ADVERTISEMENT

വിമർശനങ്ങൾക്കു മുന്നിൽ ചുരുളാനല്ല നിവർന്നു മുന്നോട്ടു നീങ്ങാൻ തന്നെയാണ് ‘ചുരുളി’യുടെ അണിയറ പ്രവർത്തകരുടെ തീരുമാനം. 6 വർഷം മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു, ‘മാറാനും മതിപ്പ് തോന്നിപ്പിക്കാനും ഉദ്ദേശമില്ല’. ആ വഴിയിലെ പരീക്ഷണങ്ങൾക്കു മാറ്റമില്ലെന്നു ‘ചുരുളി’യും തെളിയിച്ചിരിക്കുന്നു. 

യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് വിനോയ് തോമസ് ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എഴുതിയത്. മിത്തുകളുടെ  സമർഥമായ ഉപയോഗത്താൽ എസ്.ഹരീഷ് തിരക്കഥയെ സമൃദ്ധമാക്കി. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകൻ പ്രേക്ഷകരെ ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. 

 

2019 ലെ മലയാള മനോരമ വാർഷിക  പതിപ്പിലാണു ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥ പ്രസിദ്ധീകരിച്ചത്.  സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിയപ്പോൾ സിനിമയിൽ തെറി വാക്കുകളുടെ ആധിക്യമാണെന്ന രീതിയിൽ വിമർശങ്ങളുടെ തിരമാലകളുയർന്നു. ‘ചുരുളി’ സിനിമയെക്കുറിച്ചും കഥയിലെ തെറി വാക്കുകളെക്കുറിച്ചും കഥാകൃത്ത് വിനോയ് തോമസ് സംസാരിക്കുന്നു. 

 

churuli-movie

∙ ‘ചുരുളി’യുടെ ഒടിടി റിലീസിനു ശേഷം പ്രേക്ഷകരി‍ൽ നിന്നുണ്ടായ അഭിപ്രായങ്ങളെ എങ്ങനെ കാണുന്നു ?

 

സിനിമ പൂർണമായി കണ്ടവർക്ക് നല്ല അഭിപ്രായമാണുള്ളത്. സിനിമയെ വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ സിനിമ പോലും കാണാത്തവരുടെ വിമർശനം ഒടിടി കാഴ്ചയുടെ സംസ്കാരത്തെക്കുറിച്ച് അറിവില്ലാത്തതിൽ നിന്നാണ്. ഒടിടി കാഴ്ചയുടെ സംസ്കാരം ചർച്ചയാകണം. സിനിമയിലെ തെറിയെ പലരും നെഗറ്റീവായി കാണുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമെന്നാൽ ടിവി ചാനൽ പോലെയാണെന്ന ധാരണയാണ് ചിലർക്ക്. ഒടിടി പ്ലാറ്റ്ഫോമിൽ നമ്മൾ ഒരു അക്കൗണ്ടെടുത്ത് സിനിമ കാണുന്നതാണ്. സ്വകാര്യമായ ഒന്നാണത്. അതിനാലാണ് തിയറ്റർ റിലീസ് ചെയ്യാത്തത്. ഇവിടെ നടക്കുന്ന ക്രൈം എന്നത് സിനിമയുടെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവർ ചെയ്യുന്നതാണ്. ചർച്ചയാകേണ്ട വിഷയങ്ങളെ ബോധപൂർവം വഴി തിരിച്ചു വിടുകയാണു ചിലർ. എന്റെ പുതിയ ചിത്രം ചതുരമാണ്. അതിൽ ലിംഗ രാഷ്ട്രീയമാണ് പറയുന്നത്. അതും വിവാദമാക്കാൻ ചിലരുണ്ടാകും. ചുരുളിയിൽ വാക്കാണു പ്രശ്നമെങ്കിൽ ചതുരത്തിൽ ദൃശ്യമാകും പ്രശ്നം. 

churuli-movie

 

∙ കഥാപാത്രങ്ങളുടെ സംഭാഷണത്തിലെ വാക്കുകളുടെ തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി സൂക്ഷ്മത പുലർത്താമായിരുന്നു എന്നു തോന്നിയിരുന്നോ ? 

 

ഒരിക്കലുമല്ല. ബോധപൂർവം തെറി പറയാനല്ലല്ലോ കഥയെഴുതുക. സിനിമയിലെത്തുമ്പോളും അങ്ങനെ തന്നെ. ഒരു ഉൾനാടൻ ഗ്രാമ പ്രദേശത്തു നടക്കുന്ന കഥ. തെറിപ്പാട്ട് നമ്മുടെ നാടിന് അന്യമായ കാര്യമൊന്നുമല്ല. നമ്മുടെ ഫോക്‌ലോർ സംസ്കാരത്തിന്റെ ഭാഗമാണിത്. നമ്മുടെ മലയാള ഭാഷയെ ഏറ്റവും സജീവമാക്കി നിലനിർത്തുന്ന കാര്യങ്ങളിലൊന്നാണിത്. നാടോടിയായ വാങ്മയങ്ങളെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കാനാണ് കഥയിലും സിനിമയിലും ശ്രമിച്ചിട്ടുള്ളത്. 

geethi-sangeetha-churuli

സാധാരണ ഒരു കാര്യത്തോട് എതിർപ്പാണെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ തെറി വിളിക്കുക എന്നതാണ് പലരുടെയു ശീലം. ഇവിടെ കമന്റായി തെറി എഴുതാൻ പറ്റുന്നില്ല. തെറി എഴുതിയാൽ ചുരുളിക്കുള്ള അഭിനന്ദനമായി മാറും. കലയുടെ സാധ്യത അതാണെന്നു ഞാൻ കരുതുന്നു. 

 

churuli-2

∙ ‘കളിഗെമിനാറിലെ കുറ്റവാളികളി’ലേക്കെത്തിയത് യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണോ ?

 

അതേ, പേരാവൂർ സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച ജോസ് ജോസഫ് എന്ന പൊലീസ് ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ സർവീസിനിടെ ഉണ്ടായ അനുഭവത്തെ അടിസ്ഥാനമാക്കിയാണിത്. വയനാട്ടിൽ ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കർണാടകയിലേക്ക് കടന്ന പ്രതിയെ അന്വേഷിച്ചു പോയ പൊലീസുകാരുടെ അനുഭവങ്ങളാണ് കഥയുടെ  അടിസ്ഥാനം. 

 

∙ യാഥാർഥ്യത്തെ കഥയിലും പൂർണമായും അതു പോലെ അവതരിപ്പിക്കുക എന്നു ലക്ഷ്യമുണ്ടായിരുന്നോ ? 

 

കഥയിലെ സ്ഥലത്തിന്റെ പരിമിതിയിൽ നിന്ന് സിനിമയെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു സ്ഥലമുണ്ട്. ഇങ്ങനെയുള്ള ആളുകളുമുണ്ട്. ആ യാഥാർഥ്യത്തിൽ നിന്നുകൊണ്ട് ഫിക്‌ഷനാക്കുകയാണു ചെയ്തത്. കഥയിൽ നിന്നു സിനിമയിലെത്തുമ്പോൾ ഫിക്‌ഷന്റെ അളവു കൂടി. സിനിമയിൽ ഫോക്‌ലോർ ഘടകങ്ങൾ കൂടുതലായുണ്ട്. സിനിമയിലും കഥയിലുമുള്ള സ്ഥലം സംവിധായകനും കഥാകാരനും സൃഷ്ടിക്കുന്നതാണ്. അത് ആസ്വാദകർക്കു മനസിലാകണം. വയനാട്ടിലും ഇടുക്കിയിലും ചുരുളിയുണ്ട്. ആ ചുരുളിയല്ല ഇത്. സംവിധായകന്റെ മനസിലെ ‘ചുരുളി’യാണിത്. 

 

∙ തെറി വാക്കുകൾ ആൺ മേൽക്കോയ്മയുടെയും, സവർണ ബോധത്തിന്റെയും ആഘോഷം എന്ന രീതിയിലുള്ള വിമർശനങ്ങളെക്കുറിച്ച്

 

ഞാനും ആൺ നോട്ടം എന്ന വാദം അംഗീകരിക്കുന്നു. അത് യാഥാർഥ്യമാണ്. അതിൽ രാഷ്ട്രീയമായി ശരിയുണ്ടോ തെറ്റുണ്ടോ എന്നത് പ്രധാനമല്ല. എല്ലാം രാഷ്ട്രീയ ശരികളാക്കി നമുക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. കലയിൽ അതിന്റെ പൂർണതയാണ് വലുത്. രാഷ്ട്രീയം പറയാൻ മാത്രമല്ല കല. കലയ്ക്ക് ആസ്വാദനത്തിന്റെയും മറ്റു പല തലങ്ങളുണ്ട്. കലയുടെ കാര്യത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. കലയുടെ പൂർണാർഥത്തിൽ അതിനെ എടുക്കുക. എഴുത്തുകാരന്റെ അഭിപ്രായമല്ലല്ലോ കഥാപാത്രങ്ങൾക്ക്. തെറി പറയുന്നത് കഥാപാത്രമാണ്. നടനോ , സംവിധായകനോ അല്ല. സ്ത്രീവിരുദ്ധത ഉണ്ടെങ്കിൽ അത് കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയാണ്. ഒരു പൊതു ഇടത്തിൽ സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന ഞാൻ നടത്തിയാൽ അത് എന്റെ മനസിന്റെ സ്ത്രീവിരുദ്ധതയാണ്. ഞാൻ സൃഷ്ടിച്ച കഥാപാത്ര സ്ത്രീവിരുദ്ധത പറഞ്ഞാൽ അത് സമൂഹത്തിലെ അത്തരം കഥാപാത്രങ്ങളുടെ പ്രതിനിധി മാത്രമാണ്. 

 

∙ ഒടിടിയുടെ കാഴ്ചാ സംസ്കാരത്തിലേക്ക് പ്രേക്ഷകർ ഇനിയും വളരേണ്ടതുണ്ടോ ?

 

സിനിമാസ്വാദനം ഗൗരവമായി എടുക്കുന്നവർക്ക് സിനിമ ഇഷ്ടപ്പെടും. സിനിമയെ സിനിമയുടെ സ്വഭാവത്തിൽ കാണണം. പഴയ സിനിമാ ശീലങ്ങളിൽ നിന്നുള്ള മാറ്റം നമ്മൾ തിരിച്ചറിയണം. പരമ്പരാഗത രീതികളിൽ നിന്നുള്ള ഒരു പൊളിച്ചെഴുത്താണിത്. മുൻപൊക്കെ സിനിമകളുടെ കഥയിൽ വൈകാരിക മുഹൂർത്തങ്ങൾ ഉണ്ടായിരിക്കണം. മൂല്യങ്ങൾ ഉയർത്തി പിടിക്കണം. ഒരു സന്ദേശം വേണം എന്നൊക്കെയുള്ള  രീതിയിലായിരുന്നു. ഇതിൽ നിന്നു മാറി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കല എന്ന രീതിയിൽ സിനിമ ആസ്വദിക്കുന്ന ഒരു സമൂഹം വളർന്നിട്ടുണ്ട്. ആ സമൂഹം ഈ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു.

 

∙ കഥയിൽ നിന്നു തിരക്കഥയിലേക്കെത്തിയപ്പോളുണ്ടായ മാറ്റങ്ങൾ ? 

 

മിത്തുകളുടെ സത്ത എസ്.ഹരീഷിനോളം ഉൾക്കൊണ്ട മറ്റൊരാളില്ല. ഞാൻ കഥയെഴുതിയപ്പോൾ അതിൽ മിത്തുകളോ മറ്റോ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തിരക്കഥയിലെത്തുമ്പോൾ വളരെ സമർഥമായി കേരളീയമായ മിത്തുകൾ ധാരാളമായി കാണാം. ഇതു മലയാള സിനിമയിൽ ഏറെക്കാലത്തിനു ശേഷമാണ്. കുമ്മാട്ടിയിൽ അരവിന്ദൻ ഉപയോഗിച്ചിരുന്നു. ഇതു തിരക്കഥയിൽ എസ്.ഹരീഷ് സമർഥമായി വിളക്കിച്ചേർത്തു. ലിജോയുടെ കാഴ്ചപ്പാടിൽ നിന്നാണ് ഇതൊക്കെ വരുന്നത്. കഥ അവിടെത്തന്നെയുണ്ട്.

 

മാജിക്കൽ റിയലിസമെന്നു പറയുന്ന കാര്യങ്ങൾ പലതും നമ്മുടെ സാധാരണ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. രാത്രിയിലെ ഉൽക്കയോ, ആകാശത്തിലെ വെളിച്ചമോ  പോലുള്ള മായക്കാഴ്ചകൾ നമുക്കനുഭവപ്പെട്ടിട്ടുണ്ട്. നിത്യജീവിതത്തിൽ ചുറ്റും കാണുന്ന കാഴ്ചകൾ അങ്ങനെയാണ്. ചെറുകഥയുടെ പ്ലാറ്റ്ഫോമിൽ നിന്ന് സിനിമയുടെ വിശാലമായ ക്യാൻവാസിലേക്കത്തുമ്പോൾ ഗുണപരമായ മാറ്റം തന്നെയാണ് ഉണ്ടായിട്ടുള്ളത്. കഥയുടെ വായനയ്ക്കപ്പുറമുള്ള വിലയിരുത്തൽ സിനിമയിൽ സാധ്യമാണ്. ഒരുപാട് തലങ്ങളിലേക്ക് വളരുന്ന ഒന്നാണ് സിനിമ.

 

∙ കാഴ്ചക്കാരുടെ താൽപര്യങ്ങളാണോ യാഥാർഥ്യ ബോധത്തോട് അടുത്തു നിൽക്കുക എന്നതാണോ കഥയിലും സിനിമയിലും മുഖ്യം

 

യഥാർഥ സംഭവം വിവരിച്ചാൽ കഥയാകില്ല. യഥാർഥ കാര്യത്തിൽ നിന്ന് കഥയിലെത്തുമ്പോൾ ആദ്യ കാര്യം അപ്രസക്തമാണ്. പിന്നീട് ഫിക്‌ഷനേ നിലനിൽക്കു. അതിന് അനന്തമായ സാധ്യതകളുണ്ട്. മറ്റുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നമുക്ക് ഫിക്‌ഷൻ സൃഷ്ടിക്കാനാകില്ല. തെറി വേണ്ടവർക്ക് തെറി, മറ്റെന്തെങ്കിലും വേണ്ടവർക്ക് അത്. ഒന്നിലധികം വ്യാഖ്യാന സാധ്യതകളുള്ള ഫിക്‌ഷൻ സൃഷ്ടിക്കാനാണു ശ്രമം. ഇതൊക്കെ ഫിക്‌ഷനാണെന്ന് ആദ്യം അംഗീകരിക്കണം. ഇതു കലയാണെന്ന് അംഗീകരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളു. 

 

∙ സെൻസറിങ് ആവശ്യമാണോ ?

 

ഒരു കലയ്ക്കും ഒരു തരത്തിലുള്ള സെൻസറിങ്ങും പാടില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ രാജ്യവും തിരഞ്ഞെടുക്കുന്ന ഭരണ വ്യവസ്ഥയുടേതാണ് സെൻസറിങ്. അതിൽ വ്യത്യാസങ്ങളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com