ആ ഇടവേള വേണ്ടിയിരുന്നു: ബാബു ആൻറണി അഭിമുഖം

Babu-antony-new
SHARE

എൺപതുകളുടെ തുടക്കത്തിലാണു സംഭവം. പൊൻകുന്നത്തു നിന്നു നീണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരൻ പുണെയിൽ എംബിഎ പൂർത്തിയാക്കി മദ്രാസ് പട്ടണത്തിലെത്തി. ജോലിക്കു കയറും മുൻപ് ഒരു വർഷം സിനിമയിലൊരു കൈ നോക്കുകയായിരുന്നു ലക്ഷ്യം. പല വാതിലുകളിലും മുട്ടി. പക്ഷേ, ബാബു ആന്റണിയെന്ന ആ യുവാവിനെ ഇരുകയ്യും നീട്ടി മലയാളത്തിലേക്കു പിടിച്ചു കയറ്റിയത് സാക്ഷാൽ ഭരതനായിരുന്നു. വില്ലനായി തുടങ്ങി നായക പദവിയിലെത്തിയ, മലയാളത്തിന്റെ ബ്രൂസ് ലീ; ബാബു ആന്റണി വൈശാലിയിലെ ലോമപാദനു ശേഷം ഇപ്പോൾ മണിരത്നത്തിന്റെ പൊന്നിയൻസെൽവനിൽ കോട്ടികൻ എന്ന രാജാവാകുന്ന സന്തോഷം പങ്കുവയ്ക്കുന്നു. 

ആദ്യ സിനിമയിലേക്കെത്തിയതെങ്ങനെ..?

പുണെയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനടുത്തായിരുന്നു ഞാൻ എംബിഎ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റിറ്റ്യൂട്ടുമായും അവിടത്തെ വിദ്യാർഥികളുമായും നല്ല അടുപ്പമായിരുന്നു. അങ്ങനെയാണു സിനിമാ മോഹം മനസ്സിലെത്തിയത്. വീട്ടിൽ അപ്പനോട് അനുവാദം ചോദിച്ചു. ഐപിഎസിനു പോയ്ക്കൂടേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഒടുവിൽ ഒരുവർഷം സമയം അനുവദിച്ചുകിട്ടി. നേരെ മദ്രാസിലെത്തി. ചില പ്രമുഖ സംവിധായകരുടെ പേരു കേട്ടിട്ടുണ്ടെന്ന് മാത്രം. മറ്റൊരു പരിചയവുമില്ല. അലച്ചിലിനൊടുവിൽ ഭരതേട്ടനെ നേരിൽ കാണാൻ തീരുമാനിച്ചു. നേരെ വീടിനു മുന്നിൽ ചെന്നു. കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അകത്തു കയറാൻ ധൈര്യം പോരാ. പക്ഷേ, ഒരു ദിവസം നേരെ കയറിച്ചെന്നു. മുറ്റത്തുണ്ട് ഭരതേട്ടൻ. താടി തടവി എന്തോ ആലോചിക്കുകയാണ്. എന്നെ കണ്ടതും അടിമുടി നോക്കി. എന്നിട്ടു നിറഞ്ഞൊന്നു ചിരിച്ചു. ‘നീ എവിടന്നാ..?’ എന്നു ചോദ്യം. മലയാളിയാണെന്നു പറഞ്ഞു പരിചയപ്പെടുത്തി. എന്റെ കുറച്ചു ചിത്രങ്ങളും കാണിച്ചു. ‘നീ കൊള്ളാമല്ലോ... നിന്നെ ഉപയോഗിക്കാമല്ലോ, ഒരു പത്തു ദിവസം കഴിഞ്ഞു വാ.’ ഞാൻ പോയിട്ടു വന്നപ്പോഴാണു ചിലമ്പ് എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും ഞാൻ വില്ലനായി അരങ്ങേറിയതും. 1500 രൂപ അഡ്വാൻസായി കയ്യിൽ വച്ചുതന്നു ഭരതേട്ടൻ. പ്രണാമം, ചിലമ്പ്, വൈശാലി എന്നിവയായിരുന്നു ഭരതേട്ടനൊപ്പം ചെയ്ത സിനിമകൾ. 

പൊന്നിയനിൽ വീണ്ടും രാജാവ്; എങ്ങനെ..?

ഇതിനു മുൻപ് മണിരത്നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലാണു പ്രവർത്തിച്ചത്. മണിരത്നം സിനിമ ചെയ്യുകയെന്നതു നടനെന്ന നിലയിൽ ജീവിതത്തിൽ ലഭിക്കാവുന്ന സൗഭാഗ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണു വിളിച്ചപ്പോൾ തന്നെ കോവിഡ് കടന്ന് യുഎസിൽ നിന്നെത്തിയത്. കുതിരയോട്ടത്തിൽ അൽപം പരിശീലനം വേണ്ടിവന്നു. കോട്ടികൻ എന്ന രാജാവിന്റെ വേഷമാണിതിൽ. എംജിആർ, കമൽഹാസൻ തുടങ്ങി പലരും സിനിമയാക്കാൻ ശ്രമിച്ച് നടക്കാതിരുന്ന കഥയാണ്. ഭരതേട്ടനെപ്പോലെ ആഴത്തിൽ സിനിമയെ അടുത്തറിഞ്ഞ വ്യക്തിയാണു മണിരത്നം. 

 പുതിയ കാലത്തിന്റെ സിനിമ 

പ്രേക്ഷകരുടെ മാനസികാവസ്ഥ മാറിയിട്ടില്ല. സാഹചര്യങ്ങളേ മാറിയിട്ടുള്ളൂ. പക്ഷേ, ഇപ്പോൾ കൂടുതലും യുവ തലമുറയെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചിത്രങ്ങളാണു മലയാളത്തിൽ ഇറങ്ങുന്നതെന്നു തോന്നിയിട്ടുണ്ട്. വേഗമുണ്ട് പക്ഷേ, പലതിനും ആഴമില്ല. നല്ല പ്രണയമോ വികാരങ്ങളോ ഒന്നും അധികം കാണാനില്ല. വീടുകളിലും, നമ്മുടെ പ്രായമായ അപ്പനും അമ്മയ്ക്കും അമ്മാവൻമാർക്കും ആന്റിമാർക്കുമൊക്കെ ഒരുപോലെ ആസ്വദിക്കാനാവുന്നതാകണം സിനിമ. ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും ഓർത്തിരിക്കാൻ ഒന്നും അവശേഷിപ്പിക്കാതെ കണ്ട് കടന്നു പോകുന്നു എന്നൊരു തോന്നൽ എനിക്കുണ്ട്. ഇൻസ്റ്റന്റ് ന്യൂഡിൽസാണ് അവ. സദ്യയുടെ രുചി നൽകാനാവുന്നില്ല. 

 സിനിമയിലെ ഇടി മാറിയോ..?

റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോൾ സിനിമയിലുണ്ടോയെന്നു സംശയമാണ്. ഒരിടിക്ക് പത്തു പേർ പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..? വല്ല സയൻസ് ഫിക്‌ഷൻ, ഫാന്റസി സിനിമയാണെങ്കി‍ൽ കുഴപ്പമില്ല. പക്ഷേ, നാട്ടിൻപുറത്തു നടക്കുന്ന നാടൻ തല്ലിനിടെ ഇടികൊണ്ട വില്ലൻ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാൽ ചിരിവരും.   ടൈമിങ് പ്രധാനമാണ് സംഘട്ടനത്തിൽ. അതു പലർക്കുമില്ല ഇപ്പോൾ. പുണെ എസ്ഐബിഎം കോളജിൽ കായിക ഇനങ്ങളുടെയെല്ലാം നായകനായി മുന്നിലുണ്ടായിരുന്നതിനാൽ പരിചയക്കുറവുള്ള നടൻമാരിൽ നിന്നു സിനിമയിൽ കിട്ടേണ്ടിയിരുന്ന ചില തല്ലുകളിൽ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറിയിട്ടുമുണ്ട്. 

സിനിമയിൽ നിന്നുള്ള ഇടവേള വേണമായിരുന്നോ..?

കുടുംബജീവിതത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തു എന്നതാണു ശരി. പിന്നെ നല്ല സബ്ജക്ടുകളൊന്നും വന്നില്ലെന്നും പറയാം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നു തോന്നിയപ്പോൾ ബ്രേക്ക് എടുത്തതാണ്. ആ ഇടവേള വേണ്ടിയിരുന്നു.   

സംവിധാനത്തിലൊരു ശ്രമം നടത്തിയില്ലേ..?

ഇരുപതു വർഷങ്ങൾക്കു മുൻപ് പിയാനോ എന്ന പേരിൽ ആക്‌ഷൻ ത്രില്ലറായിരുന്നു മനസ്സിൽ. എഴുതി വന്നപ്പോൾ സെന്റിമെന്റൽ റൊമാന്റിക് സിനിമയായി മാറി. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ചേർച്ചക്കുറവുകൾ നിർമാതാക്കളുമായുണ്ടായി.  

കഥാപാത്രത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു തീരുമാനിച്ചതോടെ പദ്ധതി ഉപേക്ഷിച്ചു. 

പക്ഷേ, ഇപ്പോൾ വനിതയിൽ പല ഭാഗങ്ങളായി ഈ കഥ പ്രസിദ്ധീകരിക്കുന്നുണ്ട്. എല്ലാവരും വായിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA