മലയാളി നായികയുടെ ചിത്രത്തിന് തിയറ്റർ റിലീസ്; കന്നഡയിൽ തിളങ്ങാൻ ഗൗരി

gowri-actress
SHARE

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പൂട്ടിയ തിയറ്ററുകൾ കേരളത്തിൽ ഇനിയും തുറന്നിട്ടില്ല. പ്രതിസന്ധികൾ കൂടിയതോടെ ചില സിനിമകൾ ഒടിടി റിലീസ് ചെയ്യാനും അണിയറപ്രവർത്തകർ നിർബന്ധിതരായി. പ്രതിസന്ധിഘട്ടത്തിലും തന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഈ മലയാളി നായിക. തൃശൂർ സ്വദേശി ഗൗരി നായികയായി അഭിനയിച്ച ചിത്രം സെപ്റ്റംബർ 17–ന് കർണാടകയിലെ തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

‘ഛഡ്ഢി ദോസ്ത് കഡ്‌ഡി അല്ലാഡസ്ബുട്ട’ എന്ന ചിത്രമാണ് കർണാടകയിലും വിദേശത്തുമുൾപ്പടെ റിലീസ് ചെയ്യുന്നത്. മലയാളത്തിലും തമിഴിലും കന്നടയിലും അറബിക്കിലും ഉൾപ്പടെ ഒട്ടനവധി സിനിമകളിൽ അഭിനയിച്ച ഗൗരി മലയാളത്തിൽ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്. കോവിഡ് കാലത്ത് വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് പൂർത്തിയാക്കിയ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഗൗരി.

നാട്ടിൽ തിയറ്ററുകൾ തുറന്നിട്ടില്ല, സ്വന്തം ചിത്രം കന്നടയിൽ തിയറ്റർ റിലീസ് ചെയ്യുന്നു, എന്ത് തോന്നുന്നു?

വലിയ സന്തോഷം തോന്നുന്നു. പടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ ബെംഗലൂരുവിലാണ്. സെപ്റ്റംബർ പതിനേഴാം തീയതി ചിത്രം റിലീസ് െചയ്യും. കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞപ്പോൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നല്ലോ അപ്പോഴാണ് ഛഡ്ഢി ദോസ്ത് കഡ്‌ഡി അല്ലാഡസ്ബുട്ടയുടെ ഷൂട്ടിങ് നടന്നത്. നാട്ടിൽ നിന്നും വന്നു ക്വാറന്റീൻ കഴിഞ്ഞു ഷൂട്ട് ചെയ്തു പിന്നീട് തിരികെ നാട്ടിലെത്തി ക്വാറന്റീൻ, പിന്നീടും വന്നു. അങ്ങനെ ആറേഴു തവണ പോയി വന്നാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ബുദ്ധിമുട്ടാണെങ്കിലും ഞാൻ എന്റെ പാഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന സന്തോഷമുണ്ടായിരുന്നു. എല്ലാവരും കോവിഡിനെ വളരെ ഭയന്ന് കഴിയുന്ന കാലമായിരുന്നു. മടിപിടിച്ചിരിക്കാതെ എന്തെങ്കിലും ചെയ്യണം എന്നുള്ള ചിന്തയാണ് ഈ ചിത്രം ഏറ്റെടുക്കാൻ കാരണം.

