ആടുജീവിതത്തിനായി വീണ്ടും ബ്രേക്ക്; എമ്പുരാൻ അടുത്ത വർഷം പകുതിയോടെ: പൃഥ്വിരാജ് അഭിമുഖം

SHARE

മലയാളത്തിൽ അടുത്തിടെയുണ്ടായ ഒടിടി വിപ്ലവത്തെക്കുറിച്ച് കോവിഡിനും മുൻപ് പ്രവചിച്ചയാളാണ് പൃഥ്വിരാജ്. പൃഥ്വിയുടെ പ്രവചനം കോവിഡ് വേഗത്തിൽ നടപ്പിലാക്കിയപ്പോൾ അതിനെക്കാൾ വേഗത്തിൽ പൃഥ്വി തന്റെ കരിയറും രൂപപ്പെടുത്തി. മലയാള സിനിമ നിശ്ചലമായിപ്പോയ ഇക്കാലത്ത് സംവിധായകനായും നിർമാതാവായും നടനായും തിളങ്ങിയ താരത്തിന്റെ മൂന്ന് മാസത്തിനിടെയുള്ള മൂന്നാമത്തെ ഒടിടി റിലീസാണ് ‘ഭ്രമം’. ഭ്രമത്തെക്കുറിച്ചും ഭാവി പ്രൊജക്റ്റുകളെക്കുറിച്ചും പൃഥ്വി സംസാരിക്കുന്നു. 

സാധാരണ മലയാള സിനിമകളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. എന്തു കൊണ്ട് തിരിച്ചൊരു പരീക്ഷണം ഒപ്പം എന്തു കൊണ്ട് അന്ധാദുൻ ? 

ഒരു റീമേക്ക് ചെയ്യാമെന്നു വിചാരിച്ചിട്ട് പിന്നെ അതിനു വേണ്ടിയല്ല അന്ധാദുൻ തിരഞ്ഞെടുത്തത്. അന്ധാദുൻ കണ്ടപ്പോൾ തന്നെ ഞങ്ങൾ കുറച്ചു പേർക്ക് ഇൗ സിനിമ മലയാളത്തിൽ ചെയ്താൽ കൊള്ളാമെന്നു തോന്നിയിരുന്നു. സിനിമ ഇറങ്ങിയ സമയത്തു തന്നെ റൈറ്റ്സ് വാങ്ങുന്നതിനായി സംവിധായകൻ ശ്രീറാം രാഘവനെയും നിർമാതാക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ലൂസിഫർ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്. പക്ഷേ എന്തു കൊണ്ടോ അന്നത് നടന്നില്ല. ഇൗ സിനിമയുടെ ആശയം ഒരു മലയാളി ചുറ്റുപാടിൽ പറയാൻ സാധിക്കുന്നതാണ്. പക്ഷേ അതു വളരെ ശ്രദ്ധയോടെ ബുദ്ധിപരമായി ചെയ്യേണ്ടതുണ്ട്. തിരക്കഥാകൃത്തായ ശരത് അത് മനോഹരമായി എഴുതുകയും രവി കെ. ചന്ദ്രൻ ഭംഗിയായി അതു ഷൂട്ട് ചെയ്യുകയും ചെയ്തു. 

unni-prithvi

അന്ധനായ കഥാപാത്രം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു ?

അന്ധനായ കഥാപാത്രം വെല്ലുവിളിയാണ്. എന്നാൽ അന്ധനായ കഥാപാത്രമായി അഭിനയിക്കുന്ന ഒരാളായി അഭിനയിക്കുകയെന്നാൽ അതിനെക്കാൾ വലിയ വെല്ലുവിളിയാണ്. ഒരു അന്ധന്റെ ബോഡി ലാംഗ്വേജ് പഠിക്കുക എന്നതിലുപരി അന്ധനെ അനുകരിക്കുന്ന ഒരാളെ പോലെ അഭിനയിക്കുക എന്നതായിരുന്നു വെല്ലുവിളി. അതിനാണ് ശ്രമിച്ചിട്ടുള്ളതും. എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകരാണ് പറയേണ്ടത്. ശരിക്കും അന്ധാദുൻ ഞാൻ ഒരിക്കലേ കണ്ടിട്ടുള്ളൂ. ഭ്രമം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ പിന്നെ ആ സിനിമ കാണേണ്ട എന്നു തീരുമാനിച്ചു. ജിമ്മിൽ വർ‌ക്കൗട്ട് ചെയ്യുമ്പോഴൊക്കെ ഇൗ സിനിമയിലെ പാട്ടുകൾ വന്നാൽ അതു മാറ്റുമായിരുന്നു. 

ഭ്രമം അന്ധാദുനുമായി താരതമ്യം ചെയ്യപ്പെടും, മോശമായാൽ വിമർശിക്കപ്പെടും എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടോ ?

അത് എന്തായാലും താരതമ്യം ചെയ്യപ്പെടുമല്ലോ. സ്വാഭാവികമല്ലേ. ഞങ്ങളിതൊരു മൽസരമായിട്ടല്ല കണ്ടിരിക്കുന്നത്. മറിച്ച് നമ്മുടേതായ ഒരു ആവിഷ്കാരം എന്ന നിലയിലാണ്. അത് ആളുകൾ കാണട്ടെ ആസ്വദിക്കട്ടെ, വിമർശിക്കട്ടെ അവരുടെ അഭിപ്രായങ്ങളും പറയട്ടെ. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു. മറ്റുള്ളവർക്കും അങ്ങനെ ആകട്ടെ എന്ന് ആശംസിക്കുന്നു. 

രവി കെ. ചന്ദ്രൻ എന്ന സംവിധായകനെയാണോ ക്യാമറാമാനെയാണോ പൃഥ്വിക്ക് ഇൗ സിനിമ കഴിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടമായത് ?

ഇൗ ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ ക്യാമറ മറ്റൊരാൾ കൈകാര്യം ചെയ്യാനാണിരുന്നത്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ഛായാഗ്രഹണം കൂടി ഏറ്റെടുത്തത്. കാരണം അദ്ദേഹം ക്യാമറ ചെയ്യുന്ന സിനിമയിൽ എനിക്ക് ഇതു വരെ അഭിനയിക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ എന്റെ സ്വാർഥമായ ആ ആഗ്രഹത്തിനു വഴങ്ങിയാണ് അദ്ദേഹം ആ ജോലി കൂടി ഏറ്റെടുത്തത്. ഷൂട്ടിങ് സമയത്ത് പക്ഷേ ഞാൻ ക്യാമറാമാൻ രവി കെ.ചന്ദ്രനെ കണ്ടിട്ടേയില്ല. അദ്ദേഹം ഒരു ഫുൾടൈം സംവിധായകൻ തന്നെയായിരുന്നു. ക്യാമറ അദ്ദേഹം കൈകാര്യം ചെയ്യുന്നത് വളരെ നിസ്സാരമായാണ്. അവിടെ വയ്ക്ക് ഇവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞ് പെട്ടെന്നു ചെയ്യും കാര്യങ്ങൾ. അതു കൊണ്ട് ഇനി അദ്ദേഹം ക്യാമറ മാത്രം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചാലേ എനിക്കീ ചോദ്യത്തിനി ഉത്തരം പറയാൻ സാധിക്കൂ. 

bhramam-trailer

ശങ്കർ എന്ന പഴയകാല റൊമാന്റിക് ഹീറോയുടെ തിരിച്ചു വരവ്, ഒപ്പം മംമ്ത, ഉണ്ണി മുകുന്ദൻ അങ്ങനെയുള്ള അഭിനേതാക്കളും. എങ്ങനെ വിലയിരുത്തുന്നു അവരുടെ പ്രകടനങ്ങളെ ?

ഇൗ സിനിമ പ്രധാനമായും അതിലെ കഥാപാത്രങ്ങളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. സിനിമയിൽ അതു വളരെ നിർണായകമാണ്. ശങ്കറേട്ടന്റെ കഥാപാത്രത്തിന് മറ്റൊരു ഒാപ്ഷൻ അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല. അത് അദ്ദേഹത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ പഴയ പാട്ടുകൾ, ആ മുഖം കാണുമ്പോൾ നമുക്കുണ്ടാകുന്ന നൊസ്റ്റാൾജിയ അതെല്ലാം ഇൗ സിനിമയ്ക്ക് ആവശ്യമാണ്. അദ്ദേഹം ഇപ്പോൾ ലണ്ടനിലാണ് താമസം. കോവിഡ് മൂലം യാത്രകളൊക്കെ പ്രതിസന്ധിയിലായ കാലത്താണ് ഇൗ ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നത്. അദ്ദേഹത്തിന് പറ്റുന്ന സമയത്ത് ഷൂട്ട് ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ കൃത്യ സമയത്ത് അദ്ദേഹത്തിന് എത്താൻ കഴിഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ അദ്ദേഹത്തെ ഇൗ സിനിമ പ്രേരിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 

bro-daddy-antony

ലോക്ഡൗൺ കാലത്ത് അഭിനേതാവായി, സംവിധായകനായി, നിർമാതാവായി. ഏതു റോളാണ് പൃഥ്വിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നിയത് ?

നിർമാണം തന്നെയാണ് വെല്ലുവിളിയായി തോന്നിയത്. അഭിനയിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഇൗ മഹാമാരി മൂലമുണ്ടായ പരിമിതികൾ നമ്മുടെ ജോലിയെ കുറച്ചു കൂടി ലളിതമാക്കുകയാണ് ചെയ്തത്. നേരത്തെ 150 പേരുണ്ടായിരുന്ന ലൊക്കേഷനിൽ ഇപ്പോൾ 50 പേരെയുള്ളൂ. ചെറിയ യൂണിറ്റാണെന്ന ബോധ്യം നമുക്കുണ്ട്. വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ല. അതു കൊണ്ട് കാര്യങ്ങൾ കൂടുതൽ ലളിതമായി. നിർമാതാവിനെ സംബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി വലിയൊരു തുക തന്നെ ചിലവാക്കേണ്ടി വരുന്നുണ്ട്. അതു കൊണ്ട് നിർമാതാക്കൾക്കാണ് വെല്ലുവിളികൾ കൂടിയത് ബാക്കിയുള്ളവർക്ക് കാര്യങ്ങൾ ലളിതമാകുകയാണ് ചെയ്തിട്ടുള്ളത്. 

prithvi

പൃഥ്വിയെ ‘എക്സപെൻസീവ് ഡയറക്ടർ’ എന്നാണ് സുപ്രിയ വിശേഷിപ്പിക്കുന്നത്. ഇക്കാലത്ത് സിനിമ സംവിധാനം ചെയ്തപ്പോൾ ചില കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്തോ ?

​ഞാൻ തിരഞ്ഞെടുത്ത കഥ ചെറുതായിരുന്നു. അത് ആവശ്യപ്പെടുന്ന വലുപ്പത്തിൽ തന്നെയാണ് ചെയ്തിട്ടുള്ളതും. അത് അങ്ങനെ ചെയ്താൽ മതിയെന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ കോംപ്രമൈസ് ഉണ്ടായിട്ടില്ല. 

ഒടിടി വിപ്ലവം വളരെ നേരത്തെ പ്രവചിച്ച ആളാണ് പൃഥ്വി. മലയാള സിനിമ ഒടിടിയിലേക്ക് ഒരുപാട് ഒതുങ്ങിപ്പോയോ ?

സ്ക്രീൻ സൈസ് ഒതുങ്ങി എന്ന് നാം പറയുമ്പോഴും കാഴ്ചാനുഭവം കൂടുതൽ വ്യക്തിപരമായി എന്നതാണ് ഞാൻ കാണുന്നത്. നമുക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകളുടെ കൂടെയിരുന്ന് ഒരു സിനിമ കാണുന്നതിനു പകരം നാം നമ്മുടെ മൊബൈലിലോ ടിവിയിലോ സിനിമ കാണുന്ന രീതിയിലേക്ക് മാറി. അത്തരത്തിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്കായി ആ രീതിയിലുള്ള സിനിമകൾ ഉണ്ടാകും. എന്നാൽ തിയറ്ററിൽ ഇരുന്ന് കാണുന്നതിനായി അത്തരത്തിലുള്ള സിനിമകളും ഇറങ്ങും. ഇതു രണ്ടും ഒരുപോലെ പോകും. പല തരത്തിലുള്ള സിനിമകൾ ഇനി നിർമിക്കപ്പെടും. 

എന്തൊക്കെയാണ് പൃഥ്വിയുടെ ഭാവി പ്രൊജക്റ്റുകൾ ?

പ്രേമം എന്ന സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വലിയ താരനിരയുള്ള ചിത്രമാണ്. ഞാൻ നിർമാതാവു കൂടിയായതു കൊണ്ട് എനിക്ക് വ്യക്തമായി അറിയാം. ലിസ്റ്റിൽ 47 പേരുണ്ട്. ഇതു കഴിഞ്ഞാൽ കടുവ എന്ന ചിത്രം പൂർത്തീകരിക്കും. അതിനു ശേഷം ഒരു ബ്രേക്ക് എടുക്കും. വീണ്ടും ആടുജീവിതത്തിനു വേണ്ടി കുറച്ചു ട്രാൻസ്ഫൊർമേഷൻ നടത്തണം. ഫെബ്രുവരി അവസാനം അൾജീരിയയിലേക്ക് ഷൂട്ടിനായി പോകും. 

mallika-sukumaran-bro-daddy

എമ്പുരാൻ എന്നു വരും ?

എമ്പുരാനു വേണ്ടി ഇപ്പോൾ ചെയ്യാവുന്ന എല്ലാ ജോലികളും ഞങ്ങൾ ചെയ്യുന്നുണ്ട്്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ലോകം കോവിഡിനു മുൻപുള്ള പഴയ അവസ്ഥയിലേക്ക് എത്തണം. ആ ചിത്രത്തിനായുള്ള ലൊക്കേഷൻ കാണാൻ പോലും ഇൗ അവസ്ഥയിൽ പോകാൻ സാധിക്കില്ല. അടുത്ത വർഷം പകുതി ആകുമ്പോഴേക്കും ബാക്കി ജോലികൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷ സത്യമാകട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA