‘കണ്ടിട്ടുണ്ട്’, ഭൂതത്താന്മാരെ കണ്ടിട്ടുണ്ട്; അദിതി അഭിമുഖം

adithi-krishnadas
SHARE

കയ്യിൽ ഒരുപിടി ഭൂതപ്രേത പിശാചുക്കളുമായാണ് അദിതി എന്ന കൊച്ചിക്കാരി മുംബൈയിൽ ഈക്സോറസ് സ്റ്റുഡിയോയിൽ എത്തിയത്. ഈക്സോറസ് ഉടമയും വിഖ്യാത അനിമേറ്ററുമായ സുരേഷ് എറിയാട്ട് തന്റെ കയ്യിലിരുന്ന കുറേ ഭൂതങ്ങളെ അദിതിക്കു കൈമാറി. ആരായാലും വിരണ്ടുപോകും. അദിതി പക്ഷേ ത്രില്ലടിച്ചു: എനിക്ക് ഇതുതന്നെ കിട്ടണം! എല്ലാവരെയും നിരത്തി നിർത്തി ഈക്സോറസിന്റെ പ്രോ‍ഡക്‌ഷനിൽ അദിതി തന്റെ കന്നിച്ചിത്രമെടുത്തു: കണ്ടിട്ടുണ്ട്. 

ഭൂതങ്ങളുടെ ഒരു മാന്വൽ ആണ് സംഗതി. കഷ്ടിച്ച് നാലു മാസം മുന്‍പ് പുറത്തിറങ്ങിയ ഈ അനിമേഷന്‍ ചിത്രം ഇതിനകം 34 രാജ്യാന്തര മേളകളിലേക്ക് ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. എന്നു മാത്രമല്ല, 6 രാജ്യാന്തര പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു. രണ്ടു മാസം മുന്‍പ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ അതു  കേറിയങ്ങ് ഹിറ്റ് ആയി. വൈദ്യുതിയുടെ വരവോടെ ‘ഫീൽഡ് ഔട്ട്’ ആയെന്നു ലോക്കൽ ആയി ഒരു സംസാരമുണ്ടായിരുന്ന ഭൂതത്താന്മാർ അതോടെ സൂപ്പർ സ്റ്റാറുകളായി.

പക്ഷേ പഴയ പേടി ആർക്കുമില്ല (ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ). മൊത്തം കോമഡിയായിപ്പോയി. കുറേ മലയാളികൾ ചേർന്നാണ് ഈ കടുംകൈ ചെയ്തത്. മലയാളികൾ എന്നാൽ, ഓസ്കറിൽ മലയാളത്തിന്റെ കയ്യൊപ്പിട്ട റസൂൽ പൂക്കുട്ടി വരെയുണ്ട് സുരേഷിനും അദിതിക്കുമൊപ്പം. പ്രധാന മലയാളിയുടെ കാര്യം മറന്നു. അത് ഈ ഭൂതങ്ങളുടെയൊക്കെ പേറ്റന്റ് ഉണ്ടായിരുന്ന പാഴുമാടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ ആണ്.

∙ ആദ്യം സ്കെച്ചിട്ടു; പിന്നെ നേരിട്ടു കണ്ടു

അദിതിയുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്നത് പത്തനംതിട്ടയിലെ അപ്പൂപ്പൻ വക കൈമാറിക്കിട്ടിയ ഭൂതങ്ങളാണ്. ഈക്സോറസിൽ നിന്നു കിട്ടിയത് സുരേഷിന്റെ അച്ഛൻ കേശവപ്പണിക്കരുടെ വക ഭൂതങ്ങളും. തൽക്കാലം പണിക്കരുടെ ഭൂതങ്ങളെ വച്ചാണ് ‘കണ്ടിട്ടുണ്ട്’ തയാറാക്കിയത്.

താൻ സ്കെച്ച് ചെയ്തു തയാറാക്കിയ ‘കഥാപാത്ര’ത്തെ കഴിഞ്ഞ ദിവസം സുരേഷിന്റെ വീടായ തൃപ്പൂണിത്തുറയിലെ എറിയാട്ട് എത്തി അദിതി കൃഷ്ണദാസ് നേരിൽ കണ്ടു. തന്നെ ഒരു ‘വിടൽ കാസ്ട്രോ’ മട്ടിലും തന്റെ ഭൂതങ്ങളെ കളിയാക്കിക്കൊന്നും അനിമേഷൻ സിനിമയെടുത്ത സംവിധായികയോടു പണിക്കർക്കു തെല്ലുമുണ്ടായിരുന്നില്ല വിരോധം. സ്നേഹവാൽസല്യത്തോടെ ആദ്യ ചോദ്യം: ‘മോൾക്ക് എന്റെ കഥകളൊക്കെ ഇഷ്ടമായോ’ എന്നാണ്. കൂടെ ഒരു മുന്നറിയിപ്പും: ‘സിനിമയിൽ പറഞ്ഞതു മാത്രമല്ല, ഇനിയുമുണ്ട്–ട്ടോ... ആൾക്കാർ. ബ്രഹ്മരക്ഷസ്, ചാമുണ്ഡി, .....’

‘സത്യത്തിൽ ഇവരെയൊക്കെ കണ്ടിട്ടുണ്ടോ’ – അദിതി നിഷ്കളങ്കമായി ചോദിച്ചു

‘കണ്ടിട്ടുണ്ട്’: പണിക്കർ സിനിമയിൽ പറഞ്ഞത് ആവർത്തിച്ചു. പിന്നെ ഒരു കൊച്ചു രഹസ്യം പറഞ്ഞു: ‘കഥ കേൾക്കാൻ ഓഡിയൻസ് കൂടുമ്പോൾ കുറച്ച് അതിശയോക്തി ഞാൻ കയ്യീന്നും ഇടാറുണ്ട്.’

∙ ഭൂതത്താന്മാരുടെ പണിക്കരാശാൻ

ഭൂതങ്ങളെപ്പറ്റി എന്തു സംശയം ചോദിച്ചാലും കേശവപ്പണിക്കർക്ക് റെഡി ഉത്തരമുണ്ട്. ‘കണ്ടിട്ടുണ്ട്’ രസകരമായി അവതരിപ്പിക്കുന്നത് ആ തള്ളുകളാണ്. ചില സാംപിളുകൾ:

ചോദ്യം: ഈനാംപേച്ചി എപ്പോഴാണ് പുറത്തിറങ്ങുക?

 

ഉത്തരം: രാത്രി രണ്ടര മണി കഴിയുമ്പോൾ (കയ്യിൽ വാച്ച് കെട്ടിയാണ് ഈനാംപേച്ചി നടക്കുന്നതെന്നു സിനിമയിൽ കാണാം).

 

?: അറുകൊലയുടെ മുഖം എങ്ങനെയിരിക്കും?

 

ഉ: മുഖവും ഉടലുമുണ്ട്. നിലം തൊടാതെയുള്ള രൂപമാണ്. അനുഗമിക്കുമ്പോൾ നമുക്കു മനസ്സിലാകും.

 

?: ആനമറുതയോ?

 

ഉ: ഉച്ചയ്ക്ക് 12 നും രാത്രി 12 നുമാണ് പോക്കുവരവ്. ചങ്ങല കിലുക്കി കുട്ടിയാനയെപ്പോലെ കുണുങ്ങിക്കുണുങ്ങി നടക്കും.

 

?: ആനമറുതയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും?

 

ഉ: അതു തന്നെ പൊക്കോളും. ഒന്നും ചെയ്യില്ല.

∙ അച്ഛൻ എന്ന ‘കഥാകൃത്ത്’

അച്ഛനെപ്പറ്റി സുരേഷ് എറിയാട്ട് പറയുന്നതിങ്ങനെ:‘‘അച്ഛന്റെ കഥകൾ കുട്ടിക്കാലത്ത് എന്നെ ശരിക്കും അമ്പരപ്പിച്ചിരുന്നു. അച്ഛന്റെ ചേർത്തലയിലെ നാട്ടുകാരും അങ്ങനെ തന്നെ. പത്തു നാൽപതു കൊല്ലം മുൻപ് അവധിക്കാലത്ത് അവിടെയെത്തുമ്പോൾ, അന്ന് തൃപ്പൂണിത്തുറ ചെറിയൊരു പട്ടണമാണെങ്കിലും ഏതോ മെട്രോ നഗരത്തിൽ നിന്ന് ഉൾനാടൻ ഗ്രാമത്തിലെത്തിയ കുട്ടിയെപ്പോലെയാണ് എനിക്കു തോന്നുക. കാരണം അതുപോലത്തെ കഥകളാണ് എല്ലാവരിൽ നിന്നും കേൾക്കുക. മാടൻ, മറുത പോലുള്ള ലോക്കൽ മിത്തുകളൊക്കെ ഇവരുടെ കഥകൾ പ്രകാരം സാധാരണ വഴിപോക്കരാണ്. പിന്നീട് ഇതിന്റെയൊക്കെ വിശദമായ കഥകൾ അച്ഛനോടു ചോദിക്കും. തികഞ്ഞ, വ്യക്തതയോടെ, കൃത്യതയോടെയാണ് അച്ഛന്റെ വിവരണം. സിനിമാക്കഥ പോലും നുണകളും അതിശയോക്തിയും ഭാവനയും കൂട്ടി പുതിയൊരു കഥയാക്കുന്ന അച്ഛൻ ഭൂതപ്രേതങ്ങളെപ്പറ്റി പറഞ്ഞാൽ എങ്ങനെയിരിക്കും’’.

kandittund-movie
കേശവപ്പണിക്കർ

‘കണ്ടിട്ടുണ്ട്’ സിനിമയിൽ പണിക്കരാശാന്റെ ഈ അളവെടുപ്പ് കണ്ടാൽ ആരും ചിരിച്ചുപോകും. ഉദാഹരണത്തിന്, തെണ്ടൻ എന്ന കഥാപാത്രത്തിന്റെ വർണന. പണിക്കർ തന്നെപ്പറ്റി പറയുന്നതു കൃത്യമാണോ എന്നറിയാൻ അങ്ങേയറ്റത്തെ ആകാംക്ഷയോടെ തെണ്ടൻ തൊട്ടുപിന്നിൽ നിൽപ്പുണ്ട്. ‘ഒത്തയൊരു പുരുഷന്റെ പൊക്കം’ എന്നു പണിക്കർ. അതോടെ, തെണ്ടൻ സ്വയം അഡ്ജസ്റ്റ് ചെയ്തു. ‘കണ്ണ് ഒരു താമരപ്പൂവിന്റെ വലിപ്പം’ എന്നു പണിക്കർ പറയുമ്പോൾ തെണ്ടൻ കണ്ണ് കാണിച്ചു കൊടുക്കുന്നു ‘ഇല്ല; അത്രയുമില്ലെ’ന്ന് നിരീക്ഷിച്ച് പണിക്കർ പറ്റിയ ഉപമ തിരയുമ്പോൾ തെണ്ടൻ തന്നെ ഒരു അടയ്ക്ക എടുത്തു കൊടുത്ത് കൺഫ്യൂഷൻ തീർക്കുന്നു. ഇതുപോലെ പൊട്ടിച്ചിരിപ്പിക്കുന്ന ഏറെ സീനുകൾ ചേർന്നതാണ് 11 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ.

സുരേഷാണ് ക്രിയേറ്റീവ് ഡയറക്ടർ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം നിർവഹിച്ചത്. സംഗീതം: നന്ദു കർത്ത എന്നിവരുൾപ്പെടെ മലയാളികളുടെ വലിയൊരു സംഘമുണ്ട് പിന്നണിയിൽ. യുട്യൂബിൽ രണ്ടു മാസം മുൻപ് അപ്‍ലോഡ് ചെയ്ത സിനിമയ്ക്ക് രണ്ടു ലക്ഷത്തിലേറെ കാണികളുമായി. അദിതി സംവിധായികയുമായി.

∙ അദിതിയുടെ അനിമേഷൻ ലോകം

സ്കൂൾ അധ്യാപികയായിരുന്ന അമ്മ മിനിക്കും മാധ്യമ പ്രവർത്തകനായ അച്ഛൻ കൃഷ്ണദാസിനും സ്ഥലംമാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും. അതുകൊണ്ടാണ് പത്തനംതിട്ട ഓമല്ലൂരിലെ അമ്മവീട്ടിൽ അദിതിയും പിന്നാലെ അനുജത്തി അരുന്ധതിയും എത്തുന്നത്. 11 വയസ്സ് വരെ അദിതി അവിടെയായിരുന്നു. ജില്ലാ സബ് റജിസ്ട്രാർ ആയിരുന്ന ഗോപാലകൃഷ്ണനും സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ രാജമ്മയും ചേർന്നാണു പേരക്കുട്ടികളെ വളർത്തിയത്.

‘‘കേശവപ്പണിക്കർ അങ്കിളിനെപ്പോലെ തന്നെയാണ് എന്റെ അപ്പൂപ്പനും. ഒരുപാടു കഥകൾ പറഞ്ഞു തന്നാണു വളർത്തിയത്. പുരാണകഥകളൊക്കെ മലയാളിയുടെ തനതു സംസാരഭാഷയിലും ശൈലിയിലുമാണ് അവതരിപ്പിക്കുക. പിന്നെ യക്ഷി, മന്ത്രവാദ കഥകളും. ഭാവനയ്ക്കു പറ്റിയ സ്ഥലമായിരുന്നു ആ ഗ്രാമം. ഞാൻ അവിടെയെല്ലാം അലഞ്ഞു നടക്കും. ചിത്രങ്ങൾ വരയ്ക്കും. കഥ, കവിത, സംഗീതം, വര–ഇതെല്ലാം ചേരുന്നതിനാൽ അനിമേഷൻ സിനിമകളോട് ഭയങ്കര ഇഷ്ടമായിരുന്നു.’’

അദിതി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുടുംബസമേതം കൊച്ചിയിൽ വരാപ്പുഴയ്ക്കടുത്തു കൊണ്ടോർപ്പിള്ളിയിൽ സ്ഥിരതാമസമാകുന്നത്. പ്ലസ്ടു കഴിഞ്ഞ് അനിമേഷൻ എവിടെ പഠിക്കണമെന്ന ഗവേഷണത്തിലാണ് NID (National Institute of Design) തെളിഞ്ഞു വരുന്നത്. എൻഐഡി അഹമ്മദാബാദിൽ പ്രവേശനം കിട്ടി. ക്യാംപസിൽ അനിമേഷൻ വിഭാഗക്കാർ പ്രദർശിപ്പിച്ചിരുന്ന കളിമൺ പാവകൾ, ചിത്രങ്ങൾ എല്ലാം കണ്ട് ഒരു ടോയ്ഷോപ്പിൽ എത്തിയ കുട്ടിയെപ്പോലെയായി അദിതി. അങ്ങനെ ഉറപ്പിച്ചു: അനിമേഷൻ മതി.കോഴ്സ് കഴിഞ്ഞപ്പോൾ ഈക്സോറസിലെത്തി. അച്ഛന്റെ ഭൂതകഥകൾ വച്ച് ഫിലിം ചെയ്യാമോ എന്നാണു സുരേഷ് എറിയാട്ട് ആദ്യം ചോദിച്ചത്.

‘‘എനിക്ക് ലോട്ടറി അടിച്ച പോലെയായി. മലയാളത്തിന്റെ നർമവും ഗന്ധവുമുള്ള തനി നാടൻ അനിമേഷൻ സിനിമകൾ വിദേശികൾക്ക് എടുക്കാൻ പറ്റില്ല. നമ്മുടെ നടപ്പ്, ശരീരഭാഷ, സംഭാഷണത്തിന്റെ താളം ഇതൊന്നും അവർക്കു ചെയ്യാൻ പറ്റില്ല. തനി നാടൻ മലയാള അനിമേഷൻ സിനിമകൾ എന്റെ വലിയൊരു ആഗ്രഹമായിരുന്നു. സന്തോഷത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.’’

kandittund-adithi

∙ 18 മാസത്തെ പ്രോജക്ട്; അഭിനന്ദനപ്പെരുമഴ

18 മാസം എടുത്താണ് ‘കണ്ടിട്ടുണ്ട്’ പൂർത്തിയാക്കിയത്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പണിക്കർ അങ്കിളിന്റെ സ്കെച്ച് ഞാൻ ചെയ്തപ്പോൾ ‘ശരിക്കും അച്ഛനെപ്പോലെ’ എന്നു സുരേഷ് പറഞ്ഞു. കഥകൾ പറയുന്ന അച്ഛനെ ഉൾപ്പെടെ പൂർണമായും അനിമേഷൻ ആക്കുക എന്ന എന്റെ ആശയവും സുരേഷ് സ്വീകരിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് തൃപ്പൂണിത്തുറയിലെ എറിയാട്ട് വീട്ടിലെത്തി പണിക്കർ അങ്കിളിനെ കണ്ടത്. ഞാൻ സങ്കൽപ്പിച്ചതു പോലെ തന്നെയായിരുന്നു അദ്ദേഹം കാഴ്ചയിലും. ഈ പ്രായത്തിൽ (91 വയസ്സ്) എത്ര എനർജറ്റിക്, എല്ലാ കാര്യങ്ങളും അറിയാൻ താൽപര്യം, സംസാരപ്രിയൻ, തമാശക്കാരൻ–ഇങ്ങനെയൊരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ബാധ കയറിയതായി അഭിനയിച്ചു കാരണവരുടെ തല്ലിൽ നിന്നു രക്ഷപ്പെട്ടതുൾപ്പെടെ പഴയ കുറേ കഥകളും പങ്കുവച്ചു.

∙ മനസ്സിലൊരു പട്ടിക്കുട്ടിയും അമ്മൂമ്മയും

തന്റെ മനസ്സിലെ പ്രോജക്ടിനെപ്പറ്റി അദിതി പറയുന്നു: ഞാൻ മനസ്സിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നത് 10 ഭാഗമുള്ള ഒരു അനിമേഷൻ പരമ്പരയാണ്. ഒരു അമ്മച്ചിയും പട്ടിക്കുട്ടിയുമായുള്ള ഹൃദയബന്ധം. അവർ വേർപിരിയുന്നു. താന്താങ്ങളുടെ വഴിയേ പോകുന്നു. ഒടുവിൽ വീണ്ടും ഒത്തുചേരുന്നു. ഇതിനിടയിലുണ്ടാകുന്ന സംഭവ പരമ്പരകൾ... ഇപ്പോൾ എന്റെ സ്കെച്ച് ബുക്കിലാണ് അവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS