ഇരുളർക്കൊപ്പം താമസിച്ച് ഭാഷയും രീതികളും പഠിച്ചു‌: ലിജോമോൾ അഭിമുഖം

lijomol-sengini
SHARE

തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം എന്ന സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതുമുതൽ കയ്യടി നേടുന്നത് ലിജോമോൾ ജോസ് എന്ന മലയാളി പെൺകുട്ടിയാണ്. സെൻഗിണി എന്ന പൂർണ ഗർഭിണിയായ ആദിവാസി പെൺകുട്ടിയായി ലിജോമോൾ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഭർത്താവിനെ കണ്ടെത്താനുള്ള, ഇരുളർ വിഭാഗത്തിൽ പെട്ട ആദിവാസി സ്ത്രീയുടെ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം. ‘ചാച്ചനെഴുന്നേൽക്കണ്ട, ചാച്ചനെഴുന്നേറ്റാൽ വിക്കറ്റ് പോകും’ എന്ന് പറഞ്ഞു ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന ടീനേജ്കാരിയിൽനിന്നും നീതിക്കു വേണ്ടി പോരാടുന്ന ശക്തയായ ആദിവാസിസ്ത്രീയിലേക്കുള്ള ലിജോ മോളുടെ പരകായപ്രവേശം കണ്ട് മലയാളികൾ ഞെട്ടി. സൂര്യയെക്കാൾ ഗംഭീരപ്രകടനമാണ് ലിജോമോൾ കാഴ്ചവച്ചതെന്ന്, വിവാഹ മംഗളാശംസകൾ നേർന്ന വിഡിയോയിൽ ജ്യോതിക പറഞ്ഞെന്ന് ലിജോ മോൾ പറയുന്നു. ഒരുപാട് കഠിനാധ്വാനം നടത്തി ചെയ്ത സിനിമയാണ് ‘ജയ് ഭീം’ എന്നും പ്രതികരണങ്ങൾ കണ്ട് അന്തംവിട്ട് ഇരിക്കുകയാണെന്നും ലിജോമോൾ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘ജയ് ഭീ’മിലെ സെൻഗിണി

തമിഴിൽ ഞാൻ ഇതിനു മുന്നേ ‘സിവപ്പ് മഞ്ഞൾ പച്ചയ്’ എന്നൊരു സിനിമ ചെയ്തിരുന്നു. ആ സിനിമ കണ്ടിട്ടാണ് ജ്ഞാനവേൽ സർ എന്നെ ‘ജയ് ഭീ’മിന്റെ ഓഡിഷനു വിളിച്ചത്. ഓഡിഷന് ഈ സിനിമയിലെ തന്നെ ഒരു സീൻ ആണ് അഭിനയിക്കാൻ തന്നത്. രാജാക്കണ്ണനെ പൊലീസ് സ്റ്റേഷനിൽ ഉപദ്രവിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഒരു നാട്ടുപ്രമാണിയോട് സഹായം ചോദിച്ചു പോകുന്ന സീൻ ആയിരുന്നു അത്. ആ സീൻ അപ്പോൾ എനിക്ക് കുറച്ചു ബുദ്ധിമുട്ടായി തോന്നി, ആ സമയത്ത് എനിക്ക് തമിഴ് ഒട്ടും അറിയില്ലായിരുന്നു. എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ല അപ്പോൾ സംവിധായകൻ പറഞ്ഞു, ‘സംഭവം മനസ്സിലായല്ലോ, മലയാളത്തിൽ ഡയലോഗ് പറഞ്ഞു നോക്കൂ’ എന്ന്. അങ്ങനെ മലയാളത്തിലാണ് ഞാൻ അത് ചെയ്തു കാണിച്ചത്. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അതിനു ശേഷം അവിടെയിരുന്ന് തിരക്കഥ മുഴുവൻ പറഞ്ഞു തന്നു. തിരക്കഥ കേട്ടപ്പോഴേ എനിക്ക് ഈ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായി. സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം, ഞാൻ ഇതുവരെ ഇത്രയും ശക്തമായ കഥാപാത്രം ചെയ്തിട്ടില്ല. എത്ര കഷ്ടപ്പെട്ടാലും ഈ കഥാപാത്രം ചെയ്യണം എന്ന് എനിക്കു തോന്നി. അങ്ങനെ ആണ് ‘ജയ് ഭീ’മിലെ സെൻഗിണി ആകുന്നത്. 

കഥാപാത്രം നല്ല ഡെപ്ത്ത് ഉള്ളതാണെന്ന് അറിയാമെങ്കിലും അതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് പ്രിവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത്. ആദ്യത്തെ ഷെഡ്യൂളിൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അതിനു ശേഷം ലോക്ഡൗൺ വന്നപ്പോൾ ഷൂട്ടിങ് മുടങ്ങി ഞങ്ങൾ വീട്ടിൽപോയി. അപ്പോൾ ഇടയ്ക്കിടെ ജ്ഞാനവേൽ സാർ വിളിച്ച് ഓർമിപ്പിക്കും നീ ഇപ്പോൾ ലിജോ ആയിട്ടിരിക്കുകയാണ്, അത് മാറ്റണം നീ സെൻഗിണി ആയിത്തന്നെ എപ്പോഴും കരുതണം. അല്ലെങ്കിൽ ഷൂട്ടിങ്ങിന് വരുമ്പോഴേക്കും എല്ലാം മറന്നുപോകും എന്ന്. അപ്പോൾ ഞാൻ എന്റെ മനസ്സിൽ എന്നെ സെൻഗിണിയായിത്തന്നെ കരുതും. ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ആ സമയം ഞാൻ ഉപയോഗിച്ചു. മുഴുവൻ സമയവും ഞാൻ സെൻഗിണി ആയിത്തന്നെ ജീവിച്ചു. രണ്ടാം ഷെഡ്യൂൾ ആയപ്പോഴേക്കും ഞാൻ സിനിമയുടെ ട്രാക്കിലെത്തിയിരുന്നു.

സൂര്യ എന്ന മനുഷ്യസ്നേഹി 

ഓഡിഷൻ കഴിഞ്ഞപ്പോഴും എന്നോട് സൂര്യ സർ ആണ് ഈ സിനിമയിലെ നായകൻ എന്നു പറഞ്ഞിരുന്നില്ല. 2D എന്റർടെയ്ൻമെന്റ് ആണ് പ്രൊഡക്‌ഷൻ എന്നു പറഞ്ഞിരുന്നു. പിറ്റേന്ന് ജ്ഞാനവേൽ സർ വിളിച്ചു ചോദിച്ചു, ‘ലിജോ ആ വക്കീലിന്റെ വേഷം ചെയ്യുന്നത് ആരാണെന്ന് അറിയാമോ’ എന്ന്. ഞാൻ അറിയില്ലെന്നു പറഞ്ഞു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ‘സൂര്യ സർ ആണ് അത് ചെയ്യുന്നത്. ഇന്നലെ ഞാൻ അതു പറയാതിരുന്നത് സൂര്യയുടെ സിനിമ ആണെന്നറിഞ്ഞിട്ടു ലിജോ അത് കമ്മിറ്റ് ചെയ്യണ്ട എന്ന് കരുതിയിട്ടാണ്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തന്നെ നീ സിനിമ സൈൻ ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിച്ചത്’. സൂര്യ സാറിന്റെ പടമാണ് എന്നറിഞ്ഞപ്പോ എനിക്ക് വീണ്ടും ടെൻഷനായി ഒപ്പം സന്തോഷവും. ഞാൻ പണ്ടുതൊട്ടേ അദ്ദേഹത്തിന്റെ ഫാൻ ആണ്. ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു ഇത് സൂര്യ സാറിന്റെ പടമാണെന്ന്. രണ്ടാമത്തെ ഷെഡ്യൂളിൽ ആണ് സൂര്യ സാറിന്റെ ഭാഗം ഷൂട്ട് ചെയ്തത്. ഞങ്ങളുടെ കോംബിനേഷൻ വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. സംവിധായകൻ എന്നെയും രജിഷയെയും വിളിച്ച് കാരവനിൽ കൊണ്ടുപോയി അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം ഇതുവരെയുള്ള ഷൂട്ടിങ് എങ്ങനെ ഉണ്ട്, നിങ്ങൾക്ക് ഇവിടെ സുഖമാണോ എന്നൊക്കെ ചോദിച്ചു, പക്ഷേ ഞങ്ങൾക്ക് ഒരക്ഷരം പറയാൻ കഴിയുന്നില്ല. ഞങ്ങൾ അദ്ദേഹത്തെ കണ്ടു വാ പൊളിച്ചിരുന്നു. ഒന്നും സംസാരിക്കാൻ കഴിയുന്നില്ല.

suriya-jai-bhim

അദ്ദേഹവുമായുള്ള കോംബിനേഷൻ തുടങ്ങുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുന്ന സീൻ മുതൽ ആണ്. അദ്ദേഹത്തിന്റെ ഭാഗം എടുക്കുമ്പോൾ ഞാൻ മാറിയിരുന്ന് എന്റേത് മനസ്സിൽ പ്രാക്ടീസ് ചെയ്യും. കാരണം ഞങ്ങൾ ഒരുമിച്ചുള്ള സീൻ വരുമ്പോൾ ഞാൻ തെറ്റിച്ചിട്ട് ടേക്ക് കൂടുതൽ വരാൻ പാടില്ലല്ലോ. പക്ഷേ ഞാൻ അവിടെ ഇരുന്നു കാണിച്ചുകൂട്ടുന്നതൊക്കെ അദ്ദേഹം അവിടെ ഇരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് പിന്നീട് ജ്ഞാനവേൽ സർ പറഞ്ഞു. ‘ആ കുട്ടി ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് കരയുന്നതല്ലേ, എന്തൊരു ഡെഡിക്കേഷൻ ആണ്’ എന്നൊക്കെ പറഞ്ഞത്രേ. എന്റെ ടേക്കിന്റെ സമയത്ത് എനിക്ക് ലുക്ക് തരാനായി അദ്ദേഹം എനിക്ക് മുന്നിൽ വന്നു നിൽക്കും, ഞാൻ തന്നെ നിൽക്കാം ബാക്കിയുള്ളവർ മാറൂ എന്ന് പറയും. ഞാൻ അഭിനയിക്കുമ്പോൾ എന്റെ ലൈനിൽ ആരെങ്കിലും നിന്നാൽ അവരെ അവിടെ നിന്ന് മാറ്റും, അങ്ങനെ കൂടെ അഭിനയിക്കുന്നവർ ഏറ്റവും സുഖകരമായി അഭിനയിക്കാനുള്ള പശ്ചാത്തലം അദ്ദേഹം ഒരുക്കിക്കൊടുക്കും. 

ഈ സിനിമയിൽ ഇരുളർ ആയി അഭിനയിച്ചിരുന്നത് പഴങ്കുടിയിൽ ഉള്ള ഇരുളർ തന്നെയായിരുന്നു. അവരെ വളരെ കംഫർട്ടബിൾ ആക്കി സെറ്റിൽ ഇടപെടാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിരുന്നു. അവർ സെറ്റിലേക്ക് വരുന്നതും ഷൂട്ട് കാണുന്നതും ഒക്കെ ആദ്യമായിട്ടായിരുന്നു. മധുരയിൽ ഷൂട്ട് നടക്കുന്ന സമയത്ത് സെറ്റിൽ അദ്ദേഹം ഞങ്ങളോട് ജിഗർതണ്ട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അത് പാൽ ചേർത്ത ഒരു ഡ്രിങ്ക് ആണ്. കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ പത്തു മിനിറ്റിനുള്ളിൽ മുഴുവൻ ക്രൂവിനും അദ്ദേഹം ജിഗർതണ്ട വരുത്തിത്തന്നു. മൂന്നാർ ഷെഡ്യൂളിൽ ഞങ്ങൾ വെയിലത്ത് റോഡിൽ കൂടി ചെരുപ്പില്ലാതെ നടക്കുന്നത് കണ്ടിട്ട് അദ്ദേഹത്തിന് വിഷമം തോന്നിയിരുന്നു. ആ സീൻ കഴിഞ്ഞയുടൻ എനിക്കും അല്ലി(മകളായി അഭിനയിച്ച കുട്ടി)ക്കും ചെരുപ്പ് വാങ്ങിത്തരാൻ അദ്ദേഹം പറഞ്ഞു. 

sengani-lijomol

മറ്റുള്ളവരോടുള്ള അലിവും പരിഗണനയും അദ്ദേഹത്തിനുണ്ട്. അത് നിർമാതാവ് ആയതുകൊണ്ടല്ല.  സൂര്യ എന്ന വലിയ നടൻ ഒരു വലിയ മനുഷ്യസ്നേഹി കൂടിയാണ്, വിനയാന്വിതനാണ്. എന്റെ കല്യാണ സമയത്ത് സൂര്യ സാറും ജ്യോതിക മാമും ചേർന്ന് ഞങ്ങളെ വിഷ് ചെയ്തുള്ള ഒരു വിഡിയോ അയച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ഞാൻ വളരെ നന്നായി ആ കഥാപാത്രം ചെയ്തു എന്നാണ്. ‘എന്നേക്കാൾ നന്നായി ലിജോ ചെയ്തു എന്നാണു ജ്യോതിക പറയുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴും അദ്ദേഹം ഞാൻ വളരെ നന്നായി ചെയ്തു എന്നു വന്നു പറഞ്ഞു എന്നോട് മാത്രമല്ല ഓരോരുത്തരെയും കണ്ടു സൂര്യ സാറും ജ്യോതിക മാമും നല്ല അഭിപ്രായം പങ്കുവച്ചു.

പഴങ്കുടിമക്കൾ എന്ന ഇരുളർ 

ഈ സിനിമയിൽ അഭിനയിച്ചതിൽ ഭൂരിഭാഗവും ഇരുളർ ജനവിഭാഗത്തെപ്പെട്ടവരാണ്. ഞാൻ, എന്റെ ഭർത്താവായി അഭിനയിച്ച മണികണ്ഠൻ, ഞങ്ങളുടെ മകൾ ജോഷിക, പാച്ചിയമ്മ എന്ന കഥാപാത്രം, മൊസക്കുട്ടി, ഇത്രയും പേരൊഴികെ ബാക്കി എല്ലാവരും ഇരുളർ ആയിരുന്നു. അവർക്ക് ഷൂട്ടിങ് സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവർ ക്യാമറ ഒക്കെ കാണുന്നത് ആദ്യമായിരുന്നു. അവരെ സമാധാനപ്പെടുത്താൻ വേണ്ടി സൂര്യ സർ ഓരോരുത്തരുടെയും അടുത്തുപോയി സംസാരിക്കും, അവരുടെ മക്കളെ എടുത്തു കൊഞ്ചിക്കും, അവരുടെ സൗഖ്യം അന്വേഷിക്കും, അങ്ങനെ എല്ലാവരും സന്തോഷമായാണ് സെറ്റിൽ താമസിച്ചത്. 

lijomol-jai-bhim

ഞങ്ങളുടെ കഥാപാത്രം ചെയ്യണമെങ്കിൽ ഇരുളർ എന്താണെന്ന് ആദ്യം മനസ്സിലാക്കണമായിരുന്നു. അവരുടെ ജീവിതരീതി വളരെ വ്യത്യസ്തമാണ് അത് അവരെ കണ്ടു തന്നെ പഠിച്ചേ കഴിയൂ. എനിക്ക് തമിഴ് ഒട്ടും വശമില്ല. പ്രത്യേകിച്ച് അവരുടെ സ്ലാങ് പഠിക്കണം. പരിശീലന സമയത്ത് ഒന്നര ആഴ്ച അവരോടൊപ്പം അവരുടെ ഊരിൽ താമസിച്ചു. പുറത്തുനിന്നുള്ളവരെ അവർ അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം അവർക്ക് സാധാരണ ജനങ്ങളിൽനിന്നു കിട്ടിയ അനുഭവങ്ങൾ അങ്ങനെയാണ്. ആദ്യത്തെ ദിവസങ്ങൾ അവരെ പരിചയപ്പെട്ട് അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് അവരെ മനസ്സിലാക്കി കൊടുക്കുന്നത് വലിയ ജോലി ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഞങ്ങളെ അവർ രാജാക്കണ്ണ്, സെൻഗിണി, അല്ലി എന്നുതന്നെയാണ് ഷൂട്ടിങ് പൂർത്തിയാകും വരെ വിളിച്ചിരുന്നത്. 

അതുപോലെ അക്കാ, അണ്ണി, തങ്കച്ചി എന്നൊക്കെയാണ് തമ്മിൽ വിളിച്ചിരുന്നത്. മണികണ്ഠനെ ഞാൻ മാമാ എന്നുതന്നെ വിളിക്കണം അണ്ണാ എന്നു വിളിക്കരുതെന്ന് എന്നോടും ഡയറക്ടർ പറഞ്ഞിരുന്നു.  മകളെ മോളേ എന്നല്ല അല്ലി എന്ന് തന്നെ വിളിക്കണം. എന്റെ തമിഴിൽ 80 ശതമാനം മലയാളം ആയിരുന്നു. എന്റെ തമിഴ് അവരെ പറഞ്ഞു മനസ്സിലാക്കാൻ സഹായിച്ചത് മണികണ്ഠനാണ്. അവരുടെ തമിഴ് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. രാത്രി അവരോടൊപ്പം ഞങ്ങൾ എലിവേട്ടയ്ക്കു പോകും, അതിൽ സ്ത്രീകളുടെ ജോലി എന്താണ് എന്നെല്ലാം കണ്ടു പഠിക്കണം. രാത്രി മുഴുവൻ അവരോടൊപ്പം നടക്കും. അവരുടെ വീട്ടിൽ അവർ എങ്ങനെയാണ് പെരുമാറുന്നത് എന്നെല്ലാം കണ്ടുപഠിച്ചു . അവർ ഒരു പ്രത്യേകതരം എലിയെ പിടിച്ചു കഴിക്കും.  

നമ്മുടെ നാട്ടിൽ കാണുന്ന കറുത്ത എലി അല്ല, വരപ്പെലി എന്ന പേരുള്ള ചാര നിറമുള്ള എലി, അത് വയലിലും മരത്തിലും ഒക്കെയാണ് ജീവിക്കുന്നത്. അവരിലെ സ്ത്രീകൾ എപ്പോഴും സാരി ആണ് ധരിക്കുന്നത്.  സാരി ഉടുത്തുകൊണ്ട് എല്ലാ ജോലിയും ചെയ്യും, വളരെ ഈസി ആയി നടക്കും.  ഞാൻ സാരി ഉടുക്കുന്ന ആളല്ല. ഉടുക്കാൻ അറിയുകയും ഇല്ല. അവിടെ ചെന്നപ്പോൾ എനിക്കു കുറച്ചു സാരി വാങ്ങി തന്നിട്ട്, ഇനി സാരി ഉടുത്താൽ മതി, അതും തനിയെ ഉടുക്കണം, എങ്ങനെ ഉടുക്കുന്നോ അങ്ങനെ മതി എന്ന് ജ്ഞാനവേൽ സർ പറഞ്ഞു. സാരി ഉടുത്താൽ എനിക്ക് നടക്കാൻ ബുദ്ധമുട്ടാണ്. പക്ഷേ കുറച്ചു ദിവസം കൊണ്ട് ഞാനും സാരി ഉടുത്ത് ഈസി ആയി നടക്കാൻ തുടങ്ങി.  ഇരുളർ ചെരുപ്പ് ഉപയോഗിക്കില്ല, അതുകൊണ്ടു ഞാനും ചെരുപ്പ് ഇല്ലാതെ നടന്നു പഠിക്കാൻ പറഞ്ഞിരുന്നു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടിയിരുന്നു. ഷോട്ട് എടുക്കുമ്പോൾ പെട്ടെന്ന് ചെരുപ്പില്ലാതെ നടന്നാൽ അത് അറിയാൻ പറ്റും അതുകൊണ്ടു രണ്ടു മാസം ചെരുപ്പില്ലാതെ നടന്നു എവിടെ പോയാലും കാട്ടിൽ പോയാലും ചെരുപ്പിടില്ല. അങ്ങനെ ശീലിച്ചതുകൊണ്ട് ഷോട്ട് എടുത്തപ്പോൾ ചെരുപ്പില്ലാതെ നടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെ അവരോടൊപ്പം താമസിച്ച് കുറേക്കാര്യങ്ങൾ ശീലിച്ചു.  

അടി ഒരുപാട് കിട്ടി 

പൊലീസ് സ്റ്റേഷൻ സീനിൽ ഞങ്ങൾക്കു കിട്ടിയ അടികൾ എല്ലാം യഥാർഥ തല്ല് തന്നെ ആയിരുന്നു. റബർ കൊണ്ടുള്ള ലാത്തി ആയിരുന്നു. എന്നാലും അടി വീഴുമ്പോൾ ചെറിയ വേദന ഉണ്ടാകും. ഞങ്ങളുടെയെല്ലാം ദേഹത്ത് ചതവ് ഉണ്ടായിരുന്നു. എന്റെ അനിയനായി അഭിനയിച്ച ചിൻറാസ് എന്ന പയ്യന് ഒരുപാട് അടി കിട്ടി. ഒടുവിൽ സംവിധായകൻ അദ്ദേഹത്തെ ചെന്ന് കണ്ടു സോറി പറഞ്ഞു. അവൻ ഒരു ഇരുളനാണ്. അവൻ പറഞ്ഞത് എന്റെ വംശത്തിനു വേണ്ടി എനിക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്നാണ്. എസ്ഐ യുടെ ഒരു അടി എനിക്ക് നന്നായി കൊണ്ട് കയ്യിൽ നീരുവച്ചു. എനിക്ക് ശരിക്കും വേദനിച്ചു. ഷൂട്ടിങ് കഴിഞ്ഞ് ആശുപത്രിയിൽ പോയി. അദ്ദേഹത്തിന് വല്ലാത്ത വിഷമമായിപ്പോയി. സോറി മാ എന്ന് പറഞ്ഞു അദ്ദേഹം ഒരുപാട് സോറി പറഞ്ഞു. 

jai-bhim-lijomol

ഒടുവിൽ അദ്ദേഹം എന്റെയും മണികണ്ഠന്റെയും ഒപ്പം നിന്ന് ഫോട്ടോ എടുത്തു. സിനിമ വരുമ്പോൾ ഞാൻ ഇത് പുറത്തു വിടും, നമ്മൾ നല്ല സുഹൃത്തുക്കളാണെന്ന് പറയും അല്ലെങ്കിൽ പ്രേക്ഷകർ എന്നെ തല്ലും എന്ന് പറഞ്ഞു. നടനും സംവിധായകനുമായ തമിഴ് ആണ് ക്രൂരനായ ആ എസ്ഐ ഗുരുമൂർത്തിയായി അഭിനയിച്ചത്. അഭിനയിച്ചപ്പോൾ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ സന്തോഷമുണ്ട്. എന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് കഥാപാത്രം ഇതുതന്നെ ആയിരിക്കും. സിനിമ കണ്ടിട്ട് ഇരുളർ ഞങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞു. തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ഇതോടെ പുറംലോകം അറിയാൻ പോവുകയാണ് എന്ന് അവർ പറഞ്ഞു. ആനന്ദക്കണ്ണീര് ആയിരുന്നു അത്. 

ഭർത്താവിന്റെ പ്രതികരണം 

ഭർത്താവ് അരുൺ ഷൂട്ടിങ് സമത്ത് ഒരുപാട് പിന്തുണച്ചിരുന്നു.  ഞാൻ എന്നും വിളിച്ച് എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. ഷൂട്ടിങ് സമയത്ത് വിവാഹം ഉറപ്പിച്ചിരുന്നു. ഫസ്റ്റ് കട്ട് കണ്ടപ്പോൾത്തന്നെ അദ്ദേഹം നന്നായി ചെയ്തു എന്ന് പറഞ്ഞു. ഇത്രയും പ്രതികരണങ്ങൾ വരുന്നത് കാണുമ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ട്. എന്റെ പ്രഫഷന് അദ്ദേഹത്തിന്റെ പൂർണപിന്തുണ ഉണ്ട്. ഞങ്ങൾ ഇപ്പോൾ പോണ്ടിച്ചേരിയിലാണ് താമസിക്കുന്നത്.  

jai-bhim-song

ഇരുളരുടെ ഭാഷ പഠിച്ച് ഡബ്ബ് ചെയ്തു

സിനിമയ്ക്കുവേണ്ടി ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ആദ്യമൊക്കെ ഞാൻ പറയുന്നത് മുഴുവൻ മലയാളം കലർന്ന തമിഴായിരുന്നു. രണ്ടുമാസം അവരോടൊപ്പം നടന്ന് അവരുടെ ഭാഷ പഠിച്ചു. ഞാനും രജീഷയും ഒരുമിച്ച് കൂടുമ്പോഴാണ് സമാധാനം. അപ്പൊ ഞങ്ങൾ മലയാളത്തിൽ സംസാരിച്ച് ആശ്വസിക്കും. സെറ്റിൽ ഞങ്ങൾ ഒരുപാട് അടുത്തു, അവിടെനിന്നു പോകുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഞങ്ങൾ മലയാളം പറയുന്നത് കേട്ടാൽ ജ്ഞാനവേൽ സർ വന്നു തമിഴ് തന്നെ സംസാരിക്കാൻ പറയും. ഡബ്ബ് ചെയ്യുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി. അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടു കുറഞ്ഞ സീനുകൾ ആദ്യം ചെയ്തിട്ട് കരയുന്നതും വിളിക്കുന്നതുമായ സീനുകൾ അവസാനമാണ് ചെയ്തത്. 

ഇടയ്ക്കിടെ റെസ്റ്റ് എടുത്താണ് അഭിനയിച്ചത്. അലറിവിളിച്ചു കഴിയുമ്പോൾ കുറച്ച് സമയത്തേക്ക് പിന്നെ എനിക്ക് ശബ്ദമുണ്ടാകില്ല, എനർജി മുഴുവൻ പോയിട്ടുണ്ടാകും അപ്പോൾ എനിക്ക് റെസ്റ്റ് തരും. മാക്സിമം റീടേക്ക് പോകാതെ നോക്കണം. കാരണം റീടേക്ക് പോയാൽ വീണ്ടും തളരും. അതുകൊണ്ട് ആദ്യം തന്നെ ശരിയാക്കാൻ നോക്കണം എന്ന് സംവിധായകൻ പറയുമായിരുന്നു. ഡബ്ബിങ് സമയമായപ്പോൾ ഞാൻ തമിഴ് നന്നായി പറയുമെങ്കിലും അതിലും മലയാളത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ചപ്പോൾ കൊടുത്ത അതേ ഇമോഷൻ ഡബ്ബ് ചെയ്യുമ്പോഴും കൊണ്ടുവരണം. അത് നല്ല ബുദ്ധിമുട്ടായിരുന്നു. ഡബ്ബ് ചെയ്യുമ്പോൾ എന്റെ തമിഴ് സ്ളാങും ഇമോഷനും കൂടി കൊണ്ടുവരുക എന്നുള്ളത് അഭിനയിച്ചപ്പോൾ ഉള്ളതിനേക്കാൾ ചാലഞ്ചിങ് ആയിരുന്നു.

jai-bhim-review

കരിയറിലെ ഏറ്റവും വലിയ കഥാപാത്രം തരുന്ന സംതൃപ്തി 

സൂര്യ–ജ്യോതിക പ്രൊഡക്‌ഷൻ ചെയ്ത ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഈ സിനിമയിൽ സൂര്യ സാറിന് വേണ്ടി മാസ്സ് സീനുകളോ ഹീറോയിസമോ ഇല്ല. അതെല്ലാം അറിഞ്ഞിട്ടും ഈ കഥാപാത്രത്തെ ചോദിച്ചു വാങ്ങി അദ്ദേഹം ചെയ്യുകയായിരുന്നു. ഞാനോ മണികണ്ഠനോ മാത്രം ആയിരുന്നെങ്കിൽ ഈ ചിത്രത്തിന് ഇത്രയും റീച്ച് ഉണ്ടാകില്ല. മറ്റെല്ലാ അഭിനേതാക്കൾക്കും സ്വതന്ത്രമായി അഭിനയിക്കാനുള്ള സ്പേസ് അദ്ദേഹം തന്നിരുന്നു. ഇത് ചെയ്യുമ്പോൾ പോലും ഇത്രയും റീച്ച് ഉള്ള കഥാപാത്രം ആണെന്ന് കരുതിയില്ല. എനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നിയിരുന്നു. 

പിന്നെ ഇരുളർ എന്ന വിഭാഗത്തിന്റെ കഥ പുറംലോകത്തോടു വിളിച്ച് പറയാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സിനിമ കണ്ടുകഴിഞ്ഞു വരുന്ന റെസ്പോൺസ് വളരെ വലുതാണ്. എനിക്ക് അറിയാത്ത ആൾക്കാർ പോലും മെസ്സേജ് അയയ്ക്കുന്നു, വിളിക്കുന്നു, ഒരുപാട് ഫോൺ കോളുകൾ എടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. രണ്ടുദിവസമായി ഇന്റർവ്യൂവിന്റെ തിരക്കിലായിരുന്നു. ഇന്ന് ഛായാഗ്രാഹകൻ രവിവർമൻ സർ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് ഒരുപാട് സന്തോഷമായി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ വിളിക്കുന്നു. വളരെ സന്തോഷം.

English Summary: Actor Lijomol Jose opens up about her much appreciated role as Sengkani in the movie 'Jai Bhim'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA