ADVERTISEMENT

ഓർഡിനറി എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രിത ശിവദാസ് എന്ന പെൺകുട്ടി മലയാളികളുടെ ഇഷ്ടതാരമായി മാറിയിരുന്നു. അവതാരകയായി തിളങ്ങി അന്യ ഭാഷാ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷമാണ് ശ്രിത വ്യക്തിജീവിതത്തിലെ തിരക്കുകളിൽ മുഴുകിയത്. ഇപ്പോൾ വീണ്ടും രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന സണ്ണി എന്ന ചിത്രത്തിൽ സണ്ണിയുടെ ‘അതിഥി’യായി വാർത്തകളിൽ ഇടംപിടിക്കുകയാണ് ശ്രിത. നമ്മളേവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കാല ഏകാന്തവാസവും അതിന്റെ ഭീകരതയും സിനിമയാകുമ്പോൾ അതിലൊരു ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് ശ്രിത. ജയസൂര്യയുടെ നൂറാമത്തെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രിത പറയുന്നു.

മുഖമില്ലാത്ത അതിഥി

ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ചെയ്ത സിനിമയാണ് സണ്ണി. രഞ്ജിത്ത് സർ ആണ് സണ്ണിക്കു വേണ്ടി വിളിച്ചത്. ജയസൂര്യ ക്വാറന്റീനിൽ ഇരിക്കുന്നതായിട്ടാണ് കഥ. വേറെ കഥാപാത്രങ്ങൾ ഒന്നും ഇല്ല. അതിൽ ഒരു സ്ത്രീകഥാപാത്രം ആകാൻ ശ്രിത വരണം എന്നു പറഞ്ഞു. പക്ഷേ മുഖം കാണിക്കുന്നുണ്ടാകില്ല, ഒന്ന് രണ്ടു സീനിൽ മുഖത്തിന്റെ പകുതി കാണിക്കും, പക്ഷേ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് എന്നും പറഞ്ഞിരുന്നു.

ആ ടീമിന്റെ ഒപ്പം വർക്ക് ചെയ്യാൻ എനിക്ക് വളരെ താല്പര്യമായിരുന്നു. ക്വാറന്റീൻ നമ്മൾ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം ആണല്ലോ. ഈ ഒരു മഹാമാരി സിനിമയാക്കുമ്പോൾ അതിൽ ഒരു ഭാഗമാകാൻ വിളിച്ചത് വളരെ സന്തോഷമായി. മാസ്ക് ധരിച്ച് മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ലല്ലോ. അതും ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. പക്ഷേ എന്നെ കുറച്ചെങ്കിലും കാണിക്കുന്ന ലിഫ്റ്റ് സീനിൽ മുഖം കാണിച്ചാൽ കൊള്ളാം എന്ന് തോന്നിയിരുന്നു. ലിഫ്റ്റിൽ മറ്റാരും ഇല്ലല്ലോ. ഞാൻ അത് രഞ്ജിത്ത് സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, അതു വേണ്ട കാരണം മുഖം പോലും അറിയാത്ത അപരിചിതയായ ഒരു വ്യക്തി സണ്ണിയുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു എന്നുള്ളത് ഒരു പ്രധാനകാര്യമാണെന്നാണ്. അതായിരുന്നു ആ കഥാപാത്രത്തിന്റെ സൗന്ദര്യവും.

ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞത് ആ സീൻ വളരെ ഇഷ്ടപ്പെട്ടു എന്നാണ്. കഴിഞ്ഞ ദിവസം മനോരമയിൽ വന്ന ഇന്റർവ്യൂവിലും രഞ്ജിത്ത് സർ പറഞ്ഞത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് അതായിരുന്നു എന്നാണ്. എന്നെ ആരും തിരിച്ചറിയും എന്നു ഞാൻ കരുതിയില്ല. പക്ഷേ സിനിമ കണ്ടു കഴിഞ്ഞ് നൂറുകണക്കിന് മെസേജുകൾ ആണ് വന്നത്. ഇൻസ്റ്റഗ്രാമിലും ഒരുപാട് മെസ്സേജുകൾ വന്നു. സണ്ണിയിൽ ആ ഒരു കഥാപാത്രത്തിന്റെ സ്വാധീനം അത്രയ്ക്ക് ഉണ്ടായിരുന്നു. ജയേട്ടന്റെ നൂറാമത്തെ സിനിമയാണ് സണ്ണി. അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.

ക്വാറന്റീൻ വെറുത്തുപോയി

കോവിഡ് ബാധിച്ചില്ലങ്കിലും ക്വാറന്റീനിൽ ഇരുന്നിട്ടുണ്ട്. ഒരുപ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയിരുന്നു. പക്ഷേ പിറ്റേന്ന് നോക്കിയപ്പോൾ അത് നെഗറ്റീവ് ആയി. സിനിമയിലെപ്പോലെ ഹോട്ടലിൽ ക്വാറന്റീനിൽ ഇരുന്നിട്ടില്ല. വീട്ടിൽ റൂമിൽ ആയിരുന്നു ക്വാറന്റീൻ. ആ സമയത്ത് വിഡിയോ കോളൊക്കെ വിളിച്ച് ബോറടി മാറ്റുമായിരുന്നു. അന്നൊക്കെ എല്ലാവരും വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു. കോവിഡിനെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. വാർത്തകൾ എല്ലാം പേടിപ്പിക്കുന്നത്. അതൊക്കെ കേട്ട് പേടിച്ച് റൂമിൽ ക്വാറന്റീൻ ഇരുന്നപ്പോൾ വല്ലാത്ത ശ്വാസംമുട്ടൽ ആയിരുന്നു. ഇന്നിപ്പോൾ, എന്തുചെയ്യണമെന്ന് എല്ലാവർക്കും അറിയാം. ഞാൻ വളരെ നന്നായി കെയർ ചെയ്യാറുണ്ട്. എനിക്ക് വരുന്നതിനേക്കാൾ കൂടുതൽ എന്നിൽനിന്ന് മറ്റാർക്കും വരരുത് എന്ന് നിർബന്ധമുണ്ട്. ഞാൻ സാനിറ്റൈസർ ഉപയോഗിക്കും, മാസ്ക് നന്നായി ധരിക്കും. വാക്‌സീൻ രണ്ടു ഡോസും എടുത്തു കഴിഞ്ഞു. എനിക്ക് എല്ലാ പ്രിയപ്പെട്ടവരോടും അതാണു പറയാനുള്ളത്. സ്വയം സൂക്ഷിക്കുക, കുട്ടികളിൽനിന്നും പ്രായമായവരിൽനിന്നും അകലം പാലിക്കുക. നമ്മൾ സൂക്ഷിച്ചാൽത്തന്നെ ഒരു പരിധി വരെ ഈ മഹാമാരി തടയാൻ കഴിയും.

അന്യഭാഷയിൽ തിരക്കേറുന്നു

ഓർഡിനറിയുടെ സംവിധായകൻ സുഗീത് ഏട്ടന്റെ തമിഴ് ചിത്രത്തിൽ ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുറൽ എന്നാണു ഇപ്പോൾ പേരിട്ടിരിക്കുന്നത്, പേര് ഫൈനൽ ആയിട്ടില്ല. നരേൻ ആണ് നായകൻ. എന്റെ ആദ്യത്തെ തമിഴ് ചിത്രമാണ്. ലൊക്കേഷൻ ദുബായ് ആയിരുന്നു. ഞാൻ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പടമാണ് ഇത്. ഇപ്പോൾ മറ്റൊരു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ്, ബാക്കി കഥാപാത്രങ്ങളെല്ലാം പുതിയ ആർട്ടിസ്റ്റുകളാണ്. എനിക്ക് കൂടുതലും ഓഫർ വരുന്നത് തമിഴിൽ നിന്നാണ്.

മലയാളം ഏറെ പ്രിയം

മലയാളത്തിൽ അഭിനയിക്കാൻ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. മലയാളത്തിൽ ചെറിയ കഥാപാത്രം ആയാലും ചെയ്യാൻ സന്തോഷമാണ്. ചെറിയ വേഷം ചെയ്താലും കൂടുതൽ അംഗീകാരം കിട്ടാറുണ്ട്. സോഹൻ ലാലിന്റെ അൺലോക്ക് എന്ന ചിത്രം ചെയ്തു കഴിഞ്ഞു. അതിന്റെ റിലീസ് കാത്തിരിക്കുകയാണ്. ഒരു ഇടക്കാലത്തിനു ശേഷം ചെയ്ത സിനിമയായിരുന്നു മണിയറയിലെ അശോകൻ. ഇപ്പോൾ സണ്ണി, അതിലെ കഥാപാത്രവും ചെറുതാണെങ്കിലും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു വെബ് സീരീസിന്റെ ചർച്ചകളും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com