‘ആഹാ’യിലെ പാക്കാൻ ബിജു; നിഥിൻ തോമസ് അഭിമുഖം

rejith-actor
SHARE

വടംവലി ടീമിലെ ഏഴാം സ്ഥാനക്കാരൻ ടീമിന്റെ വിജയത്തിന്റെ തന്നെ ആണിക്കല്ലാണ്‌.  വടംവലി എന്ന കായിക മത്സരത്തിന്റെ കഥപറഞ്ഞെത്തിയ ‘ആഹാ’യിൽ ഏഴാം സ്ഥാനക്കാരനായെത്തിയത് നോർത്ത് പറവൂർ സ്വദേശി നിഥിൻ തോമസ് ആയിരുന്നു. സാഹസികത നിറഞ്ഞ മലയോര പാതകളില്ലോടെയുള്ള യാത്രയിൽ നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവൽ ജീപ്പിന്റെ വളയം വച്ചുകൊടുത്തതും നിഥിന്റെ കയ്യിലായിരുന്നു. ‘ആഹാ’യിൽ ഇന്ദ്രജിത്തും മനോജ് കെ ജയനും ഉൾപ്പെടുന്ന താരങ്ങൾ തകർത്തഭിനയിച്ചപ്പോൾ ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമായി നിഥിനും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.  സുഹൃത്തും സഹപാഠിയുമായിരുന്ന ബിബിന്റെ ചിത്രത്തിൽ നല്ലൊരു വേഷം ചെയ്തതിനോടൊപ്പം സുഹൃത്തിന്റെ ആദ്യചിത്രം ശ്രദ്ധനേടുന്നതിന്റെ സന്തോഷവും നിഥിൻ തോമസ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു...

സഹപാഠിയുടെ ചിത്രം 'ആഹാ' 

ആഹായുടെ സംവിധായകൻ ബിബിൻ പോൾ  സാമുവൽ എന്റെ സുഹൃത്താണ്.  ഞങ്ങൾ ഒരുമിച്ച് ചങ്ങനാശേരി മീഡിയ വില്ലേജിൽ ഒരുമിച്ചു പഠിച്ചതാണ്.  ബിബിൻ മൾട്ടിമീഡിയയും ഞാൻ അനിമേഷനും ആയിരുന്നു പഠിച്ചത്.  ബിബിൻ ഒരു പടം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ബന്ധപ്പെട്ടിരുന്നു പക്ഷെ അന്നൊന്നും അവൻ പിടി തന്നില്ല.  അവൻ കഥാപാത്രങ്ങൾക്ക് പറ്റിയ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.  സിനിമയ്ക്ക് വേണ്ടി ഒരു വർക്ക് ഷോപ് നടക്കുന്ന സമയത്താണ് ബിബിൻ എന്നോട് അവിടെ എത്താൻ പറഞ്ഞത്.  അങ്ങനെയാണ് ആഹായിൽ എത്തുന്നത്.  2012-ൽ റിലീസ് ആയ ‘ലിറ്റിൽ മാസ്റ്റർ’ ആണ് ആദ്യമായി അഭിനയിച്ച സിനിമ. അതിനു ശേഷം 2017ൽ ‘നിശബ്ദ്’ എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. ആദ്യം അഭിനയിച്ച രണ്ടു സിനിമകളും വേണ്ടത്ര ശ്രദ്ധ നേടിയില്ല. നല്ലൊരു കഥാപാത്രം കിട്ടിയത് ആഹായിൽ ആയിരുന്നു 

എന്നെന്നും ഓർക്കാൻ വടമുരഞ്ഞ പാട്  

ആഹാ ഒരു സ്പോർട്സ് ഡ്രാമ ആണ്.  വടംവലിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇഷ്ടപ്പടുന്ന ഒരു സിനിമയാണ്.  വടംവലി മാത്രമല്ല കുടുംബബന്ധങ്ങളുടെ കൂടി കഥപറയുന്ന ചിത്രമാണ്.  ഈരാറ്റുപേട്ട, പാലാ, കോട്ടയം,  ഏറ്റുമാനൂർ ഒക്കെയായിരുന്നു ലൊക്കേഷൻ.  റാപ്പ്, നാടൻ പാട്ട് ഉൾപ്പെടെ വളരെ മനോഹരമായ പാട്ടുകളാണ് സയനോര ഒരുക്കിയിരിക്കുന്നത്.  രാഹുൽ ഏട്ടൻ വളരെ ഭംഗിയായി ഈ ചിത്രം ദൃശ്യവൽക്കരിച്ചിട്ടുണ്ട്. വടംവലി എന്നുപറയുന്ന കളി ഒരു ചെറിയ കളി അല്ല. പുറകോട്ട് നടന്നു ജയിക്കേണ്ട കളി ആണ്.  വടം തോളിലൂടെയാണ് ഇട്ടു പിടിക്കേണ്ടത്.  ഈ തോൾശൈലി പരിശീലിക്കാൻ ഞങ്ങൾക്ക് ഒരു വീട് എടുത്തു തന്നു ട്രെയിനിങ് തന്നിരുന്നു. രണ്ടുമാസക്കാലം അവിടെയായിരുന്നു.  ആഹാ നീലൂർ എന്ന ടീമിന്റെ ഒന്നാം നമ്പർ കളിക്കാരനായ റോയിൻ നീലൂർ എന്നയാളാണ് ഞങ്ങളെ പരിശീലിപ്പിച്ചത്.  പെരുമ്പാവൂർ ഉള്ള അരുൺ എന്ന ട്രെയിനറും ഉണ്ടായിരുന്നു.  വളരെ പ്രയാസമുള്ള  കളിയാണ് വടംവലി.  ഞങ്ങൾ ശരിക്കും കളിച്ച് തന്നെയാണ് ഷൂട്ട് ചെയ്തത്.   ഞങ്ങൾ നടൻമാർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വടംവലി കളിക്കാർ തന്നെയായിരുന്നു.  ഷൂട്ടിങ് കഴിഞ്ഞു രണ്ടുവർഷമായിട്ടും വടം ഉറഞ്ഞ പാട് ഇപ്പോഴും പുറത്ത് കരിനീലിച്ച് കിടപ്പുണ്ട്.

aaha-5

സുഹൃത്ത് വിശ്വസിച്ചേൽപ്പിച്ച വളയം 

ഇന്ദ്രേട്ടന്റെ സുഹൃത്തുക്കളിൽ ഒരാളായിട്ടാണ് ആഹായിൽ അഭിനയിച്ചത്.  ഞങ്ങളുടെ ആശാനാണ് മനോജേട്ടൻ.  സിനിമയിലെ പഴയ കാലഘട്ടത്തിലാണ് എന്റെ കഥാപാത്രം വരുന്നത്.  വടംവലിയിലെ നെടുംതൂണ്‍ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ആളായിരിക്കും.  ബാലൻസ് വരുന്ന വടം ചുറ്റി മുറുക്കി പിടിക്കുക.  അയാളുടെ കയ്യിൽ നിന്ന് വിട്ടുപോയാൽ കളി കയ്യിൽ നിന്ന് പോകും.  ഇവിടെ ഞാൻ ആയിരുന്നു ഏഴാം സ്ഥാനത്ത് നിൽക്കുന്ന ആൾ.  പിന്നെ മത്സരങ്ങൾക്ക് പോകുമ്പോൾ വണ്ടി ഓടിക്കുന്നത് എന്റെ കഥാപാത്രമായ പാക്കാൻ ബിജുവാണ്.  മലയോരത്താണ് ഷൂട്ടിങ് നടന്നത്.  ഫോർവീൽ ഡ്രൈവ് ജീപ്പാണ്. എന്റെ അടുത്ത് മനോജേട്ടൻ, പുറകിൽ ഇന്ദ്രേട്ടൻ പിന്നെ മറ്റു കളിക്കാർ.  വണ്ടി എടുക്കാൻ തുടങ്ങിയപ്പോൾ ഇന്ദ്രേട്ടൻ ചോദിച്ചു ആരാണ് വണ്ടി ഓടിക്കുന്നത് എന്ന്.  

aaha-2

കാരണം വളരെ ദുർഘടമായ വഴിയിൽ കൂടിയാണ് വണ്ടി ഓടിക്കേണ്ടത്.  ഞാനാണ് ഓടിക്കുന്നതെന്ന് പറഞ്ഞു.  അദ്ദേഹം പറഞ്ഞു ഓക്കേ.  അവരുടെയെല്ലാം ജീവൻ എന്റെ കയ്യിൽ ആയിരുന്നു, എനിക്കും ചെറിയ പരിഭ്രമം ഉണ്ടായിരുന്നു.  പക്ഷേ ടേക്ക് എടുത്തപ്പോൾ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു , ഞാൻ ഇന്ദ്രേട്ടനോട് ചോദിച്ചു ചേട്ടാ ഓക്കേ ആയിരുന്നോ, അദ്ദേഹം പറഞ്ഞു ഓക്കേ ആണെടാ എന്ന്.  ആ സംഭവം എനിക്ക് നല്ല ആത്മവിശ്വാസം നേടിത്തന്നു.  എന്നെ വിശ്വസിച്ച് വണ്ടിയിൽ ഇരുന്നവരെ ബുദ്ധിമുട്ടിച്ചില്ല എന്നൊരു ആശ്വാസം എനിക്കുണ്ട്. ബിബിൻ എന്നെ ഉൾപ്പെടെ എല്ലാവരെയും വളരെ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുത്തത്.  എന്നെ വിശ്വസിച്ച് ബിബിൻ ഏൽപിച്ച വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണു വിശ്വാസം.  ബിബിൻ ചെയ്ത സിനിമയിൽ ഒരു വേഷം തന്നതിന് ഞാൻ ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്.  അതുപോലെ ആഹായുടെ നിർമാതാവ് പ്രേം എബ്രഹാം, പിന്നെ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒരുപാട് നന്ദി.

അനുഭവസമ്പന്നരായ താരങ്ങളോടൊപ്പമുള്ള അനുഭവം 

ആഹായിൽ അഭിനയിച്ചത് നല്ല ഒരു അനുഭവമായിരുന്നു.  ആദ്യത്തെ ദിവസം ഞാൻ അഭിനയിച്ചത് ഇന്ദ്രജിത്ത്, മനോജ് കെ ജയൻ എന്നിവരുൾപ്പെടുന്ന ഒരു ടീമിന്റെ പന്നിവേട്ട സീനിൽ ആയിരുന്നു.  മനോജേട്ടൻ  ഉള്ളപ്പോൾ  സെറ്റ് മുഴുവൻ നല്ല എനർജി ആയിരിക്കും.  ചാടിച്ചാടി നിൽക്കുന്ന മനുഷ്യൻ എന്ന് വേണമെങ്കിൽ പറയാം.  അദ്ദേഹത്തിന്റെ ഊർജം ആ സെറ്റിലെ മുഴുവൻ ആളുകളിലേക്കും പകരും.  അദ്ദേഹത്തിന്റെ ലൊക്കേഷനുകളിൽ നടന്ന തമാശകളും സംഭവങ്ങളുമൊക്കെ പറഞ്ഞു എല്ലാവരെയും എപ്പോഴും ഉത്സാഹത്തോടെ നിർത്തുമായിരുന്നു.  പിന്നീട് ‘സല്യൂട്ട്’ എന്ന സിനിമയിലും അദ്ദേഹത്തോടൊപ്പം ചെറിയൊരു വേഷം ചെയ്യാൻ കഴിഞ്ഞു.  ഇന്ദ്രജിത്ത് ചേട്ടനും വളരെ നല്ല പെരുമാറ്റം ആയിരുന്നു.  വളരെയധികം എക്സ്പീരിയൻസ് ഉള്ള താരങ്ങളായ ഇവർ പുതുമുഖങ്ങളോട് വളരെ അടുപ്പത്തോടെയാണ് പെരുമാറിയത്.  ഞാൻ ചെയ്ത ഒരു ഹ്രസ്വചിത്രം അദ്ദേഹത്തെ കാണിച്ച് അദ്ദേഹമാണ് അത് റിലീസ് ചെയ്തത്.  നല്ല അഭിപ്രായം പറഞ്ഞു.  എല്ലാവരും നല്ല പിന്തുണയാണ് തന്നത്.

manoj-k-jayan

തൊഴിൽ ഉപേക്ഷിച്ച് സിനിമയിലേക്ക് 

പഠനം കഴിഞ്ഞ് ഒന്നുരണ്ടു മാഗസിനുകളിൽ ഡിസൈനർ ആയി ജോലി നോക്കിയിരുന്നു.  ഒരു മൊബൈൽ ആപ്പ് ഡിസൈൻ കമ്പനിയിലും ഞാൻ ജോലി ചെയ്തിരുന്നു .  സിനിമകളുടെ ഓൺലൈൻ പ്രൊമോഷൻ ജോലികളും ചെയ്തിരുന്നു.  2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ മത്സരത്തിൽ ഞാൻ വിജയി ആയിരുന്നു.  ലാൽ ജോസ് സാറായിരുന്നു ജഡ്ജ്.  അതിനു ശേഷം ആണ് ഒന്നുരണ്ടു സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചത്.  ഇനി അഭിനയത്തിൽ തന്നെ സജീവം ആകണം എന്നാണ് ആഗ്രഹം.

nithin-2

നല്ല വേഷങ്ങൾ കാത്ത് 

അഭിനയമോഹം കുഞ്ഞിലെമുതൽ ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി ശ്രമിച്ചിട്ടില്ല.  സിനിമ കാണും എന്നല്ലാതെ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല.  ഒരു ലക്ഷ്യത്തിലേക്ക് തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നാൽ മാത്രമേ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയൂ എന്നാണു എന്റെ ഇതുവരെയുള്ള ജീവിതത്തിലെ അനുഭവം.  അനിമേഷന് പഠിക്കുമ്പോൾ രണ്ടു പ്രോജക്ടുകൾ ചെയ്യാൻ ഉണ്ടായിരുന്നു അന്ന് ആ പ്രോജക്ടിൽ അഭിനയിച്ചപോഴാണ് അഭിനയത്തോട് താല്പര്യം തോന്നിത്തുടങ്ങിയത്.  പഠനം അവസാനവർഷമായപ്പോൾ എന്റെ ഒരു സുഹൃത്തായ പരസ്യചിത്ര സംവിധായകനോടാണ് ഞാൻ ആദ്യമായി എന്റെ അഭിനയമോഹം പറഞ്ഞത്.   ഈ മൂന്നുവർഷം ഇവിടെ ഉണ്ടായിട്ടു നീ എന്തുകൊണ്ട് പറഞ്ഞില്ല എന്നാണ് അവൻ എന്നോട് ചോദിച്ചത്.  അതിനു ശേഷം ഒന്നുരണ്ടു പരസ്യങ്ങളിലും ഒരുപാട് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.  ഒന്നുരണ്ടു ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.  ഇപ്പൊൾ ആഹയിലെ ഈ വേഷം എനിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.  ഒരു നടൻ ആയിത്തന്നെ തുടരണം എന്നുതന്നെയാണ് എന്റെ ആഗ്രഹം.  നല്ല റോളുകൾക്കായി കാത്തിരിക്കുകയാണ്.

nithin-4

കുടുംബം കൂടെത്തന്നെ 

സ്വദേശം നോർത്ത് പറവൂർ ആണ്.  അപ്പച്ചനും അമ്മച്ചിയും നോർത്ത് പറവൂർ തന്നെയാണ്.  ഒരു സഹോദരനാണ് എനിക്കുള്ളത്.  ഞാനും ഭാര്യ ആനി സോഫിയയും കുഞ്ഞ് നൈലും ഇപ്പോൾ ചേരാനല്ലൂർ ആണ് ഇപ്പോൾ താമസിക്കുന്നത്.  ആനി സോഫ്റ്റ്‍വയർ എൻജിനീയർ ആണ്.  എന്റെ ഭാര്യ എന്റെ അഭിനയമോഹങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്.  അപ്പനും അമ്മയ്ക്കും ആദ്യമൊക്കെ സിനിമയിലേക്ക് പോകുന്നത് ചെറിയ പേടി ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അവർക്കും സന്തോഷമാണ്.  ഞങ്ങൾ ഒരുമിച്ച് പോയി സിനിമ കണ്ടിരുന്നു.

പുതിയ പ്രതീക്ഷകൾ 

ആഹാ കഴിഞ്ഞ് സല്യൂട്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു.  ദുൽഖർ സൽമാനുമായിട്ടുള്ള ഒരു സീനിൽ ആണ് അഭിനയിച്ചത്.  "ജമീലാന്റെ പൂവങ്കോഴി" എന്ന ഒരു ചെറിയ സിനിമയിലും അഭിനയിച്ചു.  അതിൽ മുഴുനീള കഥാപാത്രമാണ്.  മറ്റുചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS