‘കുറുപ്പ്’ നേടിയത് 6 കോടി, ഷെയർ മൂന്നരക്കോടി: കെ.വിജയകുമാർ അഭിമുഖം

kurup-vijayakumar
കെ.വിജയകുമാർ, ‘കുറുപ്പ്’ സിനിമയിൽ ദുൽഖർ
SHARE

കോവിഡ് വിലക്കുകൾക്കു ശേഷം പഴയ പ്രതാപത്തിലേക്കു തിരിച്ചുവരികയാണ് തിയറ്ററുകൾ. ഉത്സവാഘോഷത്തോടെയാണ് കേരളത്തിലെ അഞ്ഞൂറിലധികം തിയറ്ററുകളിൽ ‘കുറുപ്പ്’ പ്രദർശനത്തിന് എത്തിയത്.  50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആകുന്നു.  മലയാള സിനിമാ വ്യവസായത്തിന്റെയും പ്രദർശനശാലകളുടെയും പുത്തനുണർവിനെക്കുറിച്ച് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) സംസ്ഥാന പ്രസിഡന്റും അഞ്ചൽ വർഷ തിയറ്റർ ഉടമയുമായ കെ.വിജയകുമാർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

കുറുപ്പിന്റെ വിജയത്തുടക്കം നൽകുന്ന പ്രതീക്ഷകൾ

കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ ‘കുറുപ്പ്’  6 കോടി മുപ്പതു ലക്ഷം രൂപ ഗ്രോസ് കലക്‌ഷനാണ് ആദ്യദിവസം നേടിയത്. മൂന്നരക്കോടി രൂപയോളം  നിർമാതാവിന്റെ ഷെയറും ലഭിച്ചു.

ലോകമാകെ  1500 സ്ക്രീനുകളിലായിരുന്നു റിലീസ്.  കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. രാത്രി ഒരു മണിക്കു വരെ ഷോ വച്ചു. ദുൽഖർ സൽമാൻ സ്റ്റാർഡമിലേക്ക് എത്തിയതിന്റെ സൂചനയാണിത്. ഇതുവരെ ആർക്കും കിട്ടാത്ത ഓപ്പണിങ് ആണ് ഈ സിനിമയ്ക്കു ലഭിച്ചത്. സിനിമകൾ പൂർത്തിയായാലുടൻ, ‘ഒടിടിയിലേക്ക്’ എന്നു പറഞ്ഞു നടന്നിരുന്ന നിർമാതാക്കൾക്ക് പ്രേക്ഷകൾ നൽകിയ മറുപടി കൂടിയാണ് ‘കുറുപ്പി’ന്റെ വലിയ വിജയം.  സിനിമ തിയറ്ററിൽ  ആസ്വദിക്കാനുള്ളതാണെന്നും മൊബൈലിൽ കാണാനുള്ളതല്ലെന്നും അവർ ഈ നിർമാതാക്കളെ ബോധ്യപ്പെടുത്തുകയാണ്.

ഇത്രയും തിയറ്ററുകൾ മരക്കാറിന്റെ റിലീസിനും ലഭിക്കുമോ

അങ്ങനെ ഉറപ്പിക്കാനാകില്ല. ‘കുറുപ്പി’നു കുറച്ചു അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു. രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രം കേരളത്തിൽ വലിയ പരാജയമായിരുന്നു. അതിനാൽ ഇതരഭാഷാ ചിത്രങ്ങളോ മറ്റു മലയാള ചിത്രങ്ങളോ ‘കുറുപ്പി’ന് എതിരായി ഇല്ലായിരുന്നു.  ‘കുറുപ്പ്’ റിലീസ് ചെയ്യുന്ന സമയത്ത് കേരളത്തിലെ ഏകദേശം 710 സ്ക്രീനും  ആ സിനിമ കളിക്കാൻ തയാറായിരുന്നു. അതിൽനിന്നു തന്നെ 505 സ്ക്രീൻ മാറ്റി വച്ചത് ചരിത്രപരമായ  സംഭവമാണ്. അടുത്ത സമയത്തെങ്ങും ഇതുപോലൊരു റിലീസ് ഇനി നടക്കുമെന്ന് തോന്നുന്നില്ല.

മാത്രമല്ല, ‘മരക്കാർ’ വരുന്ന സമയത്ത് സുരേഷ് ഗോപിയുടെ കാവൽ രണ്ടാം വാരത്തിലേക്കു കടന്നേക്കും. ആ സിനിമയെ പിടിച്ചുനിർത്താൻ പറ്റില്ല. ‘കുറുപ്പ്’ മൂന്നാം വാരത്തിലേക്കു കടക്കും. ഈ രീതിയിൽ പോയാൽ കുറുപ്പ് എല്ലായിടത്തും 25 ദിവസം പിന്നിടുമെന്നാണ് തോന്നുന്നത്.

kurup-kerala

മൂന്നാം തീയതി തന്നെ ‘ഭീമന്റെ വഴി’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം എത്തുന്നുണ്ട്. ‘അജഗജാന്തരം’ റിലീസ് ചെയ്യാനുണ്ട്. ‘പുഷ്പ’ എന്ന അല്ലു അർജുൻ സിനിമയും വരാനുണ്ട്. ‘മരക്കാറി’നൊപ്പം ഇറങ്ങേണ്ടിയിരുന്ന മറ്റു ചിത്രങ്ങൾ മാറ്റാൻ ഫിലിം ചേംബർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതു ഞങ്ങളുടെ ജോലിയല്ല. മറ്റു റിലീസ് ചെയ്താൽ കുറച്ചു തിയറ്ററുകൾ അവർക്കു കൂടി കൊടുക്കേണ്ടി വരും.

‘മരക്കാറി’ന്റെ പേരിലുള്ള തർക്കങ്ങൾക്കെല്ലാം അവസാനമായോ

സംസ്ഥാന സർക്കാരിനു പോലും കോടികൾ നികുതിയിനത്തിൽ നേടിക്കൊടുക്കേണ്ടിയിരുന്ന ചിത്രമാണ് ഒടിടിക്കു നൽകാനിരുന്നത്. നമ്മൾ എല്ലാവരും ആഗ്രഹിച്ച രീതിയിൽ  നിർമാതാവ് ആന്റണി പെരുമ്പാവൂർ ആ സിനിമ തിയറ്ററുകൾക്കു  നൽകാൻ തയാറായി. ആദ്യം മുതൽ എനിക്കുള്ള ആത്മവിശ്വാസമായിരുന്നു ‘മരക്കാർ’ തിയറ്ററിൽ തന്നെ കളിക്കാനാകുമെന്ന്.  ‘മരക്കാർ’ തിയറ്ററിൽ കാണാം എന്നാണ് ഞാൻ എല്ലാ ചാനൽചർച്ചകളിലും പറഞ്ഞിരുന്നത്. വലിയ പ്രതീക്ഷയാണ് ആ സിനിമയെക്കുറിച്ചുള്ളത്.

എങ്ങനെയാണ് ആ പ്രശ്നം തീർന്നത്. സർക്കാർ ഇടപെടൽ തന്നെയാണോ മരയ്ക്കാറിനെ തീയറ്ററിലെത്തിച്ചത്.

സർക്കാരിന്റെ ഇടപെടൽ വലിയൊരു ഘടകമായി. പിന്നെ പ്രേക്ഷകരുടെ പ്രാർഥനയും. ഒരു സാധാരണ ചിത്രം പോലെ അത് തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ നിർമാതാവും തയാറായി.

50 ശതമാനം തിയറ്റർ ഒക്യുപ്പൻസിയിലാണ് ‘കുറുപ്പ്’ റിലീസ് െചയ്തത്. ഇങ്ങനെ പ്രദർശനം നടത്തിയാൽ തിയറ്ററുകൾക്കു ലാഭമുണ്ടാകുമോ. ‘മരക്കാർ’ വരുമ്പോഴേക്കെങ്കിലും തിയറ്ററിൽ കാണികളുടെ എണ്ണം കൂടുമോ.

‘മരക്കാർ’  റിലീസ് ചെയ്യുന്ന സമയത്തെ കോവിഡ് സ്ഥിതിയനുസിരിച്ച് തിയറ്റർ ഒക്യുപ്പൻസി നിരക്ക് സർക്കാർ കൂട്ടുമെന്നാണ് പ്രതീക്ഷ.  ഫുൾ കപ്പാസിറ്റി ആയിരുന്നെങ്കിൽ  കുറുപ്പിന്  ഇത്രയും തിയറ്ററുകൾ ഞങ്ങൾ നൽകില്ലായിരുന്നു.  50 ശതമാനം സീറ്റാണെങ്കിലും എല്ലാ ഷോയ്ക്കും നിറയെ ആളുണ്ടെങ്കിൽ ലാഭകരമായിത്തന്നെ സിനിമ പ്രദർശിപ്പിക്കാം.

ഒരു വശത്ത് ഒടിടിയും സജീവമാകുകയാണ്. തിയറ്ററിൽ വലിയ ബജറ്റ് സിനിമ, ചെറിയ സിനിമകൾ ഒടിടിക്ക് എന്നൊരു സാഹചര്യം വരുമോ.

അങ്ങനെയൊരു സാധ്യതയേ ഇല്ല. ചെറിയ സിനിമയെ വലുതാകുന്നത് തിയറ്ററുകളാണ്. നല്ല കണ്ടന്റാണെങ്കിൽ എത്ര ചെറിയ സിനിമയും തിയറ്ററുകളിലൂടെ വലുതാകും. ‘ഹോം’ എന്ന സിനിമ ഒടിടിയല്ലാതെ തിയറ്ററിലാണ് എത്തിയിരുന്നെങ്കിൽ അത് വലിയൊരു സംഭവമായി മാറിയേനെ. ഇപ്പോഴുള്ളതിലും കുറേക്കൂടി സ്വീകാര്യത കിട്ടുമായിരുന്നു. സംസ്ഥാന സർക്കാരിന്റെ  നിലപാട് തന്നെ പരമാവധി സിനിമകൾ തിയറ്ററിൽ  വരണമെന്നാണ്. മനോരമ പത്ര വാർത്ത തന്നെ സൂചിപ്പിക്കുന്നത് ഒടിടിയിലേക്കു വച്ചിരിക്കുന്ന മോഹൻലാൽ സിനിമകൾ തിയറ്ററിൽ എത്തുമ്പോൾ 35 കോടിയിലധികം രൂപ സർക്കാരിന് നികുതി ഇനത്തിൽ കിട്ടുമെന്നാണ്.

kurup-audience-review

അപ്പോൾ തിയറ്റർ വിജയത്തിന് ബിഗ്ബജറ്റ്,  സ്റ്റാർഡം ഒന്നും വേണമെന്നില്ലേ.

ഇല്ല. സ്റ്റാർഡത്തിന്റെയും വലിയ ബജറ്റിന്റെയുമൊക്കെ പ്രചോദനം തിയറ്ററുകൾ തന്നെയല്ലേ. തിയറ്ററുകളില്ലെങ്കിൽ എങ്ങനെ സൂപ്പർ സ്റ്റാറുകളുണ്ടാകും? വലിയ സിനികളെക്കുറിച്ച് നിർമാതാക്കൾ എങ്ങനെ ആലോചിക്കും?

‘കുറുപ്പി’ന് വലിയ റിലീസ് കിട്ടി. ‘മരക്കാറി’നും അങ്ങനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ബജറ്റ് ചിത്രങ്ങൾ മലയാളം ഇൻഡസ്ട്രിക്കു വിജയപ്പിച്ചെടുക്കാം എന്നതിന്റെ സൂചനയാണോ ഇതൊക്കെ.

മലയാള സിനിമയ്ക്കു താങ്ങാനാവുന്ന ബജറ്റിന് ഒരു പരിധിയുണ്ട്. തമിഴിനോടോ തെലുങ്കിനോടോ താരതമ്യപ്പെടുത്താനാവാത്ത ചെറിയൊരു മാർക്കറ്റാണ് നമ്മുടേത്. പക്ഷേ മോഹൻലാലിന്റെ കുറച്ചു ചിത്രങ്ങളിലൂടെ നമ്മുടെ മാർക്കറ്റിന്റെ വ്യാപ്തി വർധിച്ചിട്ടുണ്ട് എന്നതൊരു വാസ്തവമാണ്.  എങ്കിലും കൃത്യമായി പഠിച്ചു വേണം മലയാള സിനിമകളുടെ ബജറ്റ് നിശ്ചയിക്കാൻ.

അപ്പോൾ ‘മരക്കാർ’ പോലെയുള്ള വലിയ ബജറ്റ് സിനിമകൾ തുടർച്ചയായി വരണമെന്ന് തിയറ്ററുകൾ ആഗ്രഹിക്കുന്നില്ലേ

‘മരക്കാറി’ന്റെ ബജറ്റ് വലുതായതുകൊണ്ടല്ലേ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് നിർമാതാവിന് ആലോചിക്കേണ്ടി വന്നത്. അത്രയം വലിയ ബജറ്റിന് ഇപ്പോഴും ഒരു റിസ്കുണ്ട്. നൂറോ ഇരുനൂറോ കോടി രൂപ മുടക്കിയിട്ട്, റിലീസിനു മുൻപുള്ള ഒരാഴ്ച കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. തുടങ്ങുന്നതിന് മുൻപ് ബജറ്റിനെക്കുറിച്ച് ആലോചിക്കണം.

ഇന്നത്തെ മാർക്കറ്റ് അനുസരിച്ച് 30–50 കോടി രൂപയാണ് മലയാള സിനിമ പരമാവധി ബജറ്റ് നിശ്ചയിക്കേണ്ടത്. കണ്ടന്റ് നല്ലതാണെങ്കിൽ 50 കോടിയിൽ താഴെയുള്ള സിനിമകൾ തിയറ്ററുകളിലൂടെ വിജയിപ്പിച്ചെടുക്കാവുന്ന സാഹചര്യമാണ് നിലവിൽ.

അടച്ചിട്ടിരുന്ന സമയത്ത് തിയറ്റർ ഉടമകൾക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായോ.

സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ആശ്വാസം നൽകുന്നവയാണ്.  മന്ത്രി സജി ചെറിയാൻ മികച്ച പിന്തുണയാണ് തിയറ്ററുകൾക്കു നൽകുന്നത്. എങ്കിലും കട ബാധ്യതകൾ നിലനിൽക്കുകയാണ്. ഈ രീതിയിൽ കലക്‌ഷൻ മുന്നോട്ടു  പോയാൽ ഇതെല്ലാം വീട്ടാമെന്നാണ് കണക്കുകൂട്ടൽ.  തിയറ്റർ തുറക്കാൻ തന്നെ വലിയൊരു തുക ഉടമകൾ പലിശയ്ക്ക് എടുത്തിട്ടുണ്ട്. തിയറ്ററുകൾക്കായൊരു സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണം. പലിശരഹിത വായ്പയോ സബ്സിഡിയോടു കൂടിയ വായ്പയോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തിയറ്റർ  നിലനിർത്തുന്നതിന്  വലിയ തുകയാണ് അധികമായി ചെലവാക്കുന്നത്. രണ്ടു ശുചീകരണത്തൊഴിലാളികൾ ഉണ്ടായിരുന്ന ഒരു തിയറ്ററിൽ ഇപ്പോൾ നാലു മുതൽ ആറു പേരെ വരെ വയ്ക്കേണ്ട സാഹചര്യമാണ്. ഓരോ ഷോ കഴിയുമ്പോഴും തിയറ്ററുകൾ വൃത്തിയാക്കി, അണുമുക്തമാക്കുന്നുണ്ട്.  അതിനെല്ലാം നല്ല ചെലവുണ്ട്. തിയറ്ററിൽ നിന്ന് ഒരാൾക്കും കോവിഡ് പകരില്ലെന്നത് ഞങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ ഉറപ്പാണ്.കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് തിയറ്ററുകൾ പരിപാലിക്കുന്നതിനായി,  ഒരു ടിക്കറ്റിൽ അഞ്ചു രൂപ  അധികമായി ഈടാക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഈ പ്രതിസന്ധികൾക്കിടയിലും പുതിയ തിയറ്ററുകൾ ധാരാളം വരുന്നുണ്ടല്ലോ.

നാല് തിയറ്ററുകൾ ഇപ്പോൾ തുടങ്ങി. 17 തിയറ്ററുകൾ പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമായിരിക്കുന്നു. തിയറ്റർ വ്യവസായത്തിലേക്കു വരുന്നവർ രണ്ടു വട്ടം ആലോചിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. അത്രത്തോളം പ്രതിസന്ധി ഇവിടെയുണ്ട്. നേരത്തേയുള്ളവർ തന്നെ നിലനിന്നുപോകാനായി കഷ്ടപ്പെടുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA