ഇനി ലോകം വടംവലിയെക്കുറിച്ച് സംസാരിക്കും: ‘ആഹാ’ സംവിധായകൻ അഭിമുഖം

aaha-director
ബിബിൻ പോൾ സാമുവേൽ
SHARE

ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാകുകയാണ്. രണ്ടാം കോവിഡ് തരംഗത്തിനു ശേഷം പ്രദർശനശാലകൾ തുറക്കുമ്പോൾ വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിക്കുന്നത്. ‘കുറുപ്പി’ന്റെ ബോക്സ്ഓഫിസ് വിജയവും 50 കോടി ക്ലബിലേക്കുള്ള മാസ് എൻട്രിയും മലയാള സിനിമയ്ക്കു നൽകുന്ന ഉണർവും ആത്മവിശ്വാസവും ചെറുതല്ല. മറ്റൊരു ബിഗ് ബജറ്റ് സിനിമ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസിനൊരുങ്ങുന്നു. കുറുപ്പിന്റെ വിജയക്കുതിപ്പിനും മരക്കാറുടെ വിജയ പ്രതീക്ഷകൾക്കും ഇടയിലേക്കാണ് നവാഗതനായ ബിബിൻ പോൾ സാമുവേലും കൂട്ടരും വടംവലിക്കാൻ ഇറങ്ങുന്നത്. പ്രമേയത്തിലും അവതരണത്തിലും വീട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ലെന്നും തിയറ്റർ റിലീസിനായി കാത്തിരിക്കുകയായിരുന്നുവെന്നു പറയുമ്പോൾ സംവിധായകന്റെ വാക്കിൽ ആത്മവിശ്വാസം നിറയുന്നു. വടംവലിയെന്ന കായിക വിനോദത്തിനായി സമർപ്പിച്ചിട്ടുള്ള സ്പോർട്സ്-ഇമോഷനൽ ഡ്രാമയായ ‘ആഹാ’ യിൽ നായകനായി എത്തുന്നത് ഇന്ദ്രജിത്താണ്. മനോജ് കെ.ജയൻ, ശാന്തി ബാലചന്ദ്രൻ, അമിത്ത് ചക്കാലയ്ക്കൽ, അശ്വിൻ കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘ആഹാ’യുടെ വിശേഷങ്ങളും പ്രതീക്ഷകളും മനോരമ ഓൺലൈനുമായി സംവിധായകൻ ബിബിൻ പോൾ സാമുവേൽ പങ്കുവയ്ക്കുന്നു.

കോവിഡിനു മുമ്പ് പൂർത്തിയായ സിനിമ കാത്തിരുന്നത് തിയറ്റർ റിലീസിന്

കോവിഡിനു മുമ്പു തന്നെ പൂർണമായും ചിത്രീകരണം പൂർത്തിയായ സിനിമയാണ് ‘ആഹാ’. 2019 ഡിസംബറോടെ തന്നെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിൽത്തന്നെ ഇതൊരു തിയറ്റർ എക്സീപിരിയൻസ് ആയിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നതും ആ ലക്ഷ്യംവച്ചാണ് പ്രവർത്തിച്ചതും. ഇതൊരു സ്പോർട്സ് സിനിമയായതുകൊണ്ടു തന്നെ തിയറ്റർ എക്സ്പീരിയൻസ് അനിവാര്യമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബോളിവുഡ് ക്യാമറാമാൻ രാഹുൽ ദീപ് ബാലചന്ദ്രനാണ്.

അതുകൊണ്ടുതന്നെ കാഴ്ചകളിൽ പുതുമ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ഒരു പോളിഷ് സിനിമാറ്റോഗ്രാഫറുടെ അസോസിയേറ്റായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. സാങ്കേതികമായി മികച്ചു നിൽക്കുന്ന സിനിമയായിരിക്കും ഇതെന്നു ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. അത് കാഴ്ചകളുടെ കാര്യത്തിലാണെങ്കിലും ശബ്ദത്തിന്റെ കാര്യത്തിലാണെങ്കിലും. തിയറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയായിരുന്നു. ഒടിടിക്കു നൽകാതെ തിയറ്ററിനു തന്നെ നൽകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും ആത്മവിശ്വാസവും ഉണ്ട്.

വടംവലിയെന്ന അണ്ടർഡോഗ് സ്പോർട്സിനുളള സമർപ്പണമാണ് ‘ആഹാ’

വടംവലിയെന്ന അണ്ടർഡോഗ് സ്പോർട്സിനുള്ള വലിയൊരു സമർപ്പണമാണ് ‘ആഹാ’ എന്ന സിനിമ. വലിയ തോതിലുള്ള കാഴ്ചക്കാരും ആരാധകരുമുള്ള ജനപ്രിയമായൊരു കായിക ഇനമാണ് വടംവലി. എന്നിരുന്നാലും വടംവലിക്കു വേണ്ടത്ര അംഗീകാരമോ പിന്തുണയോ ലഭിക്കുന്നില്ല എന്നതാണ് സത്യം. വടംവലിയുടെ ലോകത്തെ, അതിന്റെ മഹത്വത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും പ്രതിനിധീകരിക്കാനുമുള്ള വലിയൊരു അവസരമായിട്ടാണ് ഈ സിനിമയെ ഞങ്ങൾ കാണുന്നത്. ഈ സിനിമയിലൂടെ വടംവലിയെക്കുറിച്ചു ആളുകൾ കൂടുതൽ സംസാരിക്കുമെന്നും അതിനു കൂടുതൽ സ്വീകാര്യതയും പ്രാധാന്യവും കൈവരുമെന്നും ആത്മാർഥമായി ഞങ്ങൾ ആഗ്രഹിക്കുന്നു.

‘ആഹാ’ ഒരേ സമയം ഒരു സ്പോർട്സ് ഡ്രാമയും ഒരു ഇമോഷനൽ ഫാമിലി മൂവിയും ആണ്. വടംവലിക്കൊപ്പം വടംവലിക്കാരുടെ ജീവിത പശ്ചാത്തലത്തിലൂടെ കൂടിയാണ് സിനിമയുടെ സഞ്ചാരം. മലയോര മേഖലയിലുള്ള കർഷകരുടെയും ടാപ്പിങ് തൊഴിലാളികളുടെയുമൊക്കെ ജീവിതം കൂടിയാണ് ഈ സിനിമ. പകൽ മറ്റു ജോലികളിൽ ഏർപ്പെടുകയും പിന്നീട് വടംവലിക്കു വേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണിത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളോട് മല്ലിടുന്ന അവരുടെ അതിജീവനത്തിന്റെ കൂടി കഥയാണ് ആഹാ.

aaha-movie

അപരാജിതരായ നീലൂർ ‘ആഹാ’ ടീമാണ് സിനിമയുടെ പ്രചോദനം

ഈ സിനിമയുടെ പേരും പ്രമേയവും നീലൂർ ആഹാ എന്ന വടംവലി ടീമിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ്. മലയോര ഗ്രാമമായ നീലൂരിൽ നിന്നുള്ള ‘ആഹാ’ ടീമിന്റെ പേരിൽ വടംവലിയുടെ ഒട്ടേറെ റെക്കോർഡുകളുണ്ട്. ഒരു കാലത്ത് അജയ്യരായിരുന്നു നീലൂർ ‘ആഹാ’. ഒരു സീസണിൽ പരാജയം അറിയാതെ 72 ടൂർണമെന്റുകൾ വിജയിച്ച ചരിത്രം ആഹാ ടീമിനുണ്ട്. ആഹാ ടീമിൽനിന്നും റോയി നീലൂർ എന്ന വ്യക്തിയിൽനിന്നും ഏറെ പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിട്ടുള്ളത്. വടംവലി ടീമിനൊപ്പം സഞ്ചരിച്ചും മത്സരങ്ങൾ കണ്ടിട്ടുമൊക്കെയാണ് ടോബിറ്റ് ചിറയത്ത് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കൾക്കു വടംവലിയിൽ പരിശീലനം നൽകിയിരിക്കുന്നതും റോയി നീലൂരും അരുൺ ഭീഷ്മയും ചേർന്നാണ്.

‘ആഹാ’യിലെ ‘കൊച്ച്’ ഇന്ദ്രജിത്തിന്റെ കരിയർ ബെസ്റ്റാകും

സിനിമയുടെ തിരക്കഥ പൂർത്തിയാകുമ്പോൾ തന്നെ കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ ആളുകളെ തന്നെ കാസ്റ്റ് ചെയ്യണമെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു. കേന്ദ്രകഥാപാത്രമായ കൊച്ചിന്റെ റോളിൽ ആദ്യം മുതൽ തന്നെ എന്റെ മനസ്സിലുണ്ടായിരുന്നത് ഇന്ദ്രജിത്തായിരുന്നു. ഒരുപാട് അടരുകളുള്ള ഒരു കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കൊച്ച്.

aaha-movie-2

രണ്ടു കാലഘട്ടത്തിലുള്ള അയാളുടെ ജീവിതവും ഭൂതകാലവും വൈകാരികമായ മുഹൂർത്തങ്ങളും അയാളെ നിരന്തരം വേട്ടയാടുന്ന ഓർമകളുമൊക്കെ ചേർന്നതാണ് കൊച്ചിന്റെ കഥാപാത്ര നിർമിതി. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി ഇന്ദ്രജിത്താണെന്നു തോന്നി. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും ആഹായിലെ കൊച്ച്.

ഇന്ദ്രജിത്തിന്റെ ആശാനായി മനോജ് കെ.ജയൻ

ഇന്ദ്രജിത്തിനെപ്പോലെ ശക്തനായ ഒരു നടൻ ലീഡ് റോൾ ചെയ്യുമ്പോൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഒരു നടൻ തന്നെ ആശാനായി വരണമെന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഏറെ പരിചയ സമ്പന്നയായ മനോജ് കെ. ജയനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ആ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിട്ടുള്ളത്. പഴയകാലത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. പുതിയ തലമുറയിലുള്ള അഭിനേതാക്കളുമായി അദ്ദേഹം വളരെ പെട്ടെന്ന് ഇഴുകിച്ചേർന്നു. ഞാൻ കണ്ടതിൽവച്ച് ഏറ്റവും സൗമ്യനായ, വിനയമുള്ള നടൻമാരിൽ ഒരാളാണ് അദ്ദേഹം. സെറ്റിൽ അദ്ദേഹം കാരവനൊന്നും ഉപയോഗിക്കാറില്ല. കൂടുതൽ സമയവും ഞങ്ങൾക്കൊപ്പം കാപ്പി കുടിച്ചും തമാശകൾ പറഞ്ഞും പാട്ടും പാടിയുമൊക്കെയാണ് അദ്ദേഹം സമയം ചെലവിട്ടിരുന്നത്.

Video | Teaser of Indrajith-starrer Aha promises a rustic action thriller

സായനോരയും പൂർണ്ണിമയും ഒരേ സ്വരത്തിൽ നിർദേശിച്ച നായിക

മേരിയെന്ന നായിക കഥാപാത്രമായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത് ഒരു നാട്ടിൻപുറത്തുകാരി കുട്ടിയായിരുന്നു. മേരിയുടെ വേഷത്തിലേക്കു ശാന്തി ബാലചന്ദ്രൻ വന്നാൽ നന്നാകുമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് ഈ സിനിമയുടെ സംഗീത സംവിധായക കൂടിയായ സായനോര ഫിലിപ്പാണ്. ഇന്ദ്രജിത്തിനോട് കഥ പറയാൻ പോയ സമയത്ത് പൂർണ്ണിമ ഇന്ദ്രജിത്തും ശാന്തിയുടെ പേരാണ് നിർദ്ദേശിച്ചത്. അതേ ദിവസം തന്നെ ഓഡിഷൻ മെസേജുകൾ നോക്കുമ്പോൾ അതിൽ ശാന്തിയും ഉണ്ടായിരുന്നു. ശാന്തിയുടെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. മേരിയുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ വ്യക്തി ശാന്തിയാകുമെന്ന തോന്നൽ എനിക്കുണ്ടായി. പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനം ശാന്തി നൽകിയിട്ടുണ്ട്.

‘മിഡ്-നെറ്റ് സൂപ്പർസ്റ്റാർസിന്റെ’ ജീവിതം കൂടുതൽ ആളുകളിലേക്ക് എത്തണം

വടംവലി എന്ന സ്പോർട്സിനു സിനിമയിലൂടെ സ്വീകാര്യത നേടി കൊടുക്കുന്നത് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയാണ്. ഓണത്തിനൊക്കെ വടംവലി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടെന്ന് അറിയമായിരുന്നെങ്കിലും വടംവലി ടൂർണമെന്റുകൾ പ്രഫഷനലായി നടക്കാറുണ്ടെന്ന അറിവ് ലഭിക്കുന്നത് ‘ആട്’ സിനിമയിലൂടെയാണ്. കോവിഡ് കാലത്തിനൊക്കെ മുമ്പ് എല്ലാ ആഴ്ചയിലും എല്ലാ ജില്ലയിലും ഒരു വടംവലി ടൂർണമെന്റെങ്കിലും നടക്കാറുണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്തതിനു ശേഷമാണ് അവർ വടംവലിക്കാൻ വരുന്നത്. അവർ ശരിക്കും മിഡ്-നൈറ്റ് സൂപ്പർസ്റ്റാർസാണ്. നമ്മളൊക്കെ ഉറങ്ങുന്ന സമയത്താണ് അവർ വടംവലിക്കുന്നത്. വടംവലിക്കു വേണ്ടി സ്വയം സമർപ്പിതരായ ഒരു കൂട്ടം മനുഷ്യർ ഇവിടെയുണ്ടെന്നും അവരെക്കുറിച്ചു ജനം അറിയണമെന്നും അവരുടെ ശബ്ദവും കേൾക്കപ്പെടണമെന്നുമുള്ള ആഗ്രഹം തന്നെയാണ് ഈ സ്പോർട്സ് തീമാക്കി സിനിമയെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു കലാകാരൻ എന്ന നിലയിൽ വടംവലിയുടെ മഹത്വം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് നമ്മളെകൊണ്ടു ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യം.

കണ്ടന്റാണ് ഹീറോ, വലിയ ചിത്രങ്ങൾക്കിടയിൽ കടപുഴകുമെന്ന ആശങ്കയില്ല

തിയറ്ററുകൾ വീണ്ടും തുറന്നപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുറുപ്പിന്റെ ബോക്സ് ഓഫിസ് വിജയം വലിയ ഒരു ഉണർവ് ചലച്ചിത്ര വ്യവസായത്തിനു നൽകിയിട്ടുണ്ട്. ഇനിയും വലുതും ചെറുതുമായ ഒരുപാട് സിനിമകൾ റിലീസിനു തയാറെടുക്കുന്നു. കുറുപ്പ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. ‘മരക്കാർ’ റിലീസിങിനു തയാറെടുക്കുന്നു. അത്തരം സിനിമകളുടെ ബജറ്റുമായൊന്നും താരതമ്യം ചെയ്യാൻ കഴിയാത്ത ഒരു കൊച്ചു സിനിമ തന്നെയാണ് ഞങ്ങളുടെ സിനിമ. എന്നാൽ ഒരു തരത്തിലുള്ള ആശങ്കങ്ങളും ഞങ്ങൾക്ക് ഇല്ല. സിനിമ ചെറുതാണെങ്കിലും വലുതാണെങ്കിലും കണ്ടന്റാണ് താരം. സിനിമയുടെ പ്രമേയത്തിലും മേക്കിങ്ങിലും ഞങ്ങൾ പൂർണ തൃപ്തരാണ്. വലിയ ആത്മവിശ്വാസമുണ്ട്.

ഗ്ലോബൽ റിലീസാണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത് വിവിധ രാജ്യങ്ങളിലായി അറുപതിലധികം സ്ക്രീനുകൾ ലഭിച്ചിട്ടുണ്ട്. ഇതൊരു സ്പോർട്സ് ഡ്രാമ ജോണറിലുള്ള സിനിമയായതുകൊണ്ടാണ് ഇത്രയധികം സ്ക്രീനുകൾ ലഭിച്ചത്. അത് വളരെ പോസിറ്റീവായ കാര്യമാണ്. ലോകം വടംവലിയെക്കുറിച്ചു സംസാരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിൽ രണ്ടര ലക്ഷത്തോളം വടംവലിക്കാരും ആയിരത്തോളം വടംവലി ക്ലബുകളും ഉണ്ട്. വടംവലിക്കാരും കുടുംബങ്ങളും ഈ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമ റിലീസിങ്ങിനു തയാറെടുക്കുമ്പോൾ ആശങ്കങ്ങളൊന്നും ഇല്ല. ജനം തിയറ്ററിലെത്തി സിനിമയെ സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ഇതിന്റെ നിർമാതാവ് പ്രേം എബ്രാഹവും നവാഗതനാണ്. സിനിമയോട് വളരെ പാഷനുള്ള വ്യക്തിയാണ് അദ്ദേഹം. ഒരുപാട് കടമ്പകൾ കടന്ന് രണ്ടര വർഷത്തെ പ്രയത്നത്തിലൂടെയാണ് സിനിമ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഒപ്പം നിന്ന നിർമാതാവിനോടും അഭിനേതാക്കളോടും അണിയറ പ്രവർത്തകരോടുമുള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA