ദിലീപിന്റെ ആഗ്രഹമാണ് സിഐഡി മൂസയ്ക്കൊരു രണ്ടാം ഭാഗം: ജോണി ആന്റണി അഭിമുഖം

johny-cid-moosa
SHARE

സിനിമ തീരുമ്പോൾ പ്രതിഫലം പൂർണമായി ലഭിക്കാത്തതു സംവിധായകനു മാത്രമായിരിക്കും.  മറ്റുള്ളവർക്കു പ്രതിഫലം നൽകേണ്ട ചുമതലകൂടി ഏറ്റെടുക്കേണ്ടി വരും. അതിന്റെ പേരിൽ എനിക്കു കുറെ കടം വന്നിട്ടുണ്ട്.  അതെല്ലാം അഭിനയിച്ചു വീട്ടുകയാണ്– ജോണി ആന്റണി സംസാരിക്കുന്നു 

കഴിഞ്ഞ ദിവസം ജോണി ആന്റണിക്ക് ഒരു ആരാധകന്റെ സന്ദേശം ലഭിച്ചു. ‘‘പ്രിയ ജോണി ആന്റണി, ‘സിഐഡി മൂസ’ മുതൽ ‘തോപ്പിൽ ജോപ്പൻ’ വരെയുള്ള സിനിമകളിലൂടെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. ഇപ്പോൾ ‘ഹോം’ പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും ചിരിപ്പിക്കുന്നു. നിങ്ങളുടെ സംഭാഷണ ശൈലിയാണ് ഏറ്റവും രസകരം. മമ്മൂട്ടിയെക്കൊണ്ട് മനോഹരമായി നൃത്തം ചെയ്യിച്ചതും നിങ്ങളാണല്ലോ. പുതിയ സിനിമകൾക്കായി കാത്തിരിക്കുന്നു– ഋഷിരാജ് സിങ്.’’

ഋഷിരാജ് സിങ് എന്ന പൊലീസ് ഓഫിസറെ ആരാധിച്ചിരുന്ന ജോണി ഉടൻ തിരികെ വിളിച്ചു. ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്ന് ജോണി പറയുന്നു.

മമ്മൂട്ടിയെക്കൊണ്ട് അടിപൊളി നൃത്തം ചെയ്യിച്ച സംവിധായകനാണ് ജോണി ആന്റണി. ഇപ്പോൾ ഹാസ്യ നടന്റെ റോളിലാണ് അദ്ദേഹം.  ജോണി അഭിനയിച്ച പുതിയ 9 സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു.

സംവിധാനം ചെയ്ത 10 സിനിമകളിൽ നാലിലും മമ്മൂട്ടിയാണല്ലോ നായകൻ?

തുറുപ്പു ഗുലാനി’ൽ മമ്മൂക്ക ഡാൻസ് പഠിക്കുന്നതായി മനഃപൂർവം അവതരിപ്പിച്ചതാണ്. ഒരിക്കലും പഠിക്കാത്ത പണിക്കു പോയിരിക്കുകയാണെന്ന് അതിൽ പറയുന്നുണ്ട്. എന്റെ 4 ചിത്രങ്ങളിലും മമ്മൂക്ക നൃത്തം ചെയ്യുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ഡാൻസ് ഒരുക്കിയ ദിനേശ് മാസ്റ്റർക്കാണ്. വലിയ നടനാണെങ്കിലും എന്റെ സിനികളിൽ അദ്ദേഹം ആസ്വദിച്ചാണ് അഭിനയിച്ചിരുന്നത്. എന്നിൽ നിന്നു വലിയ സംഭവങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. പതിവു ശൈലിയിലുള്ള തമാശപ്പടം ആണ് അദ്ദേഹത്തിനു വേണ്ടത്.’’

സിനിമയിൽ ജോണിയെ കാണുമ്പോഴേ ആളുകൾ ചിരിച്ചു തുടങ്ങിയല്ലോ?

ഈശ്വരാനുഗ്രഹം... പ്രീഡിഗ്രിക്കു ശേഷം ഞാൻ പ്രൈവറ്റ് ബസിൽ കണ്ടക്ടറായിരുന്നു. ചങ്ങനാശേരി–കാഞ്ഞിരപ്പള്ളി–എരുമേലി റൂട്ടിൽ ഒരു വർഷം ഓടി. തുടർന്നു ചെന്നൈയിലെത്തി ഒരു വർഷത്തോളം അലഞ്ഞു.10 സംവിധായകരുടെ സഹായിയായി. ഞാൻ പറയുന്ന തമാശ കേട്ട് ആളുകൾ ചിരിക്കാറുണ്ട്. സംവിധായകനും നടനുമായപ്പോൾ ഹാസ്യത്തിൽ തിളങ്ങിയത് അതുകൊണ്ടാകാം. അഭിനയിക്കുന്ന സിനിമകളിൽ എന്റേതായ ഡയലോഗുകൾ നിർദേശിക്കാറുണ്ട്. അവയൊക്കെ ആളുകളെ ചിരിപ്പിച്ചിട്ടുമുണ്ട്. ഞാൻ സംവിധാനം ചെയ്ത ‘തോപ്പിൽ ജോപ്പൻ’ ഇറങ്ങിയിട്ട് 5 വർഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയ്ൻ നിഗവും നായകന്മാരാകുന്ന സിനിമ പ്ലാൻ ചെയ്തപ്പോഴാണ് ഷെയ്നിന്റെ വിലക്കും മറ്റും വന്നത്. അങ്ങനെ വെറുതെ ഇരിക്കുമ്പോ‍ൾ ‘തോപ്പി‍ൽ ജോപ്പ’ന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ ‘ശിക്കാരി ശംഭു’വിൽ അച്ചന്റെ വേഷം ചെയ്യാൻ വിളിച്ചു. ആ സിനിമയിൽ ആദ്യം 3 സീനിലേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മൂന്നാലു സീനിൽ കൂടി ഉൾപ്പെടുത്തി. അതു കണ്ടാണ് ‘ഡ്രാമ’യിൽ അഭിനയിക്കാൻ രഞ്ജിത്ത് വിളിച്ചത്. ഷൂട്ടിങ് ലണ്ടനിൽ ആയിരുന്നു. വണ്ടിയിൽ വന്നിറങ്ങുന്ന ആദ്യ സീനിൽത്തന്നെ ഞാൻ കാൽ വഴുതിവീണു. അത് എല്ലാവരെയും രസിപ്പിച്ചു. ‘‘ഇവൻ നല്ല ഹ്യൂമറാണല്ലോ’’ എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അങ്ങനെ വീഴ്ചയോടെ ഹാസ്യ നടനായി. എന്റെ രൂപവും സംഭാഷണവും തമാശയ്ക്കു പറ്റിയതാണ്. രഞ്ജിത്താണ് താടി വടിപ്പിച്ചു ഷേപ് മാറ്റിയത്. താടി വച്ചു സംവിധായകനായ ഞാൻ ഒരിക്കലും അത് എടുക്കുമെന്നു കരുതിയതല്ല.

സംവിധാനം ഉപേക്ഷിച്ചോ?

മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാകാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും അടുത്ത ഒരു വർഷത്തേക്ക് സംവിധാനത്തിലേക്കു മടങ്ങില്ല. അഭിനയം നിർത്തി പോയാൽ തിരികെ വരുമ്പോൾ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാകണമെന്നില്ല. എന്നെക്കാൾ നല്ല നടന്മാർ ഇഷ്ടം പോലെയുണ്ട്. സംവിധാനം വലിയ ടെൻഷനുള്ള പണിയാണ്. എന്നാൽ അഭിനയം രസകരമാണ്. സംവിധായകനു ചില പ്രശ്നങ്ങൾ ഉണ്ട്. സിനിമ തീരുമ്പോൾ പ്രതിഫലം പൂർണമായി ലഭിക്കാത്തതു സംവിധായകനു മാത്രമായിരിക്കും. മറ്റുള്ളവർക്കു പ്രതിഫലം നൽകേണ്ട ചുമതല കൂടി നമ്മൾ ഏറ്റെടുക്കേണ്ടി വരും. അതിന്റെ പേരിൽ എനിക്കു കുറെ കടം ഉണ്ട്. അതെല്ലാം അഭിനയിച്ചു വീട്ടുകയാണ്. സംവിധാനം ചെയ്യാനായി ഏതാനും പേരിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. അതെല്ലാം തിരികെ നൽകിക്കൊണ്ടിരിക്കുന്നു. ചിലർക്കു കാശ് വേണ്ട. പകരം സിനിമ സംവിധാനം ചെയ്താൽ മതി. അഭിനയത്തിനു വലിയ പ്രതിഫലമൊന്നും വാങ്ങാറില്ല. ഇനി ന്യായമായ തുക വാങ്ങണം. ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി എന്നു വാങ്ങാനാണ്? 

ദിലീപിനെക്കുറിച്ച്?

ദിലീപിനെ നായകനാക്കി 3 സിനിമ സംവിധാനം ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്യുന്ന സഹോദരനെ പോലെയാണു ദിലീപ്. ‘സിഐഡി മൂസ’യ്ക്കു രണ്ടാം ഭാഗം വേണമെന്നു ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ 2 വർഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുക്കൾ രണ്ടായി പിരിഞ്ഞതിനാൽ ഇനി ബുദ്ധിമുട്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA