ADVERTISEMENT

മലയാള സിനിമയിൽ തിരക്കേറുന്ന കോസ്റ്റ്യൂം ഡിസൈനർ ആണ് അക്ഷയ പ്രേംനാഥ്‌.  ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയയുടെ കൂട്ടുകാരിയായി വന്ന അക്ഷയ ഇന്നിപ്പോൾ സെലിബ്രിറ്റി  കോസ്റ്റ്യൂം ഡിസൈനർ ആയി മലയാള സിനിമയിൽ ചുവടുറപ്പിച്ച് കഴിഞ്ഞു.  വൺ എന്ന സിനിമയിൽ അക്ഷയ ചെയ്ത മമ്മൂട്ടിയുടെ ലൂക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.  രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ക്രൈം ത്രില്ലർ "ഭ്രമം" എന്ന സിനിമയ്ക്ക് അക്ഷയ ചെയ്ത കോസ്റ്റ്യൂമുകൾ ആണ് ഇപ്പോൾ തരംഗമാകുന്നത്.  മാത്രമല്ല അന്ധാധുൻ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് കൂടിയാകുമ്പോൾ സമ്മർദവും ഏറും. രവി കെ. ചന്ദ്രനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അക്ഷയ...

 

അന്ധാധുൻ എന്ന ഹിറ്റ് സിനിമയുടെ റീമേക്ക് ആയിരുന്നല്ലോ ഭ്രമം ,  കോസ്റ്റ്യൂം സ്റ്റൈലിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി?

 

bhramam-movie-1

കോസ്റ്റ്യൂം സ്റ്റൈൽ ഒന്നും ഹിന്ദി മൂവിയിൽ നിന്നും എടുത്തിട്ടില്ല, കാരണം ഭ്രമം ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കഥയാണ്. അതുകൊണ്ടു തന്നെ ഫോർട്ട്കൊച്ചിയിലെ ആളുകളുടെ വേഷവിധാനം വേണമായിരുന്നു.  അതിൽ എന്താണ് വ്യത്യസ്തമായി ചെയ്യാൻ കഴിയുക എന്നാണ് നോക്കിയത്.  അന്ധാധുൻ റീമേക്ക് ചെയ്യുമ്പോൾ ആ പടത്തിലെ സ്റ്റൈൽ ഒന്നും ഇതിൽ ഫീൽ ചെയ്യാൻ പാടില്ല എന്നുള്ളതായിരുന്നു ഏറ്റവും വലിയ ചാലഞ്ച്.  

 

അന്ധാധുൻ ഞാൻ ഒരുപാടു തവണ കണ്ടിട്ടുള്ള പടമാണ്.  രവി സാറുമായി വർക്ക് ചെയ്തപ്പോൾ കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു  പ്രീപ്രൊഡക്ഷന് വേണ്ടപോലെ സമയം ഉണ്ടായിരുന്നു അതുകൊണ്ടു ഓരോ സീനിനും കളർ പാലറ്റ് തീരുമാനിച്ചതാണ് മുന്നോട്ട് പോയത്.  സ്ക്രിപ്റ്റ് മുഴുവൻ വായിച്ച ശേഷം ഓരോ ആളിനും കോസ്റ്റ്യൂം തീരുമാനിക്കും.  ഓരോ സീനിനും എന്തുകൊണ്ടാണ് രാജുവേട്ടന്‌ (പൃഥ്വിരാജ്) ഈ  കോസ്റ്റ്യൂം എന്നുള്ളതിന് ഒരു ബാക്ക് സ്റ്റോറി ഉണ്ടായിരിക്കും.  രവി സർ പറയുന്ന സജഷൻസ് കേട്ടിട്ട് വീണ്ടും മാറ്റങ്ങൾ വരുത്തും.  കുറെ ഐഡിയ ചർച്ച ചെയ്ത് അതിൽ നിന്ന് നല്ലത് തിരഞ്ഞെടുത്താണ് രാജുവേട്ടന്റെ ലുക്ക്ബുക്ക് തീരുമാനിച്ചത്.  

 

അതേപോലെ തന്നെ വളരെ ശ്രദ്ധിച്ചാണ് മംമ്‍ത, ഉണ്ണി മുകുന്ദൻ എല്ലാവരുടെയും വസ്ത്രങ്ങൾ ചെയ്തത്.  അനന്യയുടേത് വീട്ടമ്മയുടെ വേഷമാണ്. ആ കഥാപാത്രത്തിന്റെ സ്വഭാവത്തിനും സംസ്കാരത്തിനും അനുസരിച്ചാണ് കോസ്റ്റ്യൂം ചെയ്തത്.  റാഷിയുടെ കഥാപാത്രം ഫോർട്ട് കൊച്ചിയിൽ ജനിച്ചു വളർന്നതാണ്.  അപ്പോൾ അവിടെയുള്ളവർ ഉപയോഗിക്കുന്ന തരത്തിലുള്ള  ഡ്രസ്സുകൾ ഉപയോഗിച്ചു. കൂടുതൽ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ആണ് അവർക്കായി തിരഞ്ഞെടുത്തത്.   സിനിമ കാണുമ്പോൾ പ്രേക്ഷകർ എല്ലാം ശ്രദ്ധിക്കണം എന്നില്ല. പക്ഷേ ഞങ്ങൾ ഓരോ സീനിനും ഒരു ബാക്ക് സ്റ്റോറി വച്ചാണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്.  പ്രീപ്രൊഡക്ഷൻ സമയത്ത് തന്നെ മുംബൈയിലും മറ്റും പോയി റോ മെറ്റീരിയൽ വാങ്ങി കോസ്റ്റ്യൂം സ്കെച്ച് ചെയ്ത് റെഡി ആക്കിയിരുന്നു. അതുകൊണ്ടു ഷൂട്ടിങ് സമയത്ത് വലിയ ബുദ്ധിമുട്ട് വന്നില്ല.  എല്ലാ സിനിമകൾക്കും സ്റ്റൈൽ ചെയ്യാൻ ഇത്രയും സമയം കിട്ടില്ല.  ഈ സിനിമയ്ക്ക് പ്രീപ്രൊഡക്ഷന് നല്ല സമയം ഉണ്ടായിരുന്നു.  സംവിധായകൻ വളരെ നല്ല ഒരു ഐഡിയ തന്നിരുന്നു അതുപോലെ അദ്ദേഹം എനിക്ക് നല്ല സ്വാതന്ത്ര്യം തന്നിരുന്നു. 

akshaya

 

ശങ്കർ എന്ന സൂപ്പർ താരം 

 

ശങ്കർ സാറിന്റെ ഒപ്പം വർക്ക് ചെയ്തതിൽ വളരെ സന്തോഷമുണ്ട്.  എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടമുള്ള നടനാണ് അദ്ദേഹം.  അദ്ദേഹത്തിന്റെ സുഖമോ ദേവി എന്ന സിനിമയെപ്പറ്റി എന്റെ 'അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.  ഈ സിനിമയിലെ കഥാപാത്രത്തിന് ശങ്കർ സാറിനെ അല്ലാതെ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ കഴിയില്ല.  അദ്ദേഹത്തിന്റെ ഷർട്ടുകൾ അർമാനി അല്ലെങ്കിൽ വെർസാച്ചെ എന്നിങ്ങനെയുള്ള വിലകൂടിയ ബ്രാൻഡുകളുടെ പ്രിന്റ് ഡിസൈൻ ഉള്ളതാണ്.  ആ കഥാപാത്രം വളരെ ധനികനായ ഒരാൾ ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്റർനാഷനൽ ബ്രാൻഡുകൾ ആണ് ഉപയോഗിക്കുന്നത്.  ആ ഒരു റിച്ച്നസ് അദ്ദേഹത്തിന്റെ എല്ലാ പ്രോപർട്ടിയിലും വരത്തക്കവിധത്തിൽ ആണ് സ്റ്റൈൽ ചെയ്തത്.

 

പൃഥ്വിരാജ് വളരെ കംഫർട്ടബിൾ  

 

രാജുവേട്ടനുമായി വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിൾ ആയിരുന്നു.  അദ്ദേഹം എത്ര പ്രാവശ്യം ട്രയൽ ചെയ്യാനും റെഡി ആയിരുന്നു.  അതുപോലെ വിലകൂടിയ ബ്രാൻഡ് വേണം എന്നുള്ള പിടിവാശി ഒന്നും  ഉണ്ടായിരുന്നില്ല.   നമ്മൾ കോസ്റ്റ്യൂം എത്ര  നന്നായി ചെയ്താലും അതിന്റെ നൂറ് ശതമാനം റിസൾട്ട് കിട്ടണമെങ്കിൽ അഭിനേതാവിനും അത് നന്നായി ഇണങ്ങണം.  അത് രാജുവേട്ടൻ ക്ലാസിക് ആയി ചെയ്തു.  രാജുവേട്ടൻ ഉപയോഗിക്കുന്ന ഗ്ലാസ്സുകൾ തന്നെ വളരെ ശ്രദ്ധിച്ചാണ് തെരഞ്ഞെടുത്തത്.  

 

സ്വപ്നം നെയ്ത് മുന്നോട്ട് 

 

നയൻതാരയുടെ തമിഴ്-തെലുങ്ക് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.  പൃഥ്വി ആംബർ എന്ന കന്നഡ നടനുവേണ്ടിയും ഒരു ചിത്രത്തിൽ സ്റ്റൈൽ ചെയ്തുകൊണ്ടിരിക്കുന്നു.  പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ ആണ് ഞാൻ കോസ്റ്റ്യൂം ചെയ്യുന്ന അടുത്ത മലയാള സിനിമ.  ജയസൂര്യ, മഞ്ജു ചേച്ചി, ശിവദ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അത് കഴിഞ്ഞ് ഷെയ്ൻ നിഗം അഭിനയിക്കുന്ന കുർബാനി.  സിനിമകളിൽ സ്റ്റൈൽ ചെയ്യുന്നത് എന്റെ സ്വപ്നമായിരുന്നു. അത് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.  നാം ഒരു സ്വപ്നം കണ്ട് അതിനായി തീവ്രമായി പരിശ്രമിച്ചാൽ ഈ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കുമെന്നല്ലേ, അതെ എന്റെ കാര്യത്തിൽ അങ്ങനെ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com