ADVERTISEMENT

കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്ര വേദിയിൽ ഇടംപിടിച്ച മിമിക്രി കലാകാരനാണ് കലാഭവൻ ഹനീഫ്. കൊച്ചിക്കാർ ഹനീഫ് ഭായ്  എന്ന് വിളിക്കുന്ന കലാഭവൻ ഹനീഫ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനകത്തു നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സിനിമയുടെ ആൾക്കൂട്ട ആരവങ്ങളിലൊന്നും ഹനീഫയെ കണ്ടിട്ടില്ല. അഭിനയ ജീവിതത്തിന്റെ 30 വർഷങ്ങൾ ഓടി പൂർത്തിയാക്കിയ ഹനീഫയോട്  സിനിമയിൽനിന്ന് എന്ത് നേടി എന്ന് ചോദിച്ചാൽ... അപൂർവങ്ങളിൽ അപൂർവം എന്ന് പറയാവുന്ന നല്ല കുറച്ച് സുഹൃത്തുക്കളെ കിട്ടി എന്നാണ് ഉത്തരം. ‘ഒരു കോടി രൂപ കൊടുത്താലും ഇത്തരം സൗഹൃദങ്ങൾ ഉണ്ടാവില്ല.  സുഹൃത്തുക്കളുടെകാര്യത്തിൽ ഞാൻ അതി സമ്പന്നനാണ്. സമാന ചിന്താഗതിക്കാരും സമാന അനുഭവങ്ങൾ ഉള്ളവരും ആയതുകൊണ്ട് ബന്ധങ്ങൾ ശക്തമായി ഇന്നും നിലനിൽക്കുന്നു. അതാണ് എന്റെ നേട്ടം.’–ഹനീഫ് പറയുന്നു. (പുനപ്രസിദ്ധീകരിച്ചത്)

പുതിയ കാല സിനിമയിൽ ആത്മാർഥമായ സൗഹൃദങ്ങൾക്ക് പ്രസക്തിയില്ല എന്നാണല്ലോ കേട്ടിട്ടുള്ളത്.

കാലം മാറുകയല്ലേ, അതിനനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്. അത്  സൗഹൃദത്തിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്.

സിനിമയിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവമുള്ള ഒരാൾ ഇങ്ങനെ ഒതുങ്ങി മാറി നിൽക്കുന്നത് എന്തു കൊണ്ടാണ്.

നോക്കൂ... ഞാൻ ഒരു സാധാരണ മനുഷ്യനാണ്‌. കൊച്ചിയിലെ ഒരു ചെറിയ കുടുംബത്തിൽ ജനിച്ചു.  ശരാശരി വിദ്യാഭ്യാസം നേടി. മിമിക്രി കലാകാരനായി, പിന്നീട് സിനിമയിൽ വന്നു നടൻ ആയി. അപ്പോഴും ഞാൻ, ഞാൻ തന്നെയാണ്. എനിക്ക് മറ്റൊരാളാകാൻ കഴിയില്ല. നമ്മൾ ആർട്ടിസ്റ്റാണ് അതേസമയം സാധാരണ മനുഷ്യനുമാണ്. അമാനുഷികത്വമു ള്ള ആളൊന്നുമല്ല. മനുഷ്യനാണ് കലാകാരൻ ആവുന്നത്. ഒരാൾ മനുഷ്യൻ അല്ലാതാകുമ്പോഴാണ് അമാനുഷികത്വവും വേറെ എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നുന്നത്. അവിടെയാണ് അവന്റെ നാശം ആരംഭിക്കുന്നത്. എന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണ്. ലോകത്ത് നടൻമാരായ അനേകം പേർ ഉണ്ടാവും. സിനിമയെ സംബന്ധിച്ച് ഞാൻ വേണം എന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ എനിക്ക് സിനിമ ആവശ്യമുണ്ട്. എന്റെ ജീവിതമാണിത്. നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സൗഭാഗ്യങ്ങളെല്ലാം  ദൈവാധീനമാണ്. ഇത് എന്നും ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ നമുക്ക് കാണാൻ സാധിക്കും, എത്ര വലിയ കയറ്റത്തിനും അപ്പുറത്ത് ഒരു ഇറക്കം ഉണ്ട്. കൊടികുത്തി  വാഴുന്ന ആൾക്കും ഒരു അവസാനമുണ്ട്. എല്ലാത്തിനും കാലം സാക്ഷിയാണ്. (പുനപ്രസിദ്ധീകരിച്ചത്)

kalabhavan-haneef
കലാഭവൻ ഹനീഫിന്റെ കുടുംബം

സിനിമയിലെ ഇന്നത്തെ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ.

മാറ്റങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വളരെ വേഗതയിലും അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണിൽ വരെ പുതിയ സിനിമകൾ കാണാവുന്ന അവസ്ഥയായി. മുമ്പ് ഇങ്ങനെ ആയിരുന്നില്ലല്ലോ. സംവിധായകന്റെ ശൈലിയിലും അവതരണത്തിലും അഭിനയത്തിന്റെ രീതികളിലും പുതിയ കഥകൾ കണ്ടെത്തുന്നതിലുമൊക്കെ കാലാനുസൃതമായ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും സിനിമ കൊട്ടകയിലിരുന്ന്   തന്നെ കാണണം. കുറെ പേരും ഞാനും എന്നെ പരിചയമുള്ളവരും പരിചയമില്ലാത്ത വരും ആസ്വദിച്ച് കാണുന്ന അതി വിശാലമായ കലാരൂപമാണ് സിനിമ. കൊട്ടക എന്ന സംഭവം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ആക്കംകൂട്ടി കൊണ്ടാണ് കോവിഡിന്റെ വരവ്. സിനിമ മുഴുവനായി മാറിപ്പോയി. അത് ആരോഗ്യകരമാണോ അല്ലയോ എന്നത് നമുക്ക് ഇപ്പോൾ  പറയാൻ കഴിയില്ല. 

കലാ രംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു. എവിടെയാണ് തുടക്കം.

എനിക്ക്  രണ്ട് അമ്മാവന്മാരുണ്ട്. അവർ എല്ലാ സിനിമയും  കാണും. ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ചിത്രരമ, സിനിരമ, സിനിമ മാസിക തുടങ്ങിയ സിനിമാ സംബന്ധമായ മാസികകൾ വാങ്ങി അമ്മാവന്മാർ വീട്ടിൽ കൊണ്ടുവരും. അന്ന് സിനിരമയിൽ വിലയ്ക്ക് വാങ്ങിയ വീണ എന്ന സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിച്ചിരുന്നു. ഓരോ ആഴ്ചയിലും 3 സീൻ വച്ച് വരും. ഞാനന്ന് എട്ടിലോ ഒമ്പതിലോ  പഠിക്കുകയാണ്. ഇതെല്ലാം വായിച്ചു വായിച്ചു. നേര് പറഞ്ഞാൽ അച്ചടി മാധ്യമങ്ങളിലൂടെയാണ് സിനിമയുമായി അടുക്കുന്നത്. അന്ന് കൊച്ചിയിൽ ഇഷ്ടം പോലെ സിനിമ തിയറ്ററുകൾ ഉണ്ടായിരുന്നു. സ്റ്റാർ തിയറ്ററിലാണ് ഏറ്റവും കൂടുതൽ ഹിന്ദി പടങ്ങൾ കളിച്ചിരുന്നത്. 

kalabhavan-haneef-1
കലാഭവൻ ഹനീഫിന്റെ കുടുംബം

സ്റ്റാർ തിയറ്റർ ഇരിക്കുന്ന ജങ്ഷന് സ്റ്റാർ മൂല എന്നാണ് പേര്. മമ്മൂക്കയുടെ ഭാര്യ വീടിന്റെ അടുത്ത് ആയിരുന്നു സ്റ്റാർ തിയറ്റർ. ഈ സംഭവം ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. അവരുടെ ധാരണ മമ്മൂക്കയുടെ ഭാര്യവീട് അവിടെയുള്ളതുകൊണ്ടാണ് സ്റ്റാർ മൂല എന്ന പേരു വന്നതെന്ന് വിചാരിച്ചിരിക്കുകയാണ്. തലമുറകളുടെ വ്യത്യാസമാണത്. ഒരു വലിയ ഗ്രൗണ്ടിനു നടുവിൽ ഒരു തിയറ്റർ. വൈകുന്നേരം അഞ്ചു മണിയാകുമ്പോൾ നല്ല വോളിയത്തിൽ ഹിന്ദി പാട്ട് വക്കും. അത് കേൾക്കാൻ കൊച്ചിയുടെ പല ഭാഗത്തു നിന്നും  ആളുകൾ വരും. ഹിന്ദി പാട്ടിനോട് പ്രത്യേക താല്പര്യം ഉള്ളവരാണ് കൊച്ചിക്കാർ. ഇങ്ങനെ വന്നു ചേർന്നവരിൽ പുതിയ കൂട്ടവും കൂട്ടായ്മയും ഉണ്ടായി. സ്റ്റാർ തീയറ്ററിന് പിന്നാലെ സൈനാ തിയറ്റർ വന്നു. ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പടങ്ങൾ കളിച്ചിരുന്നത് സൈനാ തിയറ്ററിലാണ്. ഇപ്പോൾ അത് കോക്കേഴ്സ് ആണ്. പിന്നീട് റോയൽ തിയറ്റർ, ഗാലക്സി, സൂയി,അജന്ത, സുജാത തുടങ്ങി ഒരുപിടി  തിയറ്ററുകൾ ഉണ്ടായി. അന്ന്  ഏറ്റവും കൂടുതൽ മലയാള സിനിമകൾ കളിച്ചിരുന്നത് സുജാതയിലാണ്.

തിയറ്ററുകൾ ധാരാളമുള്ള സ്ഥലമാണെന്ന് പറഞ്ഞു. പക്ഷേ സിനിമ കാണാനുള്ള സാഹചര്യം  ഉണ്ടായിരുന്നോ.

എന്റെ അച്ഛന് മട്ടാഞ്ചേരി ജെട്ടിയിൽ ഒരു കട ഉണ്ടായിരുന്നു. അവിടെ രണ്ടു മൂന്നു  തിയറ്ററുകളിലെ പരസ്യ ബോർഡ് കൊണ്ട് വന്നു വയ്ക്കും. ഏതു സിനിമയാണ് അപ്പോൾ  കളിക്കുന്നത് ആ സിനിമയുടെ പോസ്റ്റർ ഒട്ടിച്ച ബോർഡ് ആയിരിക്കും വയ്ക്കുന്നത്. ഒരു  ബോർഡ് വെച്ചു കഴിഞ്ഞാൽ സിനിമ കാണാനുള്ള ഫസ്റ്റ് ക്ലാസ് പാസ്സ് നമുക്ക് ഫ്രീയായി തരും.. അതുകൊണ്ട് എല്ലാ പടങ്ങളും പോയി  കാണും. ഏതു സിനിമ കണ്ടാലും പിറ്റേദിവസം സ്കൂളിൽ ചെന്ന് കൂട്ടുകാരോട് വിസ്‌തരിച്ചു കഥ പറയുന്നൊരു ശീലമുണ്ടായിരുന്നു. സിനിമ കാണാൻ ഒരു സാധ്യതയുമില്ലാത്ത വരാണ് നമ്മുടെ കേൾവിക്കാർ.  കഥ പറയുന്നതിനിടയിൽ ചില ഡയലോഗുകൾ വരുമ്പോൾ നടന്മാരെ അനുകരിച്ചു പറയും. 

ഒരു രസത്തിന് ചെറിയ ആക്‌ഷൻ ഒക്കെ ഇട്ട് അങ്ങ് തട്ടിവിടും. ഒരു ദിവസം എന്റെ സുഹൃത്ത് സലാഹുദ്ദീൻ ചോദിച്ചു,  ഇതെല്ലാം ഒന്നു ക്രോഡീകരിച്ച് സ്കൂൾ യൂത്ത് ഫെസ്റ്റിവലിന് സ്റ്റേജിൽ അവതരിപ്പിച്ചാലോ. ഞാൻ റെഡി. ആ വർഷം സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ചു. അന്ന് ആദ്യമായിട്ടാണ് സ്റ്റേജിൽ കയറുന്നത്. മോണോ ആക്ടിൽ എനിക്ക് ഫസ്റ്റ് കിട്ടി. അതൊരു പ്രചോദനമായി. അന്ന് മിമിക്രി ഇല്ല. മോണോആക്ട് മാത്രമേ ഉള്ളൂ. ഒരാളുടെ തൊണ്ടയിൽ നിന്ന് വേറൊരാളുടെ ശബ്ദം വരുന്നത് അക്കാലത്ത് ഭയങ്കര സംഭവമായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ശബ്ദമാണ് അനുകരിക്കുന്നതെങ്കിൽ പ്രത്യേകിച്ചു ശ്രദ്ധിക്കപ്പെടും. 

kalabhavan-haneef-143

ഫസ്റ്റ് കിട്ടിയതിന്റെ പേരിൽ എല്ലാവരും  അഭിനന്ദിച്ചപ്പോൾ സംഗതി കൊള്ളാമെന്ന്  എനിക്കും തോന്നി. മോണോ ആക്ടിലൂടെ കലാ രംഗത്ത് കൂടുതൽ സജീവമായി. കൊച്ചിയിൽ  മൗലാനാ ആസാദ് ലൈബ്രറി ഉണ്ട്. അവരുടെ കൾച്ചറൽ പരിപാടികളിൽ പങ്കെടുത്തു. മനോരമയുടെ ആസാദ് ബാലജനസഖ്യം മെമ്പറായിരുന്നു. 78 - 79 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ മോണോആക്ട് - മിമിക്രിക്ക് ഫസ്റ്റ് എനിക്കായിരുന്നു. എറണാകുളത്ത് ഒല്ലൂരിൽ നടന്ന സഖ്യത്തിന്റെ  പരിപാടിയിൽ പങ്കെടുത്തു. ബാലജനസഖ്യവുമായി ബന്ധപ്പെട്ട് കുറേ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

കലാഭവനില്‍ എത്തിയതെങ്ങനെയാണ്. 

നടനും മിമിക്രി കലാകാരനുമായിരുന്ന സൈനുദ്ദീൻ എന്റെ അയൽവാസിയാണ്. ഞങ്ങൾ രണ്ട് പേരും  ചേർന്ന് സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നു. ആ സമയത്ത് സൈനുദ്ദീൻ കലാഭവന്റെ മിമിക്സ് പരേഡിലും കളിക്കുന്നുണ്ട്. കലാഭവനിൽ എന്നെക്കുറിച്ച്  സൈനുദ്ദീൻ പറയാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ  ഏതോ ഒരു കല്യാണത്തിന് പോയപ്പോൾ  അവിടെ കലാഭവൻ റഹ്മാൻ, കെ.എസ്.  പ്രസാദ് വേറെ കുറേ മിമിക്രിക്കാരും ഉണ്ടായിരുന്നു. അവിടെ വെച്ച് എന്റെ കാര്യത്തിൽ തീരുമാനമായി. ഞാൻ കലാഭവനിൽ ചെല്ലുമ്പോൾ അവിടെ  അശോകൻ ഉണ്ട്. അന്ന് ഹരിശ്രീ ഇല്ല. കലാഭവന്റെ  ഗാനമേളയുടെ ഇന്റർവെൽ  സമയത്ത് അശോകനും ഞാനും കൂടി മുക്കാൽ മണിക്കൂർ മിമിക്രി അവതരിപ്പിക്കും. ഒരു മണിക്കൂർ പാട്ട് കേട്ട് കഴിയുമ്പോൾ ആളുകൾ ഒന്ന് ഇളകാൻ തുടങ്ങും. ഈ സമയത്താണ് വേറൊരു സംഭവുമായി ഞങ്ങൾ സ്റ്റേജിൽ കയറുന്നത്. ആളുകൾ ഉഷാറായി ചിരിച്ചു രസിച്ചു അങ്ങനെയിരിക്കുമ്പോൾ ഗാനമേള വീണ്ടും തുടങ്ങും. കുറച്ചു കഴിഞ്ഞപ്പോൾ  കലാഭവൻ മിമിക്സ് പരേഡ് ടീമിലേക്ക് പ്രമോഷൻ കിട്ടി.

കലാഭവനിൽ നിന്ന് പോരാൻ എന്തായിരുന്നു കാരണം.

കലാഭവനിൽ നിന്ന് ആബേൽ അച്ചനുമായി നല്ല രീതിയിൽ പിരിഞ്ഞുപോന്നവരിൽ ഒരാൾ ഞാനായിരിക്കും. ഹനീഫക്ക് ഫ്രീ ഉള്ള സമയം വരാൻ പറ്റുമെങ്കിൽ വരണമെന്നും അച്ചൻ പറഞ്ഞു. പരേഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ  വീട്ടുകാർ കല്യാണ ആലോചന തുടങ്ങിയിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കണമെങ്കിൽ ഒരു ജോലി ഉണ്ടായേപറ്റൂ. മിമിക്രി ഒരു ജോലി അല്ലല്ലോ. ഇതിനിടയിൽ താൽക്കാലിക ജോലികൾ പലതും ചെയ്തു. എന്റെ സുഹൃത്തും കലാകാരനുമായ ചേലക്കുളം റഹ്മാൻ വഴി ഒരു ഹാർഡ്‌വെയർ ഷോപ്പിൽ ബിസിനസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക്  കയറി. കമ്പനിയുടെ ഓർഡർ എടുക്കാൻ കേരളം മുഴുവൻ സഞ്ചരിക്കണം. അങ്ങനെ വന്നപ്പോൾ മിമിക്രിയിൽ നിന്ന് അകന്നു പോയി. ഇതിനിടയിൽ കല്യാണം നടന്നു.പിന്നീട് ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു.

മിമിക്രി വിട്ടു ജോലിക്ക് കയറി. പിന്നെങ്ങനെ സിനിമയിൽ കടന്നു കൂടി.

കലാഭവനിൽ നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും സിനിമയിലെത്തി. ജയറാം സ്റ്റാർ ആയി. പിന്നാലെ സൈനുദ്ദീനും  സിദ്ദിഖും ലാലും അശോകനുമൊക്കെ വന്നു. അങ്ങനെ ഓരോരുത്തരായി സിനിമയിൽ വന്നുകൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ ഉള്ളിലും  ഒരു മോഹം തോന്നുമല്ലോ. മാത്രമല്ല താൻ എന്നാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന് ആളുകൾ ചോദിക്കാനുംതുടങ്ങി. ഒരു തവണ ഗൾഫ് പ്രോഗ്രാമിന് പോയപ്പോൾ ദാസേട്ടന്റെ  ഗിറ്റാറിസ്റ്റ് സതീഷ് (നിർമാതാവ് പ്രേമന്റെ അളിയൻ )  ഹനീഫയ്ക്ക്  സിനിമയിൽ അഭിനയിച്ചു കൂടെയെന്ന് യാത്രക്കിടയിൽ  എന്നോട് ചോദിച്ചപ്പോൾ...അവസരം കിട്ടിയാൽ നോക്കാമെന്ന് ഞാൻ പറഞ്ഞു. 

ഗൾഫിൽ നിന്ന് നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സതീഷിന്റെ ഒരു ഫോൺ. ഹനീഫ എന്റെ അളിയൻ ഒരു സിനിമ നിർമിക്കുന്നു. താൻ പെട്ടെന്ന് എറണാകുളത്ത് കടവന്ത്രയിൽ ഉള്ള ഓർക്കിഡ് ഹോട്ടലിലേക്ക് വാ. ഞാൻ അവിടെ ചെന്നു സതീഷിനെ കണ്ടു. സതീഷ് എന്നെ വിളിച്ചു കൊണ്ട് പോയി,  സംവിധായകൻ കല അടൂരിനെ പരിചയപ്പെടുത്തി. അവിടെ വച്ച് ഒന്നുരണ്ട് ഐറ്റംസ് കാണിച്ചു ഞാൻ വീട്ടിലേക്ക് പോന്നു. രണ്ടുദിവസം കഴിഞ്ഞു പ്രൊഡക്‌ഷനിൽ നിന്ന് വിളിച്ചു, ലൊക്കേഷനിലേക്ക് ചെല്ലാൻ പറഞ്ഞു. ഒരു പൊലീസ് കോൺസ്റ്റബിളിന്റെ  വേഷം തന്നു. 

മുകേഷ് ചേട്ടൻ ജഗദീഷ് ചേട്ടൻ കെപിഎസി ലളിത ചേച്ചി അവരോടൊപ്പമുള്ള കോമ്പിനേഷൻ സീൻ ആണ്.  അന്ന് കോമഡി സിനിമകളിൽ ഏറ്റവും തിരക്കുള്ള താരങ്ങളാണ് അവർ. അവരുടെ കൂടെ തുടക്കമിടാൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ആദ്യ സിനിമയിൽ തന്നെ നല്ല വേഷം കിട്ടി. അതുകഴിഞ്ഞ് കല ചേട്ടന്റെ നെറ്റിപ്പട്ടം എന്ന സിനിമയിൽ അഭിനയിച്ചു. തുളസിദാസ് സാറിന്റെ ചാഞ്ചാട്ടം എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങനെ അങ്ങനെ അഭിനയം തലയ്ക്കുപിടിച്ചു... ഞാനും ഒരു നടനായി. അന്നൊക്കെ നമുക്ക് പരിചയമുള്ള ആളുകൾ വർക്ക് ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ നേരിട്ട് ചെല്ലും. 

ഷൂട്ടിങ് സ്ഥലം എവിടെയാണെന്ന് കണ്ടുപിടിക്കാൻ വലിയ പ്രയാസമാണെങ്കിലും അതൊക്കെ സഹിച്ചാണ് യാത്ര. ഇന്നത്തെ പോലെ ഫോൺ സൗകര്യം വ്യാപകമായിട്ടില്ല. മൊബൈൽ ഫോൺ ഇല്ല. ടെലിഫോൺ ബൂത്തിൽ പോയിരുന്നാണ് വിളിക്കുന്നത്. ദൂരെ എവിടെയെങ്കിലുമാണെങ്കിൽ ട്രങ്ക് ബുക്ക് ചെയ്യണം. നമ്മളെ സംബന്ധിച്ച് സിനിമ ആവശ്യമായതുകൊണ്ട് കിലോമീറ്ററുകളോളം നടന്നും ബസ്സിൽ യാത്ര ചെയ്തും  എങ്ങനെയെങ്കിലുമൊക്കെ ലൊക്കേഷനിലെത്തും. അവിടെ എത്തിയാലും ഡയറക്ടറെ നേരിട്ട് കണ്ട് സംസാരിക്കാൻ വലിയ പാടാണ്. ചില അസിസ്റ്റന്റ് ഡയറക്ടർമാരുണ്ട്.ആവശ്യമില്ലാതെ തടസ്സങ്ങളുണ്ടാക്കും.അതെന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. അവരുടെ കണ്ണുവെട്ടിച്ച് വേണം ഡയറക്ടറുടെ അടുത്തെത്താൻ. ചെറിയ ചെറിയ വേഷങ്ങൾ ഒരുപാട് ചെയ്തു മുഖ പരിചയം വന്നു തുടങ്ങിയതിനു ശേഷം കുറച്ചുകൂടി വലിയ നല്ല വേഷങ്ങൾ കിട്ടി തുടങ്ങി. ഓടുന്നപടത്തിൽ ഒരു സീൻ കിട്ടിയാൽ മതി നമ്മൾ ശ്രദ്ധിക്കപ്പെടും.

വേദനപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇതുവരെ എത്തിയതെന്ന് അറിയാം.

തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും ചില ഘട്ടങ്ങളിൽ നമ്മളെ തള്ളി താഴെ ഇട്ടിട്ടുണ്ട്. അതിന്റെ നേട്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുമുണ്ട്. പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്നുവരെ ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. എന്റെ മനസ്സ് അതിന് അനുവദിക്കുകയുമില്ല. ഒരു ക്യാരക്ടർ ചെയ്യാൻ വേണ്ടി സംവിധായകൻ നമ്മളെ വിളിക്കാൻ പറഞ്ഞാൽ എങ്ങനെ എന്നെ ഒഴിവാക്കാം എന്നാണ് അവർ ആലോചിക്കുന്നത്. പല പടത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളെ വിളിച്ചിട്ട് കിട്ടുന്നില്ല, പറഞ്ഞ സമയത്ത് നമുക്ക് ഡേറ്റില്ല, നമ്മൾ ഒരുപാട് കാശ് ചോദിക്കുന്നു, ഇങ്ങനെയുള്ള പലതും  പറഞ്ഞാണ് നമ്മളെ  ഒഴിവാക്കുക. ഇനി ഇതിനു വിപരീതമായി നമ്മൾ അവിടെ എത്തി ആ വേഷം ചെയ്യുന്നു എന്ന് കരുതുക. അപ്പോഴും പ്രശ്നമാണ്.നമ്മളെ ദ്രോഹിക്കാവുന്നതിന്റെ മാക്സിമം അവർ ദ്രോഹിക്കും. അതായിരുന്നു അവസ്ഥ. 

kalabhavan-haneef-3

30 വർഷത്തിനിടയിൽ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നല്ലതും നല്ലതല്ലാത്തതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ടാവാം. ഇപ്പോഴും മനസ്സിൽ നിന്നിറങ്ങി പോകാത്ത കഥാപാത്രങ്ങളും ഉണ്ടാവും. അതിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ ക്കുറിച്ച് പറയാമോ.

അഭിനയിക്കുമ്പോൾ നമുക്ക് തോന്നുമല്ലോ നല്ല ക്യാരക്ടർ ആണ് നന്നായിട്ട് ചെയ്യണം എന്നൊക്കെ. അങ്ങനെ തൃപ്തി തോന്നിയ വേഷമാണ് കമൽ സാറിന്റെ ഗ്രാമ ഫോണിലെ തൊഴിലാളി നേതാവിന്റെ വേഷം. രണ്ട് സീനേയുള്ളു. സിനിമയെക്കുറിച്ച് വന്ന നിരൂപണത്തിൽ വർത്തമാന കാലഘട്ടത്തിലെ തൊഴിലാളി നേതാവിനെ അവതരിപ്പിച്ച നടൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നൊക്കെ എന്നെക്കുറിച്ച് എഴുതിയിരുന്നു. അതു വെട്ടിയെടുത്ത്  പേഴ്സിൽ വച്ച് കുറെനാൾ കൊണ്ട് നടന്നു.

ഒരു വർഷം 150 ലധികം സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട് . ഇതിൽ എത്ര ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ടാകും.

ഒരുവർഷത്തെ കണക്കെടുക്കുമ്പോൾ പതിനഞ്ചോ ഇരുപതോ പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ടാകും. അതൊരു കുറവോ  നഷ്ടമോ ആയി എനിക്ക് തോന്നിയിട്ടില്ല. ഞാൻ വന്ന കാലത്ത് ഉണ്ടായിരുന്ന എന്നെപ്പോലെ വേഷം ചെയ്തിരുന്ന പലരും നിർത്തി പോവുകയോ ഔട്ടാ കുകയോ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാൻ ഇവിടെ നിൽക്കുന്നു. 30 വർഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇവിടെ എല്ലാവർക്കും സ്പേസ് ഉണ്ട്. അത് തിരിച്ചറിയുകയാണ് വേണ്ടത്. നമ്മൾ നമ്മളെ തിരിച്ചറിയണം. നമ്മുടെ കഴിവും കഴിവില്ലായ്മയും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വലിയ സന്തോഷക്കുറവൊന്നും ഉണ്ടാവില്ല.

ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്  ദിലീപിന്റെ സിനിമകളിലാണല്ലോ. ദിലീപ് സിനിമകളിലെ ഭാഗ്യ നടനാണെന്ന് പലരും പറയാറുണ്ടായിരുന്നു. 

ദിലീപിന്റെ ഒട്ടുമിക്ക പടങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു.ഒരു ചെറിയ വേഷമെങ്കിലും കിട്ടാതിരിക്കില്ല .ഒന്നോ രണ്ടോ സീനാണെങ്കിൽ  പോലും ഞാൻ പോയി അഭിനയിക്കും. ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒരു കോക്കസിലും  പെടാത്ത ആളായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും എന്നോട്  ചോദിച്ചിട്ടുണ്ട്. ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ആകെക്കൂടി ഒരു സ്റ്റേജ് പ്രോഗ്രാമേ ചെയ്തിട്ടുള്ളൂ. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാൻ പിടിച്ച ഒരുമാട്ട പരിപാടി. റഹ്മാനും ദിലീപും ഞാനും കൂടിയാണ് അവതരിപ്പിച്ചത്. 

അവിടെവെച്ചാണ് ദിലീപിനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് ദിലീപ്  എന്നോട് പറഞ്ഞു, ‘ഇക്കാ ഞാൻ ജഗതി ചേട്ടനെ നന്നായി അനുകരിക്കും. ഇക്ക എന്നോട് തീപ്പെട്ടി ഉണ്ടോ എന്ന് ചോദിച്ചേ’. ഞാനുടനെ... ‘ജഗതി ചേട്ടാ  തീപ്പെട്ടിയുണ്ടോ’... ഉണ്ടെങ്കിൽ... ജഗതി ചേട്ടന്റെ ശബ്ദം  വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുള്ള ദിലീപിന്റെ പെർഫോമൻസ് കണ്ടപ്പോൾ  ഞാൻ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുള്ള കലാകാരനാണ്‌. പിന്നീട് കുറെകഴിഞ്ഞ് അബിയുടെ കല്യാണത്തിനാണ്‌  ഞങ്ങൾ വീണ്ടും കാണുന്നത്. 

പിന്നെയും കുറേക്കഴിഞ്ഞാണ്  തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ  ദിലീപിന്റെ കൂടെ അഭിനയിക്കുന്നത്. അതിനു ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും. അതുകൊണ്ട്മാത്രം  ഭാഗ്യ നടൻ എന്ന് പറയാൻ പറ്റില്ലല്ലോ. ദിലീപിന്റെ അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ്  ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ടകാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നിൽക്കുന്ന നടനാണ് ദിലീപ്. ഞാൻ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല . ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ  ദിലീപ് പറഞ്ഞു... എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാർഥിക്കാനല്ലാതെ മറ്റ് എന്താണ് ഞാൻ ചെയ്യുക.

പൊതുവേ കൊച്ചിക്കാർ പാട്ടിനോട് വലിയ കമ്പം ഉള്ളവരാണെന്നാണ് പറയുന്നത്. പാട്ട് പാടാറുണ്ടോ.

പാട്ടിനോട് ഭയങ്കര താൽപര്യമാണ്. കൊച്ചിയിലുള്ള എന്റെ സുഹൃത്തുക്കളിൽ  പകുതിയിലധികം പേരും പാട്ടു കാരാണ്. ഞാൻ പാടിയിട്ടില്ല. പാടാൻ എനിക്കറിയില്ല. അതിനുള്ള കഴിവില്ല. പക്ഷേ പാട്ട് ആസ്വദിക്കാനും അതിനകത്തെ കുറവുകൾ മനസ്സിലാക്കാനും കഴിയും. വർക്കില്ലാതെ ഇരിക്കുന്ന സമയത്ത് പാട്ടു കേൾക്കലാണ് പ്രധാന വിനോദം. പാട്ടിനോടുള്ള ഇഷ്ടം മറ്റൊന്നിനോടും തോന്നിയിട്ടില്ല.

കുട്ടിക്കാലം മുതൽ ധാരാളമായി സിനിമ കാണുന്ന ആളായിരുന്നല്ലോ. അന്നത്തെ നടന്മാരിൽ കൂടുതൽ ഇഷ്ടം ആരോടായിരുന്നു.

അന്ന് എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഒരേ ഒരു ആർട്ടിസ്റ്റേയുള്ളൂ... പ്രേംനസീർ. നമ്മൾ പാടി പുകഴ്ത്തുന്ന സത്യൻ മാഷ് ആയിരിക്കും അഭിനയ ചക്രവർത്തിയെങ്കിലും സിനിമയിൽ പ്രധാന ആകർഷണമായ ഗ്ലാമർ ബോയിയായി കണ്ടിരുന്നത് നസീർ സാറിനെ ആണ്. അന്നത്തെ എന്റെ ഹീറോ നസീർ തന്നെയാണ്. പിന്നീട് ഒരുപാടുപേർ സിനിമയിൽ വന്നു. അവരെയും നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങി. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ എല്ലാ  സിനിമയും  കണ്ടതുകൊണ്ട് നമ്മുടെ ആസ്വാദന നിലവാരം ഉയരണമെന്നില്ല. നല്ല സിനിമകളെ തിരിച്ചറിയാനുള്ള ശേഷി ഉണ്ടെങ്കിലേ നമ്മുടെ ആസ്വാദന നിലവാരം മെച്ചപ്പെടുകയുള്ളൂ. പണ്ട് നമ്മുടെ നാട്ടിൽ ഒരുപാട് ഫിലിം സൊസൈറ്റികൾ ഉണ്ടായിരുന്നു. അവിടെയൊക്കെ പോയിരിക്കും. അവിടെ നടക്കുന്ന സിനിമ ചർച്ചകളിൽ പങ്കെടുക്കാറില്ലെങ്കിലും നല്ലൊരു കേൾവിക്കാരൻ ആയിരുന്നു. അവർ പറയുന്ന അഭിപ്രായങ്ങൾ കേൾക്കും നമ്മുടെ ശരിയും അവരുടെ ശരിയും വിശകലനം ചെയ്തു അറിയാത്ത കാര്യങ്ങളെ അറിയാൻ ശ്രമിച്ചിരുന്നു. അത് പിന്നീട് നല്ല സിനിമകളിലേക്ക് വഴിതിരിച്ചുവിട്ടു.

ജീവിതം എന്താണ് പഠിപ്പിച്ചത്.

ജീവിതം എന്തു പഠിപ്പിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. ഒരുപാട് ജോലികൾ ചെയ്തു. പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. പിന്നീട് പാർസൽ സർവീസ് കമ്പനിയിൽ ബുക്കിങ് ക്ലർക്ക് ആയി. പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്ന സമയത്ത് അഖില കേരള അടിസ്ഥാനത്തിൽ തപാൽ വകുപ്പ് നടത്തിയ കൾച്ചറൽ ഫെസ്റ്റിൽ മിമിക്രിയിൽ എനിക്ക് ഫസ്റ്റ് കിട്ടി. സർട്ടിഫിക്കറ്റിൽ മുഹമ്മദ് ഹനീഫ എന്നുണ്ടെങ്കിലും അവരുടെ ഔദ്യോഗിക രേഖകളിൽ എന്റെ പേര് കാണില്ല. ഞാൻ ലീവ് വേക്കൻസിയിൽ കയറിയ താൽക്കാലിക ജീവനക്കാരനാണ്. ഓ എസ് എന്നാണ് പറയുക. ഔട്ട്സൈഡർ. 

പോസ്റ്റ് ഓഫിസിൽ നിന്ന് പോന്നു പാഴ്സൽ സർവീസ് കമ്പനിയിൽ ബുക്കിങ് ക്ലർക്കായി കുറച്ചുകാലം ജോലി ചെയ്തു. അപ്പോഴൊക്കെ മിമിക്രിയും കൂടെയുണ്ട്. അതിനുശേഷമാണ് ഹാർഡ് വെയർ കമ്പനിയിൽ ജോലിക്ക് കയറിയത്. ഇതിനിടയിൽ സ്വന്തമായി ഒരു പലചരക്ക് കട നടത്തി. ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ സേഫ് സോണിൽ ആണെന്ന് പറഞ്ഞാലും ജീവിതത്തിൽ നമ്മൾ അത്ര സേഫ് അല്ല. എന്നാലും സന്തോഷമാണ്. ഒരു കുടുംബത്തിന് ഉണ്ടാകേണ്ട ഒരുപാട് കാര്യങ്ങൾ എനിക്കില്ലാതെ പോയിട്ടുണ്ട്. ഇതൊന്നും എന്നെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ  ചെയ്തിട്ടില്ല. കാരണം ഇതൊന്നുമില്ലാത്ത ഒരുപാടുപേർ വേറെയുണ്ട്. അപ്പോൾ എനിക്ക് കിട്ടിയ അനുഗ്രഹങ്ങളിൽ ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടത്.

സിനിമയിൽ കോമഡി കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെങ്കിലും മുഖത്തെ സ്ഥായിയായ ഭാവം ദുഃഖം ആണല്ലോ.

ഇത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ അങ്ങനെ ഒരുപാട് ചിരിക്കുന്ന ഒരാളല്ല. ഒന്നെനിക്കറിയാം ഞാൻ ഇങ്ങനെയൊക്കെയാണ്. സിനിമയിലെ ആർട്ടിസ്റ്റുകൾ എല്ലാവരും ഉന്നതശ്രേണിയിൽ ജീവിക്കുന്നവരാണെന്ന് ചില ധാരണകളുണ്ട്. എന്നെപ്പോലെ സാധാരണ ജീവിതം നയിക്കുന്ന ഒരാൾക്ക് അങ്ങനെയാകാൻ ഒരിക്കലും സാധിക്കില്ല. ജീവിതം കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. എന്റെ കാര്യത്തിൽ കയറ്റങ്ങൾ കുറവും ഇറക്കങ്ങൾ കൂടുതലുമാണ്. അതുകൊണ്ട് കയറി പോയിട്ട് തിരിച്ചിറങ്ങി വരുമ്പോഴുള്ള വിഷമം എനിക്കുണ്ടായിട്ടില്ല.ഇറക്കത്തിൽ കൂടുതൽ ആയാസപ്പെടേണ്ടിയും വന്നിട്ടില്ല. 

എന്റെ ഫാദർ എപ്പോഴും പറയാറുള്ള ഒരു കാര്യം, ഏത് അവസ്ഥയിലും  ആളുകളോട് നല്ല രീതിയിൽ പെരുമാറണം. അതിന് പത്ത് പൈസ ടാക്സ് കൊടുക്കണ്ട... അത് ഇന്നും ഞാൻ പാലിക്കുന്നുണ്ട്. സിനിമയിൽ വന്ന് ജീവിതം പച്ച പിടിക്കാതെ പോയ എത്രയോ പേർ ഉണ്ടാവും. പല തകർച്ചകളിൽ നിന്നും തല ഉയർത്തി നിൽക്കാൻ എനിക്ക് കഴിയുന്നത് നമ്മുടെ മാന്യതയും നമ്മുടെ ജീവിതരീതിയുമാണ്.അത് നിലനിർത്തിക്കൊണ്ടു പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതങ്ങ് വിട്ടു കൊടുത്താൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നമ്മൾ പഠിച്ചതിന്റെയും നമ്മളെ പഠിപ്പിച്ചതിന്റെയും ഗുണമായിരിക്കാം  നമ്മുടെ ജീവിതത്തിലും പ്രവർത്തികളിലും നിറയുന്നത്.

kalabhavan-haneef
കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹച്ചടങ്ങിൽ നിന്നും

ഇത്രയും പരിചയസമ്പത്തുണ്ടായിട്ടും ഒന്ന് രണ്ടു സീനിലൊക്കെ അഭിനയിച്ചു പോകുമ്പോൾ വിഷമം തോന്നാറില്ലേ.

ഞാൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ല. സങ്കടം ഉണ്ടെങ്കിലും കിട്ടുന്നതുകൊണ്ട് തൃപ്തനാണ്. നല്ല ടൈമിങ് ഉള്ള ആർട്ടിസ്റ്റാണ്. വെറുപ്പിക്കാതെ കോമഡി ചെയ്യുന്ന ആർട്ടിസ്റ്റാണ്. ഒന്നോ രണ്ടോ സീനിൽ ആയാൽ പോലും വന്നു തകർത്തിട്ട് പോകും എന്നൊക്കെ പല സംവിധായകരും പറയാറുണ്ട്. പക്ഷേ ഈ പറയുന്ന സംവിധായകരുടെ അടുത്ത പടത്തിൽ ത്രൂ ഔട്ട്‌ വേഷം  തരാതിരിക്കാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല. നല്ല ആർട്ടിസ്റ്റാണെന്ന് പറയുകയും ത്രൂ ഔട്ട്  വേഷം തരാതിരിക്കുകയും ചെയ്യുമ്പോൾ ഇങ്ങനെയുള്ള ചെറിയ വേഷങ്ങൾ ചെയ്തു ചെയ്തു ഒതുക്കപ്പെട്ടു പോയതാണോ എന്നറിയില്ല. ഇപ്പോൾ ഞാൻ ഇത് പോലെയുള്ള ചെറിയ വേഷങ്ങൾ ചെയ്തു നിൽക്കുകയാണ്. ഇത് എന്റെയൊരു ട്രേഡ് മാർക്കായി മാറി. ഈ വേഷം ചെയ്യേണ്ട എന്ന് നമ്മൾ തീരുമാനിച്ചാൽ ഇതേ വേഷം ചെയ്യാൻ 100 ആള് വേറെ ഉണ്ട്. ഇപ്പോൾ ഇതെങ്കിലും കിട്ടുന്നുണ്ടല്ലോ. ഞാൻ ഹാപ്പിയാണ്.

ഓണക്കാലമാണ്. ഓണാനുഭവങ്ങൾ എന്തൊക്കെയാണ്.

കുട്ടിക്കാലത്തെ  ഓണാനുഭവങ്ങൾ വളരെ രസകരമാണ്. അച്ഛന്റെ മൂത്ത പെങ്ങളുടെ വീട് പള്ളുരുത്തിയിലാണ്. ഓണം വെക്കേഷന് നമ്മൾ അങ്ങോട്ട് പോകും. അന്നത്തെ പള്ളുരുത്തി പക്കാഗ്രാമമാണ്. മതിലോ, വേലികെട്ടുകളോ ഒന്നുമില്ലാത്ത ഗ്രാമം. ഗ്രാമങ്ങളിൽ എപ്പോഴും ആഘോഷങ്ങൾ ഗംഭീരമായിരിക്കും. പ്രത്യേകിച്ച് ഓണം. പറമ്പായ പറമ്പു മുഴുവൻ കയറി ഇറങ്ങി പൂ പറിക്കലും പൂക്കളും ഒരുക്കലും ഓണക്കളിയും ഓണപ്പാട്ടും മത്സരങ്ങളുമൊക്കെയായി വലിയ സംഭവമാണ്.  കുറച്ചു മുതിർന്നപ്പോൾ കൊച്ചിയിൽ എന്റെ തറവാട് വീടിന്റെ തൊട്ടടുത്ത് ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനോടനുബന്ധിച്ച് ഓണക്കളി മത്സരങ്ങളും കലാ പരിപാടികളുമൊക്കെ സംഘടിപ്പിക്കാറുണ്ട്. അതിന്റെ പ്രാക്ടീസും കാര്യങ്ങളുമൊക്കെയായി അങ്ങ്  കൂടും. 

സിനിമയിൽ  വന്നതിനുശേഷമുള്ള ഓണാഘോഷം മിക്കവാറും ഏതെങ്കിലും  ലൊക്കേഷനിലായിരിക്കും. ഷൂട്ടിങ് ഇല്ലാത്ത സമയത്താണെങ്കിൽ ഓണ ദിവസം അടുത്ത സുഹൃത്തുക്കളുടെ വീടുകളിൽ പോകും.എല്ലാ ആഘോഷങ്ങൾക്കും ഇപ്പോൾ തടസ്സം ഉണ്ടായിരിക്കുന്നു. ഒരു സമയത്ത് പ്രളയമായിരുന്നു. അത് നമ്മളെ ഒരുപാട് വേദനിപ്പിച്ചു. ഇപ്പോൾ കോവിഡ് കാലമാണ്. നമ്മൾ സുരക്ഷിതരായിരിക്കുക. ഇതിനെയും നമ്മൾ അതിജീവിക്കുക തന്നെചെയ്യും.നാളെ നല്ലൊരു പുലരി എനിക്കും നിങ്ങൾക്കും എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഇപ്പോഴത്തെ ഈ വിഷമാവസ്ഥകൾ  മാറി എല്ലാ ആഘോഷങ്ങളും പൂർണ അർഥത്തിൽ ആഘോഷിക്കാനുള്ള സാഹചര്യം ഈശ്വരൻ നൽകട്ടെ. എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

കുടുംബം

ഭാര്യ-  വാഹിദ, മക്കൾ - ഷാരൂഖ്, സിത്താര: മരുമകൻ -ഇസ്മായിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com