കാണെക്കാണെ ആ സിനിമ പിറന്നു!

bobby-sanjay
SHARE

കാണെക്കാണെ ഇഷ്ടമേറുന്ന കഥാപാത്രങ്ങളാണു ബോബി–സഞ്ജയ് തിരക്കഥകളുടെ മാജിക്.‌ പ്രേക്ഷകനെ സിനിമയ്ക്കു മുന്നിൽ പിടിച്ചിരുത്തുന്ന ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും ഓരോ ചിത്രത്തിലും ഇവർ കരുതിവച്ചിട്ടുണ്ടാകും. വെള്ളിയാഴ്ച സോണി ലിവിൽ റിലീസ് ചെയ്ത പുതിയ ചിത്രം ‘കാണെക്കാണെ’ മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷവും ഒപ്പം ചിത്രവിശേഷങ്ങളും ബോബിയും സഞ്ജയും പങ്കുവയ്ക്കുന്നു.

വളരെ അപ്രതീക്ഷിതമായി ഉണ്ടായ സിനിമയാണു കാണെക്കാണെ. ‘ഉയരെ’യ്ക്കു ശേഷം മനു അശോകനൊപ്പം മറ്റൊരു സിനിമയാണു ചെയ്യാനിരുന്നത്. വലിയ പ്ലോട്ടും ഒട്ടേറെ കഥാപാത്രങ്ങളുമൊക്കെയുള്ള ഒരു ചിത്രം. എന്നാൽ, കോവിഡ് കാലത്ത് അതു ചെയ്യുന്നതിനു ബുദ്ധിമുട്ടേറെയായിരുന്നു. അങ്ങനെയാണു പെട്ടെന്നു തോന്നിയ ഒരു ത്രെഡ് മനുവിനോടു ചർച്ച ചെയ്യുന്നത്. ടൊവിനോ, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരും വലിയ താൽപര്യം പ്രകടിപ്പിച്ചു. നിർമാതാവ്     ടി.ആർ.ഷംസുദ്ദീൻ ചിത്രം നിർമിക്കാമെന്നുമേറ്റു. അങ്ങനെ വളരെപ്പെട്ടെന്നു തീരുമാനിച്ച് വളരെപ്പെട്ടെന്നു പൂർത്തിയാക്കിയതാണിത്. സാധാരണ ഒരു തിരക്കഥയെഴുതാൻ ഞങ്ങൾ 6 മാസമെങ്കിലുമെടുക്കും. എന്നാൽ, ഈ ചിത്രമാകട്ടെ എഴുതി, ഷൂട്ട് ചെയ്ത്, പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കാൻ 6 മാസമേ വേണ്ടി വന്നുള്ളൂ.

കാണെക്കാണെയെപ്പറ്റി?

മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന, മേമ്പൊടിക്കൊരൽപം ത്രില്ലർ അംശം കൂടിയുള്ള ചിത്രമാണു കാണെക്കാണെ. 1983, ക്വീൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഡ്രീം ക്യാച്ചർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രമാണിത്. ടൊവിനോ, സുരാജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ വൈകാരിക തീവ്രതയുള്ള നായക കഥാപാത്രമാണു ടൊവിനോയുടെ അലൻ.

ടൊവിനോയുടെ ആദ്യ ഒടിടി പ്രിമിയർ, ഒപ്പം സോണി ലിവിന്റെ ആദ്യ മലയാളം ചിത്രം?

അതെ, ഞങ്ങളുടെ ചിത്രത്തിന് അങ്ങനെയൊരു അവസരം കിട്ടിയതിൽ അഭിമാനമുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വാദനത്തിന്റെ വിശാലമായൊരു ലോകം തുറന്നു കൊടുക്കുന്നുണ്ട്. കോവിഡ് കാലത്തു സിനിമയ്ക്കു വലിയൊരു ആശ്വാസമായി ഒടിടികൾ. ചിത്രം നല്ലതാണെന്ന അഭിപ്രായമുണ്ടായാൽ ഏതു പ്ലാറ്റ്ഫോമിലായാലും അതു തേടിപ്പിടിച്ചു കാണാൻ ഇന്നു ജനത്തിനു താൽപര്യമുണ്ട്.

ടൊവിനോ–ഐശ്വര്യ ലക്ഷ്മി കോംബോ?

മുൻ ചിത്രങ്ങളിൽ ഇവരുടെ കെമിസ്ട്രിയോ പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായ മികച്ച അഭിപ്രായമോ കണക്കിലെടുത്തല്ല ഇരുവരെയും നായികാ നായകൻമാരായി നിശ്ചയിച്ചത്. ഇരുവരും ഒരുമിച്ചുള്ള മുൻ ചിത്രത്തിന്റെ ലാഞ്ചന പോലും കാണെക്കാണെയിലില്ല. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും ചെയ്തിട്ടുള്ളത്. ചിത്രം സംവിധാനം ചെയ്ത മനു അശോകൻ കുടുംബാംഗത്തെപ്പോലെ തന്നെയാണ്. ടൊവിനോയും അടുത്ത സുഹൃത്താണ്. ഷംസുദ്ദീനു വേണ്ടി രണ്ടാമതൊരു ചിത്രം കൂടി ചെയ്യാനുള്ള തയാറെടുപ്പിലാണിപ്പോൾ ഞങ്ങൾ. ഇതിന്റെയും സംവിധായകൻ മനു തന്നെയാണ്. പിതാവ് പ്രേം പ്രകാശിന്റെ പ്രൊഡക്‌ഷൻ ഹൗസായ പ്രകാശ് മൂവി ടോണും നിർമാണത്തിൽ സഹകരിക്കും. കുറച്ചു നാളുകൾക്കു ശേഷം ഗായകൻ ജി.വേണുഗോപാൽ പിന്നണി പാടിയിട്ടുള്ള ചിത്രം കൂടിയാണ് കാണെക്കാണെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA