ട്രെ‍ൻഡുകൾക്കപ്പുറമാണ് സേതുരാമയ്യർ, ചാക്കോയ്‌ക്കൊപ്പം അയ്യർക്ക് പുതിയ ടീം: കെ. മധു അഭിമുഖം

mammootty-k-madhu
മമ്മൂട്ടി, കെ. മധു
SHARE

1973 ൽ തന്റെ നാൽപത്തിയാറാം വയസ്സിലാണ് റോജർ മൂർ ജയിംസ് ബോണ്ട് കുപ്പായമണിയുന്നത്. പിന്നീട് അങ്ങോട്ട് 12 വർഷങ്ങളിലായി ഏഴു സിനിമകളിൽ 007 ആയി തകർത്താടി. 58 ാം വയസ്സിൽ റോജർ മൂർ കൊത്തിവച്ച ആ റെക്കോർഡ് പിന്നീട് വന്ന പിയേഴ്സ് ബ്രോസ്നനോ ഡാനിയൽ ക്രെയ്ഗിനോ തകർക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെ നമ്മുടെ മലയാളത്തിൽ ‘സേതുരാമയ്യർ’ കൊത്തിവച്ചിരിക്കുന്നതും തിരുത്തിക്കുറിക്കാനാകാത്തൊരു റെക്കോര്‍ഡ് ആണ്. 33 വർഷങ്ങള്‍ക്കിടെ ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങൾ ഒരുങ്ങുന്നു. ഈ അഞ്ചിലും നായകനും സംവിധായകനും തിരക്കഥാകൃത്തും ഒരേ ആളുകൾ. സിനിമയുടെ ചരിത്രത്തിന്റെ ഏടുകളിൽ ഇതൊരു അപൂർവ റെക്കോർഡ് ആകും. മലയാളത്തിനു മാത്രം അഭിമാനിക്കാവുന്ന ആ നിമിഷത്തിനാണ് ഇന്നു തിരി തെളിഞ്ഞത്.

1988 ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റീലിസ് ചെയ്യുന്നു. രണ്ടാം ഭാഗമായ ‘ജാഗ്രത’ 1989 ൽ. 15 വർഷം കഴിഞ്ഞ് 2004 ൽ ‘സേതുരാമയ്യർ സിബിഐ’. പിന്നീട്, 2005 ൽ ‘നേരറിയാൻ സിബിഐ’. ഇപ്പോൾ പതിനാറു വർഷങ്ങൾക്കുശേഷം സിബിഐ അഞ്ചാം ഭാഗം.

സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് ആദ്യമായി മനസ്സുതുറന്ന് സംവിധായകൻ കെ. മധു മനോരമ ഓൺലൈനിൽ.

‘മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും. കാലാതീതമാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന ഈ കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നത് സിനിമാ ചരിത്രത്തിൽത്തന്നെ അപൂർവമായി സംഭവിക്കുന്നതാണ്. ജയിംസ് ബോണ്ട് സിനിമകളിൽ പോലും നായകൻ ഒരാളാണെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ മാറിയിട്ടുണ്ടാകും.

sn-swamy-pooja

ഈശ്വരാനുഗ്രഹമുള്ള സിനിമയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. തിരക്കഥാകൃത്ത് എസ്‍.എൻ. സ്വാമി പൂജാ ദീപം തെളിയിച്ചു. സ്വിച്ച് ഓൺ ചെയ്തത് നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ മക്കളായ സനീഷും മനീഷും ചേർന്നാണ്. സ്വാമിയുടെ മകൾ ശ്രീലക്ഷ്മി ആദ്യ ക്ലാപ്പ് അടിച്ചു.

സേതുരാമയ്യരായി മാറിക്കഴിഞ്ഞു

നായകനെന്നതിലുപരി മമ്മൂട്ടിയുമായി എനിക്കൊരു സഹോദരതുല്യബന്ധമുണ്ട്. ഇപ്പോൾത്തന്നെ ചിത്രത്തിന്റെ പൂജയുടെ കാര്യം വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ‘മധു അങ്ങ് തുടങ്ങിക്കോ, ഞാൻ എത്തുന്നു..’ എന്നാണ്. അതാണ് അദ്ദേഹത്തിന്റെ സ്പിരിറ്റ്. സേതുരാമയ്യർ എന്ന കഥാപാത്രത്തോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ട്. പൂജ കഴിഞ്ഞപ്പോൾ വിഡിയോ കോൾ ചെയ്തിരുന്നു. ‘എന്റെ എല്ലാവിധ പ്രാർഥനകളും ആശംസകളും’ എന്നു പറഞ്ഞു. ആ രണ്ടു വാക്കിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. മനസ്സുകൊണ്ട് തന്നെ സേതുരാമയ്യരായി അദ്ദേഹം മാറിക്കഴിഞ്ഞു എന്ന് എനിക്കു മനസ്സിലായി.

sn-swamy-daughter
തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ മകൾ ശ്രീലക്ഷ്മി സിബിഐ അഞ്ചാം ഭാഗത്തിന് ആദ്യ ക്ലാപ്പ് അടിക്കുന്നു

പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഐക്കണിക് കഥാപാത്രത്തെ തിരശീലയിൽ പുനരവതരിപ്പിക്കുമ്പോൾ എന്റെ ഉത്തരവാദിത്തം കൂടുതലാണ്. ആ ഭാരിച്ച ഉത്തരവാദിത്തെ ധൈര്യപൂർവം നേരിടാന്‍ എസ്‍.എൻ. സ്വാമിയുണ്ട് എന്റെ കൂടെ. ഒപ്പം നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും.

സ്വാമിയും ഞാനും

എസ്.എൻ. സ്വാമി തിരക്കഥയെ സമീപിക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. സ്വാമി എഴുതിത്തീർന്ന തിരക്കഥ എന്നെ ഏൽപിക്കുമ്പോൾ മനസ്സുകൊണ്ടു ഞാൻ ആ സിനിമ ഉൾക്കൊണ്ടു കഴിഞ്ഞിരിക്കും. അതുപോലെ തന്നെയാണ് സ്വാമിയും. ആ തിരക്കഥ എന്നെ ഏൽപിക്കുന്ന നിമിഷം മുതൽ സ്വാമിയുടെ മനസ്സും എന്നിൽ വിശ്വാസമർപ്പിച്ചിരിക്കും. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം.

k-madhu-mammootty

സ്വർഗചിത്ര അപ്പച്ചനുമായുള്ളു സൗഹൃദബന്ധം വർഷങ്ങളായി തുടർന്നുവരുന്നതാണ്. കൃഷ്ണകൃപയുടെ ബാനറിൽ ഞാൻ നിർമിച്ച സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ രണ്ടു ചിത്രങ്ങളുടെയും വിതരണാവകാശം ഏറ്റെടുത്ത് എന്നോടൊപ്പം ആത്മാർഥമായി നിന്ന ആളാണ് സ്വർഗചിത്ര അപ്പച്ചൻ. അതേ അപ്പച്ചൻ ഈ സിനിമയുടെ നിർമാതാവാകുമ്പോൾ എനിക്ക് ഇരട്ടിമധുരം.

സാങ്കേതികമികവിന്റെ സിബിഐ

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രസംയോജനകനായ ശ്രീകർ പ്രസാദ് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം എന്നോടൊപ്പം സഹകരിക്കുന്നത്. വളരെ സിലക്ടിവ് ആയി സിനിമകള്‍ തിരഞ്ഞെടുക്കുന്ന അദ്ദേഹം ഒരു ടെലിഫോൺ കോളിലൂടെ ഈ ചിത്രത്തിന്റെ എഡിറ്റിങ് ഏറ്റെടുത്തു. അതെനിക്ക് പ്രത്യേക ഊർജം പകരുന്നു.

സിബിഐ സിനിമയുടെ എല്ലാ ഭാഗങ്ങളിലും ത്രസിപ്പിച്ച പശ്ചാത്തല സംഗീതം നൽകിയ, ശ്യാംജി എന്നു ഞാൻ വിളിക്കുന്ന ശ്യാമിന് ഈ വേളയിൽ ഞാൻ നന്ദി പറയുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ സംഗീതസംവിധായകനായി ജേക്സ് ബിജോയിയെ തീരുമാനിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ‘സിബിഐ തീം മ്യൂസിക്കിന്റെ പൾസ് ഒട്ടും നഷ്ടപ്പെടാതെ നിലനിർത്തിപ്പോകണം മോനേ’ എന്നുമാത്രമാണ് ജേക്സിനോട് ശ്യാംജി പറഞ്ഞത്. ഈ ചിത്രത്തിന്റെ മുമ്പോട്ടുള്ള യാത്രയ്ക്ക് എനിക്ക് ലഭിച്ച മറ്റൊരു ഉണർവായിരുന്നു അത്. ശ്യാംജിയുടെ വാക്കുകൾ പരിപൂർണമായി ഉൾക്കൊണ്ടുകൊണ്ട് സിബിഐയുടെ പശ്ചാത്തലസംഗീതം മറ്റൊരു തലത്തിൽ ജേക്സ് ജനങ്ങളിലെത്തിക്കുമമെന്ന് ഉറപ്പ്.

k-madhu-2

പുതിയ തലമുറയിൽ കഴിവു തെളിയിച്ച, അഖിൽ ജോർജ് ആണ് ഛായാഗ്രഹണം. കള, പ്രീസ്റ്റ്, ഫോറൻസിക് എന്നീ സിനിമകളിൽ അഖിലിന്റെ ക്യാമറയായിരുന്നു.

അഭിനേതാക്കള്‍

ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നത് അതിലേറെ സന്തോഷം തരുന്നു. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യർക്കൊപ്പം. രൺജി പണിക്കർ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവർക്കൊപ്പം അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നു.

നാലാമതൊരാള്‍

സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവരല്ലാതെ സിബിഐ നാലു ഭാഗങ്ങളിലും ഉണ്ടായിരുന്ന മറ്റൊരാൾ കൂടി അഞ്ചാം ഭാഗത്തിലും ഞങ്ങളോടൊപ്പമുണ്ട്. പ്രൊഡക്‌ഷൻ ഡിസൈനർ അരോമ മോഹൻ. നിരവധി ചിത്രങ്ങളിൽ ഞാനും മോഹനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ മനസ്സറിഞ്ഞ് മോഹൻ പ്രവർത്തിക്കും. ഞങ്ങളുടേത് ഒരേ മനസ്സാണ്– നിർമാതാവിന് അധികച്ചെലവ് ഉണ്ടാക്കാതെ ചിത്രം പൂർത്തീകരിക്കുക. എറണാകുളം, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലായി ഒറ്റ ഷെ‍ഡ്യൂളില്‍ ഷൂട്ടിങ് പൂർത്തിയാക്കും.

ഒരു സിനിമയുടെ രണ്ടു ഭാഗങ്ങൾ റിലീസ് ചെയ്യുന്നത് പതിവാണ്. എന്നാൽ സിബിഐ സീരിസിന്റെ മൂന്നും നാലും ഭാഗങ്ങൾ ഇറങ്ങി. അതെല്ലാം സൂപ്പർഹിറ്റുകളായി. അതിൽ പ്രേക്ഷകർക്കും വലിയ പങ്കുണ്ട്. കഴിഞ്ഞ നാലു ഭാഗങ്ങളിലും പ്രേക്ഷകർ ഏല്‍പിച്ച ഉത്തരവാദിത്തം പരിപൂർണമായി ഉൾക്കൊണ്ട് തന്നെ അഞ്ചാം ഭാഗവും എത്തിക്കും. നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും ഞങ്ങളുടെ കൂടെ ഉണ്ടാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA