ADVERTISEMENT

മറീന മൈക്കിൾ കുരിശിങ്കൽ. മലയാളി സിനിമാസ്വാദകരുടെ ഹൃദയത്തിൽ കുസൃതി നിറഞ്ഞൊരു ചിരിയോടെ കടന്നുകയറി സ്വന്തം ഇടം കണ്ടെത്തിയ ചുരുണ്ടമുടിക്കാരി. ‘അമർ അക്ബർ ആന്റണി’യിൽ ഇന്ദ്രജിത്തിനെക്കൊണ്ട്, ഏതു പെൺകുട്ടിയെയും വീഴ്ത്താവുന്ന ആ ‘രണ്ടുവരിപ്പാട്ട്’ നിർബന്ധിച്ച് പാടിപ്പിക്കുന്ന രംഗത്തിലൂടെ മറീന നമ്മളെ കുടുകുടെ ചിരിപ്പിച്ചു. വിനീത് ശ്രീനിവാസന്റെ നായികയായി ‘എബി’യിലൂടെ വിസ്മയിപ്പിച്ചു. ഏതാനും വർഷങ്ങളായി മലയാളത്തിലെ പ്രധാന സിനിമകളുടെയെല്ലാം താരനിരയിൽ ഇടംപിടിക്കുകയാണ്, ഈ കോഴിക്കോട്ടുകാരി. ഈ ആഴ്ച ഒടിടി  റിലീസ് ചെയ്ത ‘പിടികിട്ടാപ്പുള്ളി’യിൽ  സണ്ണി വെയിനൊപ്പം ക്രിസ്റ്റീന എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് മറീന നടത്തിയിരിക്കുന്നത്. തന്റെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു മറീന...

 

വീട്ടുവിശേഷം?

 

തിരുവണ്ണൂർ മാനാരിയിലാണ് ഞങ്ങൾ താമസിക്കുന്നത്. പത്തുവരെ പ്രോവിഡൻസിലാണ് പഠിച്ചത്. ആഴ്ചവട്ടം സ്കൂളിലാണ് പ്ലസ്ടു. സെന്റ് സേവ്യേഴ്സിലായിരുന്നു ഡിഗ്രി ചെയ്തത്. അമ്മ ജെസിയും പപ്പ മൈക്കിളുമടങ്ങുന്നതാണ് കുടുംബം. ഒറ്റ മോളാണ് ഞാൻ. വീട്ടിൽ പപ്പയുടെ ഒരു സഹോദരിയുമുണ്ട്.

 

സിനിമയിലെത്താൻ അന്നേ ആഗ്രഹിച്ചിരുന്നോ?

 

കുട്ടിക്കാലത്ത് തിരുവണ്ണൂരിൽ കൈതപ്രം സാറിന്റെയടുത്ത് സംഗീതം പഠിച്ചിരുന്നു. അഞ്ചാംക്ലാസ് എത്തിയപ്പോഴേക്ക് സഭാകമ്പം കാരണം വേദികളിൽ കയറാതായി. പത്താംക്ലാസിലൊക്കെ പഠിക്കുമ്പോൾ സ്കൂൾ വിട്ട് വീട്ടിൽവരുമ്പോൾ ടിവിയിൽ ‘ഫാഷൻ’ പോലുള്ള സിനിമകളിലെ പാട്ടൊക്കെ കാണുന്നത് ഓർമയുണ്ട്. മോഡലിങ്ങിനോടൊക്കെ താൽപര്യം തോന്നിത്തുടങ്ങിയത്  അങ്ങനെയാണെന്ന് തോന്നുന്നു.

 

ഇപ്പോൾ സ്കൂളിലെ കൂട്ടുകാരെയൊക്കെ കാണുമ്പോൾ, കുട്ടിക്കാലത്ത് ഞാൻ ‘ഔട്ട് ഓഫ് ദ് ബോക്സാ’യാണ് ചിന്തിച്ചിരുന്നതെന്ന് അവർ പറയാറുണ്ട്. ‘എല്ലാവരും ഡോക്ടറാവണം, ആർകിടെക്റ്റ് ആവണമെന്നൊക്കെ പറയുമ്പോൾ ‘നിനക്ക് ആദ്യമേ ഇങ്ങനെയല്ലേ ചിന്ത’ എന്ന് ഇപ്പോഴും കൂട്ടുകാർ പറയാറുണ്ട്. പക്ഷേ അന്നൊന്നും ഞാനങ്ങനെ വ്യത്യസ്തമായാണ് ചിന്തിച്ചിരുന്നത് എന്നൊന്നും തോന്നിയിട്ടില്ല. 

 

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

 

‘സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്ന സിനിമയാണ് ആദ്യം ചെയ്തത്. ഒരു സുഹൃത്ത് വഴിയാണ് അവസരം ലഭിച്ചത്. ഈ ചിത്രം തമിഴിലും മലയാളത്തിലും റിലീസായി. അതിനുശേഷമാണ് അമർ അക്ബർ ആന്റണിയിലെ ‘എയ്ഞ്ചൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്കാലത്തും മോഡലിങ്ങിൽ സജീവമായിരുന്നു. കുറേ പരസ്യങ്ങൾ ചെയ്തിരുന്നു. ഇംപൾസ് ഏജൻസിയുടെ അനീഷാണ് സംവിധായകൻ ശ്രീകാന്ത് മുരളി സാറിന്റെയടുത്ത് എന്നെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് ‘എബി’ എന്ന സിനിമയിൽ നായികയായത്.

 

പുതിയ സിനിമകൾ?

 

കഴിഞ്ഞയാഴ്ചയാണ് ‘പിടികിട്ടാപ്പുള്ളി’ റിലീസായത്. ഒടിടി റിലീസാവുന്ന എന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യമിറങ്ങിയ ‘ചെരാതുകൾ’ എന്ന ചിത്രത്തിന് നല്ല റിവ്യൂസാണ് കിട്ടിയത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ‘രണ്ട്’ എന്ന സിനിമ പൂർത്തിയായി. ഇത് റിലീസിനൊരുങ്ങുകയാണ്. സുജിത്ത് ലാലാണ് സംവിധായകൻ. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ‘പദ്മ’യിലുണ്ട്. ശ്രീദേവ് സംവിധാനം ചെയ്യുന്ന ‘ജഗള’ എന്നൊരു സിനിമയും  പൂർത്തിയായി. ഒരു സിനിമയുടെ ഷൂട്ട് മൂന്നാഴ്ചയ്ക്കകം തുടങ്ങുകയാണ്. ഇതിനായി അൽപം മെലിയണം. അതിനുള്ള തയാറെടുപ്പുമായി തിരുവണ്ണൂരിലെ വീട്ടിലാണ് ഞാനിപ്പോൾ. 

 

കോഴിക്കോടിനെ ‘മിസ്’ ചെയ്യാറുണ്ടോ?

 

ഏതു കോഴിക്കോട്ടുകാരിയും പറയുന്നതുപോലെ, കോഴിക്കോട്ടെ ഫുഡും ഔട്ടിങ്ങുമൊക്കെയാണ് എന്റെയും ഗൃഹാതുരതകൾ. കോഴിക്കോട്ട് ഹൈലൈറ്റ് മാൾ മാത്രമേയുള്ളൂ, കൊച്ചിയിൽ ചുറ്റിക്കറങ്ങാൻ ഇഷ്ടംപോലെ മാളുകളും സ്ഥലങ്ങളും കൂടുതലുണ്ട് എന്നതുമാത്രമാണ് വ്യത്യാസം. പ്രൈവസി പ്രശ്നം കാരണം കോഴിക്കോട്ട് ബീച്ചിൽ പോവാൻ പറ്റുന്നില്ല എന്നതുമാത്രമാണ് സങ്കടം.

 

വീട്ടിലെത്തുക എന്നതാണ് ഇപ്പോഴത്തെ ഗൃഹാതുരത. ഓരോ ഷൂട്ട് കഴിയുമ്പോഴും എത്രയും പെട്ടന്ന് വീട്ടിലെത്തണമെന്നാണ് ആഗ്രഹിക്കാറുള്ളത്. അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണമൊക്കെ കഴിച്ച് വീട്ടിൽ വെറുതെയിരിക്കുന്നത് ശരിക്കും മിസ് ചെയ്യാറുണ്ട്. പിന്നെയുള്ളത് സ്കൂളും സ്കൂളിലെ കൂട്ടുകാരുമാണ്. പ്രോവിഡൻസിലും ആഴ്ചവട്ടം സ്കൂളിലുമൊക്കെ കൂടെപ്പഠിച്ച കൂട്ടുകാരെ കാണുക എന്നതൊക്കെയാണ്.

 

English Summary: Interview with Actress Mareena Michael Kurisingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com