‘ഞാനും ജയസൂര്യയും സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്; ട്രോളുകൾ ‘സണ്ണി’യുടെ വിജയം’

Jayasurya-Ranjith-Sankar-Sunny-Movie-7
SHARE

‘സണ്ണി’ സിനിമയിൽ ഒരു കുഞ്ഞനുറുമ്പുണ്ട്. ദിവസവും പഞ്ചസാര കൊടുത്ത് ആർട്ട് ഡയറക്ടറും സംഘവും പരിപാലിച്ചെടുത്ത ഉറുമ്പ്. ഒരേയൊരു നടൻ, ജയസൂര്യ, മാത്രമുള്ള ഈ രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉറുമ്പിനു പോലും ഇത്രയേറെ പ്രാധാന്യം കിട്ടാൻ കാരണവുമുണ്ട്. ‘സണ്ണി’ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ് ടെസ്റ്റെടുത്ത് 17 ദിവസം ഒരു ഹോട്ടലിന്റെ നാലാം നിലയിൽത്തന്നെ താമസിക്കുകയായിരുന്നു. പുറത്തേക്കു പോലുമിറങ്ങാൻ പറ്റാതിരുന്ന ആ 25–30 പേർക്ക് ഉറുമ്പിനെ സൂക്ഷിക്കുക മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്നത് ഒട്ടേറെ വെല്ലുവിളികളാണ്. 

സിനിമ ഷൂട്ട് ചെയ്യുമ്പോഴും പോസ്റ്റ് പ്രൊഡക്‌ഷന്റെ സമയത്തും സിനിമ ഒടിടി റിലീസായതിനു ശേഷവും ആ വെല്ലുവിളികൾ തുടർന്നു. ചിത്രത്തിനു നേരെ സംഘടിത നീക്കം വരെയുണ്ടായതായി പറയുന്നു രഞ്ജിത്ത് ശങ്കർ. പക്ഷേ അതെല്ലാം മറികടന്ന് കോവിഡ്‌കാലത്തെ ഈ ഒറ്റയാൾ സിനിമ എങ്ങനെയാണ് ഒടിടി ഹിറ്റ്‌ ലിസ്റ്റിലെത്തിയത്? എന്തൊക്കെയായിരുന്നു ‘സണ്ണി’ ഒരുക്കിയപ്പോൾ നേരിട്ട വെല്ലുവിളികൾ? ചിത്രത്തിന്റെ പേരിലുണ്ടായ ട്രോളുകളെ എങ്ങനെ കാണുന്നു? രഞ്ജിത്ത് ശങ്കർ മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈനിനോട്...

∙ എങ്ങനെയാണ് ‘സണ്ണി’യുടെ ആശയം മനസ്സിലേക്കെത്തിയത്...?

2020 മാർച്ചിൽ പ്രധാനമന്ത്രി ആദ്യമായി മൂന്നാഴ്ചത്തേക്ക് ലോക്‌ഡൗൺ പ്രഖ്യാപിച്ച രാത്രിയിലാണ് ‘സണ്ണി’യുടെ ആശയം ആദ്യമായി മനസ്സിലേക്കെത്തുന്നത്. ഭയങ്കര എക്സൈറ്റഡായിപ്പോയി. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. ഒരാൾ മാത്രമുള്ള ഒരു സിനിമ ചെയ്യണമെന്ന ചിന്ത 10 വർഷമായി എന്റെ മനസ്സിലുണ്ട്. ഒരുപാട് കഥകൾ ആലോചിച്ചു. ഒരുപാട് താരങ്ങളോട് സംസാരിച്ചു. പക്ഷേ ഞാൻതന്നെ അതെല്ലാം ഉപേക്ഷിച്ചു. ഒരു വ്യക്തി ഒരിടത്ത് പെട്ടു പോകുന്നു. അയാൾ രക്ഷപ്പെടുന്നുമില്ല. ഇതാണ് നിലവിലെ ‘വൺ മാൻ’ സിനിമകളുടെ കോമൺ ടെംപ്ലേറ്റ്. എനിക്ക് അതിൽനിന്നൊരു വ്യത്യസ്‌തത വേണമായിരുന്നു.

പക്ഷേ ഓരോ സ്ക്രിപ്റ്റ് എഴുതാനിരുന്നപ്പോഴും അര മണിക്കൂര്‍ കഴിയുമ്പോൾ എനിക്കുതന്നെ ബോറടിച്ചു. ചെയ്തിട്ട് ശരിയായില്ലെങ്കിൽ പ്രേക്ഷകനോടു ചെയ്യുന്ന വലിയ അക്രമമാവുമല്ലോ. എങ്കിലും എഴുത്തു തുടർന്നു. അടിസ്ഥാനപരമായി എഴുത്തുകാരനായതിനാൽത്തന്നെ ഇത്തരമൊരു സ്ക്രിപ്റ്റ് വെല്ലുവിളിയായാണ് തോന്നിയത്. ചെയ്തു വൃത്തികേടാക്കേണ്ടെന്നു കരുതി തൽക്കാലത്തേക്കു മാറി നിന്നതാണ്. പക്ഷേ ലോക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ അന്ന് രാത്രി ആ ചിന്തകളെല്ലാം മാറി. ഒരാൾ ഒറ്റയ്ക്കാവുന്ന ഏകാന്ത അവസ്ഥയെപ്പറ്റി ഇതിനേക്കാളും നല്ല കഥ ഇനി പറയാനില്ല എന്ന മട്ടിലായി ചിന്തകൾ. 

മനുഷ്യരാശിയിൽതന്നെ ഇതുപോലൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇതിനു ശേഷവും ഇത്തരമൊരു കാലം ഉണ്ടാവരുതെന്നാണ് ആഗ്രഹം. ലോകത്തിലെ എല്ലാവരും ഒറ്റപ്പെട്ടിരിക്കുന്ന കാലം. അതിനെ ഒരു സിനിമയാക്കി അടയാളപ്പെടുത്തിയാൽ നല്ലതായിരിക്കുമെന്നു തോന്നി. ഫീൽഗുഡ് ആയ, ഒരേയൊരാൾ അഭിനയിക്കുന്ന ചിത്രങ്ങളൊന്നും നിലവിൽ ഇല്ലെന്നുതന്നെ പറയാം. അതിനൊരു മാറ്റമാണ് ആഗ്രഹിച്ചത്. അന്നു രാത്രി മുതൽ കഥ ആലോചിച്ചു തുടങ്ങി. 2 ദിവസം കഴിഞ്ഞ് എഴുതാനിരുന്നപ്പോഴാണ് ഇതെത്ര മാത്രം ബുദ്ധിമുട്ടാണെന്നു മനസ്സിലായത്. അതോടെ ഉപേക്ഷിച്ചു. 

Jayasurya-Ranjith-Sankar-Sunny-Movie-2

മനസ്സിലെ വിഷയം പലപ്പോഴായി മാറ്റിവച്ചു. ഒടുവിൽ ഇതൊരുപക്ഷേ ചെയ്താൽ മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിപ്പോകും എന്നൊക്കെ തോന്നിത്തുടങ്ങി. 10 വർഷത്തിനിപ്പുറം കോവിഡ് കാലഘട്ടത്തെ രേഖപ്പെടുത്തുന്ന സിനിമയായി ഇതു മാറിയാലോ? അങ്ങനെ ഒരു ഡ്രാഫ്റ്റ് എഴുതി. പക്ഷേ സാധാരണ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്ന ഒന്നും ഇല്ലെന്നു തോന്നി. അങ്ങനെ 2020 മാർച്ച് മുതൽ ഒക്ടോബർ വരെ എഴുത്തോട് എഴുത്ത്. ഏഴെട്ട് ഡ്രാഫ്റ്റ് തയാറാക്കി. ഒരാളോടും ഇതിനെപ്പറ്റി പക്ഷേ പറഞ്ഞില്ല. 

സിനിമയാക്കാനായില്ലെങ്കിൽ ഒരു തിരക്കഥയായി പ്രസിദ്ധീകരിക്കാനായിരുന്നു പദ്ധതി. ഒക്ടോബറായപ്പോഴേക്കും എഴുത്തിൽ കോൺഫിഡന്റായി. തിരക്കഥ പൂർണമായപ്പോൾ ജയസൂര്യയെ കണ്ടു. കുറേ നാൾക്കു ശേഷമാണ് ജയനെ കാണുന്നത്. താടിയൊക്കെ വളർത്തിയിരിക്കുന്നു ജയൻ. അപ്പോഴും പക്ഷേ ‘സണ്ണി’യെപ്പറ്റി പറഞ്ഞില്ല. ഒരാൾ ഒറ്റയ്ക്ക് അഭിനയിക്കുന്ന സിനിമ, പല ലിമിറ്റേഷനുകളിലായിരിക്കും ഷൂട്ടിങ്, നല്ല നടനും ആയിരിക്കണം... നമ്മളുമായി അടുപ്പമുള്ള ആരെങ്കിലുമാണെങ്കിൽ അത് സിനിമയ്ക്കും ഗുണം ചെയ്യും. അങ്ങനെയാണ് ഒടുവിൽ ജയസൂര്യയിലേക്കുതന്നെ ‘സണ്ണി’യുമായി ഞാനെത്തുന്നത്.

Jayasurya-Ranjith-Sankar-Sunny-Movie-4

∙ ചിത്രത്തിലേക്ക് എന്തുകൊണ്ടാണ് ഗ്രാൻഡ് ഹയാത്തിലെ മുറിതന്നെ തിര‍ഞ്ഞെടുത്തത്? അതിന്റെ പേരിൽ ചില വിമർശനങ്ങളും വന്നു...?

2020 ഒക്ടോബർ 20നാണ് സിനിമ ചെയ്യാൻ ഞാനും ജയനും തീരുമാനിക്കുന്നത്. നവംബർ അഞ്ചിനുതന്നെ ഷൂട്ടിങ്ങും തുടങ്ങി. എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കിൽ കോൺഫിഡൻസ് പോകുമെന്ന അവസ്ഥയായിരുന്നു. ഷൂട്ടിങ്ങിന് ലൊക്കേഷനായുള്ള മുറി ആദ്യം അന്വേഷിച്ചത് ഹയാത്തിലായിരുന്നില്ല. ഹയാത്ത് ഷൂട്ടിങ്ങിനായി നൽകുന്നില്ലെന്നായിരുന്നു അവരുടെ ആദ്യത്തെ മറുപടി. അങ്ങനെ കൊച്ചിയിലെ മറ്റൊരു ഹോട്ടൽ ഉറപ്പിച്ചു. അതിനിടയ്ക്കാണ് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ വന്ന നടിക്ക് ആ മുറി കൊടുക്കേണ്ടി വന്നത്. അതോടെ നേരത്തേ ‘നോ’ പറഞ്ഞ ഹയാത്തുമായി വീണ്ടും സംസാരിച്ചു. 

Jayasurya-Ranjith-Sankar-Sunny-Movie-6

ലോക്ഡൗണുമായി ബന്ധപ്പെട്ട് ഹയാത്ത് അവരുടെ സ്ഥിരം ബജറ്റിൽ വിട്ടുവീഴ്ചയൊന്നും വരുത്തിയിരുന്നില്ല. ഞങ്ങൾ 25–30 പേരുണ്ട് ഷൂട്ടിങ്ങിന്. 17 ദിവസത്തേക്ക് അവിടെത്തന്നെ താമസിക്കാമെന്ന ഉറപ്പും നൽകി. ഹോട്ടലിന്റെ നാലാം നില മൊത്തമായി വാടകയ്ക്കെടുത്തു. പുറത്തിറങ്ങിയാൽ ചുറ്റിലും ലൈഫാണ്. പക്ഷേ ഒരു റൂമിനകത്താണെങ്കിൽ നാലു ചുറ്റിലെയും ചുമരു മാത്രമുണ്ട്. റൂമിലൊരു ലൈഫ് വേണം. ഹയാത്തിലെ റൂമിൽനിന്ന് നോക്കിയാൽ കാണാം കണ്ടെയ്നർ ടെർമിനൽ, സായം സന്ധ്യയുടെ പട്ടുചുവപ്പ്, വിശാലമായ കായൽ, ഒരു വശത്ത് നാഗരികതയുടെ കാഴ്ചകൾ, മറുവശത്ത് തികഞ്ഞ ശാന്തത... ബജറ്റൊന്നും നോക്കേണ്ടെന്ന് അതോടെ ഉറപ്പിച്ചു. 

ആരംഭത്തിൽ തരില്ലെന്നു പറഞ്ഞ ഹയാത്തിലെ മുറി പിന്നീട് ചർച്ചകളിലൂടെയാണ് തീരുമാനമാക്കിയത്. ഹോട്ടലിലെ വില പിടിച്ച വസ്തുക്കൾ നശിപ്പിക്കില്ലെന്ന ഉറപ്പോടെ നിശ്ചിത തുക കെട്ടിവച്ചാണ് ഒരു നില മുഴുവൻ ബുക്ക് ചെയ്തതും. ഷൂട്ടിനു മുൻപ് ഞാനും ഛായാഗ്രാഹകൻ മധു നീലകണ്ഠനും ഹയാത്തിൽ പോയിരുന്നു. അവിടെ എന്തെല്ലാം സാധ്യതകളുണ്ടെന്നു മനസ്സിലാക്കി. ചിത്രത്തിലെ പല വിഷ്വലുകളും അങ്ങനെ കിട്ടിയതാണ്– ചിത്രത്തിൽ രാത്രി ഒരു വാച്ച്‌മാൻ‍ ഇടയ്ക്കിടെ നടക്കുന്നതു കാണാം. കോവിഡ് ലോക്‌ഡൗൺ കാരണം സർവീസ് നിർത്തിവച്ചിരിക്കുന്ന ഹൗസ് ബോട്ടിനു കാവലായി വരുന്നയാളാണത്. അയാളും ഒരു പ്രതീകമാണ്, സമ്പന്നതയുടെ ഇടയിലുള്ള ഇപ്പോഴത്തെ അവസ്ഥയുടെ... അത്തരത്തിൽ പല കാഴ്ചകളും ഹയാത്തിൽനിന്നു കണ്ടെത്തിയതാണ്.

Jayasurya-Ranjith-Sankar-Sunny-Movie-10

∙ ഒരു ഹോട്ടലിൽ 17 ദിവസം പുറത്തു പോലുമിറങ്ങാതെ... എങ്ങനെയായിരുന്നു ആ അനുഭവം? എന്തൊക്കെയായിരുന്നു നേരിട്ട വെല്ലുവിളികൾ?

റൂമിൽനിന്ന് എഴുന്നേറ്റ് പത്തടി നടന്നാൽ‌ ഷൂട്ടിങ് ലൊക്കേഷനായി. ഇത്തരമൊരു അനുഭവം ഞങ്ങൾ എല്ലാവർക്കും ആദ്യമായിട്ടായിരുന്നു. പ്രേക്ഷകനെ ബോറടിപ്പിക്കാതെ എങ്ങനെ ചിത്രം ഷൂട്ട് ചെയ്തെടുക്കുമെന്നതായിരുന്നു വലിയ വെല്ലുവിളി. 93 മിനിറ്റുള്ള സിനിമ. ഒരു നടൻ. അയാളെ വച്ച് പരമാവധി എത്ര ഷോട്ടുകൾ എടുക്കും? എത്ര ഷോട്ടുകൾ വച്ചാൽ ബോറടിക്കില്ല? ഇതെല്ലാം ആലോചിച്ചു. ആദ്യം തിരക്കഥയുടെ അതേ ഓർഡറിൽ അജു വർഗീസുമായി സംസാരിക്കുന്ന ഷോട്ടാണെടുത്തത്. അതു കഴിഞ്ഞപ്പോൾത്തന്നെ തോന്നി ഇത് വർക്കാവുന്നില്ലെന്ന്. ഇനി എന്തു ചെയ്യുമെന്നായി ആലോചന. ഷൂട്ടിങ് തുടക്കംതന്നെ നിർത്തേണ്ടി വരുമോ?

ദിവസവും ഏഴരയോടെ ഷൂട്ട് തീരുമായിരുന്നു. ഭക്ഷണത്തിനായി എല്ലാവരും വൈകിട്ട് സണ്ണിയുടെ റൂമിലേക്കു വരികയായിരുന്നു പതിവ്. വിശാലമായ ബാൽക്കണിയാണ്. അവിടെയിരുന്ന് എല്ലാവരും ചേർന്ന് ആലോചിച്ചു. സൗണ്ട് ഡിസൈനറും എഡിറ്ററും ഛായാഗ്രാഹകനും അസി. ഡയറക്ടർമാരും അസി. എഡിറ്റർമാരുമെല്ലാം അഭിപ്രായം പറഞ്ഞു. ജയനും ഞാനും മറ്റുള്ളവരും ഞങ്ങളുടേതായ ചിന്തകളും പങ്കുവച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റ് ഇംപ്രവൈസ് ചെയ്തു. പിറ്റേന്ന് അത് വർക്കായി. ഇങ്ങനെ ഓരോ ദിവസവും ഓരോ സീനും ഇത്തരം ചർച്ചകളിലൂടെയാണ് മുന്നോട്ടു പോയത്. 

Jayasurya-Ranjith-Sankar-Sunny-Movie-3

ഒരു ഘട്ടത്തിൽ, ‘സണ്ണി’ വർക്കായില്ലെങ്കിൽ ഇറക്കേണ്ട എന്നു വരെ ആലോചിച്ചിരുന്നു. വെറുതെ എന്തിനാണ് ചീത്തപ്പേര്. എന്തായാലും ഇപ്പോൾ വെറുതെ ഇരിക്കുകയല്ലേ, ഒരു എക്സസൈസ് പോലെ ഇത് ചെയ്തേക്കാം. ഒരുപക്ഷേ ‘സണ്ണി’ നല്ല ചിത്രമായിരിക്കും. അഥവാ വർക്കായില്ലെങ്കിൽ ഇറക്കേണ്ട. പണം പോകുന്നെങ്കിൽ പോകട്ടെ. ആ രഹസ്യ തീരുമാനം ആരോടും പറയാതെ ഞാനും ജയനും മനസ്സിൽ വച്ചു. ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടും ഉറപ്പായിരുന്നില്ല വർക്കാവുമോയെന്ന്. സീനുകൾ ഓകെയാണ്, പക്ഷേ അവ കൂട്ടിച്ചേർത്താൽ എങ്ങനെയായിരിക്കുമെന്ന് അറിയില്ലല്ലോ. പക്ഷേ എഡിറ്റിൽ ഫസ്റ്റ് കട്ട് കണ്ടപ്പോഴാണ് ആദ്യമായി ആശ്വാസം തോന്നിയത്.

∙ രാജ്യത്തെ മുൻനിര ചലച്ചിത്ര സാങ്കേതിക വിദഗ്ധരാണ് ‘സണ്ണി’യ്ക്കൊപ്പം ചേർന്നിരിക്കുന്നത്...?

എന്റെ മുൻ സിനിമകളെല്ലാം ഒരു ആക്ടറുടെ പെർഫോമൻസിൽ വർക്കാവുന്നതായിരുന്നു. സണ്ണിയിൽ പക്ഷേ അത് പറ്റില്ല. ജയസൂര്യയുടെ പെർഫോമൻസു കൊണ്ട് മാത്രം ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. പെർഫോമൻസിനു പറ്റിയ അന്തരീക്ഷവും വേണം. അതിന് ലഭ്യമായ ഏറ്റവും മികച്ച ടെക്നിഷ്യൻസിനെ കിട്ടി. ബാക്കിയെല്ലാം ദൈവാധീനമെന്നു പറയാം. കഥ സിനിമയാക്കാൻ തീരുമാനിക്കുന്ന നിമിഷം തന്നെ അതിന്റെ വിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. പിന്നെ അതിനോടൊപ്പം സഞ്ചരിക്കുക. നന്നാവാൻ വിധിക്കപ്പെട്ടതാണെങ്കിൽ നന്നാകും. നമ്മളെടുക്കുന്ന തീരുമാനങ്ങളും ശരിയാകും. 

Jayasurya-Ranjith-Sankar-Sunny-Movie-8

കോവിഡ് ലോക്‌ഡൗൺകൊണ്ടു മാത്രമുണ്ടായ ഒരു കഥയും സിനിമയുമാണ് ‘സണ്ണി’യുടേത്. മലയാള സിനിമയിൽ സിങ്ക് സൗണ്ട് ഇത്രയും ഭംഗിയായി വന്നത് വളരെ കുറവായിരിക്കും. ലൊക്കേഷൻ അത്രമാത്രം കൃത്യമായിരുന്നു. ഹോട്ടലിലെ നാലാം നില മൊത്തമായെടുത്തതും ഉപകാരമായി. അകത്തും പുറത്തും ലോക്‌ഡൗൺ തീർത്ത നിശബ്ദത. സൗണ്ട് ഡിസൈനർ ഇന്ത്യയിലെതന്നെ നമ്പർ വൺ ആയ സിനോയ് ജോസഫാണ്. അദ്ദേഹത്തെ ആദ്യമേതന്നെ ഉറപ്പാക്കിയിരുന്നു.

ഒറ്റ നടനേ ഉള്ളൂവെങ്കിലും ഒബ്ജക്ടിവ് ഷോട്ടുകൾ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ശ്രദ്ധിച്ചാലറിയാം, സണ്ണിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിലെ ഷോട്ടുകളിലേറെയും. തന്റെ ക്വാറന്റീൻ മുറിക്കു മുകളിലെ പെൺകുട്ടിയെ ബാൽക്കണിയിൽനിന്ന് കാണുന്നതും സണ്ണിയുടെ കാഴ്ചപ്പാടിലൂടെയാണ്. അതിനാലാണ് പാതിമുഖം മാത്രം കാണുന്നതും. ശ്രിത ശിവദാസായിരുന്നു ആ കഥാപാത്രം ചെയ്തത്. ശബ്ദം നൽകിയത് ശ്രുതി രാമചന്ദ്രനും.

Jayasurya-Ranjith-Sankar-Sunny-Movie-5

എന്റെ അനുഭവത്തിൽ ‘സണ്ണി’ ഷൂട്ട് ചെയ്യാൻ ഒരാളേയുണ്ടായിരുന്നുള്ളൂ, അത് മധു നീലകണ്ഠനാണെന്ന് ജയസൂര്യയോടു പറഞ്ഞിരുന്നു. പുള്ളി ‘നോ’ പറഞ്ഞാൽ എന്തു ചെയ്യണമെന്ന് അറിയില്ലെന്നും. നേരത്തെ ‘രാമന്റെ ഏദൻതോട്ടം’ എന്ന എന്റെ സിനിമ അദ്ദേഹം ചെയ്തിട്ടുണ്ട്. മധുവിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാലേ ഓരോ സിനിമയും ചെയ്യൂ. അദ്ദേഹം ഓകെ പറഞ്ഞതോടെ സമാധാനമായി. ചിത്രം ഇത്രയേറെ എൻഗേജാകാൻ കാരണം മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകന്റെ മാത്രം കഴിവാണ്. ഒരൊറ്റ മുറിയിലും ഹോട്ടൽ ഇടനാഴിയിലും ബാൽക്കണിയിലുമാണ് സിനിമ മൊത്തം. അതിനാൽത്തന്നെ മധു തിരഞ്ഞെടുത്തത്, ഇടുങ്ങിയ സ്പേസിനു ചേരുന്ന, താരതമ്യേന ചെറിയ, എന്നാൽ ഉയർന്ന ക്വാളിറ്റിയുള്ള ദൃശ്യാനുഭവം സമ്മാനിക്കുന്ന റെഡ് കൊമോഡോ ക്യാമറയാണ്. മൾട്ടി ക്യാം ഷൂട്ട് പരിചയമുള്ള മലയാള സിനിമയിൽ അങ്ങനെ ‘സണ്ണി’യുടെ ഷൂട്ട് ഒറ്റക്ക്യാമറയിലുമൊതുങ്ങി. 

∙ ചിത്രത്തിൽ ജയസൂര്യ മാത്രമേ നടനായുള്ളൂവെങ്കിലും അജു വർഗീസ്, ഇന്നസന്റ്, വിജയരാഘവൻ, സിദ്ദീഖ്, വിജയ് ബാബു, ശിവദ, മമ്ത തുടങ്ങിയവർ ശബ്ദമായി സാന്നിധ്യമറിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരം പരിചിത നടീനടന്മാരുടെ ശബ്ദംതന്നെ തിരഞ്ഞെടുത്തത്? 

ലോക്ഡൗൺ തുടങ്ങിയ സമയത്ത് ഇന്നസന്റ് ചേട്ടൻ സിനിമാമേഖലയിലെ പലരെയും വിളിക്കുമായിരുന്നു. എന്നെയും വിളിച്ചിരുന്നു. ഒരു തമാശയൊക്കെ പറഞ്ഞ് പുള്ളിക്കാരൻ ഫോൺ വയ്ക്കും. എനിക്ക് വലിയ ആശ്വാസമായിരുന്നു ആ ഫോൺ കോളുകൾ. ചിത്രത്തിലേക്കായി ഒരു കൗൺസിലിങ് വിദഗ്ധന്റെ ശബ്ദം തേടിയപ്പോൾ ഇന്നസന്റേട്ടനല്ലാതെ മറ്റാരും മനസ്സിലുണ്ടായിരുന്നില്ല.

Jayasurya-Ranjith-Sankar-Sunny-Movie-9

ചിത്രത്തിൽ മുഖമില്ല ശബ്ദം മാത്രമേയുള്ളൂവെന്നു പറഞ്ഞപ്പോൾ എനിക്കു ലഭിച്ച മറുപടികളിലായിരുന്നു ഇത്രയും കാലം സിനിമ ചെയ്തതിന്റെ മുഴുവൻ സന്തോഷവും. നമ്മുടെ മുൻ വർക്കുകളോടുള്ള ഇഷ്ടം കാരണമാണ് ശബ്ദം മാത്രമായി നൽകാൻ എല്ലാവരും മുന്നോട്ടു വന്നത്. മോശം സിനിമ ഉണ്ടാക്കില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. ചിത്രത്തിൽ വളരെ ദയാലുവെന്നു തോന്നിപ്പിക്കുന്ന, എന്നാൽ ഡ്യൂട്ടിയിൽനിന്നു കടുകിട മാറാത്ത കഥാപാത്രമാണ് വിജയരാഘവൻ അവതരിപ്പിക്കുന്ന പൊലീസുകാരന്റേത്. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും ശബ്ദത്തിലൂടെതന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാനാകണം. അതിന് അഭിനയത്തിൽ തഴക്കം വന്ന, വലിയൊരു നടൻതന്നെ വേണം. അതാണ് അദ്ദേഹത്തെ വിളിച്ചത്. ആ കഥാപാത്രത്തെ നൽകിയതിൽ ഏറെ സന്തോഷവും കുട്ടേട്ടൻ (വിജയരാഘവൻ) പങ്കുവച്ചിരുന്നു. മറ്റു കഥാപാത്രങ്ങളും അങ്ങനെത്തന്നെ...

ചിത്രത്തിലെ റിസപ്ഷനിസ്റ്റായും ഭക്ഷണം കൊണ്ടുവരുന്ന ആളായുമെല്ലാം അഭിനയിപ്പിക്കാൻ വേറെ ആൾക്കാരെ നോക്കിയിരുന്നു. പക്ഷേ മാനറിസങ്ങൾ ശരിയായില്ല. ഹയാത്ത് അധികൃതരോട് ചോദിച്ചപ്പോൾ അവരുടെതന്നെ ജീവനക്കാരെ അഭിനയിക്കാനായി വിട്ടുതരികയായിരുന്നു. ചിത്രത്തിൽ ജയസൂര്യയുടെ സ്രവം എടുക്കാൻ വന്നത് ശരിക്കുമൊരു ആരോഗ്യ പ്രവർത്തകനാണ്. അതുകൊണ്ടുതന്നെ അതെല്ലാം കൃത്യമായി കിട്ടി. ചിത്രത്തിലെ ഉറുമ്പിനെ വരെ ആർട് ഡയറക്ടറും സംഘവും ദിവസങ്ങളോളം പഞ്ചസാര കൊടുത്തു പരിപാലിക്കുകയായിരുന്നു. ആ പൂവാംകുറുന്നിലച്ചെടിയും അങ്ങനെത്തന്നെ...

17 ദിവസംകൊണ്ട് ഷൂട്ട് തീർന്നെങ്കിലും പോസ്റ്റ് പ്രൊഡക്‌ഷനു വേണ്ടിവന്നത് 6 മാസം. അതിൽത്തന്നെ 4 മാസം സംഗീതത്തിനായിരുന്നു. പരാജയപ്പെട്ട സംഗീത സംവിധായകനായാണ് സണ്ണി സ്വയം വിലയിരുത്തുന്നത്. പക്ഷേ അയാളുടെ മനസ്സിലൊരു സംഗീതമുണ്ട്. ആ സംഗീതമാണ് സിനിമയ്ക്കു വേണ്ടിയിരുന്നത്. ഇതുവരെ കേൾക്കാത്ത സംഗീതം വേണമെന്നുണ്ടായിരുന്നു. താരതമ്യേന പുതുമുഖമായ ശങ്കർ ശർമയൊരുക്കിയ ആ സംഗീതത്തിനു വേണ്ടിയായിരുന്നു 4 മാസത്തെ എന്റെ കാത്തിരിപ്പ്. 

jayasurya-sunny-movie

∙ ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുനിന്ന് ഓരോരുത്തരും ചെറിയൊരു ക്വാറന്റീനെടുക്കുന്നത് നല്ലതായിരിക്കുമെന്ന സന്ദേശം നൽകുന്നില്ലേ ചിത്രം? 

എന്റെ സിനിമയിൽ ഒരിക്കലും ഞാൻ സന്ദേശം ഉദ്ദേശിക്കാറില്ല. പലരും പക്ഷേ സന്ദേശങ്ങൾ കണ്ടെത്താറുണ്ട്. അതാണ് ഒരു സിനിമയുടെ വിജയമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ താങ്കൾ പറഞ്ഞതു പോലുള്ള ഒട്ടേറെ സന്ദേശങ്ങൾ പലരും ചിത്രം കണ്ട് എന്നോടു പങ്കുവച്ചിരുന്നു. ജീവിതത്തിൽ എന്തൊക്കെയുണ്ടായാലും പ്രതീക്ഷ കൈവിടരുത് എന്നതാണ് ഞാൻ ‘സണ്ണി’യിലൂടെ പങ്കുവയ്ക്കാൻ ശ്രമിച്ചത്.

∙ ‘എന്റെ നാരായണിക്ക്’ എന്ന ഷോട്ട് ഫിലിമിന്റെ കോപ്പിയടിയാണ് ‘സണ്ണി’യെന്ന് പറയുന്നവരുണ്ട്...?

അത്തരമൊരു വിമർശനം ഉന്നയിക്കുന്നത് എന്തുതരം മാനസികാവസ്ഥയോടെയാണെന്നാണ് എനിക്കു മനസ്സിലാകാത്തത്. ‘സണ്ണി’ ഷൂട്ട് ചെയ്തത് 2020 നവംബറിലാണ്. ‘എന്റെ നാരായണിക്ക്’ ഇറങ്ങുന്നത് 2021 മാർച്ചിലും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകളി’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘എന്റെ നാരായണിക്ക്’ ഒരുക്കിയിരിക്കുന്നത്. അതൊരു നല്ല ഹ്രസ്വചിത്രവുമാണ്. ഞാനേറെയിഷ്ടപ്പെടുന്നതാണ് ‘മതിലുകൾ’ എന്ന നോവലും അതേ പേരിലിറങ്ങിയ സിനിമയും. ‘മതിലുകളിൽ’നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഷോട്ട്ഫിലിമിൽനിന്ന് എനിക്കു പ്രചോദനമുണ്ടാകേണ്ട ആവശ്യമുണ്ടോ? 

ഒരു നിരൂപകൻ പറഞ്ഞതോർക്കുന്നു. ‘മതിലുകളിൽ’ ബഷീറിനെ സിസ്റ്റം തടവില്ലാക്കുന്നതാണു കാണിക്കുന്നത്. ജയിലിൽ വച്ച് അങ്ങനെയാണ് ബഷീർ നാരായണിയെ കണ്ടുമുട്ടുന്നതും. സണ്ണിയെയും സിസ്റ്റം തടവിലാക്കുന്നതാണ്. അവിടെവച്ചാണ് അയാൾ അതിഥിയെ കാണുന്നതും. ഇതൊരിക്കലും പക്ഷേ ‘മതിലുകളു’മായുള്ള’ ‘സണ്ണി’യുടെ താരതമ്യമല്ല. മതിലുകൾ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. പക്ഷ നമ്മുടെ ആളുകളുടെ മെമറി എത്ര ഷോർട്ടാണ്. നമ്മൾ ഷൂട്ട് ചെയ്ത് മാസങ്ങൾക്കു ശേഷം ഇറങ്ങിയ ഷോട്‌‌ഫിലിം കണ്ട് കോപ്പിയടിയാണെന്നു പറയുന്നവരോടൊക്കെ ഞാൻ എന്തു പറയാനാണ്!

Jayasurya-Ranjith-Sankar-Sunny-Movie-11

∙ ചിത്രത്തിനെതിരെ ആദ്യ ദിവസങ്ങളിൽ ഒട്ടേറെ ട്രോളുകളുണ്ടായല്ലോ? 

ഞാൻ ട്രോളുകളെ കാണുന്നതുതന്നെ ഈ സിനിമയുടെ വിജയമായിട്ടാണ്. നമുക്ക് എതിരാളികൾ ഉണ്ടാകുന്നു എന്നതിന്റെ അർഥമെന്താണ്? നമ്മൾ വിജയിച്ചു തുടങ്ങിയെന്നാണ്. എത്രയോ സിനിമകളിറങ്ങുന്നു, ഈ സിനിമയ്ക്കു നേരെ മാത്രമല്ലേ ആക്രമണം. അതിനർഥം ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്നല്ലേ? ചിത്രം പ്രേക്ഷകർ കാണുകയും അതവരുടെ മനസ്സിനെ സ്പർശിക്കുകയും ചെയ്യുമ്പോൾ ട്രോളുകളോരോന്നായി പോയിത്തുടങ്ങും. ഇപ്പോൾത്തന്നെ ട്രോളുകളില്ലാതായില്ലേ? 

ചിലർ കണ്ടെത്തുന്ന കാരണങ്ങളാണു വിചിത്രം. ഹയാത്ത് സ്പോൺസർ ചെയ്ത ചിത്രമാണ് ‘സണ്ണി’ എന്നതായിരുന്നു ഒരു വിമർശനം. എത്ര കഷ്ടപ്പെട്ടാണ് ഷൂട്ടിങ്ങിന് ഹയാത്ത് കിട്ടിയതെന്നു ഞങ്ങൾക്കു മാത്രമറിയാം. ചിത്രത്തിന് പോസിറ്റിവ് റിവ്യൂ എഴുതിയവരോട് ഇത് ഹയാത്ത് സ്പോൺസർ ചെയ്ത സിനിമയാണെന്നു വിളിച്ചു പറഞ്ഞവരുമുണ്ട്. അതങ്ങനെയല്ലെന്നതാണു യാഥാർഥ്യം. ഇനി അഥവാ അങ്ങനെയാണെങ്കിലും സിനിമയിൽ ഇക്കാര്യത്തിനെന്താണു പ്രസക്തി? സിനിമ കണ്ടാൽപ്പോരേ? നല്ല സിനിമയായാൽപ്പോരേ? ചിലരെക്കൊണ്ട് നുണ പറഞ്ഞ് റിവ്യൂ പിൻവലിപ്പിക്കുക വരെ ചെയ്തു ഇത്തരക്കാര്‍. പക്ഷേ നമ്മൾ ഇതിനോടെല്ലാം നിശബ്ദമായാണു പ്രതികരിച്ചത്. ചെറിയൊരു വിഭാഗത്തെ ഇത്തരം ട്രോളുകളിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും സ്വാധീനിക്കാനാകും. അവർ സ്വാധീനിക്കപ്പെട്ടാലും കാലക്രമേണ എല്ലാം ശരിയാകും. 

ചിലർ ‘സണ്ണി’യുടെ റിവ്യൂ എഴുതിയിടുമ്പോൾ പറയും– ‘ആരെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല, എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു’ എന്ന്. പോസ്റ്റിനു താഴെ വന്ന് പലരും ചീത്ത വിളിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അവർക്ക് ഇത്തരത്തിൽ പറയേണ്ടി വരുന്നത്. ഒരേതരം ആൾക്കാർ, ഒരേ ഐഡിയിൽനിന്നാണ് ‘സണ്ണി’ക്കെതിരെ കമന്റുകളിടുന്നത്. അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ പോകുന്നത് മണ്ടത്തരമാണ്. അവരൊന്നും സിനിമ കാണാൻ ആഗ്രഹിക്കുന്നവരല്ല. സിനിമ നല്ലതല്ലെന്നു ബഹളം വച്ചാലൊന്നും സിനിമ വിജയിക്കാതിരിക്കില്ല. അത് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ‘സണ്ണി’ പോലൊരു സിനിമ ഇഷ്ടപ്പെടാത്ത വിഭാഗക്കാരുണ്ടാകുമെന്നത് ഉറപ്പാണ്. മാസ് മസാല സിനിമയല്ല ഇത്. അത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു ഓഡിയൻസിന് ഇത് ഇഷ്ടപ്പെടുകയുമില്ല. 

ഞാൻ ഇതുവരെ ചെയ്തതെല്ലാം ജനം ഓർത്തിരിക്കുന്ന സിനിമകളാണ്. ഒരാൾക്ക് ഇഷ്ടമില്ലായില്ലെങ്കിൽ അത് ഫെയ്സ്ബുക്കിൽ എഴുതാം. പക്ഷേ ഒരാൾ സിനിമയെപ്പറ്റി നല്ലത് എഴുതുമ്പോൾ ആ പോസ്റ്റിനു താഴെപ്പോയി സിനിമ മോശമാണെന്നെഴുതുന്നത് ഒരുതരം മനോരോഗമല്ലേ! ജയനും ഞാനും ഇപ്പോൾ ഒട്ടേറെ സിനിമകളായി ചെയ്യുന്നു. ആ കൂട്ടുകെട്ടിനോട് ഇഷ്ടമില്ലാത്തവരുണ്ടാകും. ഞങ്ങൾ ഒരുമിച്ചു ചെയ്ത സിനിമകളെല്ലാം വിജയമാണ്. അതെല്ലാം തട്ടിക്കൂട്ട് സിനിമയാണെന്നാണ് ചിലർ പറയുന്നത്. പക്ഷേ ആ ചിത്രങ്ങൾക്കു കിട്ടിയ ദേശീയ അവാർഡും സംസ്ഥാന അവാർഡുമൊന്നും ഇവർ കാണുന്നില്ലേ? ജനം സ്വീകരിച്ച സിനിമകളാണ് എല്ലാം. 

മോശം സിനിമകൾ എത്രയോ ഇറങ്ങുന്നു. അവയ്ക്കൊന്നും എതിരെയില്ലാത്ത ആരോപണം നമുക്കെതിരെ മാത്രം വരുമ്പോൾ അതൊരു സംഘടിതമായുള്ള ശ്രമമാണ്. അതിനെതിരെ നമുക്കൊന്നും ചെയ്യാനാകില്ല. കൂടുതൽ നല്ല സിനിമകൾ ചെയ്യുക എന്നേയുള്ളൂ. ഇത്തരം വിമർശകരോടു മറുപടി പറയാന്‍ പോയിട്ടും കാര്യമില്ല. നമ്മളെന്തു പറഞ്ഞാലും അവരിതുതന്നെ തുടരും. അവരുദ്ദേശിക്കുന്നത് ഞങ്ങൾ സിനിമ ചെയ്യാൻ പാടില്ലെന്നാണ്. അതെന്തു ചേതോവികാരമാണെന്നു മനസ്സിലാവുന്നില്ല. 

ഇതുകൊണ്ടെല്ലാം ഒരു ഗുണമുണ്ട്. ഞാനും ജയനുമെല്ലാം കൂടുതൽ ശ്രദ്ധാലുക്കളാകും. അങ്ങനെ മികച്ച ക്വാളിറ്റിയിൽ സിനിമ ചെയ്യുന്നത് തുടരുകയും ചെയ്യും. ട്രോളുകൾ അതിനുള്ള ഊർജമാവുകയേയുള്ളൂ...

English Summary: Exclusive Interview with 'Sunny' Director Ranjith Sankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA