അപ്പന്റെ 52–ാമത്തെ വയസ്സിലാണ് എന്റെ ജനനം: ജോണി ആന്റണി അഭിമുഖം

SHARE

ബോക്സ്ഓഫിസിൽ നിറഞ്ഞോടുന്ന ഒരു കുഞ്ഞു സുന്ദര സിനിമ പോലെയാണ് ജോണി ആന്റണി. പഠിത്തം കഴിഞ്ഞ് പ്രൈവറ്റ് ബസിൽ കണ്ടക്ടർ, പിന്നെ സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ചെന്നൈയിലെത്തി 10 സംവിധായകരുടെ സഹായി. അവിടെ നിന്ന് സിഐഡി മൂസ അടക്കമുള്ള വൻ ഹിറ്റുകളുടെ സംവിധായകൻ. ഇപ്പോൾ ഒരുപിടി ഗംഭീര കഥാപാത്രങ്ങൾക്കു ജീവൻ നൽകി മലയാളികളുടെ ഇഷ്ടം നേടിയ അഭിനേതാവ്. വലിയ വിജയങ്ങളിലും തലക്കനമില്ലാത്തയാൾ. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

രസികത്വം നിറഞ്ഞ കുട്ടിക്കാലം

ഞാൻ വളരെ സാധാരണമായൊരു വീട്ടിലാണ് ജനിച്ചത്. അപ്പന്റെ 52–ാമത്തെ വയസ്സിലാണ് എന്റെ ജനനം. അമ്മച്ചിക്ക് അന്ന് 41 വയസ്സ്. രണ്ടു ചേച്ചിമാരും ഒരു ചേട്ടനുമുണ്ട്. അവരുടെ കുഞ്ഞനിയനായിരുന്നു ഞാൻ. അവരുടെ എല്ലാവരുടെയും സ്നേഹം കിട്ടിയാണ് ഞാൻ വളർന്നത്. അവരൊക്കെ കല്യാണം കഴിഞ്ഞു പോയിട്ടും അവരുടെ മക്കളെക്കാളും സ്നേഹമാണ് എന്നോട്. അപ്പൻ പട്ടാളത്തിലായിരുന്നു. അന്നത്തെ ഈ പട്ടാളകഥകളും, വെടി കൊണ്ട കഥകളും ഒക്കെ പറയും. എന്ത് ഇല്ലായ്മയിലും അവരിലൊരു രസികത്വമുണ്ടായിരുന്നു. അപ്പന്റെ ചില തമാശകൾ... അമ്മയുടെ ചില കൗണ്ടറുകൾ...  അതൊക്കെ വലിയ രസമായിരുന്നു. 

johny-antony

എനിക്ക് 15 വയസ്സുള്ള സമയത്ത് ഞങ്ങളുടെ ഈ തോട്ടത്തിലൊക്കെ ചീട്ടുകളിയുണ്ട്. കൂട്ടുകാർ എന്നെ ചീട്ടുകളി പഠിപ്പിച്ചു. പഠിച്ചതിന്റെ പിറ്റേ ദിവസം തന്നെ ചീട്ടു കളിച്ച്, എനിക്ക് പൈസ കിട്ടി. ആ പ്രായത്തിൽ അറുപതും എഴുപതും വയസുള്ളുവരുമായിട്ടായിരുന്നു എന്റെ കമ്പനി. മൂന്ന് ജനറേഷനുമായി കമ്പനി കൂടാനുള്ള ഭാഗ്യം എനിക്കുണ്ടായി. നമ്മളേക്കാൾ ജീവിതാനുഭവങ്ങൾ ഉള്ളവരാണ് പ്രായമായവർ. അവരുടെ തമാശകൾ ഭയങ്കര രസമായിരിക്കും. ജീവതം മൊത്തത്തിൽ എടുക്കുമ്പോൾ, നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ ഓർത്തു വയ്ക്കുന്നത് തമാശകളാണ്. തമാശകളേ വേറൊരാളുമായി ഷെയർ ചെയ്തിട്ടേ കാര്യമുള്ളൂ. അല്ലാതെ വിഷമമുള്ള കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞ്, അവരെ വിഷമിപ്പിച്ചിട്ട് കാര്യമില്ല.

മുമ്പ് ചില വേദികളിൽ, ചില പരിപാടികൾക്കൊക്കെ ഞാൻ സംസാരിക്കുമ്പോൾ ചുറ്റുമുള്ളവർ ചിരിക്കുന്നത് കാണാം. കുടുംബവുമായി സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ ചെല്ലുമ്പോൾ ഞാനെന്തെങ്കിലും തമാശയൊക്കെ പറഞ്ഞു കൂടും. ഇതു കാണുമ്പോൾ ഭാര്യ പറയും, 'എവിടെ ചെന്നാലും ഈ ഒച്ചയും ബഹളവുമൊക്കെ വച്ച് ആളുകളെ കൂട്ടും എന്ന്. ഏതു നടനെ സംബന്ധിച്ചിടത്തോളവും ജീവിതാനുഭവം വളരെ പ്രധാനമാണ്. പിന്നെ ഒബ്സർവേഷനും! ഇതെല്ലാം പിന്നീട് ഉപകരിക്കും. 

ശരിക്കും നടനായപ്പോൾ

സംവിധാന സഹായി ആയിരുന്ന കാലത്ത്, ചില രംഗങ്ങളിൽ അഭിനയിക്കാൻ ജൂനിയർ ആർടിസ്റ്റുകൾ ഇല്ലാതെ വരുമ്പോൾ കേറി അഭിനയിച്ചതാണ് ഉദയപുരം സുൽത്താൻ, ഈ പറക്കും തളിക പോലെയുള്ള സിനിമകൾ. പ്രൊഫഷണൽ ആയി ഒരു വേഷം ചെയ്യുന്നത് ശിക്കാരി ശംഭുവിലാണ്. എന്റെ തോപ്പിൽ ജോപ്പന്റെ എഴുത്തുകാരനായിരുന്ന നിഷാദ് കോയ ആയിരുന്നു ആ സിനിമയും എഴുതിയത്. ജോപ്പന്റെ സെറ്റിൽ ഞാനോരോന്ന് അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് നിഷാദ് കണ്ടിട്ടുണ്ട്. ശിക്കാരി ശംഭു വന്നപ്പോൾ നിഷാദ് പറഞ്ഞു,  'ചേട്ടാ പള്ളീലച്ചന്റെ വേഷം ഉണ്ട്. രണ്ടു, മൂന്നു സീനുകളേ ഉള്ളൂ... ചെയ്യണം എന്ന്. കുട്ടിക്കാലത്ത് എനിക്ക് പള്ളീലച്ചനാകാൻ ആഗ്രഹമുണ്ടായിരുന്നു. എന്റെ അമ്മയുടെ ആങ്ങള വൈദികനായിരുന്നു. ജീവിതത്തിൽ നടന്നില്ല, എന്നാൽ സിനിമയിലെങ്കിലും അച്ചനാകാമല്ലോ എന്നോർത്താണ് ആ വേഷം ചെയ്തത്. അവർക്ക് അത് ഇഷ്ടമായി. രണ്ട് സീൻ എന്നു പറഞ്ഞു തുടങ്ങിയ ആ കഥാപാത്രത്തെ അവർ കുറെ വളർത്തി. 

ആള് ഹ്യൂമർ ആണല്ലോ!

ഒരു ദിവസം രഞ്ജിത്ത് ചേട്ടന്റെ ഫോൺ. ലണ്ടനിൽ വച്ച് ഒരു പടം ചെയ്യുന്നുണ്ട്... ജോണി വരുന്നുണ്ടോ? ഒരു വേഷമുണ്ട് എന്നു പറഞ്ഞാണ് ക്ഷണം. ഓപ്പണിങ് സീൻ എടുത്തപ്പോൾ തന്നെ രഞ്ജിയേട്ടൻ പറഞ്ഞു, ഇവനാള് ഹ്യൂമറാണല്ലോ എന്ന്. സിനിമയ്ക്കു ശേഷം ഒരു അഭിമുഖത്തിൽ ആ സിനിമയുടെ കണ്ടെത്തൽ ഞാനാണെന്ന തരത്തിൽ രഞ്ജിയേട്ടൻ ഒരു നിരീക്ഷണവും പങ്കുവച്ചു. അത് വലിയ ഉത്തരവാദിത്തമായി. ആ സിനിമ വലിയ ബോക്സ് ഓഫിസ് കലക്‌ഷൻ നേടിയില്ലെങ്കിലും, ലാലേട്ടന്റെയും രഞ്ജിയേട്ടന്റെയും സിനിമ ആയതുകൊണ്ട് സിനിമാക്കാരെല്ലാവരും ആ പടം കണ്ടു.

പിന്നെയാണ് ജോസഫ് വരുന്നത്. ജയറാമിന്റെ ഗ്രാൻഡ്ഫാദർ, ലാൽ ജോസിന്റെ തട്ടിൻപുറത്തെ അച്യുതൻ എന്ന സിനിമകളിലും പിന്നീട് അഭിനയിച്ചു. തട്ടിൻ പുറത്ത് അച്യുതന്റെ സെറ്റിൽ വച്ചാണ് അനൂപ് സത്യൻ, വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ കാര്യം പറയുന്നത്. അതിൽ വേറൊരു ആർടിസ്റ്റിനെയായിരുന്നു വച്ചിരുന്നത്. എന്നെ കണ്ടപ്പോൾ ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നാകുമെന്നു തോന്നിയതായി  അനൂപ് പറഞ്ഞു. എനിക്കു ഭയങ്കര സന്തോഷമായി.  കാരണം, എനിക്ക് സുരേഷേട്ടനെ ഭയങ്കര ഇഷ്ടമാ! ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

നിറയെ സിനിമകൾ, വേഷങ്ങൾ

ആ സിനിമ വഴിത്തിരിവായി. തുടർന്ന് എനിക്ക് ഒരുപാട് പടങ്ങൾ വന്നു. ആ സിനിമ നടക്കുമ്പോൾ തന്നെ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ചെയ്തു. അരുൺ വൈഗയാണ് സംവിധാനം. അതേസമയം തന്നെ ചെയ്തൊരു പടമാണ് സബാഷ് ചന്ദ്രബോസ്. അതിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. എനിക്കും നല്ലൊരു വേഷമുണ്ട്. വി. സി. അഭിലാഷ് ആണ് സംവിധായകൻ. ഇതെല്ലാം കോവിഡിനു മുൻപ് ചെയ്തതാണ്. പിന്നെ, തിരുമാലി, ഹൃദയം, അഴകൻ, സത്യം മാത്രമേ ബോധിപ്പിക്കാവൂ, മെമ്പർ രമേശന്‍ 9–ാം വാർഡ് അങ്ങനെ നിരവധി സിനിമകൾ! ദൈവാനുഗ്രഹം കൊണ്ട് വ്യത്യസ്തമായ ക്യാരക്ടറുകൾ കിട്ടുന്നുണ്ട്. ഹ്യൂമർ അല്ലാതെ അത്യാവശ്യം ഫീൽ ഉള്ള റോളാണ് അഴകനിൽ. തിരുമാലിയിൽ ഹ്യൂമറും കുറച്ച് റഫായിട്ടും വരുന്നുണ്ട്. വിജയങ്ങളാണ് ആരെയും നിലനിർത്തുന്നത്. വിജയിക്കുന്ന സിനിമകളുടെ ഭാഗമാകുന്നത്, അത് ഒരു സീനിലാണെങ്കിലും അത് വലിയ അനുഗ്രഹമാണ്.

നാട് നൽകിയ സിനിമ

എന്റെ നാട്ടുകാർക്ക് ഒരു ഗുണമുണ്ട്. നമ്മെ ഒരുപാട് വലുതാക്കുമില്ല.... ഒരുപാട് ഒതുക്കാറുമില്ല. അതാണ് നല്ലത്. അതാണ് സത്യസന്ധത. എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ ആ നാട്ടിൽ ജനിച്ചത് കൊണ്ടാണ് എനിക്ക് ഒരു സംവിധായകനാകാനും, നടനുമൊക്കെ ആകാൻ കഴിഞ്ഞത്. അനുഭവസമ്പത്ത് അവിടുന്ന് കിട്ടി.  എന്നെ സിനിമയിലെത്തിച്ചത് ജോ കുട്ടൻ എന്ന് പറയുന്ന ആളാണ്. രണ്ട് കൊല്ലം മുമ്പ് അദ്ദേഹം മരിച്ചു പോയി. സംവിധായകനായും നടനായും സിനിമയിൽ എന്നെ കണ്ടതിനു ശേഷമാണ് അദ്ദേഹം പോയത്. ഡ്രാമ, വരനെ ആവശ്യമുണ്ട് എന്നീ ചില പടങ്ങള്‍ കണ്ടിട്ട് അദ്ദേഹം പറഞ്ഞു, നന്നായെടാ... നിനക്ക് നന്നായി ചെയ്യാൻ പറ്റും എന്ന്. സംവിധായകൻ എന്ന നിലയിൽ ഞാൻ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. 

johny-antony-1

അപ്പൻ ആളു കൊള്ളാലോ

വരനെ ആവശ്യമുണ്ട് സിനിമ ഞാനും മക്കളും ഒന്നിച്ചിരുന്നാണ് കണ്ടത്. അതിൽ എന്നെ കാണിക്കുമ്പോൾ, എന്റെ ഡയലോഗ് കേൾക്കുമ്പോൾ തിയറ്ററിൽ ആളുകൾ ചിരിക്കുന്നു. ഞാൻ നോക്കുമ്പോൾ, പിള്ളേര് എന്നെ ഇങ്ങനെ നോക്കുകയാണ്... അപ്പൻ കൊള്ളാലോ! ഇങ്ങനെയാണെങ്കിൽ നമ്മുടെ കാര്യമൊക്കെ ചിലപ്പോൾ കുഴപ്പമില്ലാതെ നടന്നു പോയേക്കും, എന്നുള്ള രീതിയിൽ! അപ്പോൾ എനിക്ക് വലിയൊരു സന്തോഷം തോന്നി. ഭാര്യയും വളരെ സപ്പോർട്ടാണ്. എല്ലാ സാഹചര്യങ്ങളിലും ജീവിക്കാൻ അറിയാം. ഞാൻ വലിയ കോടീശ്വരനാകുമെന്നോ സെലിബ്രിറ്റി ആകുമെന്നൊ എന്നൊന്നും ഓര്‍ത്തിട്ടല്ല അവളെന്നെ കല്യാണം കഴിച്ചത്.

സിഐഡി മൂസ എന്ന ഹിറ്റ്

ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയിലായിരുന്നു അന്നു ഞാൻ. സബ്ജക്ട് സീൻ ഓർഡർ ആയതിനു ശേഷം ദിലീപ് റാഫിയോടും ലാൽ ജോസിനോടും ഈ കഥ പറഞ്ഞിരുന്നു. അവർ രണ്ടുപേരും എന്നോട് ചോദിച്ചത്, ആദ്യ പടം എന്നരീതിയിൽ എന്ത് ധൈര്യത്തിലാണ് ഇത് ചെയ്യാൻ പോകുന്നത് എന്നാണ്. ഞാൻ പറഞ്ഞു, ഇപ്പോൾ ഞാൻ ഭീരുത്വം കാട്ടിയാൽ, ജീവിതത്തിൽ ഒരിക്കലും സ്വതന്ത്ര സംവിധായകൻ ആകില്ല എന്ന്. എനിക്ക് ഒന്നും നോക്കാനില്ല. താഹച്ചേട്ടന്റെ കൂടെ പറക്കും തളിക. ശശിയേട്ടന്റെ കൂടെ കുഞ്ഞിക്കൂനൻ എന്നീ സിനിമകളിൽ പ്രവർത്തിച്ച ധൈര്യത്തിൽ എന്തും വരട്ടെ എന്നു കരുതി ചെയ്തതാണ്. അതുവരെയുള്ള എന്റെ അധ്വാനം പ്രകൃതി പോലും മാനിച്ചു എന്ന് തോന്നി. എല്ലാം കൂടെ നിന്നു. സിനിമ ഹിറ്റായി. 

അടുത്ത ചിത്രം മമ്മൂക്കയ്ക്കൊപ്പം

തുറുപ്പു ഗുലാൻ ആയിരുന്നു മമ്മൂക്കയുമായി ആദ്യം ചെയ്തത്, പിന്നീട് പട്ടണത്തിൽ ഭൂതം, താപ്പാന, തോപ്പിൽ ജോപ്പൻ. തോപ്പിൽ ജോപ്പൻ കഴിഞ്ഞപ്പോൾ തന്നെ മമ്മൂക്ക അടുത്ത ഡേറ്റ് തന്നിരുന്നു. സബ്ജക്ട് ശരിയായില്ല. അതാണ് ആ സിനിമ നീണ്ടുപോയത്. മമ്മൂക്കയുടെ ഡേറ്റ് തന്നെയാണ് അടുത്ത പടം സംവിധാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കുറച്ചു കുട്ടിത്തമുള്ള എന്നാൽ അടി കൊടുക്കേണ്ടിടത്ത് അടിക്കുന്ന മമ്മൂക്കയെ സിനിമയിൽ കാണാനാണ് എനിക്കിഷ്ടം. മമ്മൂക്കയുടെ ഡേറ്റും എന്റെ ഡേറ്റും ഒന്നിച്ചു വരുന്ന സമയത്ത് അടുത്ത സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ ആഗ്രഹിക്കുന്നു. അതിന്റെ എഴുത്ത് നടക്കുന്നുണ്ട്.

ലവിലെ ഇമോഷനൽ രംഗം

ഒരു ദിവസം ഖാലിദ് റഹ്മാൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒടിടിയിൽ ഒരു പടം ചെയ്യുന്നുണ്ട്. ഒരു സീനേ ഉള്ളൂ പക്ഷേ അത് മാസ് സീനാണ്. ചെയ്യാമോ എന്ന്. ഒരു മകളെ കെട്ടിച്ചു വിട്ടിട്ട്, അവളുടെ ഭർത്താവിനെ ഒന്നും പറയാനും വയ്യ... തല്ലാനും വയ്യാത്ത അവസ്ഥയിൽ ഉള്ളിൽ വിഷമം ഒതുക്കി വച്ച് അഭിനയിക്കുന്ന ഒരു കഥാപാത്രമായിരുന്നു. അങ്ങനെയുള്ള ഒരുപാട് മാതാപിതാക്കളെ എനിക്കറിയാം. എനിക്കും രണ്ട് പെൺമക്കളാണല്ലോ. ഇതെല്ലാം കൂടെ മനസിൽ വച്ച് അഭിനയിക്കുകയായിരുന്നു. ആ സീനിലേക്ക് എന്നെ എത്തിച്ചത് ഫെഫ്കയുടെ ഷോർട്ട് ഫിലിമാണ്.

സൂപ്പർമാൻ സദാനന്ദൻ എന്ന് പറയുന്ന കുമാർ നീലകണ്ഠൻ ചെയ്ത ഒരു പരസ്യം ഉണ്ട് കല്യാണത്തിന് പോകാൻ പറ്റാതെ പെങ്ങളുടെ മോളോടു ഫോണിൽ സംസാരിക്കുന്ന ഒരു ക്യാരക്ടർ. ഞാൻ ഇല്ലെങ്കിലും കുഴപ്പമില്ല നടക്കട്ടെ എന്ന് പറയുന്ന സീൻ ഉണ്ടായിരുന്നു. ആ സീൻ കണ്ടിട്ടാവണം ഈ സിനിമിലേക്ക് വിളിച്ചത്. ലൗ കണ്ടിട്ട് യമണ്ടൻ പ്രേമകഥയിലെ ഡയറക്ടർ നൗഫൽ വിളിച്ചിട്ട് പറഞ്ഞു, അടുത്ത സിനിമയിൽ ചേട്ടന് ഹ്യൂമർ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത് പക്ഷേ ലൗ കണ്ടപ്പോൾ അതുപോലൊരു കഥാപാത്രം ചെയ്താൽ മതിയെന്നു തോന്നി. ആളുടെ പുതിയ സിനിമയിൽ ഒരു മകളുടെ അപ്പനായിട്ട് അഭിനയിച്ചിട്ടുണ്ട്. തമാശയിൽ തുടങ്ങിയത് വലിയൊരു അനുഗ്രഹമായി. ഇപ്പോൾ ഇമോഷണൽ രംഗങ്ങൾ അഭിനയിച്ചാലും അവർക്ക് ഫീൽ ചെയ്യും. 

വിനയമാണ് ഇന്ദ്രൻസിന്റെ മുഖമുദ്ര

ഇന്ദ്രൻസിനെ പണ്ട് മുതലേ അറിയാം. ഞാൻ അസിസ്റ്റന്റായിരുന്ന സമയത്ത് അദ്ദേഹം കോസ്റ്റ്യൂമർ ആണ്. 95 കാലഘട്ടത്തിൽ കോമഡിയിൽ സൂപ്പർ സ്റ്റാറാണ് അദ്ദേഹം.ഡേറ്റ് പോലും കിട്ടാൻ പ്രയാസമായിരുന്നു. ആ സമയത്ത് ഞാൻ കുറച്ച് പടങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ കൂടെ. പിന്നീട് ആളൊരുക്കം സിനിമയിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി. അങ്ങനെ നല്ലൊരു നടൻ എന്നു പേരെടുത്ത സമയത്താണ് ഹോം സിനിമയിൽ അഭിനയിക്കുന്നത്. ടെക്നീഷ്യനായിട്ട് സിനിമയിൽ വന്ന  ആളാണ് അദ്ദേഹം. ഞാനും അങ്ങനെ തന്നെ. ഞങ്ങൾ തമ്മിൽ ഒരു സഹോദര ബന്ധം പണ്ടുമുതലേ ഉള്ളതാണ്. ഇന്ദ്രൻസിന്റെ വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തെ സ്നേഹിക്കാൻ മാത്രമേ തോന്നൂ.  

സിനിമയാണ് ഏറ്റവും വലിയ സന്തോഷം

ഇത്രയും സിനിമ ചെയ്തിട്ട് സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. സിനിമയല്ലേ... അവസാനമാകുമ്പോൾ സ്വാഭാവികമായും നിർമ്മാതാവിന് ഫിനാൻഷ്യൽ ടൈറ്റ് വരാം. വലിയ പൈസ ഉള്ള ആളുകൾ അല്ലല്ലോ. പണം തന്നവരും ഉണ്ട് തരാത്തവരും ഉണ്ട്. നമുക്ക് പൈസ കിട്ടിയില്ല എന്ന് ഒരാളോട് പറയാനുള്ള ബുദ്ധിമുട്ട്. പടം നന്നായിട്ട് ഓടുന്നുണ്ടല്ലോ പിന്നെയെന്താ പൈസ കിട്ടാത്തെ എന്നൊക്കെ ഒരുപാട് പ്രശ്നങ്ങൾ വരും. മനപൂർവം തരാതിരിക്കുന്നതല്ലായിരിക്കാം. നമ്മൾ ആത്മാർഥതയുള്ള ആളാണെങ്കിൽ ഒന്നിലൂടെ കിട്ടിയില്ലെങ്കിൽ വേറൊന്നിലൂടെ കിട്ടും. തുടർച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്.

പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്. സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതൽ ചാനലുകളിൽ ടെലികാസ്റ്റ് ചെയ്ത മലയാള സിനിമയാണ്. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കിൽ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒടിടി റവന്യൂ വരും. വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളർന്നാലും സിനിമ നന്നാകണം. കോറോണ കഴിഞ്ഞ് തിയറ്റർ തുറന്നാൽ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും. എത്രയും പെട്ടെന്ന് തിയറ്റർ തുറക്കട്ടെ എന്ന് ആശിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA