ADVERTISEMENT

എത്രയോ രാത്രി എനിക്കുറക്കം വരാതിരുന്നിട്ടുണ്ട്. ‘കുറുപ്പ്’ എന്ന സിനിമ റിലീസ് ചെയ്യാതെ, ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്നു ദു:സ്വപ്നം കണ്ടിട്ടുണ്ട്. കോവിഡിന്റെ ലോക്ഡൗൺ നീണ്ടപ്പോൾ എനിക്കും രാവും പകലുമില്ലായിരുന്നു. ഏതു സമയത്തും എവിടെയോ പിരിമുറുക്കം മാത്രം.

 

∙ ഇപ്പൊ റിലാക്സ്ഡ് ആണോ ?

 

സംശയമെന്താണ്.സിനിമ നല്ലതോ ചീത്തയോ എന്നു തീരുമാനിക്കാനുള്ള അവകാശം കാണികൾക്കു മാത്രമാണ്. അവരിലേക്ക് ഇതെത്തിക്കുക എന്നതു മാത്രമാണു ഞങ്ങളുടെ ടീമിനു ചെയ്യാവുന്നത്. എന്നു ചെയ്യുമെന്നറിയാതെ നിന്ന ദിവസങ്ങൾ ഇല്ലാതായിരിക്കുന്നു. അതുണ്ടാകുമെന്നു മനസിലായ ദിവസം ഞാൻ രാത്രി വീണ്ടും വീണ്ടും ഉണർന്നു മൊബൈലിലെ സമയം നോക്കാതെ ഉറങ്ങി. നന്നായി വെയിൽ വന്ന ശേഷം എഴുന്നേറ്റു കാപ്പി കുടിച്ചു.

kurup-stills-2

 

∙ കോവിഡ് അത്രയും പേടിപ്പിച്ചോ.

kurup-stilss

 

തുടക്കത്തിൽ രസകരമായിരുന്നു.വീട്ടിലിരിക്കാം, കുട്ടികളോടൊപ്പം കളിക്കാം, അതു പോസ്റ്റു ചെയ്യാം. അങ്ങനെ പലതും. പക്ഷേ ലോകം മുഴുവൻ പടരുന്നുവെന്നും രോഗവും മരണവും നമ്മുടെ പടിവാതിൽക്കലും എത്തുമെന്നും എല്ലാവരും വാതിലുകൾ അടയ്ക്കുകയാണെന്നും തോന്നിത്തുടങ്ങിയപ്പോൾ പേടിച്ചുപോയി. മൂന്നു സിനിമകളുടെ പ്രൊഡക്‌ഷൻ പല ഘട്ടത്തിലായി നിൽക്കുന്ന സമയമായിരുന്നു അത്. സിനിമ ഇല്ലാതെ വരുമ്പോൾ എങ്ങനെ മുന്നോട്ടു പോകുമെന്നു പേടിച്ചുപോയ ദിവസങ്ങൾ. എത്ര ഇഎംഐ അടയ്ക്കാനുണ്ട്, അത് എവിടെനിന്നടയ്ക്കുമെന്നെല്ലാം കണക്കുകൂട്ടിയ ദിവസങ്ങളായിരുന്നു അത്. ഇതെല്ലാം നിലച്ചാൽ പിന്നെ എന്താകുമെന്നു വല്ലാതെ പേടിച്ചു.

 

∙താങ്കളെപ്പോലെ ഒരാൾ ഇങ്ങനെ പേടിച്ചാൽ സാധാരണക്കാരൻ എന്താകും.

 

അങ്ങനെ പേടിക്കേണ്ടതില്ല എന്നതു ശരിയാകാം. സത്യത്തിൽ ഞാനെല്ലാം വളരെ അനുഗ്രഹീതനാണ്. കഷ്ടപ്പെട്ട ഒരുപാടു പേരുടെ വിവരങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നതാണ്. ഞങ്ങൾ കുറച്ചെങ്കിലും സുരക്ഷിതരാണെന്നു പറയാം. അത്തരമൊരു ഉറപ്പില്ലാത്തവരുടെ ജീവിതത്തിലേക്കു നോക്കുമ്പോഴാണു മനസ്സിലാകുക നാം എത്ര അനുഗ്രഹീതരാണെന്ന്. സത്യത്തിൽ അത്തരം തിരിച്ചറിവുകളുടെ കാലം കൂടിയായിരുന്നു ഇത്.

dulquer-still

 

∙ കുറുപ്പിനേക്കുറിച്ച് ആദ്യം കേട്ടത് എപ്പോഴാണ്.

 

കുട്ടിക്കാലത്ത് പലരും പറഞ്ഞും വീട്ടിൽ പറഞ്ഞുമെല്ലാം കേട്ടിട്ടുണ്ട്. അത്തരമൊരു കഥ സിനിമയാക്കാമെന്നു എന്നോടു സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞതു എന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ സംവിധാനം ചെയ്യുന്ന സമയത്താണ്.9 വർഷം മുൻപ്. പിന്നീടു പലപ്പോഴായി ഞങ്ങൾ ഇരുന്നു.പതുക്കെ പതുക്കെ കഥ വലുതായി. വലിയ സിനിമയായതിനാൽ അന്നതു ചെയ്യാൻ ധൈര്യമില്ലായിരുന്നു. പക്ഷേ കുറുപ്പിന്റെ ജീവിതത്തിലേക്കു നടത്തിയൊരു അന്വേഷണമായതിനാൽ അതിലൊരു അദ്ഭുതം എനിക്കു തോന്നിയിരുന്നു.പതുക്കെ പതുക്കെ അതൊരു ആവേശമായി. സിനിമ തുടങ്ങിയ ശേഷംപോലും പലരും പുതിയ വിവരങ്ങളുമായി ഞങ്ങളെ വിളിച്ചു.അവരിൽനിന്നു കിട്ടിയ വിവരങ്ങൾകൂടി ചേർത്തു. ഷൂട്ടു തുടങ്ങിയ ശേഷംപോലും വലുതായ സിനിമയാണിത്.

 

∙ കഥ പറയുന്ന രീതിയാണോ ഇത്തരമൊരു വലിയ സിനിമയിലേക്കു നയിച്ചത്.

 

അതുമൊരു ഘടകമാണ്. ലൂസിഫർപോലുള്ള വലിയ സിനിമകൾ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു തുറന്ന പുതിയ വാതിലുകൾ ആവേശമായി. ഓവർസീസ് ബിസിനസിലും ഒടിടിയിലുമെല്ലാം പുതിയ സാധ്യതകൾ ആ സമയമാകുമ്പോഴേക്കും കൂടുതൽ ഉണ്ടായിത്തുടങ്ങി. സ്വാഭാവികമായും വലിയ സിനിമ ആലോചിക്കാനുള്ള അന്തരീക്ഷമുണ്ടായി.

 

∙ ഈ സിനിമയേക്കുറിച്ചു പറയുമ്പോഴെല്ലാം ദുൽഖർ വല്ലാതെ എക്സൈറ്റഡാണ്.

 

അതു ശരിയാണ്. തുടക്കത്തിൽ ഇതൊരു സിനിമ മാത്രമായിരുന്നു. രണ്ടു കൊല്ലം ഈ സിനിമയേക്കുറിച്ചു മാത്രം ആലോചിച്ചതോടെ അതു പതുക്കെ ജീവനുള്ളതുപോലെ എന്റെ കൂടെ കൂടി. കൂടെ ജീവിക്കുന്ന ഒരാളെപ്പോലെയായിരുന്നു ഈ സിനിമ. പുറത്തിറക്കാനാകാതെ വരുമോ എന്നു തോന്നിയ സമയത്തു സ്നേഹം കൂടി. എന്റെ ഒരു സിനിമയും ഞാൻ ഇത്രയും തവണ കണ്ടിട്ടില്ല. ഓരോ സ്റ്റേജിലും ഞാനിതു കണ്ടു. അമാലും(ഭാര്യ) കൂടെയിരുന്നു ഇതു കണ്ടു. അതൊന്നും മുൻപ് ഒരിക്കലുമുണ്ടായിട്ടില്ല. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചൊരു സിനിമയാണിത്.

 

∙കൂടെയുണ്ടായിരുന്നവരുടെ കാര്യം എന്തായിരുന്നു.

 

എവിടെപ്പോയി അവസാനിക്കുമെന്നറിയാതെ നിന്ന ദിവസങ്ങളിലും അവർ എന്നെ ആശ്വസിപ്പിച്ചു.10 വർഷം മനസിൽ കൊണ്ടു നടന്ന കഥയായിരുന്നു ഇത്. അതു മുന്നോട്ടുള്ള വഴി കാണാതെ നിൽക്കുമ്പോൾ സ്വാഭാവികമായും സംവിധായകൻ ശ്രീനാഥിനു വേദനിച്ചിട്ടുണ്ടാകും. ക്യാമറ ചെയ്ത നിമീഷ് രവി അതിനു മുൻപു ചെയ്തതു ഒരു സിനിമയാണ്. വലിയൊരു സിനിമ െചയ്യാൻ പേടി തോന്നുന്നുവെന്നു പറഞ്ഞു. നിമിഷിന്റെ കരിയറിന്റെ പ്രശ്നംകൂടിയാണല്ലോ ഇത്. ആർട് ചെയ്ത മനോജ് അറയ്ക്കൽ വലിയ കഴിവുകളുള്ള ആളാണ്. ഒരു കാലഘട്ടം മുഴുവൻ ഒരുക്കിയതു മനോജാണ്. അതു വലിയ സ്ക്രീനിൽ കാണാതെ പോകുമെന്ന പേടി ചെറുതല്ലല്ലോ. നിർമാതാവായ അനീഷ് മോഹൻ എന്റെ കൂടെനിന്നതു പേടി പുറത്തു കാണിക്കാതെയാണ്. കൂടെനിന്ന ഒരോരുത്തരുടേയും സ്വപ്നമായിരുന്നു ഈ സിനിമ. പലരും നല്ല ജോലി രാജിവച്ചു നല്ല സിനിമയ്ക്കു വേണ്ടി എന്റെ കൂടെ വന്നവർ. എനിക്ക് അവരെക്കുറിച്ചോർത്തും വേദനയുണ്ടായിരുന്നു.

 

∙ ഇതിനു മുൻപൊരിക്കലും റിലീസിനു മുൻപ് വാപ്പച്ചിയോട്(മമ്മൂട്ടി)  താങ്കളുടെ സിനിമ കാണാൻ ആവശ്യപ്പെട്ടിട്ടില്ല എന്നു പറഞ്ഞതായി കേട്ടു.

 

ശരിയാണ്. റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും എല്ലാ സിനിമയും കണ്ടിട്ടുള്ളത്. ഇതു ഞാൻ നിർബന്ധിച്ചു കാണിച്ചു. അതൊരു ധൈര്യത്തിനു വേണ്ടിയായിരുന്നു. സാധ്യമാകാവുന്ന തിരുത്തലുകൾ വരുത്താൻ വേണ്ടിയായിരുന്നു. കണ്ടപ്പോൾ കൂടെയിരുന്നു കാണാൻ എനിക്കായില്ല. പക്ഷേ കഴിഞ്ഞ ഉടനെ വിളിച്ചു, വലിയ സ്ക്രീനിൽ കാണിക്കാൻ നോക്ക് എന്നു പറഞ്ഞു. ആ ശബ്ദത്തിൽ എനിക്കു വാപ്പച്ചിയുടെ മനസു കാണാമായിരുന്നു.

 

∙ ചാക്കോ എന്ന കുടുംബനാഥനെയാണു കുറുപ്പു കൊന്നത്. ചാക്കോയുടെ കുടംബത്തിന്റെ എതിർപ്പു പ്രതീക്ഷിച്ചിരുന്നില്ലെ.

 

തുടക്കത്തിലെ അവരോടു കഥയുടെ രൂപം പറഞ്ഞിരുന്നു. ഒരു ടീസർ കണ്ടപ്പോൾ അവർക്കു എന്തോ വേദന തോന്നി. അവരെ വിളിച്ചു സിനിമ കാണിച്ചു കൊടുത്തു. ചാക്കോയുടെ കുടുംബമൊരു സാധാരണ കുടുംബമാണ്.ഇതിൽനിന്ന് ഒരു മുതലെടുപ്പും അവർ ആഗ്രഹിച്ചിട്ടില്ല. അവരുടെ ചെറിയ ജീവിതത്തിൽ അന്തസ്സോടെ ജീവിക്കുന്നു. ആ കുടുംബത്തെ ഈ സിനിമയിലൂടെ പരിചയപ്പെടാൻ കഴിഞ്ഞത് എന്റെ വ്യക്തിപരമായ സന്തോഷമാണ്. ഞങ്ങളെ സംരക്ഷിക്കാനായി മാധ്യമങ്ങളോടു സംസാരിക്കാൻപോലും അവർ തയാറായി.

 

∙ ബുർജ് ഖലീഫയിൽ ഈ സിനിമയ്ക്കു വേണ്ടി ദുൽഖറിന്റെ ചിത്രം തെളിഞ്ഞപ്പോൾ എന്തു തോന്നി.

 

ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന കാലത്തു ബുർജ് നിർമിച്ചുകൊണ്ടിരിക്കുകയാണ്. അതിനേക്കുറിച്ചു പലപ്പോഴും സംസാരിച്ചിട്ടുണ്ട്.ഈ സിനിമ ഉണ്ടാകുമെന്നോ എന്റെ സിനിമയുടെ ചിത്രം തെളിയുമ്പോൾ ഞാനും കുടുംബവും അവിടെ ഉണ്ടാകുമെന്നോ ഒരിക്കലും കരുതിയിട്ടില്ല.ചിലപ്പോൾ അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത പലതും ജീവിതം കാത്തുവയ്ക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com