ADVERTISEMENT

വർഷം 1991. ‘കിലുക്കാംപെട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുന്നു. വ്യത്യസ്തമായ ആംഗിളുകൾ കണ്ടെത്തി തിരക്കിട്ടു ക്യാമറ സെറ്റ് ചെയ്യുന്ന ഛായാഗ്രാഹകൻ. ഷോട്ടുകൾക്കിടയിൽ മിനിറ്റുകളുടെ മാത്രം ഇടവേള നൽകി ഷൂട്ടിങ് പുരോഗമിക്കുന്നു. ഇടയ്ക്കിടെ മുഴങ്ങുന്ന ‘ക്യാമറ റെഡി, റോളിങ്’ അനൗൺസ്മെന്റ്. ഛായാഗ്രാഹകന്റെ ഊർജം തന്നിലേക്കും സന്നിവേശിച്ചതു പോലെ സംവിധായകൻ ഷാജി കൈലാസ്. ഇരുവരുടെയും നിർദേശങ്ങൾക്കനുസരിച്ചു വിശ്രമമില്ലാതെ അഭിനയിക്കുകയാണു നായകൻ ജയറാമും മറ്റു നടീനടൻമാരും. ഷൂട്ടിങ് ഏറെ നേരം പിന്നിട്ടപ്പോൾ ‘അഭിനയിച്ചു തളർന്ന’ ജയറാം ഛായാഗ്രാഹകനോട് ഒരു ചോദ്യം. ‘നിങ്ങളെനിക്കൊന്നു മൂത്രമൊഴിക്കാനുള്ള സമയം പോലും തരില്ലേ...? ‘ഒരു കാര്യം ചെയ്യൂ, ‘ഫാസ്റ്റസ്റ്റ് ക്യാമറാമാൻ’ എന്നു കാണിച്ച് ഒരു വിസിറ്റിങ് കാർഡ് കൂടിയങ്ങു പ്രിന്റ് ചെയ്യൂ, നന്നായിരിക്കും!’

‘കിലുക്കാംപെട്ടി’യിലൂടെ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആ ഛായാഗ്രാഹകന്റെ പേര് രവി കെ.ചന്ദ്രൻ. സെറ്റിൽ അന്നു ജയറാം തമാശരൂപത്തിലാണ് അങ്ങനെയൊരു കമന്റ് പറഞ്ഞത്. എന്നാൽ, ക്യാമറയ്ക്കു പിന്നിൽ മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും ആ ചടുലത തനിക്കു കൈമോശം വന്നിട്ടില്ലെന്നു രവി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഛായാഗ്രഹണത്തിനൊപ്പം മലയാളത്തിൽ ആദ്യമായി സംവിധാനം കൂടി നിർവഹിച്ച ചിത്രം ‘ഭ്രമം’ ഷൂട്ടിങ് പൂർത്തിയാക്കിയതു വെറും 36 ദിവസം കൊണ്ട്! ഹിന്ദിയിൽ ഹിറ്റായ ‘അന്ധാധുൻ’ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കായ ‘ഭ്രമം’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു 3 ദിവസമേ ആയിട്ടുള്ളൂ. പൃഥ്വിരാജ് നായകനാകുന്ന ക്രൈം ത്രില്ലർ മികച്ച അഭിപ്രായം നേടുന്നുവെന്ന റിപ്പോർട്ടുകളെത്തുമ്പോൾ ക്യാമറക്കാഴ്ചകളോടുള്ള തന്റെ ഭ്രമങ്ങളിലേക്കു രവി കെ.ചന്ദ്രൻ മനസ്സിന്റെ ലെൻസ് തുറക്കുന്നു. ക്യാമറയ്ക്കു പിന്നിൽനിന്ന് ഇടയ്ക്കു സംവിധായകന്റെ കസേരയിലേക്കു മാറിയിരിക്കുന്നതിന്റെ കാരണം തിരക്കിയപ്പോൾ ചടുലമായ മറുപടി.

‘ഐ ഹാവ് മെനി സ്റ്റോറീസ് ടു ടെൽ. ഞാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണു ഭ്രമം. 2014ൽ തമിഴിൽ ചെയ്ത ‘യാൻ’ ആയിരുന്നു ആദ്യത്തേത്. 7 വർഷത്തിനു ശേഷം ഭ്രമത്തിലേക്കെത്തിയത് ഒരു മലയാളം സിനിമ ചെയ്യണം എന്ന ആഗ്രഹത്തിലാണ്. എഡിറ്ററെപ്പോലെയോ മ്യൂസിക് ഡയറക്ടറെപ്പോലെയോ ഒക്കെയുള്ള ജോലിയാണു സിനിമയിൽ സിനിമാട്ടോഗ്രഫർ ചെയ്യുന്നത്. എന്നാൽ സംവിധായകനാണു ‘ക്യാപ്റ്റൻ ഓഫ് ദ് ഷിപ്’. സിനിമ സംവിധായകന്റേതാണ് എന്നാണ് എന്റെ വിശ്വാസം. നമ്മുടെ ചിന്തകൾക്കു ദൃശ്യഭാഷയൊരുക്കുക എന്ന ആ വലിയ ഉത്തരവാദിത്തം എനിക്കിഷ്ടമാണ്. ക്യാമറയ്ക്കു പിന്നിൽനിന്നു സിനിമയെ അടുത്തറിഞ്ഞ 31 വർഷവും സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു എന്നതാണു സത്യം. ചേട്ടന്റെ(ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു) സിനിമകളിൽ അസിസ്റ്റന്റായി ജോലി നോക്കുന്ന കാലം മുതൽ ഈ ആഗ്രഹം ഞാൻ ഉള്ളിൽക്കൊണ്ടു നടന്നു.’

∙ ഭ്രമത്തെപ്പറ്റി?

കോവിഡ് കാലത്തു കുറച്ചു സമയം കിട്ടിയപ്പോഴാണു ഒരു സിനിമ സംവിധാനം ചെയ്യാമെന്നു തീരുമാനിച്ചത്. മനസ്സിലുള്ളൊരു കഥ പറയാൻ പൃഥ്വിയെ പോയി കണ്ടു. കഥ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, സംഭാഷണത്തിനിടെ ‘അന്ധാധുൻ’ മലയാളത്തിൽ ചെയ്യാനുള്ള റൈറ്റ്സ് വാങ്ങിയിട്ടുണ്ട് എന്ന വിവരം പൃഥ്വിയോടു പറഞ്ഞപ്പോൾ, ആ ചിത്രം തനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും താൻ അതു ചെയ്തോട്ടേ എന്നുമായി പൃഥ്വിയുടെ ചോദ്യം. അങ്ങനെ ആദ്യം പറഞ്ഞ കഥ മാറ്റിവച്ചു ഭ്രമത്തിലേക്കെത്തി. ചിത്രത്തിലെ പൊലീസ് വേഷത്തിന് ചേരുന്നൊരു നടനെപ്പറ്റി ചിന്തിച്ചപ്പോൾ ഉണ്ണി മുകുന്ദന്റെ പേരു ചർച്ചയിലെത്തി. പൃഥ്വി പറഞ്ഞു ‘കറക്ട് ചോയ്സ്’. ഉണ്ണി ആ റോൾ ചെയ്യുമോ എന്നുറപ്പുണ്ടായിരുന്നില്ല. എന്നാൽ, വിവരം പറഞ്ഞപ്പോൾ ഉണ്ണി സന്തോഷത്തോടെ സമ്മതം മൂളി. മംമ്തയും മികച്ച പ്രകടനമാണു ചിത്രത്തിൽ കാഴ്ചവച്ചിട്ടുള്ളത്.

∙ 36 ദിവസത്തിൽ ഷൂട്ട് തീർത്തു?

ഞാൻ സംവിധാനം ചെയ്യുന്നു. ക്യാമറയും ഞാൻ തന്നെ കൈകാര്യം ചെയ്യുന്നു. ഒന്നും ആരെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഒപ്പം, പ്രതിഭാധനരായ ഒരു കൂട്ടം നടീ നടൻമാരും കൂടിയായപ്പോൾ ഷൂട്ടിങ്ങിനു സ്വാഭാവികമായും വേഗം കൂടി.

ravi-k-chandran-3

∙റീമേക്കുകളോടു പൊതുവെ പ്രേക്ഷകർക്കൊരു വൈമുഖ്യം ഉണ്ടോ?

എത്രയോ റീമേക്കുകൾ ഹിറ്റായിരിക്കുന്നു. ആദ്യ ചിത്രത്തേക്കാൾ സൂപ്പർ ഹിറ്റായ റീമേക്കുകളില്ലേ? അൻപതു വർഷമെങ്കിലുമായി റീമേക്കുകൾ ഇന്ത്യൻ സിനിമയിൽ സംഭവിക്കുന്നുണ്ട്. മലയാളത്തിൽനിന്നു ഹിന്ദിയിലേക്കു റീമേക്ക് ചെയ്തു ഹിറ്റായ പ്രിയദർശൻ സിനിമകൾ എത്രയോ എണ്ണമുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഞാൻ ഷൂട്ട് ചെയ്യുകയാണിപ്പോൾ. റീമേക്കുകളിൽ സിനിമയുടെ ക്ലൈമാക്സിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നുണ്ടാവാം. എന്നാൽ, എല്ലാ ചിത്രങ്ങളിലും ഇതൊരു പ്രശ്നമല്ല. ഹോളിവുഡിലെ ചിത്രങ്ങൾ മിക്കതും നോവലുകളിൽനിന്നു കടംകൊണ്ടതാണ്.

ഹാരിപോട്ടർ ഉൾപ്പെടെയുള്ള സിനിമകളെടുത്താൽ അതിന്റെ ക്ലൈമാക്സ്, കഥ എന്നിവ എല്ലാവർക്കും അറിയാം. ആ സീരീസിലെ എല്ലാ ചിത്രങ്ങളും ഹിറ്റായില്ലേ. എത്രയോ നടീ നടൻമാരുടെ കരിയർ തന്നെ മാറ്റിയെഴുതിയതു റീമേക്കുകളാണ്. ‘പോക്കിരി’യുടെ റീമേക്കായ ‘വാണ്ടഡ്’ സൽമാൻഖാന്റെ ‘കരിയർ ഡിസൈനിങ്’ ചിത്രമായാണു വിലയിരുത്തപ്പെടുന്നത്. കഥാപശ്ചാത്തലം മാറുകയും വിവിധ പ്രദേശങ്ങൾക്കു ചേർന്ന രീതിയിലേക്കു സിനിമകൾ പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ പ്രേക്ഷകർ റീമേക്കുകൾ ആസ്വദിക്കും. സിനിമയോടടുത്തു നിൽക്കുന്നവരായിട്ടും എന്റെ സെറ്റിലെ പകുതിപ്പേർ പോലും ‘അന്ധാധുൻ’ കണ്ടിട്ടേ ഉണ്ടായിരുന്നില്ലെന്നതു മറ്റൊരു കാര്യം.

∙സിനിമയിൽ ഒടിടി കാലം?

bhramam-review

സിനിമയുടെ സാങ്കേതികകൾ കാലത്തിനൊത്തു മാറുകയാണ്. എല്ലാ മേഖലകളിലും വലിയ മാറ്റമില്ലേ? മുൻപു പുസ്തകങ്ങൾ വായിച്ചിരുന്ന ഞാൻ ഇപ്പോൾ ഓഡിയോ ബുക്ക് കേൾക്കുന്നു. 30 വർഷം പിന്നോട്ടൊന്നു ചിന്തിച്ചു നോക്കൂ, നാം എത്ര മാറിയെന്ന്. പ്രിയൻ ‘തേൻമാവിൻ കൊമ്പത്ത്’ ചെയ്യുന്ന സമയത്താണ്. ക്യാമറ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ മറ്റൊരു സിനിമയുടെ തിരക്കായതിനാൽ പോകാനായില്ല. പകരം കെ.വി.ആനന്ദ് ആ സിനിമ ചെയ്തു. അദ്ദേഹത്തിനു ദേശീയ അവാർഡും കിട്ടി. ഇതറിഞ്ഞ് എനിക്കു വലിയ അസൂയയായി. ദേശീയ അവാർഡ് കിട്ടാത്തതിനല്ല.

അന്നൊക്കെ ലാൻഡ് ലൈൻ ഫോണിനായി അപേക്ഷ നൽകിയാൽ വർഷങ്ങൾ കാത്തിരിക്കണം. പക്ഷേ, ദേശീയ അവാർഡ് കിട്ടിയാൽ ഉടൻ കണക്‌ഷൻ കിട്ടും. അപേക്ഷ കൊടുത്തു 3 വർഷമായി കാത്തിരുന്ന എനിക്കു മുന്നേ അങ്ങനെ ആനന്ദിനു ഫോൺ കിട്ടി. പിന്നെ സെൽഫോൺ കാലം വന്നു. ‘വിരാസത്’ എന്ന സിനിമ ചെയ്യുന്ന സമയം. സെൽഫോൺ വന്നിട്ടേയുള്ളൂ. 16 രൂപയൊക്കെയാണ് അന്നു പെർ മിനിറ്റ് കോൾ തുക. ആ ചിത്രത്തിൽ വർക്ക് ചെയ്തപ്പോൾ എനിക്കും പ്രിയദർശനും സാബു സിറിലിനും ഓരോ സെൽഫോൺ കിട്ടി. ഒരു മാസത്തേക്കു 3000 രൂപയ്ക്കു വരെ അതിൽനിന്നു ഫ്രീയായി വിളിക്കാം എന്ന ഓഫറും ലഭിച്ചു. അന്നു മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ചെന്നൈയിൽ മാത്രമേയുള്ളൂ.

ഞങ്ങളാകട്ടെ ഷൂട്ടിനായി ചെന്നൈയിൽനിന്നു കാറിൽ പൊള്ളാച്ചിയിലേക്കു പോകാനുള്ള ഒരുക്കത്തിലും. ഷൂട്ട് കഴിയുമ്പോഴേക്കും ഓഫർ കാലാവധി തീരുമെന്നതിനാൽ ശേഷിക്കുന്ന തുക എങ്ങനെയെങ്കിലും പെട്ടെന്നു വിളിച്ചു തീർക്കാമെന്നായി ഞാൻ. പക്ഷേ ആരെ വിളിക്കും. സെൽഫോണുള്ള ആരെങ്കിലും വേണ്ടേ. ഒടുവിൽ കാറിൽനിന്ന് ഇറങ്ങാൻ നേരം മുൻസീറ്റിലിരുന്ന സാബുവിന്റെ ഫോണിൽ വിളിച്ചു ഞാൻ പറഞ്ഞു, ‘ഞാനിവിടെ ഇറങ്ങുവാ’. ‘ഇതൊക്കെ അൽപം ഓവർ അല്ലേ’ എന്നായിരുന്നു എല്ലാം കണ്ടിരുന്ന പ്രിയന്റെ പ്രതികരണം.

ഇന്നു മൊബൈൽ ഫോണിൽ നമുക്ക് 4 കെ സിനിമ കാണാം, ഷൂട്ട് ചെയ്യാം. ഒടിടിയും കാലത്തിനൊപ്പിച്ചുള്ള സാങ്കേതികവിദ്യാ മാറ്റമാണ്. ഒടിടികളിൽ കണ്ടന്റ് വിപ്ലവമാണ്. നാലഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ എടുത്തിട്ടുള്ള ആൾക്കു വലിയ കൺഫ്യൂഷനുണ്ട്. പലപ്പോഴും ഇവയോരോന്നും പരതി എന്തു കാണണമെന്നു തീരുമാനം എടുക്കുമ്പോഴേക്കും ആളുറങ്ങിപ്പോയിട്ടുണ്ടാകും. വരും തലമുറ വീടുകൾക്കുള്ളിലിരുന്നു സ്വകാര്യമായി സിനിമ ആസ്വദിക്കുന്ന കാലം അകലെയല്ലെന്നാണ് എനിക്കു തോന്നുന്നത്.

∙ മലയാള സിനിമയിൽ ആദ്യമായി അകേല ക്രെയിൻ എത്തിച്ചു?

ഒരിക്കൽ മുംബൈയിൽ ഞാനൊരു പരസ്യചിത്രം ഷൂട്ട് ചെയ്യുന്നു. ‘ഷോലെ’ ഒക്കെയെടുത്ത പ്രശസ്തനായ സംവിധായകൻ രമേശ് സിപ്പി ഒരു ദിവസം സെറ്റിലെത്തി. അദ്ദേഹത്തിന്റെ മകനായിരുന്നു ആ പരസ്യചിത്രത്തിന്റെ സംവിധായകൻ. അക്കൊല്ലത്തെ ദേശീയ അവാർഡ് ജൂറിയുടെ അധ്യക്ഷനായിരുന്നു സിപ്പി. എന്നെക്കണ്ടപ്പോൾ ഒരു സംശയം ചോദിച്ചു. ജൂറിക്കു മുൻപിലെത്തിയ മലയാളം ചിത്രത്തിൽ ഉയരത്തിൽനിന്നുള്ള കുറെ ഷോട്ടുകളുണ്ട്. ഹെലികോപ്റ്ററിൽ നിന്നെടുത്താലേ അങ്ങനെ കിട്ടൂ എന്നുറപ്പ്. ഹെലികോപ്റ്റർ ഉപയോഗിച്ചു ഷൂട്ട് ചെയ്ത ‘ബിഗ് ബജറ്റ്’ ചിത്രത്തിന് അവാർഡ് കൊടുക്കേണ്ടെന്നും പകരം ഏതെങ്കിലും ചെറിയ സിനിമകളെ പരിഗണിക്കാമെന്നും തന്റെ ജൂറി തീരുമാനമെടുത്തുവെന്നു സിപ്പി ആദ്യമേ പറഞ്ഞു. ഇതിനു ശേഷം സിപ്പി സംശയത്തിലേക്കു കടന്നു. ‘ഹെലികോപ്റ്റർ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശക്തമായ കാറ്റിലും, ഈ ചിത്രത്തിലെ ദൃശ്യങ്ങളിലുള്ള മരങ്ങളുടെയും ചെടികളുടെയും ഇലകൾ ഉലയാത്തതെന്താണ്?’.