കന്നഡയിലെ പ്രശസ്തനായ കൃഷ്ണ എന്ന സംവിധായകന്റെ ചിത്രമാണ്. അദ്ദേഹവും ലോകേന്ദ്ര സൂര്യ എന്ന നടനുമാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് 50 ശതമാനം സീറ്റുകൾ മാത്രമേ തിയറ്ററിൽ അനുവദിച്ചിട്ടുള്ളൂ. കർണാടക മുഴുവൻ, മൈസൂര്, ഹൂബ്ലി പിന്നെ പുറത്തേക്കും ചിത്രത്തിന്റെ റൈറ്റ്സ് കൊടുക്കുന്നുണ്ട്. പടത്തിന്റെ റിലീസിന് എനിക്ക് അച്ഛനെയും അമ്മയെയും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്ന ദുഃഖമുണ്ട്. കോവിഡ് കാലമായതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിൽ ആയിരുന്നെങ്കിൽ എല്ലാവരുമായി സന്തോഷമായി പോയി സിനിമ കാണാമായിരുന്നു. തിയറ്റർ റിലീസിന് ശേഷം ഒടിടി റിലീസ് ഉണ്ടാകും.

മലയാളത്തിൽ രണ്ടു ചിത്രങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയോ?

മലയാളത്തിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ജോഷി മാത്യു സാറിന്റെ ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രത്തിൽ മനോജ് കെ. ജയനോടൊപ്പമാണ് ആദ്യമായി അഭിനയിച്ചത്. കുട്ടികളുടെ മികച്ച ചിത്രം, മികച്ച പാരിസ്ഥിതിക സിനിമ എന്നുള്ള അവാർഡുകൾ ആ ചിത്രത്തിന് ലഭിച്ചു. ആ ചിത്രത്തിന് ശേഷം ഞാൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉണ്ടായത്.

black-forest
ബ്ലാക് ഫോറസ്റ്റിൽ മനോജ് കെ. ജയനൊപ്പം

2015-ൽ ആണ് കന്നഡയിൽ സിനിമ ചെയ്യുന്നത്. ഓഡിഷൻ ചെയ്താണ് കന്നടയിൽ സെലെക്റ്റ് ചെയ്തത്. ആ ചിത്രത്തിന്റെ പേര് പട്ടാഭിഷേക എന്നാണ്. കന്നഡ സൂപ്പർ സ്റ്റാർ കല്യാൺ കുമാറിന്റെ ചെറുമകൻ യുവരാജ് കല്യാൺ കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. അതാണ് കന്നഡത്തിൽ എന്റെ ആദ്യത്തെ ചിത്രം. അതിനു ശേഷം കലാഭവൻ നിസാർ സംവിധാനം ചെയ്ത "ടൂ ഡേയ്സ്" എന്ന ചിത്രത്തിൽ സമുദ്രക്കനി സാറിനോടൊപ്പം അഭിനയിച്ചു. കട്ടും എഡിറ്റുമില്ലാതെ ഒറ്റ ഷോട്ടിൽ എടുത്ത രണ്ടു മണിക്കൂർ ഉള്ള ഒരു ചിത്രമായിരുന്നു അത്. അതിലെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം എന്നെ തൊണ്ടൻ എന്ന തമിഴ് ചിത്രത്തിലേക്ക് വിളിച്ചു. അതുകഴിഞ്ഞു ഞാൻ ഒമാനിലേക്ക് പോയി.

samudrakani-gowri-2
സമുദ്രക്കനിക്കൊപ്പം തൊണ്ടൻ സിനിമയുടെ ലൊക്കേഷനിൽ (വലത്), കലാഭവൻ നിസാറിനൊപ്പം 2 ഡെയ്സ് സിനിമയുടെ സെറ്റിൽ (ഇടത്)


എന്നെ സംബന്ധിച്ചടത്തോളം അതും വേറൊരു അനുഭവമായിരുന്നു. അവിടെ ഞാൻ അറബിക് സിനിമകൾ ചെയ്തു. കൊറോണ തുടങ്ങുന്നതിനു തൊട്ടു മുൻപായിരുന്നു നാട്ടിലേയ്ക്കു വന്നത്. വിജയ് സേതുപതി സാറിന്റെ ഒരു തമിഴ് പ്രോജക്റ്റ് സംസാരിക്കാൻ ആണ് വന്നത്. പക്ഷേ ലോക്ഡൗൺ ആയപ്പോൾ ആ ചിത്രം മുടങ്ങി. അപ്പോഴാണ് ഛഡ്ഢി ദോസ്ത് കഡ്‌ഡി അല്ലാഡസ്ബുട്ട എന്ന ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രമാണ് നൈന എന്ന കന്നഡ ചിത്രം. അത് ഒരു ഫീമെയിൽ ഓറിയന്റഡ് ചിത്രമാണ്.

gowri-nair-321
പട്ടാഭിഷേക സിനിമയുടെ ലൊക്കേഷനിൽ

മലയാളത്തിൽ ഒന്നുരണ്ടു ചെറിയ തിരക്കഥകൾ വന്നിരുന്നു. പക്ഷേ എനിക്ക് അതിൽ അഭിനയസാധ്യത ഒന്നും തോന്നിയില്ല. നല്ല പ്രോജക്ട് വരുമ്പോൾ ചെയ്യാം എന്നാണ് കരുതുന്നത്. മലയാളത്തിൽ അഭിനയിച്ചതിനു ശേഷം ഞാൻ വെറുതെ ഇരുന്നിട്ടില്ല, തമിഴിലും കന്നടയിലും പ്രോജക്ടുകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അറബിക് സിനിമകളിൽ അവസരം ലഭിച്ചപ്പോൾ അവിടേയ്ക്ക് പോയി. മലയാളം എന്റെ സ്വന്തം ഭാഷയാണ്, എന്റെ നാടാണ്. അവിടെ ഏറ്റവും നല്ല പ്രോജക്ട് തന്നെ ചെയ്യണം. നല്ല തിരക്കഥകൾ എന്നെ തേടിവരും എന്നാണ് വിശ്വാസം.

വീട്ടുവിശേഷങ്ങൾ

എന്റെ നാട് തൃശൂർ ആണ്, ചാലക്കുടി പോട്ടയിൽ ആണ് വീട്. ഒരു സ്വാതന്ത്ര്യ സമര സേനാനിയും എക്സ്പ്രസ്സ് പത്രത്തിന്റെ എഡിറ്ററുമായ എ.വി. മേനോന്റെ ചെറുമകൾ ആണ് ഞാൻ. മുത്തശ്ശി പെരുമ്പള്ളി അമ്മിണി അമ്മയും സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. മുത്തശ്ശി ഈ അടുത്തിടെ മരിച്ചു. എന്റെ ബാല്യം ചാലക്കുടിയിലും അബുദാബിയിലും ഒക്കെ ആയിരുന്നു. അച്ഛൻ സുരേഷ് ബാബു അബുദാബിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ഗിരിജ എസ്. നായർ. രണ്ടു സഹോദരിമാരാണ് എനിക്ക് അർച്ചനയും കാർത്തികയും അവർ രണ്ടും വിവാഹിതരായി. രണ്ടുപേരും എൻജിനീയർമാരാണ്.

kannada
കന്നഡയിലെ പ്രധാനപത്രത്തിൽ ഗൗരിയെക്കുറിച്ച് വന്ന റിപ്പോർട്ട്

പത്രപ്രവർത്തനം ഉപേക്ഷിച്ച് സിനിമയിലേക്ക്?

ഞാനൊരു തിയറ്റർ ആർടിസ്റ്റാണ്. പഠിക്കുമ്പോൾ നാടകങ്ങൾ ചെയ്യുമായിരുന്നു. സെന്റ് ജോസഫ്സിൽ ആണ് പഠിച്ചത്. എംഎ മാസ്സ് കമ്യൂണിക്കേഷൻ കഴിഞ്ഞു എച്ച് ആറിൽ എംബിഎ എടുത്തു. ചെറിയ പ്രായം മുതൽ നൃത്തം പഠിക്കുന്നുണ്ട്. സിനിമയും ചെറുതിലെ തന്നെ മനസ്സിലുണ്ട്. പക്ഷേ അമ്മ പറഞ്ഞു പഠനം കഴിഞ്ഞു നീ എന്തുവേണമെങ്കിലും ചെയ്തോളൂ എന്ന്. അതുകൊണ്ട് സിനിമ ചെയ്യാൻ പഠനം കഴിയുന്നതുവരെ കാത്തിരുന്നു. പഠനം കഴിഞ്ഞു കുറച്ചു നാൾ എച്ച് ആർ ആയി ജോലി ചെയ്തിരുന്നു. പത്രപ്രവർത്തനവും ചെയ്യ്തിരുന്നു. പക്ഷേ അപ്പോഴും അഭിനയം എന്ന ലക്‌ഷ്യം മനസ്സിൽ കിടക്കുകയാണ്. സിനിമ എന്നെ മാടിവിളിച്ചുകൊണ്ടിരുന്നു രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന് വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ച് സിനിമ തന്നെ തെരഞ്ഞെടുത്തത്. അപ്പോഴേക്കും ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു.

gowri-nair-32
‘ഛഡ്ഢി ദോസ്ത് കഡ്‌ഡി അല്ലാഡസ്ബുട്ട’ ചിത്രത്തിൽ നിന്നും

കലയാണ് എല്ലാം

ഞാൻ ഒരു ഭരതനാട്യം നർത്തകി ആണ്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നുണ്ട്, നൃത്തം എപ്പോഴും കൂടെയുണ്ട്. എഴുത്തും എനിക്ക് വളരെ പ്രിയപ്പെട്ട കാര്യമാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാൻ എഴുതാറുണ്ട്. ഋതു എന്ന ഒരു കഥ-കവിത സമാഹാരമാണ് ആദ്യമായി പബ്ലിഷ് ചെയ്ത പുസ്തകം. പന്ത്രണ്ടു അധ്യായത്തിൽ തീരുന്ന ഒരു ചെറുകഥയാണ് അടുത്തത് അതിന്റെ പണിപ്പുരയിൽ ആണ്. എഴുത്ത്, സിനിമ, നൃത്തം, നാടകം അങ്ങനെ കലയിൽ എന്തും എനിക്ക് ജീവനാണ്

gowri-nair-21

അറബി ഭാഷയിൽ അഭിനയിക്കുക ചില്ലറക്കാര്യമല്ലല്ലോ?

കുടുംബത്തിൽ കൂടുതൽ പേരും മിഡിൽ ഈസ്റ്റിൽ ആയിരുന്നു. ഞാൻ പഠിച്ചത് അബുദാബിയിൽ ആണ്. അവിടെ മലയാളി സമാജം മാഗസിൻ എന്റെ ഒരു ചിത്രം കണ്ടിട്ട് ഒമാൻ ഫിലിം സൊസൈറ്റിയുടെ ചെയർമാൻ ഡോ. ഖാലിദിലേക്ക് അത് എത്തുകയും അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിക്കുകയുമായിരുന്നു. എന്റെ അമ്മാവനും കുടുംബവും ഒമാനിൽ താമസമായതുകൊണ്ടു എനിക്ക് ഒന്നിനും ബുദ്ധിമുട്ട് ഉണ്ടായില്ല. പിന്നീട് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിച്ചു. അറബിക് ഡയലോഗ് ഇംഗ്ലിഷിൽ എഴുതി എടുത്തിട്ട് ആണ് പഠിച്ചു പറയുന്നത്.

gowri-nair-34
അറബിക് ചിത്രത്തിൽ നിന്നും

ഭാഷ കൃത്യമായ രീതിയിൽ പറയുക ബുദ്ധിമുട്ടാണ്, എന്നാലും ചെറുതിലെ കേട്ട് പഠിച്ചതുകൊണ്ടു ഒരുവിധം ഒപ്പിച്ചു. ഒരു ഇന്ത്യൻ പെൺകുട്ടി ഒരു അറബിയെ വിവാഹം കഴിക്കുന്ന കഥയായിരുന്നു ആദ്യത്തേത്. ഖുർആനിൽ ഉള്ള കഥകളാണ് കൂടുതലും അവർ സിനിമയാക്കുന്നത്. ഇപ്പോൾ ഒരു അറബി-ഫ്രഞ്ച് ചിത്രം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

gowri-nair-232
ഒമാൻ ഫിലിം സൊസൈറ്റിയുടെ ചെയർമാൻ ഡോ. ഖാലിദിനൊപ്പം

എനിക്ക് ഏറ്റവും ആഗ്രഹം മലയാളത്തിൽ അഭിനയിക്കാൻ തന്നെയാണ്. എനിക്ക് പെർഫോം ചെയ്യാൻ കഴിയുന്ന നല്ല സിനിമകൾ വന്നാൽ ചെയ്യും. പക്ഷെ അഭിനയിക്കാൻ ഭാഷ ഒരു തടസ്സമാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അഭിനയസാധ്യതയുള്ള നല്ല തിരക്കഥകൾ വന്നാൽ ഏതു ഭാഷയിലും ചെയ്യണം. ഞാൻ ചെയ്ത ചിത്രങ്ങൾക്കെല്ലാം ഭാഷയും ടോണും പഠിച്ച് ഞാൻ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. നൈന എന്ന ചിത്രം വളരെ അഭിനയസാധ്യത ഉള്ളതായിരുന്നു. സിനിമ മുഴുവൻ നൈന എന്ന നായികയുടെ സംഭാഷണം ആണ്. അതിൽ നീണ്ട ഡയലോഗുകൾ ഉണ്ടായിരുന്നു. അതെല്ലാം കഠിനാധ്വാനം ചെയ്തു പഠിച്ചാണ് ഞാൻ ഡബ്ബ് ചെയ്തത്. ഒരു മലയാളി പെൺകുട്ടി കന്നഡ ഒഴുക്കോടെ സംസാരിച്ച് അഭിനയിക്കുന്നു എന്ന് ഒരു ലീഡിങ് കന്നഡ ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ഭാഷകൾ പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് അതുകൊണ്ട് നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ ഭാഷ ഒരു പ്രശ്നമേയല്ല.

gowri-nair3
നൈന എന്ന ചിത്രത്തിൽ നിന്നും

പുതിയ ചിത്രങ്ങൾ

കന്നടയിൽ തന്നെ നൈന എന്ന ചിത്രമാണ് ഇനി അടുത്തതായി റിലീസ് ചെയ്യുന്നത്. ശ്രീധർ സിയാ എന്ന സംവിധായകന്റെ ചിത്രമാണ്. ഞാൻ കേന്ദ്രകഥാപാത്രമായ അഭിനയിക്കുന്ന ചിത്രമാണ്. എന്നെ സംബന്ധിച്ച് നായികാപ്രാധാന്യമുള്ള വലിയൊരു പ്രോജക്റ്റ് ആണത്. വിശ്വരൂപം, തൂങ്കാവനം ഒക്കെ സംവിധാനം ചെയ്ത രാജേഷ് സെൽവയുടെ "ഇരൈ" എന്ന ചിത്രം ഇപ്പോൾ പൂർത്തിയാക്കി. ശരത് കുമാർ സാർ ആണ് നായകൻ. അതിന്റെ റിലീസ് ഉടനെ ഉണ്ടാകും. രണ്ടു കന്നഡ ചിത്രങ്ങൾ കൂടി സൈൻ ചെയ്തിട്ടുണ്ട് അവയുടെ പേര് ആയിട്ടില്ല. മലയാളത്തിൽ ഒരു പ്രോജക്ട് പറഞ്ഞിട്ടുണ്ട് അത് കോവിഡ് ഒന്ന് കെട്ടടങ്ങിയാൽ തുടങ്ങും എന്ന് തോന്നുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA