ADVERTISEMENT

ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ മനു അശോകൻ, ബോബി–സഞ്ജയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും പിടിച്ചു പറ്റിയ ആദ്യ ചിത്രത്തിനുശേഷം രണ്ടാമതൊരു സിനിമ ചെയ്യുമ്പോൾ എന്തായിരുന്നു മനു അശോകൻ എന്ന യുവസംവിധായകനു മുമ്പിലെ സാധ്യതകളും വെല്ലുവിളികളും? മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനു അശോകൻ സംസാരിക്കുന്നു. 

 

കാണെക്കാണെ ഒരു ത്രില്ലർ സിനിമയാണോ?

 

കാണെക്കാണെ ഒരു ത്രില്ലറല്ല... അങ്ങനെയൊരു ലെയറുണ്ട് എന്നു മാത്രം. ഇതൊരു ഫാമിലി ഡ്രാമയാണ്. ഇത് നമ്മുടെ ഉള്ളിലേക്ക് സഞ്ചരിക്കുന്ന ചിത്രമാണ്. നമ്മുടെ ബന്ധങ്ങളെക്കുറിച്ചു ചിന്തിപ്പിക്കുന്ന സിനിമ. 

aishwarya-tovino

 

എന്തുകൊണ്ട് ഈ ടൈറ്റിൽ?

 

manu-tovino

കഥയുടെ സ്വഭാവം അങ്ങനെയാണ്. സിനിമയുടെ ടാഗ്‍ലൈൻ പറയുന്നത് As you watch it എന്നാണ്. നിങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പൂ വിരിയുന്ന പോലെ ഓരോ മനുഷ്യബന്ധങ്ങളിലെ കയറ്റിറക്കങ്ങൾ മെല്ലെ മനസിലായി വരുകയാണ് ചെയ്യുന്നത്. കാണെക്കാണെ... കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നാണ് ആ ടൈറ്റിൽ കൊണ്ടുദ്ദേശിക്കുന്നത്. 

 

suraj

രണ്ടാമത്തെ ചിത്രത്തിലും ബോബി–സഞ്ജയുടെ തിരക്കഥ തന്നെയാണല്ലോ. ഈ തീരുമാനത്തിലേക്ക് എങ്ങനെ എത്തി?

 

തിരക്കഥ–സിനിമ എന്നതിനപ്പുറത്ത് അതിലൊരു സൗഹൃദമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ മൂന്നുപേരും. സിനിമയല്ലാതെ സംസാരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. സിനിമ വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. ഉയരെ ഇറങ്ങിയതിനുശേഷം അടുത്ത ഒരു പ്രൊജക്ട് എന്തായിരിക്കാം എന്നൊരു ആലോചന ഉണ്ടായിരുന്നു. ഒരുപാടു കഥകൾ ഞങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞു പറഞ്ഞാണ് കാണെക്കാണെയുടെ സബ്ജക്ടിലേക്ക് എത്തിയത്. വേറൊരു സബ്ജക്ട് ആണ് ചെയ്യാനിരുന്നത്. കോവിഡ് വരുകയും അതു ഹോൾഡ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ ഈ സബ്ജക്ടിലേക്ക് എത്തി. ബോബി–സഞ്ജയ് എന്റെ അടുത്ത സിനിമ ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ച് സംഭവിച്ചതല്ല. ഞങ്ങൾ എല്ലാദിവസവും അഞ്ചാറു തവണയെങ്കിലും സംസാരിക്കുന്ന ആളുകളാണ്. ആ സൗഹൃദത്തിൽ നിന്നാണ് ഇതെല്ലാം സംഭവിക്കുന്നത്. 

 

manu-kanekane

ഞങ്ങൾ സബ്ജക്ട് ആലോചിക്കുമ്പോഴേ തീരുമാനിച്ചിരുന്ന കാര്യം ഇതൊരു കോവിഡ് സമയത്ത് സംഭവിക്കുന്ന സിനിമ ആകില്ല എന്നതായിരുന്നു. അതുകൊണ്ട് കോവിഡിന്റേതായ സാമൂഹിക ചുറ്റുപാടുകൾ ഒന്നും ചിത്രത്തിൽ കാണിക്കുന്നില്ല. ഇൻഡോറിൽ മാത്രം സംഭവിക്കുന്ന സിനിമ എന്ന ആശയവും ഞങ്ങൾ വേണ്ടെന്നു വച്ചിരുന്നു. ക്രീയേറ്റീവ് അർഥത്തിലും ഇതൊരു കോവിഡ് സിനിമ ആകരുതെന്ന് തീരുമാനിച്ചിരുന്നു. സർക്കാരിന്റെ എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു ചിത്രീകരണം. 

 

സുരാജ് വെഞ്ഞാറമൂട് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുമോ? 

 

സുരാജേട്ടൻ unquestionable actor ആണ്. ആ ക്യാരക്ടറിന്റെ ചർച്ച വന്നപ്പോഴേ ഞങ്ങൾ സുരാജേട്ടനെ ഉറപ്പിച്ചിരുന്നു. ഇതു പറഞ്ഞപ്പോഴേ അദ്ദേഹം ഓകെ പറഞ്ഞു. പ്രായമുള്ള ക്യാരക്ടർ ആണെന്ന് ഫോണിലൂടെ പറഞ്ഞപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ചെയ്തല്ലേ ഉള്ളൂ എന്ന് ആദ്യം പറഞ്ഞെങ്കിലും കഥ കേട്ടപ്പോൾ ഓകെ ആയി. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ കഥാപാത്രത്തിന്റെ അത്രയും പ്രായമുള്ള ഗെറ്റപ്പല്ല ഈ ചിത്രത്തിലുള്ളത്. എന്തുകൊണ്ട് സുരാജേട്ടൻ എന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. പണ്ട് നമ്മൾ കണ്ടുകൊണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് അല്ല ഇപ്പോൾ നാം കാണുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലെ ആക്ടർ പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. കാണെക്കാണെ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഗ്രാഫ് ഇനിയും മുന്നോട്ടു പോകും. അത്രയും സെയ്ഫ് ആണ് സുരാജേട്ടന്റെ കയ്യിൽ ഈ കഥാപാത്രം. 

aishwarya

 

നായകൻ–വില്ലൻ എന്ന പതിവു ചട്ടക്കൂടുകൾക്കപ്പുറത്താണോ ഈ സിനിമയിലെ കഥാപാത്രസൃഷ്ടി?

 

തീർച്ചയായും. ഈ സിനിമയിൽ നായകൻ–വില്ലൻ എന്നൊന്നില്ല. മനുഷ്യരുടെ അവസ്ഥ മാറുന്നതിന് അനുസരിച്ച് അവർ ഇതെല്ലാം ആയിത്തീരും. അങ്ങനെയാണ് ഈ സിനിമ പോകുന്നത്. ഒരു നായകൻ... ഒരു വില്ലൻ... അങ്ങനെയില്ല. എല്ലാം ജീവിതമാണ്. മനുഷ്യരുടെ ഇമോഷനൽ ട്രാവലും അവരുടെ ബന്ധങ്ങളുടെ കയറ്റിറക്കങ്ങളും ഒക്കെയാണ് ഈ സിനിമ. 

 

ഉയരെ വൻ വിജയമായതിനുശേഷം അടുത്തൊരു സിനിമ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടായിരുന്നോ?

 

പ്രിയദർശൻ സർ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു, ഒന്നാമത്തെ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി എന്ന്. എനിക്ക് ഒരു ഘട്ടത്തിൽ അങ്ങനെയൊരു സമ്മർദ്ദം ഉണ്ടായിരുന്നു. അടുത്ത സിനിമ എന്തായിരിക്കും എന്നൊരു ചിന്ത. ഉയരെ എന്ന സിനിമ സംഭവിച്ചു കഴിഞ്ഞു. അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു. അതിനു മുകളിൽ പോകണം എന്നു ഞാൻ ചിന്തിച്ചിട്ടില്ല. ഞങ്ങളും ചിന്തിച്ചിട്ടില്ല. അടുത്തൊരു കഥ വിശ്വസനീയമായ രീതിയിൽ പറയാൻ കിട്ടണം എന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ചെയ്യാൻ തോന്നുന്ന ഒരു കഥ. അവർക്ക് എഴുതാൻ തോന്നുന്ന ഒരു കഥ. ഒരു ഫിലിംമേക്കർ എന്ന നിലയിൽ ഉയരെ എന്ന സിനിമയേക്കാൾ അടുത്തൊരു പടിയിലേക്ക് പോകണം എന്നുണ്ടായിരുന്നു. എന്നാൽ അതൊരു ബാധ്യതയായോ ഭയമായോ തോന്നിയിട്ടില്ല. ഞാനാ ജോലി ആസ്വദിച്ചു ചെയ്തു. ബാക്കി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. ഉയരെക്ക് മുകളിൽ ആകണം എന്നൊരു ആഗ്രഹമുണ്ട്. കാരണം ഒരു വളർച്ചയാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത്. ഇനി നാളെ അറിയാം. 

 

ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളികൾ?

 

കോവിഡ് മൂലം സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായിരുന്നു. പിന്നെ, ഇവരുടെയെല്ലാം കോവിഡ് ടെസ്റ്റും ക്വാറന്റീനും മറ്റു കാര്യങ്ങളും. അതെല്ലാം നിർമാതാവിന് അധികബാധ്യത നൽകുന്ന കാര്യങ്ങളാണ്. ഷംസുദ്ദീൻ എന്ന നിർമാതാവിന്റെ പിന്തുണ വളരെ വലുതായിരുന്നു. പിന്നെ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കും ഏറെ ഒരുങ്ങാനുണ്ടായിരുന്നു. കാരണം, സെറ്റിൽ ചെന്നു കഴിഞ്ഞ് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ വിട്ടു ചിന്തിക്കാൻ പറ്റില്ല. അതുകൊണ്ട് കൂടുതൽ ഒരുങ്ങി. അതും സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തെന്നു തോന്നുന്നു. 

 

കാണെക്കാണെയിലെ സാങ്കേതികപ്രവർത്തകരെക്കുറിച്ച് 

 

ക്യാമറ ചെയ്തിരിക്കുന്നത് ആൽബിയാണ്. ഈ സിനിമ അൽപം റിയലിസ്റ്റിക്കും അൽപം സിനിമാറ്റിക്കുമാണ്. അതിന് അനുസരിച്ചുള്ള ഔട്ട് ആൽബി തന്നിട്ടുണ്ട്. പിന്നെ, എഡിറ്റർ അഭിലാഷ് വളരെ നാളുകളായി എന്റെ സുഹൃത്താണ്. രാജേഷ് പിള്ളയുടെ കൂടെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് അറിയുന്ന ആളാണ്. ആ കംഫർട്ട് ഉണ്ടായിരുന്നു. കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് എന്റെ ഭാര്യ ശ്രേയ അരവിന്ദ് ആണ്. ഞങ്ങൾ സിനിമയിലൂടെയാണ് പരിചയപ്പെടുന്നതും. അഞ്ചാറു സിനിമകൾ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ, സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന രഞ്ജിൻ... പെട്ടെന്ന് സിങ്ക് ആവുക എന്നു പറയാറില്ലേ... അതായിരുന്നു ഞങ്ങളുടെ ഇടയിൽ സംഭവിച്ചത്. 

 

ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. സിത്താര കൃഷ്ണകുമാറാണ് അതു പാടിയിരിക്കുന്നത്. അതിന്റെ ഒരു വേരിയേഷനും ചിത്രത്തിലുണ്ട്. അത് പാടിയിരിക്കുന്നത് ജി.വേണുഗോപാലാണ്. സൗണ്ട് ഡിസൈനും ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് അതു ചെയ്തിരിക്കുന്നത്. ഇവരെല്ലാം ഉയരെയിലുണ്ടായിരുന്ന സുഹൃത്തുക്കളാണ്. സാങ്കേതികപ്രവർത്തകർ എന്നു വിളിക്കുന്നതിനെക്കാൾ എനിക്കിഷ്ടം അവരെ സുഹൃത്തുക്കൾ എന്നു വിളിക്കാനാണ്.

 

ടൊവീനോ–സുരാജ്–ഐശ്വര്യ ലക്ഷ്മി– ശ്രുതി രാമചന്ദ്രൻ. ഈ അഭിനേതാക്കളിലെത്തിയത് എങ്ങനെയാണ്?

 

കഥാപാത്രങ്ങൾക്ക് യോജിച്ച ആളുകളെയാണ് കണ്ടെത്തിയത്. അങ്ങനെയാണ് ടൊവീനോയും ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനും സുരാജേട്ടനുമെല്ലാം ഈ സിനിമയുടെ ഭാഗമായത്. ഈ കഥയിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് പെർഫോർമൻസാണ് പ്രധാനം. കാണെക്കാണെയിലെ കഥാപാത്രങ്ങൾക്ക് അവരുടെ അഭിനയത്തെ പിന്തുണയ്ക്കാൻ അധികമൊന്നുമില്ല. ഡയലോഗുകളിലൂടെയോ മറ്റു സിനിമാറ്റിക് സംവിധാനങ്ങളോ അഭിനേതാക്കളെ പിന്തുണയ്ക്കാനില്ല. മറിച്ച്, അതു ഉള്ളിൽ ഫീൽ ചെയ്ത് ക്യാമറയ്ക്ക് തരിക എന്നു പറയുന്നത് വലിയ ടാസ്കാണ്. It was something intense and internal. ഞാൻ ആഗ്രഹിച്ച രീതിയിൽ അവർ അതു ചെയ്തു. പ്രേക്ഷകർക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നറിയാൻ കാത്തിരിക്കുന്നു. 

 

ഒടിടി റിലീസ് എന്ന തീരുമാനം ഏറെ പ്രയാസമേറിയത് ആയിരുന്നോ?

 

ഈ ചിത്രം ഒടിടിക്ക് വേണ്ടി തന്നെ നിർമിച്ചതാണ്. എന്നാൽ സിനിമയുടെ അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾ തീയറ്ററിൽ റിലീസ് ചെയ്താൽ കൊള്ളാമെന്നു തോന്നി. പക്ഷേ, അതിപ്പോൾ നടക്കില്ലല്ലോ. മറ്റൊരു തരത്തിൽ ആ സ്വാതന്ത്ര്യം എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതു സിനിമ കാണുമ്പോൾ മനസിലാകും. പിന്നെ, സോണിയുടെ ഒടിടി മലയാളത്തിൽ ലോഞ്ച് ചെയ്യപ്പെടുന്നത് കാണെക്കാണെയിലൂടെയാണ് എന്നത് തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com