ആദ്യ ചിത്രത്തിൽ അൻപതുകാരിയായി വേഷമിട്ട മുപ്പതുകാരി: ‘തിങ്കളാഴ്ച നിശ്ചയത്തിലെ അമ്മ’ പറയുന്നു

ajisha-prabhakar-main
അജിഷ പ്രഭാകരൻ
SHARE

തിങ്കളാഴ്ച നിശ്ചയം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഗ്രാമീണ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വീടും തൊടിയുമാണ് പ്രധാന ലൊക്കേഷൻ. സെറ്റിൽ ഷൂട്ട് ഇല്ലാത്ത സമയം അഭിനേതാക്കളുടെ പ്രധാന വിനോദം ഫോട്ടോയെടുക്കലാണ്. ഒരു ചെറിയ ഇടവേള കിട്ടിയാൽ എല്ലാവരും ഫോട്ടോഗ്രാഫർ ജിമ്മിച്ചന്റെ പിന്നാലെ കൂടും. എന്നാൽ, ഇതിലൊന്നും ഒരു താല്പര്യവും കാണിക്കാതെ സെറ്റിന്റെ ഏതെങ്കിലും ഒരു വശത്തു ബോറടിച്ചിരുന്ന ഒരു കക്ഷിയുണ്ടായിരുന്നു. അജിഷ പ്രഭാകരൻ! മുടിയെല്ലാം കൊണ്ട കെട്ടി, ഒരു പഴയ നൈറ്റിയുമിട്ട് അൻപതുകാരിയുടെ മേക്കോവറിൽ ആയിരുന്നു ലളിതയായി വേഷമിട്ട അജിഷ. 

സിനിമ റിലീസ് ആയപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരഞ്ഞത്,  ആരെയും  അതിശയിപ്പിക്കും വിധം സ്വാഭാവികമായി അഭിനയിച്ച ആ അൻപതുകാരിയെ ആയിരുന്നു. ലളിതയെ യഥാർത്ഥ ലുക്കിൽ കണ്ടപ്പോൾ പ്രേക്ഷകർ വീണ്ടും ഞെട്ടി. 'ഇത്രയും ചെറുപ്പക്കാരിയായ ഒരു പെങ്കൊച്ചിനെയാണോ ഡയറക്ടറെ, മേക്കപ്പിട്ടു മൂന്നു വലിയ പിള്ളേരുടെ അമ്മയാക്കിയത്?' എന്ന അമ്പരപ്പായിരുന്നു പ്രേക്ഷകർക്ക്! സെന്ന ഹെഗ്‌ഡെ എന്ന സംവിധായകന്റെ ബ്രില്യൻസും അജിഷ പ്രഭാകരൻ എന്ന ആക്ടറുടെ റേഞ്ചും ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച നിശ്ചയത്തിന്റ വിശേഷങ്ങളുമായി അജിഷ പ്രഭാകരൻ മനോരമ ഓൺലൈനിൽ. 

ഇതെന്റെ ആദ്യചിത്രം 

എന്റെ ആദ്യചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ കാര്യമായി അഭിനയിച്ചിട്ടൊന്നുമില്ല. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു വേണ്ടി നൽകിയ കാസ്‌റ്റിങ് കോൾ കണ്ട്, എന്റെ ഭർത്താവ് അരുൺ ആണ് ഫോട്ടോ അയച്ചത്. കാഞ്ഞങ്ങാട്–പയ്യന്നൂർ ഭാഗത്തുള്ള, ആ ഭാഷ സംസാരിക്കുന്നവർ മാത്രം ഫോട്ടോസ് അയച്ചാൽ മതിയെന്ന് കാസ്റ്റിങ് കോൾ പരസ്യത്തിൽ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ ഫോട്ടോ അയച്ചു. അവർ വിളിച്ച് ഓഡിഷന് വരണമെന്നു പറഞ്ഞു. ഓഡിഷന് പോയി... അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. 

thinkalazhcha-nishchayam-movie-review-2

അപ്രതീക്ഷിതമായെത്തിയ കഥാപാത്രം 

ആദ്യം എനിക്ക് പറഞ്ഞു വച്ചിരുന്നത് മറ്റൊരു വേഷമായിരുന്നു. മൂന്നു നാലു ദിവസത്തെ ഷൂട്ടേ കാണൂ എന്നും പറഞ്ഞിരുന്നു. രണ്ടു മൂന്നു ദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പ് ഒക്കെ കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു, ഒരു മേക്കോവർ ഉണ്ടാകും... വേറൊരു കഥാപാത്രത്തെയാണ് ചെയ്യേണ്ടത് എന്ന്. ഞാൻ കരുതി, ചെറിയൊരു വേഷമാകുമെന്ന്. പക്ഷേ, 22 ദിവസത്തെ ഷൂട്ട് ഉണ്ടാകും.. അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്നൊക്കെ സംവിധായകൻ പറഞ്ഞു. അമ്മയായി അഭിനയിക്കുന്നതിൽ എന്താ കുഴപ്പം? എനിക്കും ഒരു മോനുണ്ടല്ലോ... എന്ന ആറ്റിറ്റ്യൂഡ് ആയിരുന്നു എനിക്ക്. കുഴപ്പമില്ല സർ, ചെയ്യാം എന്ന് ഞാൻ പറഞ്ഞു. രണ്ടു വർഷം മുൻപ് ആയിരുന്നു ഷൂട്ട്. അപ്പോൾ എനിക്ക് 33 വയസ്സ്. 

ajisha-prabhakar-2

നമുക്കതു അമ്പതിലേക്ക് പിടിച്ചാലോ എന്ന് സംവിധായകൻ ചോദിച്ചു. ഞാൻ പറഞ്ഞു,  എന്താ കുഴപ്പം സാർ പിടിച്ചോ എന്ന്. അപ്പോഴും ഇതിന്റെ ഒരു പ്രാധാന്യം ഞാൻ മനസ്സിലാക്കിയിരുന്നില്ല. അഭിനയക്കളരി  കഴിഞ്ഞപ്പോൾ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയാണ് എന്റെ മൂത്ത മോളായിട്ട് അഭിനയിക്കുന്നത് എന്ന് ഞാൻ അറിയുന്നത്. ആ കുട്ടിയും ഞാനും തമ്മിൽ അഞ്ചോ ആറോ വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ആ കുട്ടിയെ കൂടാതെ രണ്ടു മക്കൾ കൂടി ഉണ്ടെന്ന് സർ പറഞ്ഞു. അങ്ങനെ മൂന്നു മക്കൾ! അതിൽ മൂത്ത മകൾ ഗർഭിണിയും. ഇതു കേട്ടപ്പോൾ ഞാൻ സാറിനോട് ചോദിച്ചു, ഇത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ? സർ പറഞ്ഞു, ഒരു കുഴപ്പവുമില്ല. ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. ഡയറക്ടർ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും ആത്മവിശ്വാസം വന്നു. 

ajisha-prabhakar-31

കഥ മനസിലായത് സ്‌ക്രീനിൽ കണ്ടപ്പോൾ 

സിനിമയിൽ നമ്മൾ കാണുന്നതു പോലെ ഒരു ഫാമിലി തന്നെ ആയിരുന്നു ലൊക്കേഷനിലും. ലൊക്കേഷൻ ചേഞ്ച് ഒന്നുമില്ലാതെ ആ ഒറ്റ ഒരു വീട്ടിൽ തന്നെയാണ് ഷൂട്ട് ചെയ്‌തത്. അതുകൊണ്ടു തന്നെ അഭിനയിക്കുന്നതിനുള്ള ഒരു ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഷോട്ടിനു തൊട്ടു മുൻപ് ക്രീയേറ്റീവ് ഡയറക്ടർ രാജേഷേട്ടൻ  (രാജേഷ് മാധവ് ) സിറ്റുവേഷൻ പറഞ്ഞു തരും. പ്രധാനപ്പെട്ട  ഡയലോഗുകളും പറഞ്ഞു തരും. എന്നിട്ട് പറയും, മെയിൻ ഡയലോഗ് നിങ്ങൾ പറയണം. ബാക്കി ഒക്കെ നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന്. അങ്ങനെയാണ് ചിത്രത്തിലെ എല്ലാ രംഗങ്ങളും ഞങ്ങൾ ചെയ്തത്. ഇത്രയും നല്ല ഒരു റിസൾട്ട് ഉണ്ടാകും എന്ന് സത്യത്തിൽ കരുതിയില്ല. ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ചപ്പോഴാണ് ഞാൻ ഈ സിനിമ ആദ്യമായി കാണുന്നത്. അപ്പോഴാണ് സിനിമയുടെ കഥ ശരിക്കും ഇങ്ങനെ ആയിരുന്നു എന്ന് മനസ്സിലായത് കാരണം സ്ക്രിപ്റ്റ് ഞാൻ വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. 

ajisha-prabhakar-321

ക്ളൈമാക്സിലെ ടെൻഷൻ 

ക്ളൈമാക്സിൽ തല്ലു കൂടുന്ന രംഗങ്ങളിൽ എല്ലാം ഞങ്ങൾ തന്നെ കയ്യിൽ നിന്നിട്ട്  പറഞ്ഞതാണ്. ഡയറക്ടർക്കൊക്കെ  ചെറിയ ടെൻഷൻ ഉണ്ടായിരുന്ന ഒരു രംഗമായിരുന്നു അത്. കാരണം, സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്ളൈമാക്സ് സീക്വൻസിൽ ഉണ്ട്. ആർക്കെങ്കിലും ഒന്നു തെറ്റിയാൽ വീണ്ടും ഒന്നേന്ന് തുടങ്ങേണ്ടി വരും. ക്രീയേറ്റീവ് ഡയറക്ടർ രാജേഷേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, 'അജിഷ...  അജിഷയാണ് അടി തുടങ്ങേണ്ടത്. എന്തും പറഞ്ഞോ... പക്ഷേ, തെറി മാത്രം പറയരുത്' എന്ന്. ആ ഫ്ലോയിൽ ഞാൻ 'നായി' എന്നൊക്കെ വിളിക്കുന്നുണ്ട്. ആ സീനിൽ എന്റെ കൂടെ കട്ടയ്ക്ക് നിന്നത് വിമല എന്ന കഥാപാത്രം ചെയ്ത മിനി ചേച്ചി ആയിരുന്നു.

മിനിയേച്ചി എന്നോട് പറഞ്ഞു, നീ ടിവിയിൽ അവതാരക ആയൊക്കെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് എന്തെങ്കിലുമൊക്കെ വായിൽ വരും. ഞാൻ എന്തു പറയും,  എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ചേച്ചി ഞാൻ പറയുന്നതൊക്കെ അങ്ങ് ഏറ്റു പിടിച്ചാൽ മതിയെന്ന്. അങ്ങനെ ടേക്ക് പോയപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നു പറഞ്ഞു തല്ലായി. കയ്യിൽ കേറി പിടിച്ചു ചെറിയ മുറിവൊക്കെ ആയി. പക്ഷേ, ആ സീൻ നല്ല രസമായിരുന്നു. 

thinkalazhcha-nishchayam-movie-review-3

അൻപതുകാരിയായി മേക്കോവർ 

മേക്കോവറിന്റെ ഫോട്ടോ വീട്ടിൽ ആരും കണ്ടിട്ടില്ലായിരുന്നു. കാരണം എന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, ഫോട്ടോ എടുക്കരുത്... സ്വന്തം വീട്ടുകാരെ പോലും കാണിക്കരുത് എന്ന്. ഭർത്താവിനെ മാത്രം വേണമെങ്കിൽ കാണിച്ചോ എന്ന് പറഞ്ഞു. അതുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങുന്നതു വരെ ഞാൻ ആരെയും ഫോട്ടോ കാണിച്ചിരുന്നില്ല. ഷൂട്ടിങ് നടക്കുന്ന സമയത്തു എല്ലാവരും ഫോട്ടോ എടുത്തു നടക്കുമ്പോൾ ഞാൻ അവിടെ കോംപ്ലക്സ് അടിച്ചു ചുമ്മാ ഇരിപ്പായിരുന്നു. കാരണം ആറു മണിക്ക് സെറ്റിൽ എത്തിയാൽ ആദ്യം അവർ എന്നെ മേക്കപ്പ് ചെയ്യും. എനിക്കാണല്ലോ കൂടുതൽ മേക്കപ്പ് ഉള്ളത്. കുറച്ചു നേരത്തെ പണിയുണ്ട് അത്. ബാക്കി ആർക്കും വലിയ മേക്കപ്പില്ല. രഞ്ജിത്ത് മണാലിപറമ്പിൽ, പ്രസാദ് എന്നിവരായിരുന്നു മേക്കപ്പ്. രാവിലെ മേക്കപ്പ് ഇട്ടാൽ രാത്രി പാക്കപ്പ് പറയുന്നത് വരെ ഞാൻ ആ ലുക്കിലാണ്. അതുകൊണ്ട് എനിക്ക് ലൊക്കേഷൻ സ്റ്റിൽസ് കുറവാണ്. 

ajisha-prabhakar-family

പുതിയ പ്രോജക്ടുകൾ 

ഇപ്പോൾ പല്ലൊട്ടി എന്നൊരു സിനിമ ചെയ്‌തു. ഒരു നൊസ്റ്റാൾജിക് സിനിമയാണ് അത്.  നൈന എന്ന മറ്റൊരു സിനിമയും ഇപ്പോൾ ചെയ്യുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന വിഷ്ണു ദേവ് ആണ് നൈനയുടെ സംവിധായകൻ. അതുപോലെ മറ്റൊരു സന്തോഷം കൂടി ആ സിനിമയിലുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിൽ എന്റെ ഭർത്താവായി വേഷമിട്ട മനോജേട്ടന്റെ മരുമകൾ ആയിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഭർത്താവ് അരുൺ രാജ്  ഗായകനും സംഗീതസംവിധായകനുമാണ്. ഒരു മകനുണ്ട്. ഋഷഭ് ദേവ്. ഇപ്പോൾ കുടുംബത്തിനൊപ്പം കൊച്ചിയിലാണ് താമസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA