ആന്റണിയെ പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ ഞാനും ലാലും ആഗ്രഹിക്കുന്നില്ല: പ്രിയദർശൻ അഭിമുഖം

mohanlal-antony
മരയ്ക്കാർ സെറ്റിൽ പ്രിയദർശനും മോഹൻലാലും
SHARE

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ഒടിടി റിലീസിനു വിട്ടു കൊടുക്കുമെന്നു നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതോടെ ‘മരക്കാർ’ ചൂടു പിടിച്ച ചർച്ചകൾക്കാണു വഴിമരുന്നിട്ടത്. 25 വർഷത്തോളം കാത്തിരുന്നു തന്റെ സ്വപ്നമായ ‘മരക്കാർ’ സൃഷ്ടിച്ചെടുത്ത സംവിധായകൻ പ്രിയദർശൻ ‘മനോരമ’യോടു സംസാരിക്കുന്നു.

‘ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ ആഗ്രഹിക്കാത്തതുകൊണ്ടാണു ‘മരക്കാർ’ ഒടിടിയിൽ റിലീസ് ചെയ്യാൻ സമ്മതിച്ചത്. മലയാളത്തിനു താങ്ങാൻ പറ്റുന്ന സിനിമയല്ല മരക്കാർ. ഈ സിനിമ ഞാനും മോഹൻലാലും 25 വർഷമായി കാണുന്ന സ്വപ്നമാണ്. ഈ സിനിമ റിലീസ് ചെയ്യുമ്പോൾ തിരുവനന്തപുരത്തെ തിയറ്ററിൽ അടുത്തടുത്തിരുന്നു കാണണം എന്നാണു ഡബ്ബിങ് തിയറ്ററിൽനിന്നു പിരിയുമ്പോൾ ഞങ്ങൾ പറഞ്ഞത്.’

∙പ്രിയദർശൻ ആന്റണി പെരുമ്പാവൂരിനെ തുണയ്ക്കുകയാണോ?

ആന്റണി ഒന്നുമില്ലായ്മയിൽനിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. ‘മരക്കാർ’ എടുക്കുമ്പോൾ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണ്. എന്നെയും ലാലിനെയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹൻലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടുമ്പോൾ എടുക്കാമെന്നാണു പറഞ്ഞത്. രണ്ടു വർഷമായി പലിശയും കൂട്ടുപലിശയും നൽകി ഒരക്ഷരം പറയാതെയിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ ‘പടം തിയറ്ററിൽ മതി’ എന്ന എന്റെയോ മോഹൻലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളതു ചെയ്യില്ല. പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. ഇതു വലിയ സ്ക്രീനിൽ കാണാൻ പറ്റാത്തതിൽ എനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാർക്കുമുണ്ടാകില്ല.

∙ തിയറ്ററുകാർ പറയുന്നത് ആന്റണി സഹകരിച്ചില്ല എന്നാണ്.

തിയറ്ററുകാർ ഒന്നുകൂടി ഒത്തു ശ്രമിച്ചിരുന്നെങ്കിൽ ‘മരക്കാർ’ തിയറ്ററിൽ വരുമായിരുന്നു. ജയനും പ്രേംനസീറും ചത്തടിഞ്ഞിട്ടും മലയാള സിനിമ ബാക്കിയായെന്നും മോഹൻലാലും മമ്മൂട്ടിയും പോയാലും അതുണ്ടാകുമെന്നും പറഞ്ഞ സംഘടനാ നേതാവിനോടു പറയാനുള്ളത്, കുറച്ചു കൂടി മനുഷ്യത്വം കാണിക്കണമെന്നാണ്. ആ വാക്കുകൾ പൊറുക്കാൻ മലയാളത്തിനാകില്ല. പട്ടിണി കിടന്ന ലൈറ്റ് ബോയ്ക്കും ചായ കൊടുക്കുന്ന പയ്യനും നഷ്ടമായതൊന്നും നിങ്ങൾക്കു കോവിഡ് കാലത്തു നഷ്ടമായിട്ടില്ല. അവൻ കിടന്ന പട്ടണിയാണ് എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നത്. ഞങ്ങൾ ആന്റണിയെ ചേർത്തു നിർത്തുന്നതു സ്വന്തം ജീവിതം പണയംവച്ചു ഞങ്ങളുടെ സ്വപ്നത്തിന്റെ കൂടെ നിന്നതിനാണ്. അയാളുടെ തകർച്ച ആർക്കാണ് ആഘോഷിക്കേണ്ടത്?

∙ ഇതൊരു തിയറ്റർ എക്സ്പീരിയൻസല്ലേ?

തീർച്ചയായും അതെ. 700 എംഎം സ്ക്രീനിനെന്നപോലെയാണ് ഈ സിനിമ എടുത്തത്. അതൊരു മൊബൈൽ ഫോൺ സ്ക്രീനിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങളുടെ നെഞ്ചു കത്തും. കോടികൾ പ്രതിഫലം വാങ്ങുന്ന സാബു സിറിൾ 25 ലക്ഷം രൂപയ്ക്കാണ് ഈ സിനിമ ചെയ്തത്. അവർക്കു പണത്തേക്കാൾ വലുത് ഈ സിനിമയായിരുന്നു. എന്നിട്ടും അതു തിയറ്ററിലേക്കു വിടാതിരിക്കണമെങ്കിൽ എല്ലാ വഴിയും അടഞ്ഞതുകൊണ്ടാണ്. നിർമാതാവിനെ തകർത്തു തരിപ്പണമാക്കിയിട്ട് ആർക്കാണിവിടെ ആഘോഷിക്കേണ്ടത്.

∙ കാലാപാനിയും നഷ്ടമായിരുന്നു.

അതെ. മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും കാലാപാനിയുണ്ടാക്കിയ നഷ്ടം ചെറുതല്ല. നഷ്ടമുണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷ. ആ വലിയ നഷ്ടം മോഹൻലാലും മോഹനും താങ്ങിയതു മലയാളത്തിനു വേണ്ടിയാണ്. 25 വർഷത്തിനു ശേഷവും മലയാളത്തിലൊരു കാലാപാനി ഉണ്ടായിട്ടില്ല. പിന്നെ ഉണ്ടായത് മരക്കാരാണ്. നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തതുകൊണ്ടാണ് 25 വർഷം മരക്കാറിനായി കാത്തിരിക്കേണ്ടി വന്നത്.

∙ തിയറ്റർ റിലീസിനായല്ലേ നിർമാണം തുടങ്ങിയത്?

സംശയമെന്താണ്. തകർന്നു തരിപ്പണമായ അവസ്ഥയിലാണു പല ബിസിനസും. എത്രയോ രാജ്യങ്ങളിൽ മരക്കാർ റിലീസ് ചെയ്യുമായിരുന്നു. അവിടെനിന്നെല്ലാം കിട്ടുന്ന പണം കൊണ്ടു പിടിച്ചു നിൽക്കുമായിരുന്നു. ലോകം പലയിടത്തും അടഞ്ഞു കിടക്കുകയാണ്. രണ്ടു വർഷത്തിലേറെയായി കോടികളുടെ ബാധ്യത താങ്ങാൻ ആ മനുഷ്യനു കഴിയണ്ടേ. ഇത് ആന്റണിയുടെ മാത്രം തീരുമാനമല്ല, എല്ലാവരുടെയും തീരുമാനമാണ്.

∙ തിയറ്ററുകാരുടെ വാക്കുകളിൽ പ്രിയൻ വല്ലാതെ ക്ഷുഭിതനായിത്തോന്നി.

ആരു ചത്താലും തിയറ്ററും സിനിമയും ബാക്കിയാകുമെന്നു പറയുന്നത് ഏതു സംസ്കാരമാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചങ്ങനെ പറയാൻ എങ്ങനെ തോന്നി. അവർ ഇല്ലാതായാലും സിനിമാ തിയറ്റർ ബാക്കിയാകുമെന്നാണു പറഞ്ഞത്. എനിക്കാരോടും ദേഷ്യമില്ല. പക്ഷേ സംസ്കാരത്തോടെ പെരുമാറാനാകണം. ചിലർ വളരെ മോശമായി പെരുമാറി. ആരു ചത്താലും കുഴപ്പമില്ലെന്ന നിലപാട് സഹിക്കാനാകുന്നതല്ല. നിർമാതാവും തിയറ്റർ കാന്റീനിൽ ചായ വിൽക്കുന്ന പയ്യനും വരെ നീളുന്നതാണു സിനിമയുടെ ശൃംഖല. അതു തകരാതെ നിൽക്കണമെങ്കിൽ പണം മുടക്കുന്നവരാണ് ആദ്യം ഉണ്ടാകേണ്ടത്. അവരിൽനിന്നാണിതെല്ലാം തുടങ്ങുന്നത്.

ഇതൊരു കൂട്ടായ്മയാണെന്നും സ്വന്തം സാമ്രാജ്യമല്ലെന്നും ഓരോരുത്തരും തിരിച്ചറിയണം. ഒരാളും തകരാതെ നോക്കണം. എനിക്കാരോടും പകയോ വിദ്വേഷമോ ഇല്ല. പക്ഷേ, ഞാൻ കേട്ട വാക്കുകൾ നമ്മുടെ സംസ്കാരമല്ല. മോഹൻലാലിനെയോ പ്രിയദർശനെയോ ഒരുപക്ഷേ ഈ തകർച്ച ബാധിച്ചേക്കില്ല. പക്ഷേ ലൈറ്റ് ബോയ്സിനെപ്പോലുള്ള എത്രയോ പേരുടെ മുഖം ഈ കാലത്തു കണ്ടു. അവരുംകൂടി ചേർന്നതാണു സിനിമ. അല്ലാതെ നിർമാതാവും തിയറ്ററും സംവിധായകനും നടനും മാത്രം ചേർന്നതല്ല. എനിക്കു രണ്ടു തിയറ്ററുകളുണ്ട്. തിയറ്ററുകാരുടെ പ്രശ്നം മറ്റാരെക്കാളും എനിക്കുമറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA