ADVERTISEMENT

അച്ഛനും അമ്മയ്ക്കും വീട്ടുകാർക്കും ഒപ്പമിരുന്നൊരു സിനിമ കാണുക. അതും ഒരിടത്തുപോലും ശബ്ദം മ്യൂട്ട് ചെയ്യാതെ. റോജിൻ തോമസ് എന്ന സംവിധായകനും രാഹുൽ സുബ്രഹ്മണ്യനെന്ന സംഗീത സംവിധായകനും നീൽ ഡി കുഞ്ഞ എന്ന ക്യാമറമാനും ഇത്തരമൊരു സിനിമ പുറത്തിറക്കാൻ ധൈര്യം കാണിച്ചവരാണ്. അവർ മൂന്നുപേരും ഒരുമിച്ച് സ്വന്തം അച്ഛനമ്മമാരോടൊപ്പം ഇരുന്ന് ഈ സിനിമ കണ്ടു. കയ്യടിക്കുകയും കരയുകയും ചെയ്തു. ഹോം എന്ന സിനിമ പലരുടെയും നെഞ്ചിൽ തൊടുന്നതും ഈ ധൈര്യംകൊണ്ടാണ്.

 

ശരാശരി മലയാളി കുടുംബത്തിന് ഇതൊരു ആഘോഷമാണ്. എല്ലാവർക്കുംകൂടി ഇരുന്നു കാണാവുന്നൊരു സിനിമ ഇപ്പോഴൊരു ആർഭാടമാണ്. സ്വന്തമായി ഹോം തിയറ്റർ ഇല്ലാത്ത എത്രയോപേർ ഈ സിനിമ ടിവിയിലും മൊബൈൽ ഫോണിലുമായി കൂട്ടമായി ഇരുന്നു കണ്ടു. സിനിമയെ വീണ്ടും കുടുംബത്തിലേക്കു വിളിച്ചിരുത്തിയ ഹോം അന്യഭാഷകളിലെയും ഏറെപ്പേരുടെ നെഞ്ചിൽ തട്ടിയിരിക്കുന്നു. റോജിൻ തോമസിന്റെ ഫോൺ നിർത്താതെ അടിക്കുമ്പോൾ മറുവശത്തും തമിഴനും കന്നഡക്കാരനും ഹിന്ദിക്കാരനും പഞ്ചാബിയുമെല്ലാം വിതുമ്പുന്നുണ്ട്.

 

ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ എന്ന സിനിമ വന്നത് എട്ടുവർഷം മുൻപാണ്. ഉടൻതന്നെ മറ്റൊരു സിനിമ ചെയ്യാത്തത് എന്തുകൊണ്ടായിരുന്നു ?

 

ഞാൻ ശ്രമിച്ചതാണ്. നടന്നില്ല എന്നേയുള്ളൂ. വിജയ് ബാബു എന്ന നിർമാതാവിനെ കണ്ടുമുട്ടിയതാണു ജീവിതം വഴിതിരിച്ചു വിടുന്നത്. മുൻപ് ഒരു സിനിമപോലും സംവിധാനം ചെയ്യാത്ത എന്നെ മങ്കിപെൻ സംവിധാനം ചെയ്യാൻ വിജയ് ബാബു അനുവദിച്ചു. 8 വർഷത്തിനു ശേഷം വീണ്ടും ഹോം എന്ന സിനിമയ്ക്കും അദ്ദേഹം നിർമാതാവായി.

sreenath

 

എന്റെ ജോ ആൻഡ് ബോയ് എന്ന സിനിമ പ്രതീക്ഷിച്ചതുപോലെ ജനം കണ്ടില്ല. മനസ്സിലെ ആ സിനിമ അതുപോലെ കാഴ്ചക്കാരിലേക്കു നൽകുന്നതിൽ എനിക്കു തെറ്റി എന്നതാണു ശരി. അത് അംഗീകരിക്കാൻ മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു. ആദ്യ സിനിമയുടെ വലിയ വിജയത്തിൽനിന്നുള്ള വീഴ്ചയായിരുന്നു അത്. അതിൽനിന്ന് എഴുന്നേൽക്കാൻ വൈകി. 

 

താരങ്ങളില്ലാതെ ഒരു സിനിമ എളുപ്പമാണോ? 

naslen-rojin

 

ഹോം എന്ന ഈ സിനിമയുടെ കഥ ഏഴുവർഷം മുൻപ് ആലോചിച്ച് പലതവണ മാറ്റി എഴുതിയതാണ്. ഒരു ഘട്ടത്തിൽ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചു. ഒടുവിൽ സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ പ്രധാന കഥാപാത്രമായി ഇന്ദ്രൻസ് മതി എന്നു പറഞ്ഞതു നിർമാതാവാണ്. അവസാന നിമിഷമാണു മഞ്ജുപിള്ളയെ വിളിക്കാൻ തീരുമാനിച്ചത്. എനിക്കു വിശ്വാസമുള്ളൊരു കഥയിലേക്കു ടീം വർക്കായി പലരുടെയും മനസ്സുകൾ വന്നുചേർന്നു.

 

ഹോമിലെ വീടുകൾക്കു വല്ലാത്തൊരു ഭംഗിയുണ്ടല്ലോ ?

 

ഞാനും ക്യാമറമാൻ നീൽ ഡി കുഞ്ഞയും സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യവും വലിയ മോഹങ്ങളുമായി ഒരുമിച്ചു നടക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മനസ്സും ഒരുപോലെ യാത്ര ചെയ്യുമെന്നു തോന്നുന്നു. ആ വീടു ഭംഗിയാകാനും അതിലെ ഓരോ നിമിഷവും സംഗീതത്തിലൂടെ മനസ്സിലേക്കു കടന്നുവരാനും കാരണം ഈ ഒരുമയാകും.

 

നിങ്ങളുടെ മൂന്നുപേരുടെയും കുടുംബം ഒരുമിച്ചാണു സിനിമ കണ്ടത്. അവരുടെ ജീവിതവുമായി ഈ സിനിമയ്ക്കു ബന്ധമുണ്ടോ ?

 

തീർച്ചയായും ഉണ്ടാകും. എന്റെ അച്ഛൻ തോമസ് റിച്ചഡ് തിരുവനന്തപുരത്തൊരു ഗ്രാമത്തിൽ വിഡിയോ കസെറ്റ് കട നടത്തിയിരുന്നു. ഞാൻ ജനിക്കുമ്പോഴേക്കും അതു പൂട്ടി. പക്ഷേ, വീട്ടിൽ നിറയെ സിനിമാ കസെറ്റുകളുണ്ടായിരുന്നു. അതു കണ്ടാണു ഞാൻ വളർന്നത്. അമ്മയുടെ പേര് കുട്ടിയമ്മ എന്നാണ്. അമ്മയുടെ ജീവിതത്തിലെ ഏതെല്ലാമോ ഛായകൾ ഈ സിനിമയിൽ മഞ്ജുപിള്ള അവതരിപ്പിക്കുന്ന അമ്മയായ കുട്ടിയമ്മയിലുമുണ്ട്. എന്തുകൊണ്ടോ അമ്മയെക്കുറിച്ചാലോചിച്ചപ്പോൾ കഥാപാത്രത്തിനു മറ്റൊരു പേരു തോന്നിയില്ല.

 

ഫോൺ ഉപയോഗിക്കാൻ അറിയാത്ത പ്രായമായവരുടെ കാര്യം ശ്രദ്ധിച്ചത് എങ്ങനെയാണ് ?

 

അച്ഛൻ ഒരുദിവസം പുതിയൊരു ഫോണിന്റെ സെറ്റിങ് ശരിയാക്കി കൊടുക്കാൻ എന്നോടു പറഞ്ഞു. നാലു ദിവസത്തിനു ശേഷമാണ് ഞാനതു ചെയ്തത്. അവസാനം എല്ലാം ശരിയാക്കി അതു പഠിപ്പിച്ചു കൊടുത്തപ്പോൾ അച്ഛന്റെ മുഖത്തുണ്ടായ സന്തോഷം മറക്കാനാകില്ല. അതു ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. കാരണം, ഇതത്ര വലിയ കാര്യമായി എനിക്ക് അതുവരെ തോന്നിയിരുന്നില്ല. ആ സന്തോഷത്തിൽനിന്നാണ് ഈ സിനിമയുടെ ചിന്ത മനസ്സിലെത്തിയത്.

 

ഹോം എന്ന സിനിമ ലോകം മുഴുവൻ കാണുകയാണ്. എന്താണ് അനുഭവം

 

തമിഴിലെയും ഹിന്ദിയിലെയും പല സംവിധായകരും വിളിച്ചിരുന്നു. അതു ഞാൻ തീരെ പ്രതീക്ഷിക്കാത്തതാണ്. ഭാഷ അറിയാതിരുന്നിട്ടുപോലും അവർ സബ് ടൈറ്റിലിലൂടെ ആ സിനിമ ആസ്വദിച്ചിരിക്കുന്നു. 

 

ദുബായിയിൽനിന്നൊരാൾ വിളിച്ചു പറഞ്ഞു, തിരക്കിട്ടു നാട്ടിലേക്കു പോന്നെന്ന്.  ഇതെല്ലാം എന്റെകൂടി സന്തോഷമാണ്. എന്റെ ചേട്ടൻ ഓസ്ട്രേലിയയിലാണ്. മൂന്നു വർഷമായി വരാനായിട്ടില്ല. ഈ സിനിമ കണ്ടു ചേട്ടൻ പലതവണ കരഞ്ഞു.  ഈ സിനിമ ഞാനറിയുന്ന പലരുടെയും കഥയാണ്. അതുപോലെ കാണുന്ന പലരുടെയും ജീവിതത്തിലെ കഥയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com