ADVERTISEMENT

മല്ലു സിങ്ങിലൂടെ മലയാളത്തിലെത്തി അഭിനയത്തിന്റെ പത്തു വർഷം പൂർത്തിയാക്കുന്ന ഉണ്ണി മുകുന്ദൻ സംസാരിക്കുന്നു. ഇഷ്ടപ്പെട്ട സൂപ്പർ ഹീറോകളെക്കുറിച്ചും സംവിധാന മേഖലയെക്കുറിച്ചും കൈപ്പിടിയിലാക്കേണ്ട ഒരു നൂറു സ്വപ്നങ്ങളെക്കുറിച്ചും.

 

10 വർഷം മുൻപ് സിനിമയിൽ പാട്ടുപാടാൻ അവസരം ലഭിക്കും, പാട്ടെഴുതാനാകും, തമിഴ്, തെലുങ്ക് ഉൾ‍പ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാകും, സ്വന്തമായി ചിത്രം നിർമിക്കാനാകും എന്നൊക്കെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ അവിശ്വസിച്ചേനെ. പക്ഷേ, അതെല്ലാം യാഥാർഥ്യമായതിന്റെ സന്തോഷമുണ്ട് ഇന്ന്. സിനിമയെ മനസ്സിലാക്കാൻ തന്നെ 6 വർഷങ്ങളെടുത്തു. കഴിഞ്ഞ കുറച്ചു നാളായിട്ടേയുള്ളൂ സിനിമയെന്ന ക്രാഫ്റ്റിനെ ഇത്രകണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടും അഭിനയ ജീവിതത്തിൽ കൂടുതൽ വ്യക്തത കൈവന്നിട്ടും. സിനിമാ പാരമ്പര്യമില്ലാതെ തന്നെ നായക വേഷത്തിലെത്താനായി, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഇവയെല്ലാം എത്രയോ വലിയ കാര്യങ്ങളാണ്. തെറ്റുകളുണ്ടായിട്ടുണ്ട്. അതിൽ നിന്നും പാഠമുൾക്കൊണ്ടിട്ടുണ്ട്.  ഇനിയും പഠിക്കാനേറെയുണ്ട്. വരും വർഷങ്ങൾ ഇനിയും നന്നായി ഉപയോഗിക്കണം.

 

ഭ്രമം സിനിമയിലെ ഉണ്ണി മുകുന്ദന്‍ ചിരിപ്പിക്കുന്ന വില്ലനാണ്?

 

പൃഥ്വിരാജാണ് ഭ്രമത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. എന്റെ വേഷം നന്നായിരിക്കുമെന്നും രാജു പറഞ്ഞിരുന്നു. സിനിമയുടെ ടീസറും ട്രെയ് ലറും പുറത്തിറങ്ങിയപ്പോൾ ലഭിച്ച മികച്ച പ്രതികരണം അതുറപ്പിച്ചതു പോലെ തോന്നി. സിനിമ ഇറങ്ങിയപ്പോഴും മികച്ച പ്രതികരണം ലഭിച്ചു. ഇതാദ്യമായാണ് രാജുവിനൊപ്പം മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത്. മികച്ച സൗഹൃദം ഞങ്ങൾക്കിടയിൽ പെട്ടെന്നു രൂപപ്പെട്ടു. ഷൂട്ട് തീർന്നപ്പോഴാണ് ബ്രോ ഡാഡിയുടെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചത്.

 

അന്യമല്ല അന്യഭാഷ

 

വാണിജ്യപരമായി കൂടുതൽ ഉയർന്നു നിൽക്കുന്നത് അന്യഭാഷാ ചിത്രങ്ങളാണ്. തമിഴിലായിരുന്നു എന്റെ അരങ്ങേറ്റം. കൂടുതൽ കഥാപാത്രങ്ങൾ ലഭിച്ചതു മലയാളത്തിൽ നിന്ന്. തെലുങ്കില്‍ മൂന്നു ചിത്രങ്ങൾ ചെയ്തു. ഒരു സോളോ ആക്ഷൻ ചിത്രം വരാനിരിക്കുന്നു. പാൻ ഇന്ത്യ ലെവലിൽ നമുക്കു നമ്മെത്തന്നെ അടയാളപ്പെടുത്താനുള്ള നല്ല മാർഗമായാണ് അന്യഭാഷാ ചിത്രങ്ങളെ കാണുന്നത്.

 

നിർമാതാവിന്റെ വേഷത്തിലും

 

5 വർഷം മുൻപ് പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ, പല കാരണങ്ങൾകൊണ്ട് വൈകിപ്പോയി. ആദ്യം ചെയ്യാനിരുന്നത് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു. കോവിഡ് വന്നതോടെ തിയറ്റർ റിലീസ് സാധ്യമാകില്ലെന്നുറപ്പായി. അങ്ങനെയാണ് മേപ്പടിയാനിലേക്കെത്തുന്നത്. വിഷ്ണു മോഹനാണ് സംവിധായകൻ. ചിത്രം റിലീസിനൊരുങ്ങിക്കഴിഞ്ഞു. നിർമാതാവാകുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ സാധ്യത സിനിമയുടെ ക്വാളിറ്റിയിൽ ഒരിക്കൽ പോലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നതാണ്. അങ്ങനെയായിരിക്കണം യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) എന്ന് എനിക്കു നിർബന്ധവുമാുണ്ടായിരുന്നു.

 

ഡയറ്റീഷ്യനാണ്?

 

20 വർഷമായി വർക് ഔട്ട് ചെയ്യുന്ന ആളാണ് ഞാൻ. മറ്റെന്തും നമുക്ക് നേടിയെടുക്കാനാകും. പക്ഷേ, ആരോഗ്യം നഷ്ടപ്പെട്ടാൽ പിന്നീടതു വീണ്ടെടുക്കുക ബുദ്ധിമുട്ടാണ്. പ്രഫഷനൽ ഡയറ്റീഷ്യനൊന്നുമല്ല ഞാൻ. പക്ഷേ, പരീക്ഷിച്ചതും അല്ലാതെയുമുള്ള ബോധ്യത്തിൽ നിന്നാണ് സുഹൃത്തുക്കൾക്ക് ടിപ്സ് നൽകുന്നത് അത് വിജയിക്കുന്നതിൽ സന്തോഷവുമുണ്ട്.

 

മാറുന്നുണ്ട് സിനിമ

 

സിനിമയ്ക്കു മാത്രമായി മാറ്റമില്ല. സമൂഹം മാറുന്നു. അത് സിനിമയിൽ പ്രതിഫലിക്കുന്നു എന്നു മാത്രം.  തിയറ്റർ ആണ് അൾടിമേറ്റ്. പക്ഷേ, ഒടിടി റിലീസ് മലയാള സിനിമയ്ക്കു മറ്റൊരു മുഖം നൽകിയിട്ടുണ്ട്. അത് നല്ല മാറ്റമാണ്. ഒരുപക്ഷേ, ഒടിടി പ്ലാറ്റ്ഫോം റിലീസിലൂടെ ലാഭം നേടിയെടുക്കുന്ന സിനിമകളിൽ ഒന്നാമത് മലയാള ചിത്രങ്ങളായിരിക്കാം. അത്രയേറെ പ്രേക്ഷകർ ലഭിക്കുന്നുണ്ട് എന്നതാണ് സത്യം. വരും വർഷങ്ങളിൽ അതു വർധിക്കാനേ സാധ്യതയുള്ളൂ.

 

സംവിധാനവും ഇഷ്ടമേഖല

 

സിനിമയിലെ എല്ലാ മേഖലയിലും എന്റേതായ ചെറിയൊരു കയ്യൊപ്പ്. അതിൽ സംവിധാനവുമുണ്ട്. അധികം വൈകാതെ സംവിധായക വേഷത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ. കുട്ടികൾക്കു വേണ്ടിയുള്ള സൂപ്പർ ഹീറോ മൂവി. അതും എന്റെ സ്വപ്നമാണ്. ഹീ മാനും ഹനുമാനും സൂപ്പർമാനുമൊക്കെ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ്.

 

കൈനിറയെ ചിത്രങ്ങൾ

 

മേപ്പടിയാനാൻ റിലീസ് ഉടനുണ്ടാകും. തെലുങ്കില്‍ ഖിലാഡി റിലീസിനൊരുങ്ങുന്നു. 12ത് മാൻ, ഏക് ദിൻ, ഷഫീഖിന്റെ സന്തോഷം, വിഷ്ണു മോഹന്റെ പപ്പാ, വൈശാഖ്–ഉദയകൃഷ്ണ ടീമിന്റെ ബ്രൂസ് ലീ തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com