ഞാൻ തിരിച്ചു ചോദിച്ചു, ‘ഏതാണാ ചിത്രം?’ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്നായിരുന്നു സിപ്പിയുടെ മറുപടി. ഞാൻ ‍‍ഞെട്ടി. മലയാളത്തിൽ ആദ്യമായി അകേല ക്രെയിൻ ഉപയോഗിച്ച ആ ചിത്രത്തിലെ മനോഹരമായ ഉയരക്കാഴ്ചകൾ ‘ഹെലികോപ്റ്റർ ഉപയോഗിച്ചു ഷൂട്ട് ചെയ്തതിനാൽ’ ദേശീയ അവാർഡ് കൈവിട്ടു പോയെന്ന കാര്യമാണു ജൂറി അധ്യക്ഷൻ ചിത്രത്തിന്റെ സിനിമാട്ടോഗ്രഫറായ എന്നോടു തന്നെ തുറന്നു പറഞ്ഞത്. ഞാനാണ് ആ ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ചെയ്തത് എന്നറിഞ്ഞപ്പോൾ സിപ്പിയും ഞെട്ടി. ഏതായാലും അകേല ക്രെയിനിനെ പരിചയപ്പെടുത്തിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

bhramam-movie-1

ചെന്നൈയിലെ ആനന്ദ് സിനി സർവീസാണ് ആദ്യമായി ഓസ്ട്രേലിയയിൽനിന്ന് അകേല ക്രെയിൻ രാജ്യത്തെത്തിച്ചത്. 1998ൽ ആയിരുന്നു ഇത്. ‘എ തിൻ റെഡ് ലൈൻ’ എന്ന അമേരിക്കൻ വാർ ഫിലിമിൽ, പ്രശസ്തനായ ഛായാഗ്രാഹകൻ ജോൺ ടോൾ ഉപയോഗിച്ചതു കണ്ട ശേഷമാണ് ആനന്ദ് സിനി സർവീസുകാർ ഇതു വാങ്ങിയത്. 80 അടി ഉയരത്തിൽനിന്നുള്ള ദൃശ്യങ്ങൾ വരെ അകേല ഉപയോഗിച്ചു പകർത്താൻ കഴിയും എന്നതായിരുന്നു പ്രത്യേകത. ചെന്നൈയിൽ എത്തിച്ച ക്രെയിനിന്റെ പെട്ടിപൊളിച്ചപ്പോൾ പൂജ നിർവഹിക്കാൻ ക്ഷണിച്ചത് എന്നെ. ഉപയോഗിച്ചു നോക്കണമെങ്കിൽ സൗജന്യമായി വിട്ടുതരാം എന്നും അന്നവർ വാഗ്ദാനം െചയ്തു. എന്നാൽ, ചെറിയൊരു മലയാളം ചിത്രം ഉടൻ ചെയ്യുന്നുണ്ടെന്നും അന്നു തന്നാൽ മതിയെന്നും പറഞ്ഞിരുന്നതിനാൽ കണ്ണെഴുതി പൊട്ടും തൊട്ടിനു സൗജന്യമായി ക്രെയിൻ ലഭിച്ചു.

അതിനു മുൻപു തന്നെ ‘മരുതനായകം’ എന്ന ചിത്രത്തിൽ ആ ക്രെയിൻ ഉപയോഗിച്ചുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. സംവിധായകൻ ടി.കെ.രാജീവ് കുമാറും ഞാനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നാടകീയ മുഹൂർത്തങ്ങളിലെല്ലാം ഒരു തവണ വീതമെങ്കിലും ക്രെയിൻ ഉപയോഗിക്കാം എന്നു തീരുമാനിച്ചിരുന്നു. രണ്ടു ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി അതിൽ ക്രെയിൻ ഉറപ്പിച്ചു നിർത്തി അതിസാഹസികമായി ഷൂട്ട് ചെയ്ത ഒട്ടേറെ രംഗങ്ങൾ ആ ചിത്രത്തിലുണ്ട്. ഇന്നും ആരാധകരിൽ പലരും എനിക്കു സന്ദേശങ്ങൾ അയയ്ക്കുമ്പോൾ കണ്ണെഴുതി പൊട്ടും തൊട്ടിലെ ദൃശ്യങ്ങളെ പ്രശംസിക്കാറുണ്ട്.

∙ സിനിമാസ്വാദകർ വെബ്സീരിസിലേക്കു തിരിയുന്നു?

ഒടിടി കാലത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയ്ക്കുള്ള വെല്ലുവിളികളിൽ പലതും വെബ്സീരിസിനില്ല. സ്ക്രിപ്റ്റിങ്ങിൽ പോലും വ്യത്യസ്തതയുണ്ട്. കൃത്യമായൊരു ചട്ടക്കൂട് വേണ്ട. സിനിമയ്ക്ക് ആദ്യത്തെ 15 മിനിറ്റിനുള്ളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കണം. ഇടവേളയിലെ പഞ്ച്, ട്വിസ്റ്റ്, ക്ലൈമാക്സ് എല്ലാം ഒരുക്കണം. വെബ്സീരീസിൽ നമുക്ക് എങ്ങനെ വേണമെങ്കിലും കഥ പറയാം. എവിടെയും തുടങ്ങാം, അവസാനിപ്പിക്കാം. ഓരോ കഥാപാത്രത്തിന്റെയും ഉള്ളറകളിലേക്കു പോകാം. ചില വെബ്സീരിസ് പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.

∙ സിനിമയ്ക്കൊപ്പം 31 വർഷം?

കരൺ ജോഹർ, മണിരത്നം, നന്ദിതാദാസ്, പ്രിയദർശൻ, രാജീവ് മേനോൻ, മുരുഗദോസ്, ത്രിവിക്രം തുടങ്ങി രാജ്യത്തെ എണ്ണംപറഞ്ഞ, ഒട്ടേറെ മികച്ച സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്യാനായതു വലിയൊരു ഭാഗ്യമാണ്. ഏറെയും ശ്രദ്ധേയമായ ചിത്രങ്ങൾ. ദിൽ ചാഹ്താ ഹേ, റബ് നേ ബനാന ദി ജോഡി, ബ്ലാക്ക്, മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ, കന്നത്തിൽ മുത്തമിട്ടാൾ, ബോയ്സ് തുടങ്ങി ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ എത്രയോ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. തബു, അനുഷ്കാ ശർമ, സിദ്ധാർഥ്, രൺബീര്‍ കപൂർ എന്നിങ്ങനെ ഇന്ത്യൻ സിനിമ കണ്ട ഒട്ടേറെ അഭിനയപ്രതിഭകളുടെ ആദ്യ ചിത്രങ്ങൾക്കു ക്യാമറ ചെയ്യാനുമായി.

bhramam-teaser

പല സിനിമകളിലും അസിസ്റ്റന്റ് ഡയറക്ടർമാരായി ഒപ്പം ജോലി ചെയ്തവർ പിന്നീടു പ്രഗൽഭരായ അഭിനേതാക്കളായി. ഇപ്പോഴും ചിത്രങ്ങൾ ചെയ്യാൻ നമ്മെ വിളിക്കുന്നു എന്നതു വലിയൊരു ഭാഗ്യമാണ്. എത്രയോ പേർ സിനിമയിലെത്താൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. ചിലർ മാത്രം വിജയം കാണുന്നു. ഞാനിപ്പോഴും പഠിക്കുകയാണ്. ഒപ്പം പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ച് എന്നെത്തന്നെ നവീകരിക്കുകയും ചെയ്യുന്നു. 31 വർഷം കഴി‍ഞ്ഞിട്ടും നമുക്കു സിനിമ കിട്ടുന്നതിനു പിന്നിൽ ആ പഠനത്തിനും വലിയ പങ്കുണ്ട്. ആ പഠനമില്ലാത്തവർ പിന്തള്ളപ്പെട്ടു പോകും. സിനിമയിലെന്നല്ല, ഏതു മേഖലയിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com