‘മങ്ങാട്ടച്ചൻ അപൂർവ സൗഭാഗ്യം’; ഹരീഷ് പേരടി അഭിമുഖം

hareesh-peradi-marakkar
ഹരീഷ് പേരടി
SHARE

‘സ്വപ്നം കാണാൻ എല്ലാവർക്കും കഴിയും. പക്ഷേ നമ്മൾ കണ്ട സ്വപ്നം അതുപോലെ മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കുമ്പോഴാണ് കല പൂർണമാകുന്നത്.  താൻ കണ്ട സ്വപ്നം വളരെ മനോഹരമായി പ്രേക്ഷകരിൽ എത്തിക്കാൻ പ്രിയൻ സാറിനു കഴിഞ്ഞു’. –മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മങ്ങാട്ടച്ചൻ എന്ന കഥാപാത്രത്തെ അഭിനയിപ്പിച്ചു മനോഹരമാക്കിയ ഹരീഷ് പേരടി പറയുന്നു.  ചെറുപ്പം മുതൽ കേട്ട് പരിചിതനായ മങ്ങാട്ടച്ചൻ എന്ന ചരിത്രപുരുഷനെ അഭ്രപാളിയിലെത്തിക്കാൻ തന്നെ തിരഞ്ഞെടുത്തതിന് മനസ്സുനിറഞ്ഞ നന്ദി അറിയിക്കുന്നെന്നും ഹരീഷ് പേരാടി പറഞ്ഞു. ‘മരക്കാർ’ എന്ന ചിത്രം തിയറ്ററിൽ റിലീസ് ചെയ്തതിന്റെ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.   

മങ്ങാട്ടച്ചൻ എന്ന കഥാപാത്രം വന്ന വഴി 

മങ്ങാട്ടച്ചനുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്നതാണ്. വ്യത്യസ്തമായ മുഖങ്ങളുള്ള ആളായിരുന്നു മങ്ങാട്ടച്ചൻ.  സാമൂതിരിയുടെ വിശ്വസ്തനായ സേനാധിപതിയായി നിന്ന സത്യസന്ധനായ മനുഷ്യന്‍. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ഇതിഹാസ ചിത്രമെടുക്കുമ്പോൾ മങ്ങാട്ടച്ചൻ എന്ന കഥാപാത്രം എന്നെത്തേടി എത്തുമെന്ന് ഞാൻ കരുതിയതല്ല.    ഏതൊരു നടനെ സംബന്ധിച്ചും, നാടകമാകട്ടെ സിനിമയാകട്ടെ ജീവിതത്തിൽ തന്നെ വളരെ അപൂർവമായി കിട്ടുന്ന സൗഭാഗ്യമാണ് ഇങ്ങനെ ഒരു കഥാപാത്രം.  അങ്ങനെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിട്ടാണ് ഞാൻ മങ്ങാട്ടച്ചനെ കണ്ടത്.  

‘ഞാൻ ഹരീഷിന്റെ മലയാള സിനിമകളൊന്നും കണ്ടിട്ടില്ലായിരുന്നു. നിങ്ങളുടെ തമിഴ് സിനിമകളാണ് ആദ്യമായി കണ്ടത്. അങ്ങനെയാണ് ഞാൻ നിങ്ങളെ ഇതിലേക്ക് കാസ്റ്റ് ചെയ്യുന്നത്. നിങ്ങൾക്കായി മറ്റൊരു കഥാപാത്രം തരാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.  എന്നാല്‍ നിങ്ങളുടെ സിനിമകൾ കൂടുതൽ കണ്ടുതുടങ്ങിയപ്പോൾ നിങ്ങളെ ഏൽപിക്കേണ്ട കഥാപാത്രം മങ്ങാട്ടച്ചൻ ആണെന്ന് എനിക്ക് തോന്നി’.–ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെപ്രിയദർശൻ സർ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

hareesh-marakkar-2

എന്നെ സംബന്ധിച്ച് അത് വളരെ സന്തോഷം നൽകിയ വാക്കുകളായിരുന്നു. സാമൂതിരി സ്കൂളിലും ഗുരുവായൂരപ്പൻ കോളജിലും ഒക്കെയായാണ് ഞാൻ പഠിച്ചിരുന്നത്.  മങ്ങാട്ടച്ചന്റെ വേരുകൾ ഓടിയിരുന്ന സ്ഥലത്ത് ജനിച്ച് അദ്ദേഹത്തെക്കുറിച്ച് കേട്ട് വളർന്ന എനിക്ക്, അദ്ദേഹമായി അഭിനയിക്കുകയെന്നത് വലിയൊരു ബഹുമതി തന്നെ ആയിരുന്നു.  പിന്നീട് അദ്ദേഹം തന്ന തിരക്കഥ വായിച്ചു. കൂടുതൽ ആ കഥാപാത്രത്തെ മനസ്സിലാക്കിയപ്പോൾ സന്തോഷത്തോടെ അഭിനയിച്ചു.  

കാത്തിരുന്ന തിയറ്റർ റിലീസ് 

‘മരക്കാർ’ എന്ന സിനിമയിൽ ജോലി ചെയ്ത ഓരോ ആളുടെയും സ്വപ്നമായിരുന്നു ഈ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുക എന്നത്.  2018 ഡിസംബർ 1 നു തുടങ്ങിയ സിനിമയാണ്, സ്റ്റാർട്ട്–ആക്ഷൻ–ക്യാമറ പറഞ്ഞിട്ട് മൂന്നു വർഷമായി.  അതിനും എത്രയോ വർഷങ്ങൾക്ക് മുന്നേ തന്നെ പ്രിയൻ സർ റിസർച്ച് ചെയ്തു തുടങ്ങിയതാണ്.  ഞങ്ങളെപ്പോലെയുള്ള അഭിനേതാക്കൾ മൂന്നുവർഷമായി കാത്തിരിക്കുകയാണ്.  

സിനിമ ചിത്രീകരിക്കുമ്പോൾ തന്നെ ഇത് തിയറ്ററിൽ കാണേണ്ട സിനിമയാണെന്ന് അറിയാമായിരുന്നു.  റാമോജിയിൽ സാബു സിറിൽ സർ നിർമിച്ച സെറ്റ് കണ്ടുകഴിഞ്ഞാൽ നമ്മൾ ഒന്ന് ബേജാറാകും. അത്തരത്തിൽ ഉള്ള കൂറ്റൻ സെറ്റുകളായിരുന്നു അവിടെ നിർമിച്ചത്.  ആ സെറ്റിൽ ഷൂട്ട് ചെയ്തു കഴിഞ്ഞു മോണിറ്ററിൽ പോയി നോക്കുമ്പോൾ നമ്മൾ കണ്ട സെറ്റല്ല മോണിറ്ററിൽ കാണുന്നത്, അത്ര മനോഹരമായിരുന്നു.  പിന്നീട് എല്ലാ സാങ്കേതികജോലികളും കഴിഞ്ഞ് സിനിമ വരുമ്പോൾ അത് എന്തായി മാറും എന്ന് ഞങ്ങൾ വളരെ കൗതുകത്തോടെ ചർച്ചചെയ്തിട്ടുണ്ട്.  ഇപ്പോൾ അത് തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

hareesh-marakkar-set

മങ്ങാട്ടച്ചന് കിട്ടുന്ന  പ്രതികരണങ്ങൾ 

ഞാൻ എറണാകുളം സരിതയിൽ ആണ് സിനിമ കണ്ടത്.  ലാലേട്ടൻ ഉണ്ടായിരുന്നു സിനിമ കാണാൻ.  കണ്ടിറങ്ങിയപ്പോൾ തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദേശത്തുനിന്നുപോലും ആളുകൾ വിളിക്കാൻ തുടങ്ങി.  നമ്മുടെ പരിചയക്കാർ വിളിക്കുമ്പോൾ വലിയ അദ്ഭുതം തോന്നില്ല, പക്ഷേ അറിയാത്ത ആളുകൾ നമ്പർ തേടിയെടുത്ത് വിളിച്ച് നല്ല വാക്കു പറയുമ്പോൾ ആണ് ആ കഥാപാത്രം എത്രമാത്രം ആളുകളിൽ എത്തി എന്ന് മനസിലാകുന്നത്.  ഓരോ ആളുകളും ഓരോ ചെറിയ കാര്യങ്ങൾ പോലും എടുത്തു പറയുമ്പോൾ ജനങ്ങളുടെ മനസ്സിലേക്ക് കഥാപാത്രം ഇറങ്ങിച്ചെന്നു എന്ന് മനസിലായി. അത് ഒരു നടന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്.  പ്രേക്ഷകരുടെ അംഗീകാരമാണല്ലോ ഓരോ കലാകാരനേയും വളർത്തുന്നത്.  

മോഹൻലാൽ എന്ന വിസ്മയം 

ലാലേട്ടനോടൊപ്പം നാലാമത്തെ സിനിമയിൽ ആണ് ഞാൻ അഭിനയിക്കുന്നത്.  ഇങ്ങനെയൊരു ചരിത്ര സിനിമയുടെ ഭാഗമാകാനും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.  സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിൽ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു.  സിനിമ കഴിഞ്ഞിട്ട് ‘ഹരീഷ് വളരെ നന്നായി ചെയ്തു’ എന്ന് അദ്ദേഹം ഒരു കുറിപ്പ് അയച്ചിരുന്നു അത് എന്നെപ്പോലെ ഒരു നടന് കിട്ടുന്ന വലിയ ബഹുമതിതന്നെയാണ്.

മലയാള സിനിമയുടെ അഭിമാനം  

‘മരക്കാർ’ പോലെയൊരു സിനിമ എടുക്കാൻ പ്രിയൻ സർ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ്.  ആ ചങ്കൂറ്റത്തിന് മുന്നിൽ ഒന്ന് നമസ്കരിച്ചേ പറ്റു.  ആന്റണി സാറിനെ പോലെ ഒരു നിർമാതാവ് ഇത്തരമൊരു സിനിമ നിർമിക്കാൻ ധൈര്യം കാണിക്കുന്നു. പ്രിയൻ സാർ അത് ഏറ്റെടുക്കുന്നു, വളരെ വർഷങ്ങൾ അതിനു വേണ്ടി അധ്വാനിക്കുന്നു ഇതൊക്കെ അഭിനന്ദിക്കാതെ തരമില്ല.  വിവിധ ഭാഷകളിലെ നിരവധി പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്.  ഒരു വലിയ പഠനകളരി തന്നെയായിരുന്നു മരക്കാരിന്റെ സെറ്റ്.  ഇത്തരമൊരു സിനിമയെടുക്കാൻ ധൈര്യം കാണിച്ച അണിയറപ്രവർത്തകരോടും സിനിമ ഏറ്റെടുത്തു വിജയിപ്പിച്ച മലയാളി പ്രേക്ഷകരോടും സ്നേഹവും നന്ദിയും പങ്കുവയ്ക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA