ADVERTISEMENT

2017 സെപ്റ്റംബറിലാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിലെത്തുന്നത്. നാലു വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ അടക്കം ഒരുപിടി തെന്നിന്ത്യൻ ചിത്രങ്ങളിൽ സ്വന്തം പേരെഴുതിച്ചേർത്ത് തലെയടുപ്പോടെ നിൽക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ഐഷൂ. സോണി ലിവിൽ റിലീസ് ചെയ്ത കാണെക്കാണെയാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ നാലു വർഷമെന്നത് വലിയ കാലയളവല്ലെങ്കിലും ഒരു അഭിേനതാവ് എന്ന നിലയിൽ ഐശ്വര്യ ലക്ഷ്മി സഞ്ചരിച്ച ദൂരം ഏറെയാണ്. ആ അനുഭവങ്ങളുമായി ഐശ്വര്യ ലക്ഷ്മി മനോരമ ഓൺലൈനിൽ....

 

സിനിമയിലെ നാലു വര്‍ഷങ്ങള്‍

aishwarya-lekshmi-2

 

2017 സെപ്റ്റംബർ ഒന്നിനായിരുന്നു എന്റെ ആദ്യചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസ് ആകുന്നത്. കൃത്യം നാലു വർഷമായി ഇപ്പോൾ. സിനിമയെപ്പറ്റി യാതൊരു ഐഡിയയും ഇല്ലാതെ, അധികം സിനിമ പോലും കാണാതെയാണ് ഞാൻ സിനിമയിൽ വന്നത്. സിനിമയെക്കുറിച്ച് കൃത്യമായ പഠനമൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരുപാടു തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിനേക്കാൾ കൂടുതൽ നല്ല സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ പ്രേക്ഷകരും വലിയ സ്നേഹമാണ് എനിക്ക് നൽകിയത്. അതൊന്നും മറക്കാൻ കഴിയില്ല. അഭിനയം എന്നത് കരിയർ മാത്രമല്ല, ഒരുപാടു സന്തോഷം നൽകുന്ന ജീവിതാനുഭവം കൂടിയാണ്. ആ സ്നേഹം ഇല്ലായിരുന്നില്ലെങ്കിൽ, ഇപ്പോൾ ചെയ്യുന്ന ജോലി ഇത്രയും പൂർണതയോടെ ചെയ്യാൻ പറ്റുമെന്നോ ഇത്രയും സന്തോഷത്തോടു കൂടി ജീവിക്കാൻ പറ്റുമെന്നോ എനിക്കു തോന്നുന്നില്ല.     

Aishwarya-Lekshmi

 

കഥാപാത്രങ്ങള്‍ ബോള്‍ഡ്. ഞാന്‍ അങ്ങനെയല്ല

aishwarya-lekshmi-telugu

 

ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. വളരെ സ്ട്രിക്റ്റ് ആയ വിദ്യാഭ്യാസമാണ് എനിക്ക് ലഭിച്ചതും. അങ്ങനെ സമൂഹം പഠിപ്പിക്കുന്ന കുറെ Do's and Don'ts മനസിലുണ്ടായിരുന്നു. ഒരു ആർടിസ്റ്റ് ആയപ്പോൾ അങ്ങനെ ശീലിച്ച ഒരുപാടു കാര്യങ്ങൾ മറക്കേണ്ടി വന്നു. ക്യാമറയുടെ മുമ്പിൽ നമുക്കൊരു രീതിയിലും നാണിച്ചു നിൽക്കാൻ കഴിയില്ല. ഓരോ സിനിമ കഴിയുന്തോറും എന്റെ ആ ഉൾവലിവുകൾ കുറഞ്ഞു. വ്യക്തി എന്ന നിലയിലും ആക്ടർ എന്ന നിലയിലും കൂടുതൽ ആത്മവിശ്വാസം നേടി. സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങൾ പലതും ബോൾഡ് ആണെങ്കിൽ ഞാൻ അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയിലെ അനുഭവങ്ങളിൽ നിന്നുമാണ് ഞാൻ എന്റെ ഉൾവലിവുകളെ മറികടന്നതും ആത്മവിശ്വാസം കൈവരിച്ചതും. 

 

ഞാനൊരു മെത്തേഡ് ആക്ടറല്ല

 

ഒരു ആക്ടിങ് വർക്ക്ഷോപ്പിൽ പങ്കെടുത്തതുകൊണ്ട് അഭിനയം മെച്ചപ്പെടുത്താമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ അത്തരം വർക്ക്ഷോപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. അവർ പഠിപ്പിച്ചു തരുന്ന ടെക്നിക്കുകൾ ഉപബോധമനസിന്റെ തലത്തിലാണ് എന്നെ സഹായിച്ചിട്ടുള്ളത്. പഠിച്ചു വയ്ക്കുക, അത് ഏതെങ്കിലും സാഹചര്യത്തിൽ പ്രയോജനകരമാകും. അതാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഞാനൊരു മെത്തേഡ് ആക്ടറല്ല. ഒരു സീനിൽ സംവിധായകൻ നൽകുന്ന നിർദേശങ്ങളെ പിന്തുടരുന്ന രീതിയാണ് എന്റേത്. കാണെക്കാണേയിൽ ഒരു രംഗമുണ്ട്... അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്ന രംഗം. അതിൽ ഗ്ലിസറിൻ ഇട്ടു കരഞ്ഞാൽ ഇമോഷൻ വർക്കൗട്ട് ആവുമെന്ന് എനിക്ക് തോന്നിയില്ല. വേണമെങ്കിൽ സിംപിളായി അങ്ങനെ ചെയ്യാം. പക്ഷേ, കഥാപാത്രത്തിന്റെ മൂഡിലേക്ക് മനസു കൊണ്ട് കേറുമ്പോൾ സ്വാഭാവികമായും അതു ചെയ്യാൻ പറ്റും. ഗ്ലിസറിൻ ഉപയോഗിക്കാതെ കരയാൻ പറ്റും. എനിക്കു തോന്നുന്നു ഒരു അഭിനേതാവിന് സഹാനുഭൂതിയുണ്ടെങ്കിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. ബാക്കിയെല്ലാം അതിനോടു ചേർന്നു വന്നോളും. 

aishwarya-govind
ഗോവിന്ദ് വസന്തയ്‌ക്കൊപ്പം ഐശ്വര്യ

 

ഡാന്‍സ് ചെയ്യാന്‍ പേടി

archana-31-notout

 

ഡാൻസ് ചെയ്യാൻ എനിക്ക് വലിയ പേടിയായിരുന്നു. ഞാനൊരു മോശം ഡാൻസർ ആയതുകൊണ്ടല്ല ആ പേടി. ഒരു സദസിന്റെ മുമ്പിൽ ഡാൻസ് ചെയ്യേണ്ടി വരുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് സ്റ്റെപ്സ് തരുമ്പോൾ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോൾ ആ ടെൻഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്. ഡാൻസ് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാൽ, നല്ല ഡാൻസും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. അങ്ങനെയൊരു സിനിമയിൽ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. 

 

പൊന്നിയിന്‍ സെല്‍വൻ എന്ന ഭാഗ്യം

 

പൊന്നിയിൻ സെൽവൻ എന്ന സിനിമയെ വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. മണിരത്നത്തിന്റെ സിനിമ... എ.ആർ റഹ്മാൻ സംഗീതം ചെയ്യുന്ന പാട്ട്... രവിവർമൻ സാറിന്റെ ക്യാമറ... എന്റെ ജീവിതത്തിൽ ഇതൊരിക്കലും ലഭിക്കുമെന്ന് വിചാരിച്ചിട്ടില്ല. വലിയൊരു അനുഗ്രഹമാണ് ആ സിനിമ. ആ ഒരു കോമ്പിനേഷനിൽ അഭിനയിക്കാൻ സാധിച്ചത് തീർച്ചയായും ഭാഗ്യമാണ്. 

 

തിരഞ്ഞെടുക്കുന്നത് ഫീല്‍ ഗുഡ് സിനിമകള്‍

 

നായികാപ്രാധാന്യമുള്ള സിനിമ എന്നു പറയുമ്പോൾ ഒരാണ് ചെയ്യേണ്ടുന്ന സിനിമ പെണ്ണിനെക്കൊണ്ട് ചെയ്യിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നൊരു ചിന്തയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ഞാൻ ചെയ്യുന്നത് തീർച്ചയായും ഒരു പെണ്ണിന്റെ കഥയായിരിക്കണം എന്ന് നിർബന്ധമുണ്ട്. അത് ആസ്വാദ്യമായിരിക്കണമെന്നതാണ് എന്റെ ചിന്ത. അത്തരത്തിലുള്ള സിനിമകളാണ് ഞാൻ തിരഞ്ഞെടുക്കുന്നതും. നമ്മൾ ജീവിക്കുന്ന കാലം ഏറെ വിഷമങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണ്. വ്യക്തിപരമായി ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഫീൽ ഗുഡ് സിനിമകളാണ്. അതുകൊണ്ട് സ്ത്രീകേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുമ്പോഴും അത് ഫീൽ ഗുഡ് സിനിമകൾ കൂടി ആകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. 

 

ഗോവിന്ദ് വസന്ത കസിന്‍ ബ്രദറല്ല

 

എനിക്കൊരുപാട് കാലമായി ഗോവിന്ദേട്ടനെ (ഗോവിന്ദ് വസന്ത) അറിയാവുന്നതാണ്. എന്റെ ആദ്യ പരസ്യചിത്രത്തിന്റെ മ്യൂസിക് ചെയ്തത് അദ്ദേഹമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അതിനുശേഷം, ഞാൻ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. അവരുടെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇടയ്ക്കിടെ പോകുന്നതു കൊണ്ടാവണം ഞങ്ങൾ കസിൻസാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്. വാസ്തവത്തിൽ ഞങ്ങൾ കസിൻസല്ല, ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സത്യം പറഞ്ഞാൽ ഗോവിന്ദ് വസന്തയുടെ വീട്ടുകാരേക്കൊണ്ട് ഞാൻ എന്നെ തന്നെ ദത്തെടുപ്പിച്ചതു പോലെയാണ്. എനിക്ക് സഹോദരങ്ങൾ ഇല്ല. അതുകൊണ്ടു തന്നെ എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളോടും എനിക്ക് ഇത്തരത്തിലൊരടുപ്പമാണുള്ളത്.

 

അര്‍ച്ചന 31 നോട്ടൗട്ട് തിയറ്ററില്‍ തന്നെ

 

അര്‍ച്ചന 31 നോ‌ട്ട് ഔട്ട്  ഞങ്ങൾ തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ. ഒരുപാട് പ്രതീക്ഷയുള്ള, വർക്ക് ചെയ്തപ്പോളും സിനിമയുടെ കഥ കേട്ടപ്പോഴും ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയാണ്. ഒത്തിരി ചെറുപ്പക്കാരുടെ ആദ്യസിനിമയാണ് ഇത്. അഭിനയജീവിതത്തിൽ ആദ്യമായി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രത്തെ ചെയ്യണമെന്ന ആഗ്രഹം വരുകയും, അതിനനുസരിച്ചൊരു കഥ വരുകയും, ആ രീതിയിൽ തന്നെ ഷൂട്ടിങ് പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ആ ഒരു ഔട്ട്പുട്ട് നിങ്ങളെ എല്ലാവരേയും കാ‌ണിക്കാൻ ഞങ്ങളും കാത്തിരിക്കുകയാണ്. പക്ഷേ, അത് തിയറ്ററിൽ മാത്രമേ പ്രദർശിപ്പിക്കൂ എന്നത് പ്രൊഡ്യൂസേഴ്സിന്റെ ശക്തമായ തീരുമാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com