ADVERTISEMENT

‘എന്റെ അച്ഛനും ഇങ്ങനെയായിരുന്നു. അദ്ദേഹത്തിനും മാറിയ സാങ്കേതികതയെപ്പറ്റി ധാരണ കുറവായിരുന്നു. മലയാളികളിൽ പലർക്കും ഇത്തരം അച്ഛൻമാരും അമ്മമാരും ഉണ്ടാകും. ഇത് എല്ലാവരുടെയും ജീവിതത്തിൽ നിന്നുള്ള കഥയാണ്.’  മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹോം സിനിമയിലെ തായ് ചി പഠിപ്പിക്കുന്ന സൈക്കോളജിസ്റ്റ് ഡോ. ഫ്രാങ്ക്‌ലിനെ ആരും മറന്നിട്ടുണ്ടാകില്ല. ഹോം സിനിമയുെട നിർമാണവും വിജയ് തന്നെയായിരുന്നു. കഥാപാത്രത്തെപ്പറ്റിയും സിനിമയെപറ്റിയും നടനും നിർമാതാവുമായ വിജയ് ബാബു മനസ്സു തുറക്കുന്നു.  

 

∙ ഹോമിലേക്കുള്ള വാതിൽ

 

ഹോം സിനിമയിലേക്കുള്ള വാതിൽ പാതി തുറന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു. റോജിൻ ഹോമിന്റെ കഥ പറഞ്ഞു. റോജിന്റെ അച്ഛന്റെ ‘ഫോൺ ചാർജ് ചെയ്തു തരാമോ’ എന്ന ചോദ്യത്തിൽ നിന്നാണ് സിനിമയുടെ സ്പാർക്ക് ഉണ്ടാകുന്നത്. കഥയുടെ ത്രെഡ് ഇഷ്ടപ്പെടുകയും ചെയ്യാമെന്നുറപ്പിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥയുടെ ജോലികൾ ആരംഭിച്ചു. അച്ഛന്റെ കഥാപാത്രത്തിനായി നടൻ ശ്രീനിവാസനെയായിരുന്നു ആദ്യം മനസ്സിൽ കണ്ടിരുന്നത്. പിന്നീട് മകന്റെ കഥാപാത്രത്തിനു പറ്റിയ ആളെ അന്വേഷിച്ചു. പക്ഷേ കാസ്റ്റിങ് എങ്ങുമെത്തിയില്ല. അവിടെ പാതി തുറന്ന വാതിൽ പതിയെ അടഞ്ഞു.

 

vijay-babu-2

കോവിഡ് കാലത്ത് ആളുകൾ കൂടുതലായി ഫോണുകളിലേക്ക് ചുരുങ്ങിയതായി തോന്നിയിരുന്നു. ഒരു ദിവസം ഇതിനെപ്പറ്റി ചർച്ച ചെയ്തപ്പോൾ ഭാര്യയാണ് പറഞ്ഞത് ‘ഹോം’ സിനിമയാക്കേണ്ട ഏറ്റവും ഉചിതമായ സമയം ഇതാണ് എന്ന്. ആ വാക്കുകളിൽ നിന്നാണ് അടഞ്ഞ വാതിൽ വീണ്ടും തുറക്കുന്നത്. റോജിനോട് ഇതിനെപ്പറ്റി വീണ്ടും സംസാരിച്ചു. ഉടൻ തന്നെ സ്ക്രിപ്റ്റിന്റെ പണിപ്പുരയിലേക്ക് പ്രവേശിച്ചു. അഞ്ചു വർഷത്തെ ഇടവേളയിൽ സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. കാസ്റ്റിങ് വീണ്ടും ആരംഭിച്ചു. 

 

home-movie-6

∙ ഹോം...റിയൽ ഹോം

 

എന്റെ മിക്ക സിനിമകളിലും നിറസാന്നിധ്യമായ ഇന്ദ്രൻസ് ചേട്ടനെ ഹോം സിനിമയിലെ ഒലിവർ ട്വിസ്റ്റായി തീരുമാനിക്കുകയായിരുന്നു. ജീവിതത്തിലും സിനിമയിലും അദ്ദേഹത്തിന്റെ കഥാപാത്രം ഒരുപോലെയാണ്. അഭിനയിക്കേണ്ടിവന്നിട്ടില്ല. കുട്ടിയമ്മയെന്ന കഥാപാത്രത്തിനായി ആദ്യം മനസ്സിൽ കരുതിയിരുന്നത് ഉർവശിയെ ആയിരുന്നു. പിന്നീട് മഞ്ചു പിള്ളയിലേക്ക് എത്തുകയായിരുന്നു. സുജിത് വാസുദേവുമായും കഥ ചർച്ച ചെയ്തു. പിന്നീട് ശ്രീനാഥ് ഭാസിയും നസ്‌ലിനും സിനിമയുടെ ഭാഗമായി. കൈനകരി തങ്കരാജിനെ ഈമായൗ സിനിമ കണ്ടതുമുതൽ ഈ കഥാപാത്രമായി മനസ്സിൽ തീരുമാനിച്ചിരുന്നു. ഡോക്ടർ വേഷത്തെപ്പറ്റി റോജിൻ പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറി. തായ് ചി, ഡാൻസ് എന്നൊക്കെ കേട്ടപ്പോൾ എനിക്കു പറ്റുമോ എന്നു തോന്നിയിരുന്നു. പിന്നീട് റോജിൻ ആ കഥാപാത്രത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു. പച്ചാളത്തായിരുന്നു ഹോം സിനിമയിലെ വീട്. ‌

 

∙ കോവിഡിനിടയിലെ ചിത്രീകരണം

 

2020 ഓഗസ്റ്റ്– സെപ്റ്റംബർ മാസങ്ങളിലായാണ് ചിത്രീകരണം ആരംഭിച്ചത്. ഒട്ടേറെ സുഹൃത്തുകൾ സഹായിച്ചു. കോവിഡ് മാനദണ്ഡങ്ങൾ മുഴുവനുമായി പാലിച്ചുകൊണ്ടാണ് ഇൻഡോർ ഔട്ഡോർ ചിത്രീകരണം പൂർത്തിയാക്കിയത്. ടീം മുഴുവനും ഇതിനായി സഹകരിച്ചു. കൃത്യമായി കാര്യങ്ങൾ ഓർഗനൈസ് ചെയ്ത് നടത്തിയിരുന്നതിനാൽ പ്രതിസന്ധികൾ ഉണ്ടായിരുന്നില്ല. നവംബറിൽ ചിത്രീകരണം പൂർത്തിയാക്കി. തിയറ്ററിലും ഇറക്കാം എന്ന തീരുമാനത്തിലായിരുന്നു ആദ്യം. പിന്നീട് വീണ്ടും ലോക്ഡൗൺ വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. 

 

∙ ഒടിടിയാകുമോ ഭാവി?

 

കോവിഡ് കാലത്ത് സൂഫിയും സുജാതയും ഒടിടിയിൽ ഇറക്കിയപ്പോൾ ചെറിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാ സിനിമകൾക്കും ഒരു ഷെൽഫ് ലൈഫ് ഉണ്ടെന്നാണ് വിശ്വാസം. ഒടിടി മലയാള സിനിമയ്ക്ക് വലിയ പിന്തുണയായിരിക്കും. പക്ഷേ മലയാള സിനിമയുടെ ഭാവി ഒടിടി ആണെന്നു പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇൻഡസ്ട്രിയാണ് മലയാളം സിനിമ. എല്ലാ ഭാഷകളിലെ സിനിമകളെയും മലയാളം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൊച്ചു സിനിമകൾക്ക് വളരാനുള്ള വേദിയാകും ഒടിടി. ഹോം പോലൊരു സിനിമ 240 രാജ്യങ്ങളിലുള്ളവരാണ് കണ്ടത്. ഒടിടിയിൽ അല്ലാതെ ഇത്തരമൊരു സാധ്യത ഒരിക്കലും ഈ സിനിമയ്ക്കു ലഭിക്കില്ലായിരുന്നു. ചെറിയ സിനിമകളെ ജനങ്ങളിലെത്തിക്കാൻ ഒടിടി അനുഗ്രഹമാണ്. തിയറ്ററും ഒടിടിയും ഒരുപോലെ നിലനിൽക്കും എന്നാണ് കരുതുന്നത്. 

 

∙ ആട് 3 ഉടനെയുണ്ടാകുമോ?

 

കോവിഡ് പ്രതിസന്ധിക്ക് ആശ്വാസമുണ്ടായാൽ ഉടനെ ആട് 3 ആരംഭിക്കും. ബിഗ് ബജറ്റ് ചിത്രമാണ്. സ്ക്രിപ്റ്റ് പൂർത്തിയായിവരുന്നു. 

 

∙ വരും സിനിമകൾ

 

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്തതായി വരാനുള്ള സിനിമ. മുരളിഗോപിയുടേതാണ് സ്ക്രിപ്റ്റ്. പൃഥ്വിരാജ് നായകനാകുന്നു. വാലാട്ടി എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുന്നു. മിഥുൻ മാനുവൽ തോമസിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനിരിക്കുന്നു. കാസ്റ്റിങ് നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com