ADVERTISEMENT

ചലച്ചിത്രകാരൻ കെ.ജി. ജോർജ് പക്ഷാഘാതത്തെത്തുടർന്നു വിശ്രമത്തിലാണ്. കാക്കനാട‌് സിഗ‌്‌നേചർ ഏജ്ഡ് കെയറിലാണിപ്പോൾ. വീട്ടുകാർ പരിചരിക്കാതെ ചില സംഘടനകൾ അദ്ദേഹത്തെ അഗതി മന്ദിരത്തിലാക്കിയിരിക്കുന്നു എന്ന വ്യാജ പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വൈറലായി. അതോടൊപ്പം ദാമ്പത്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജ‌ിന്റെ അഭിപ്രായങ്ങളും വിവാദമായി. ഇപ്പോൾ കെ.ജി. ജോർജും സെൽമയും ഒരുമിച്ചിരുന്നു വിവാദങ്ങളോടു പ്രതികരിക്കുന്നു:

 

കലാകാരന്മാർക്കു പൊതുവേ സ്ത്രീ വീക്നെസാണെന്നു ഭാര്യ സെൽമ പറഞ്ഞതു ശരിയാണോ?

കെ.ജി. ജോർജ്: കുറച്ചൊക്കെ ശരിയാണ്.

 

സെൽമ: ജോർജേട്ടൻ തന്നെയാണു സിനിമയിലെ സ്ത്രീവിഷയങ്ങൾ എന്നോടു വന്നു പറയുന്നത്. സിനിമയിൽ സത്യം പറയുന്നതു പോലെ ജീവ‌ിതത്തിലും സത്യം പറയും. ഇങ്ങനെ സ്ത്രീകളുമായിട്ടു ബന്ധമുണ്ടായാൽ കലയ്ക്ക് അതു ചിലപ്പോൾ ഗുണമായേക്കാം എന്നാണ് എനിക്ക‌ു തോന്നുന്നത്. പല സിനിമക്കാർക്കും ഉള്ള വീക്നെസാണിത്. എനിക്കവരുടെ കഥയെല്ലാം അറിയാം. പക്ഷേ, അവരുടെ ഭാര്യമാർ ഇതു പറയാനുള്ള ധൈര്യം കാണിച്ചിട്ടില്ല. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം. പക്ഷേ, പുള്ളി സത്യസന്ധനാണ്. ഇതു വല്ലവരും പറഞ്ഞു ഞാൻ അറിയേണ്ട എന്നു കരുതിയതു കൊണ്ട‌ാണെന്നും പറഞ്ഞിട്ടുണ്ട‌്. പക്ഷേ, അതു മാത്രമല്ല ഇങ്ങനെ പറയുമ്പോൾ ജോർജേട്ടനു സന്തോഷം ലഭിക്കുന്നുണ്ടാകും. പിന്നെ എന്നെ ടോർച്ചർ ചെയ്യുന്നതിലെ സുഖവും ഉണ്ടാകാം.

(കെ.ജി. ജോർജ് ചിരിക്കുന്നു.)

ജോർജ്: പറയുമ്പോൾ സുഖമുണ്ട്. പക്ഷേ, ടോർച്ചർ ഒന്നും ഇല്ല.

ഇനി ഒരു അവസര‌ം കിട്ടിയാൽ 

കുറെക്കൂടി നല്ല ഭർത്താവാകുമോ?

ജോർജ്: ഇല്ല. മാറ്റമൊന്നും ഉണ്ടാകുമെന്നു തോന്നുന്ന‌ില്ല. ഇതു പോലെ ജീവിക്കണമെന്നാണ് ആഗ്രഹം.

സെൽമ: കെ.ജി. ജോർജ് എപ്പോഴും കെ.ജി. ജോർജ‌് തന്നെയായിരിക്കും.

 

നിങ്ങളുടെ വിവാഹം നടന്നതെങ്ങനെയാണ്?

 

സെൽമ: ചെന്നൈയിൽ വച്ചാണ് ജോർജേട്ടനെ കാണ‌ുന്നത്. റിക്കോഡിങ് സ്റ്റുഡിയോയിൽനിന്നു ഞാനും അമ്മയും വരുമ്പോൾ വഴിക്കു വച്ച‌ു കണ്ടു. അമ്മയ്ക്കു ജോർജേട്ടനെ അറിയാം. തിരുവല്ല‌ക്കാരിയാണല്ലോ അമ്മ. അമ്മ എന്നോട‌് ‘ തിരുവല്ലക്കാരൻ കെ.ജി. ജോർജാണ് അത്. നീ അവസരം ചോദിക്കെന്ന്’ പറഞ്ഞു. ഞാൻ ചോദിച്ചു. സ്വപ്നാടനം കഴിഞ്ഞു നിൽക്കുകയാണ് ഇദ്ദേഹം. ‘എന്റെ പടത്തിൽ പൊതുവേ പാട്ടില്ല. പറ്റിയതുണ്ടെങ്കിൽ തരാ‌ം’ എന്നു മറുപടി പറഞ്ഞു. രണ്ടു മാസം കഴിഞ്ഞ് ഇദ്ദേഹം വീട്ടിൽ വന്നു. അമ്മയോടു സംസാരിച്ചു, അന്ന് എന്നെ കണ്ടപ്പോഴേ, കല്യാണ‌ാലോചന മനസ്സിൽ തുടങ്ങിയെന്നു പറഞ്ഞു. അങ്ങനെയായിരുന്നു വിവാഹം.

 

എന്നിട്ട് പാട്ടു കിട്ടിയോ?

 

കല്യാണത്തിനു മുൻപേ എൻഗേജ‌്മെന്റ് കഴിഞ്ഞപ്പോൾ ‘ഓണപ്പുടവ’യിൽ പാടിച്ചു. കല്യാണം കഴിച്ചതിനു ശേഷം ‘വ്യാമോഹ’ത്തിൽ പാടിച്ചു. ഇളയരാജയുടെ ആദ്യത്തെ മലയാള സിനിമയാണിത്. പാടുമ്പോൾ ഞാൻ ഏഴു മാസം ഗർഭിണിയായിരുന്നു. എന്റെ വയറു കണ്ടിട്ടു രാജാസാറിനു പേടി. കുഴപ്പമില്ല ഞാൻ പാടിക്കോളാം എന്നു പറഞ്ഞെങ്കിലും അദ്ദേഹത്തിനു പരിഭ്രമമായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ രാജാസാറിനു വലിയ സന്തോഷമായി. പാട്ടിന്റെ അവസാനം ഒരു കുഞ്ഞിന്റെ കരച്ചിലും ഇട്ടു. മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ, മേള, യവനിക, ലേഖയുടെ മരണം– ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഉൾക്കടൽ, കഥയ്ക്കു പിന്നിൽ. ഇങ്ങനെ പാട്ടുള്ള സിനിമകളിൽ എന്നെ പാടിച്ചിട്ടുണ്ട്. പക്ഷേ, മിക്കപ്പോഴും പാട്ടു തന്നതു സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ സാറാണ്. ജോർജേട്ടൻ ആർക്കു വേണ്ടിയും റെക്കമെൻഡ് ചെയ്യില്ല. അത് അദ്ദേഹത്തിന്റെ ക്യ‌ാരക്ടറാണ്. മകൻ അരുണിനു പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. അതിനു പോലും സമ്മതിച്ചില്ല.

 

അതെന്താണ് വിടാതിരുന്നത്?

 

കെ.ജി. ജോർജ്: അവൻ ബുദ്ധിമുട്ടേണ്ട എന്നു കരുതി.

ഉൾക്കടലി’ലെ ശരദിന്ദു ഹിറ്റായി. പക്ഷേ, പിന്നീടു സെൽമ പാടിയില്ല– കാരണം?

സെൽമ: അപ്പോഴേക്കും കുട്ടികളൊക്കെയായി. രണ്ടുപേരും വീട്ടിൽ നിന്നു സിനിമയ്ക്കിറങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയായി. 

വളരെയേറെ സ്വാതന്ത്ര്യം തര‌ുമായിരുന്നു. 

പക്ഷേ, ഞാൻ പാടാൻ പുറത്തു പോകുന്നതിൽ താൽപര്യമില്ലായിരുന്നു. നമ്മുടെ കുടുംബം നോക്കണം എന്ന നിലപാടായിരുന്നു. 

എനിക്കാണെങ്കിൽ വലിയ ഗായിക ആകണമെന്നും. ‘എന്തിനാണ് അധികം പാടുന്നത്, ശരദിന്ദു മാത്രം മതി നിന്നെ എല്ലാവരും ഓർക്കാൻ’ എന്നു പറഞ്ഞു ജോർജേട്ടൻ എന്നെ ആശ്വസിപ്പിക്കുമായിരുന്നു.

 

അദ്ദേഹത്തിന്റെ സിനിമയിലെ വില്ലന്റെ സ്വഭാവമായിരുന്നോ ജോർജേട്ടനും?

 

ജോർജ്: (ചിരി) അതൊക്കെയുണ്ട‌്.

സെൽമ: ആദാമിന്റെ വാരിയെല്ലിലെ വേണു നാഗവള്ളിയുടെ കഥാപാത്രത്തിന്റെ സ്വഭാവവുമുണ്ട‌്. ആ സിനിമയിലെ ചില ഡയലോഗുകളും എന്റെയാണ്.

 

ഏത് ഡയലോഗ്?

 

സെൽമ: ദേഷ്യം വരുമ്പോൾ ഭർത്താവിനോട് ‘പോടോ’ എന്നു പറയുന്നത്.

 

ഇനി സിനിമ ചെയ്യണമെന്നുണ്ടോ?

 

കെ.ജി. ജോർജ്: വലിയ ആഗ്രഹമൊന്നുമില്ല.

സെൽമ: സ്വന്തമായി സ്ക്രിപ്റ്റ് എഴുതിയാലേ സിനിമ ചെയ്യാനൊക്കൂ എന്നു ജോർജേട്ടൻ പറയുമായിരുന്നു. അതിപ്പോൾ പറ്റില്ല. അതു കൊണ്ടാണു സിനിമ എടുക്കുന്നില്ല എന്നു പറയുന്നത്.

ചില വാക്കുകൾ പറയാൻ ബുദ്ധിമുട്ടുണ്ട്. അതു സ്ട്രോക‌‌് വന്നതിനു ശേഷമാണെന്നു സെൽമ.  ഇവിടെ ഡോക്ടർമാരുണ്ട‌്. കൃത്യമായി ചെക്കപ്പ് നടത്തും.

‘‘പ്രതിമാസം നല്ല തുക നൽകിയാണ് ഇവിടെ താമസിക്കുന്നത്. എമർജൻസി എന്തെങ്കിലും വന്നാൽ ആംബുലൻസുണ്ട‌്. 

ഞങ്ങൾക്ക് വീട്ടിൽനിന്നു 10 മിനിറ്റേ ഉള്ളൂ ഇങ്ങോട്ട്. എല്ലാ ആഴ്ചയും ജോർജേട്ടന‌് ഇഷ്ടപ്പെട്ട വിഭവവുമായി ഞങ്ങൾ വരും.  

എന്നിട്ടാണു ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങൾ ജോർജേട്ടനെ അനാഥാലയത്തിൽ ഏൽപിച്ചിരിക്കുകയാണ്, ചെലവെല്ലാം വഹിക്കുന്നതു ചില സംഘടനയും ഒരു നടനുമാണെന്നും മറ്റും.’’

 

ഇനി എന്താണ് പരിപാടി?

 

കെ.ജി. ജോർജ്: കോവിഡ് കഴിഞ്ഞ് യാത്ര ചെയ്യണം. ‘‘എന്റെ ‘ഥാറി’ൽ വീട്ടിലെ എല്ലാവര‌ുമൊത്തു കേരളം ചുറ്റണം’’– മകൾ താര ജോർജ് പറഞ്ഞ‌ു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com