് കാലത്ത് പൃഥ്വി വിദേശത്തു കുടുങ്ങിപോയപ്പോൾ വിഷമിച്ചെന്നു പറയുന്ന അതെ സുപ്രിയ തന്നെ ഭക്ഷണവും വെള്ളവും പോലും കിട്ടാതെ വലഞ്ഞ ആളുകളെ വച്ച് നോക്കുമ്പോൾ തന്റെ ഭർത്താവിന് നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് പറയുന്നു. ഒരേ സമയം തനിക്ക് ലഭിച്ചതും മറ്റുള്ളവർക്ക് കിട്ടാതിരുന്നതുമായ ചില അനുഗ്രഹങ്ങളെ കുറിച്ചു അവർക്കു വ്യക്തമായ ബോധ്യമുണ്ട്. അഭിനയവും സംവിധാനവുമൊക്കെയായി പൃഥ്വി മുന്നേറുമ്പോൾ അദ്ദേഹത്തിനൊപ്പം നിർമ്മാതാവായി, ഭാര്യയായി, ഗൃഹനാഥയായി സധൈര്യം സുപ്രിയയുമുണ്ട്.

ഈശോ എന്ന പേര് പോലും വിവാദമാകുന്ന കാലമാണ്, കുരുതി പോലൊരു സിനിമ നിർമ്മിക്കാനുള്ള ധൈര്യം എന്താണ്?

കുരുതി ഒരു യഥാർത്ഥ സംഭവ കഥയല്ല. ഞങ്ങൾ വളരെ ബാലൻസ്ഡ് ആയിട്ടാണ് ഈ സിനിമ എടുത്തിരിക്കുന്നത്. പ്രമേയം സെൻസിറ്റീവ് ആണ്. പക്ഷേ അതേസമയം കാലിക പ്രാധാന്യം ഉള്ളതുമാണ്. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. സിനിമ നൽകുന്ന സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തി എന്നാണ് വിശ്വാസം.

ഭാവിയിൽ സിനിമകൾ ഏതൊക്കെ തരത്തിലാകും നിർമ്മിക്കപ്പെടുക?

എനിക്ക് തോന്നുന്നത് രണ്ടു തരത്തിലാകും സിനിമകൾ നിർമ്മിക്കപ്പെടുക. തിയേറ്ററിന് വേണ്ടിയുള്ള സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകൾക്കു വേണ്ടിയുള്ള സിനിമകളും. രണ്ടു തരത്തിലുള്ള സിനിമകൾക്കും ഒരേ പ്രാധാന്യമായിരിക്കും ഉണ്ടാകുക. പൃഥ്വിരാജ് പ്രെഡക്ഷൻസും ഭാവിയിൽ ഈ രണ്ടു വിഭാഗങ്ങളിലുള്ള സിനിമകൾ ചെയ്യും.

നാളെ എന്താകുമെന്ന് ആർക്കും അറിയില്ലാത്ത ഈ മഹാമാരിക്കാലത്തു സിനിമ നിർമ്മിക്കുന്നത് റിസ്ക്കല്ലേ?

ഒരുപാടു ആളുകൾ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. ഡെയിലി ബാറ്റ വാങ്ങി ജീവിക്കുന്ന എത്രയോ പേർ സിനിമയിലുണ്ട്. റിസ്ക് ആണെന്ന് പറഞ്ഞു ഒന്നും ചെയ്യാതെ ഇരുന്നാൽ കുറെ ആളുകളുടെ വീട്ടിൽ കഞ്ഞി വയ്ക്കാൻ പറ്റില്ല. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള പ്രോട്ടോകോളുകൾ അനുസരിച്ചു ഈ സിനിമ ഞങ്ങളെ കൊണ്ടു ചെയ്യാൻ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഒരു വലിയ സിനിമ ഈ സമയത്ത് എടുക്കാൻ പറഞ്ഞാൽ ചിലപ്പോൾ നടന്നേക്കില്ല. 

ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ പൃഥ്വി ജോർദാനിലെ മരുഭൂമിയിൽ കുടുങ്ങിയിരുന്നു. സുപ്രിയയ്ക്ക് പേടി ഉണ്ടായിരുന്നോ ?

എനിക്ക് ആശങ്കകളുണ്ടായിരുന്നു. പക്ഷേ പൃഥ്വി സുരക്ഷിതനായതു കൊണ്ട് പേടിയില്ലായിരുന്നു. പൃഥ്വിക്കും കൂട്ടർക്കും ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശത്തു കുടുങ്ങിയ പലർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യം പോലും ഇല്ലായിരുന്നു. ഡൽഹിയിൽ നിന്ന് യുപിയിലേക്ക് ആളുകൾ നടന്നുപോയ കാഴ്ചയൊക്കെ നാം കണ്ടതല്ലേ. അതൊക്കെ വച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. മൂന്നു മാസം ഒരു മരുഭൂമിയിൽ കുടുങ്ങിപ്പോയി. ശരിയാണ്. പക്ഷേ കുഴപ്പങ്ങളില്ലാതെ തിരിച്ചുവരാനായി. അപ്പോഴൊക്കെ ദൈവം കൂടെയുണ്ടായിരുന്നു. വിഷമം ഉണ്ടായെന്നതു നേരു തന്നെ. പക്ഷേ മറ്റുള്ളവർ അനുഭവിച്ച പ്രയാസങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അതൊന്നും ഒന്നുമല്ലായിരുന്നു.

movie-channel-chat-with-supriya-menon-prithviraj-sukumaran

പൃഥ്വി സിനിമകളിൽ അഭിനയിക്കുമ്പോഴുള്ളതിനെക്കാൾ ആവേശം അദ്ദേഹം സംവിധായകനാകുമ്പോൾ സുപ്രിയയ്ക്ക് ഉണ്ടോ ? ഡയറക്ടർ സർ എന്നൊക്കെ വിളിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കാണാമല്ലോ ?

ഉറപ്പായുമുണ്ട്. എല്ലാം തുടങ്ങുന്നത് വീട്ടിൽ നിന്നാണല്ലോ. അപ്പോൾ പൃഥ്വിക്കുണ്ടാകുന്ന ആവേശം അദ്ദേഹത്തിന്റെ പങ്കാളിയെന്ന നിലയിൽ എനിക്കുമുണ്ടാകും. നമുക്ക് പ്രോത്സാഹിപ്പിക്കാൻ തോന്നും. പിന്നെ സംവിധാനമെന്നത് നല്ല പണിയാണ്. പൃഥ്വി നല്ല സമ്മർദത്തിലാകും. അഭിനയമാണെങ്കിൽ വീട്ടിൽ വന്നാൽ സംസാരിക്കുകയെങ്കിലും ചെയ്യും. സംവിധാനമാണെങ്കിൽ അതുപോലുമില്ല. അല്ലെങ്കിൽ തന്നെ പൃഥ്വി സിനിമയുമായി ഇഴുകി ചേർന്നാണ് ജീവിക്കുന്നത്. സംവിധാനം ആകുമ്പോൾ അതിൽ മുഴുകുന്നതു പോലെയാകും. പക്ഷേ പൃഥ്വി സ്വപ്നം കണ്ടതൊക്കെ നടത്തിയെടുക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. 

എന്നാണ് സുപ്രിയ നിർമിച്ച് പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം വരുന്നത് ?

ഉറപ്പായും അങ്ങനെയൊന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു. പക്ഷേ തൽക്കാലത്തേക്ക് അങ്ങനെയൊരു പദ്ധതിയില്ല. ഒരുപക്ഷേ അടുത്ത രണ്ടു വർഷത്തിനുളളിൽ ചെയ്യാൻ സാധിച്ചേക്കാം. സംവിധായകനായ പൃഥ്വിക്ക് കുറച്ചു ‘വിലക്കൂടുതലാണ്’. അത് ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് താങ്ങാൻ പറ്റില്ല.

കോവിഡ് മഹാമാരി സുപ്രിയ എന്ന അമ്മയ്ക്കു വരുത്തിയ മാറ്റം എന്താണ് ? 

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ 3 മാസം ഞാനും മോളും ഒറ്റയ്ക്കായിരുന്നു. എന്റെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കിലും ലോക്ഡൗൺ കാരണം അവരുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. ആ സമയത്ത് ഒരു അഞ്ചു വയസ്സുകാരിയെ വീടിനുള്ളിൽ തന്നെ വളർത്താൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ഇൻസ്റ്റഗ്രാമിലെ സുഹൃത്തുക്കൾ ചില കാര്യങ്ങൾ പറഞ്ഞുതന്നു. വായന, പാചകം, ക്രാഫ്റ്റ് അങ്ങനെ ചില പൊടിക്കൈകൾ ഒക്കെ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വേറെ ആരെയും കാണാൻ പറ്റില്ലെന്നത് വലിയ പ്രയാസമായിരുന്നു. അതവരെ എല്ലാ രീതിയിലും ബാധിക്കുന്നുമുണ്ട്. പിന്നെ ഒാൺലൈൻ‌ ക്ലാസ് നടക്കുകയാണല്ലോ. അതു വലിയപാടാണ്. ചെറിയ ക്ലാസ്സിലല്ലേ. ഞാനും കൂടെയിരിക്കണം. തന്നെ ഇരിക്ക്, പഠിക്കു എന്നൊന്നും പറഞ്ഞാൽ നടക്കില്ല. സത്യത്തിൽ ആലിയുടെ കൂടെയിരുന്ന് ഞാൻ വീണ്ടും സ്കൂളിൽ പഠിക്കുകയാണ്. 

ആലിക്ക് സുപ്രിയ ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കാറുണ്ടല്ലോ ?

ഞാനും പൃഥ്വിയും വായിക്കുന്ന ആളുകളാണ്. പ്രേമിക്കുന്ന കാലത്ത് ഒരേ ബുക്കിന്റെ രണ്ടു കോപ്പി ഞാൻ വാങ്ങും എന്നിട്ട് ഒരു കോപ്പി പൃഥ്വിക്ക് കൊടുക്കും. ഒരു കോപ്പി ഞാനും വായിക്കും. എന്നിട്ട് രണ്ടു പേരും പുസ്തകങ്ങൾ വായിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കും. ആലിക്കും പുസ്തകങ്ങളോട് സ്നേഹമുണ്ട്. ആ ശീലം പ്രോത്സാഹിപ്പിക്കാൻ ഞാനും ശ്രമിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഞാനോ പൃഥ്വിയോ വായിച്ചു കൊടുക്കാറായിരുന്നു പതിവ്. പക്ഷേ ഇപ്പോൾ അവൾ തന്നെ വായിക്കാറൊക്കെയായി. 

മോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മടിയുള്ള അമ്മയാണ് സുപ്രിയയെന്ന് പൃഥ്വി അടുത്തിടെ ഒരു പരിഭവം പറഞ്ഞിരുന്നു ?

എല്ലാ മാതാപിതാക്കളും അവരവരുടെ ഇഷ്ടത്തിനാണ് മക്കളെ വളർത്തുന്നത്. അലംകൃതയ്ക്ക് ഏഴു വയസ്സാകുന്നതേയുള്ളു. ഇൗ പ്രായത്തിൽ അവൾക്കൊരു സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അവളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് ഒരു അമ്മയെന്ന നിലയിൽ എന്റെ കടമ. അവൾ വലുതാകട്ടെ. അപ്പോൾ എന്റെ ചിത്രം ഇങ്ങനെ ഇവിടെ ഇടണമെന്ന് അവൾ പറയട്ടെ. സോഷ്യൽ മീഡിയ ഇങ്ങനെയാണ്, നിനക്ക് വേണമെങ്കിൽ ഇടാമെന്ന് അപ്പോൾ പറയാം. മറ്റു മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതു തെറ്റല്ല, അവരുടെ ഇഷ്ടമാണ്. അവർക്ക് നല്ലതെന്ന് തോന്നുന്നതാണ് അവർ ചെയ്യുന്നത്. എന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. അതു ഞാൻ ചെയ്യുന്നു. 

കോവിഡ് കാലത്ത് മാധ്യമ പ്രവർത്തനം മിസ് ചെയ്യുന്നുണ്ടോ ?

ഉറപ്പായും. വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കളെ ഞാൻ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവർക്കൊപ്പം ഉണ്ടാകാൻ‌ ഞാൻ ആഗ്രഹിച്ചു. അതേസമയം തന്നെ ഞാൻ സുരക്ഷിതയാണല്ലോ എന്നുമോർത്തു. ആളുകൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് പോകുന്ന കാഴ്ചകൾ കണ്ടപ്പോൾ മൈക്കും ക്യാമറയുമായി ഇറങ്ങി കുറച്ച് നല്ല ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. റിസ്കാണ് പക്ഷേ അവിടെ നടക്കുന്നത് ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു.

ഈ മഹാമാരിക്കാലത്താണ് പൃഥ്വി ഇത്രയും കാലം അടുത്തുണ്ടാകുന്നത്. ഇക്കാലം പൃഥ്വിയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്?

വിവാഹശേഷം ആദ്യമായാണ് ഞാനും പൃഥ്വിയും ഇത്രയും കാലം ഒന്നിച്ചു ഉണ്ടാകുന്നത്. വീട്ടിൽ ഒന്നും ചെയ്യാതെ ഒന്നിച്ചു ഇരുന്ന കാലമായിരുന്നു. നല്ല സമയമായിരുന്നു എന്ന് എനിക്ക് പറയാമെങ്കിലും മറ്റുള്ളവർക്ക് അങ്ങനെ ആയിരുന്നില്ല എന്നറിയാം. ഈ സമയത്താണ് ആലിക്കൊപ്പം പൃഥ്വി കുറെ കൂടി സമയം ചെലവഴിക്കുന്നത്. അവളും അച്ഛനോട് കുറച്ചു കൂടി അടുത്തു. പിന്നെ പൃഥ്വക്കു വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തിരക്കഥ വായിക്കൽ തന്നെ ആയിരുന്നു പരിപാടി. കോവിഡ് ബാധിച്ചു മറ്റൊരു വീട്ടിൽ ആയിരിക്കുന്ന കാലത്താണ് കുരുതി സ്ക്രിപ്റ്റ് പോലും പൃഥ്വി വായിക്കുന്നത്. ഒരു ദിവസം ഫോണിൽ വിളിച്ചു എനിക്കൊരു ഉഗ്രൻ സ്ക്രിപ്റ്റ് കിട്ടി, നീ വായിക്കണം എന്നു പറഞ്ഞു. നിങ്ങൾക്ക് കോവിഡ് അല്ലേ, ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതെ ഇരുന്നു കൂടെ എന്ന് ഞാൻ ചോദിച്ചു..

Content Summary : Onam Special - Chat with Supriya Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA